ശില്‍പിയുടെ പേരില്‍ അറിയപ്പെടുന്ന രാമപ്പ ക്ഷേത്രം

പ്രാചീന കാലത്തെ വലിയ ആരാധാനാലയങ്ങളും കൊട്ടാരങ്ങളും എല്ലാം അറിയപ്പെടുന്നത് അത് നിര്‍മ്മിക്കപ്പെട്ട കാലത്ത് നാട് ഭരിച്ചിരുന്ന രാജാവിന്റേയും പണം ചിലവഴിച്ച പ്രഭുക്കളുടേയും പേരിലാണ്. ഷാജഹാന്റെ താജ്മഹലും ചോളന്‍മാരുടെ തഞ്ചാവൂര്‍ ബൃഹദേശ്വര ക്ഷേത്രവുംമെല്ലാം ഉദാഹരണം. (ഇന്നും കാര്യങ്ങള്‍ അങ്ങിനെ തന്നെ. ഗരിമ പേറുന്ന വലിയ നിര്‍മ്മിതികളിലെല്ലാം ശിലാഫലകങ്ങളില്‍ മന്ത്രിമാരുള്‍പ്പെടെയുള്ള ഭരണാധികാരികളുടെ പേര് ആലേഖനം ചെയ്യപ്പെടുന്നു.) എന്നാല്‍ ശില്‍പ്പിയുടെ പേരില്‍ അറിയപ്പെടുന്നതും എട്ട് നൂറ്റാണ്ടു മുമ്പ് നിര്‍മ്മിക്കപ്പെട്ടതുമായ ഒരു ക്ഷേത്രം ഇന്ത്യയിലുണ്ട്. അടുത്തിടെ മാത്രം യുനസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച തെലങ്കാനയിലെ രാമപ്പ ക്ഷേത്രമാണത്.
ശില്പിയുടെപേരില്‍ അറിയപ്പെടുന്ന ലോകത്തിലെതന്നെ ഏക ക്ഷേത്രം ഒരുപക്ഷേ ഇതാവണം. ആറടി ഉയരമുള്ള നക്ഷത്രാകൃതിയുള്ള പ്ലാറ്റ്‌ഫോമിന് മുകളിലാണ് ശിവപ്രതിഷ്ഠ നടത്തിയിരിക്കുന്ന പ്രധാന ക്ഷേത്രം. പുറംചുവരുകളില്‍ വിവിധ പാറ്റേണുകളിലുള്ള കൊത്തുപണികളുണ്ട്. താഴെ നിരയില്‍ ആനകള്‍, അതിന് മുകളിലായി നക്ഷത്രചിഹ്നങ്ങള്‍, തൊട്ടുമുകളില്‍ വാദ്യക്കാരുടെയും നര്‍ത്തകികളുടെയും രൂപങ്ങള്‍, പിന്നെയും നക്ഷത്രചിഹ്നങ്ങള്‍ ഇങ്ങനെയാണ് കൊത്തുപണികള്‍. പുറംചുമരുകളോട് ചേര്‍ന്നുള്ള തൂണുകളില്‍നിന്ന് താഴേക്ക് ചാഞ്ഞുനില്‍ക്കുന്ന രീതിയില്‍ വ്യാഘ്രങ്ങളുടെയും നര്‍ത്തകികളുടെയും ശില്പങ്ങളുണ്ട്. ഇത് ഭാരംകുറഞ്ഞ കറുത്ത ശിലയില്‍ നിര്‍മിച്ചതാണ്. ഭാരക്കുറവ് കാരണമാണ് ചെരിഞ്ഞ നിലയിലുള്ള ഈ ശില്പങ്ങള്‍ നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും താഴെ വീണുപോവാത്തത്.
സുന്ദരമായ കൊത്തുപണികള്‍
ക്ഷേത്രത്തിന്റെ മുകളിലോട്ടുള്ള ഗോപുരവും മറ്റും നിര്‍മിച്ചിരിക്കുന്നതും ഭാരം കുറഞ്ഞ കല്ലുകളിലാണ്. ഭൂകമ്പത്തിലും മറ്റും ഇടിഞ്ഞുവീഴാതിരിക്കാനുള്ള മുന്‍കരുതലായാണ് ഇങ്ങനെ ഭാരമില്ലാത്ത കല്ലുകള്‍ ഉപയോഗിച്ചിരിക്കുന്നത്.
ക്ഷേത്രത്തിനകവും മനോഹരമായി ക്രമീകരിച്ചിരിക്കുന്നു. വലിയ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്ന പ്രധാന ശ്രീകോവിലിന് മുന്നില്‍ നാല് വലിയ തൂണുകളുണ്ട്. ഇവയിലും സൂക്ഷ്മവും സുന്ദരവുമായ കൊത്തുപണികളുണ്ട്. മേല്‍ക്കൂരയുടെ അടിവശത്തും കറുത്ത ശിലകളില്‍ സൂഷ്മശില്പങ്ങള്‍ കൊത്തിവെച്ചിരിക്കുന്നു.
ഉപദേവതമാരുടെ ശ്രീകോവിലുകള്‍കൂടി ഇവിടെയുണ്ട്. ഇതില്‍ ദേവീപ്രതിഷ്ഠ ശിരസ്സ് നഷ്ടമായ നിലയിലാണ്. മറ്റൊരു ശ്രീകോവിലില്‍ ഗണപതിവിഗ്രഹമുണ്ട്.
ക്ഷേത്രത്തിന് മുന്നിലായി മേല്‍ക്കൂരയില്ലാത്ത നന്ദി മണ്ഡപമുണ്ട്. ഇതില്‍ കറുത്ത ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത വലിയ നന്ദിശില്പം അതിമനോഹരമാണ്. ഈ മണ്ഡപത്തിന്റെ കവാടത്തില്‍ ദ്വാരപാലകരെയും കൊത്തിയിട്ടുണ്ട്. ആനകള്‍, വാദ്യക്കാര്‍, നക്ഷത്രചിഹ്നങ്ങള്‍ എല്ലാം ചുവരുകളിലുണ്ട്.
നാല്പതുവര്‍ഷംകൊണ്ട് പണിതുയര്‍ത്തിയ രാമപ്പ ക്ഷേത്രം പടയോട്ടങ്ങളെയും പ്രകൃതിദുരന്തങ്ങളെയും അതിജീവിച്ചുകൊണ്ട് തലയുയര്‍ത്തി നിലകൊള്ളുന്നു. പതിനേഴാംനൂറ്റാണ്ടില്‍ ഈ മേഖലയിലുണ്ടായ ശക്തമായ ഭൂമികുലുക്കത്തില്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചു. കാലപ്പഴക്കംകൊണ്ടും ചില ശില്പങ്ങളും മറ്റും നശിച്ചുപോയിട്ടുമുണ്ട്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ ക്ഷേത്രം ഇപ്പോള്‍.
Content Highlights: ramappa temple, indian temples, travel