യാത്രികരുടെ ബക്കറ്റ് ലിസ്റ്റിൽ മുൻനിരയിൽ! എന്തുകൊണ്ട് നന്ദി ഹിൽസ് ?

ബാംഗ്ലൂരിലെ കനത്ത ട്രാഫിക്കും തിക്കും തിരക്കും ഒക്കെ മടുത്തിരിക്കുമ്പോൾ ഇത്തിരി ശുദ്ധവായു ശ്വസിക്കാൻ ആഗ്രഹിക്കാറില്ലേ? അതിനുവേണ്ടി പെട്ടെന്ന് ഒരു യാത്ര പോയാലോ? തൊട്ടടുത്തു തന്നെ അതിനു പറ്റിയ മനോഹരമായൊരിടമുണ്ട്, നന്ദി ഹിൽസ്. കർണാടകയുടെ തലസ്ഥാനമായ ബംഗളൂരുവിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണിത്. അതിരാവിലെ എത്തുന്ന സഞ്ചാരികളെ കോടമഞ്ഞിൽ കുളിച്ചുനിൽക്കുന്ന നന്ദി ഹിൽസ് മാടിവിളിക്കുന്നു. രാവിലെയുള്ള സവാരി ഇഷ്ടപ്പെടുന്ന സൈക്ലിസ്റ്റുകൾ മുതൽ പഴയ കോട്ട മതിലുകളിൽ ചുറ്റിനടക്കാൻ ആഗ്രഹിക്കുന്ന ചരിത്രപ്രേമികൾക്കു വരെ പ്രിയപ്പെട്ടൊരിടം, അതാണ് നന്ദി ഹിൽസ്. ശുദ്ധവായു, വിശാലമായ കാഴ്ചകൾ, വലിയ ബുദ്ധിമുട്ടുകളില്ലാത്ത സാഹസികത എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു മികച്ച യാത്ര നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ നന്ദി ഹിൽസ് തന്നെയായിരിക്കും മികച്ച തിരഞ്ഞെടുപ്പ്. അതിന് പല കാരണങ്ങളുമുണ്ട്.
സൂര്യോദയം
ഏതൊരു ബംഗളൂരുകാരനോടും ചോദിച്ചാൽ നന്ദി ഹിൽസിലെ സൂര്യോദയം കാണുന്നത് ഒരാളുടെ ജീവിതത്തിലെ പ്രധാന ഘട്ടത്തെ അടയാളപ്പെടുത്തുന്ന ഒരു ചടങ്ങു പോലെയാണെന്ന് അവർ പറയും. കുന്നിൻ മുകളിലുള്ള വ്യൂപോയിന്റിലേക്ക് ഏകദേശം 1,478 മീറ്ററാണ്. അവിടെ നിന്നാൽ മേഘങ്ങളുടെ കടലിലൂടെ സൂര്യൻ ഉദിച്ചുവരുന്നത് കാണാൻ നിങ്ങൾക്ക് സാധിക്കും. സൂര്യോദയം പോലെ കണ്ണിന് ഇത്രയും കുളിർമ പകരുന്ന മറ്റൊരു കാഴ്ചയുണ്ടാവില്ല. തണുപ്പും മൂടൽമഞ്ഞും നിറഞ്ഞ് ഒരു പെർഫെക്റ്റ് ഇൻസ്റ്റാഗ്രാം സ്റ്റോറിക്ക് പര്യാപ്തമായ കാഴ്ചകളാവും അവ. ഒരു ഫ്‌ളാസ്‌കിൽ ചൂടു ചായയുമായി പോയാൽ മറ്റെന്തു വേണം ജീവിതം ആസ്വദിക്കാൻ!!!
മിനി റോഡ് യാത്ര
ഇവിടത്തെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് എത്തിച്ചേരാനുള്ള എളുപ്പവഴിയാണ്. ബംഗളൂരുവിൽ നിന്ന് സാധാരണയായി 1.5 മുതൽ 2 മണിക്കൂർ വരെ യാത്ര മതി ഇവിടേക്കെത്താൻ. സുഗമമായ ഹൈവേയും വളഞ്ഞുപുളഞ്ഞ കയറ്റമുള്ള റോഡുകളും ബൈക്ക് യാത്രക്കാർക്കും സൈക്ലിസ്റ്റുകൾക്കും ഒരുപോലെ ഇഷ്ടമാണ്. സൂര്യോദയത്തിന് തൊട്ടുമുമ്പ് പ്രത്യക്ഷപ്പെടുന്ന റോഡരികിലെ കടകളിൽനിന്ന് ചൂടുള്ള ഇഡ്ഡലിയും ഫിൽട്ടർ കോഫിയും കുടിക്കാൻ റൈഡേഴ്സ് നിൽക്കുന്നതും കാണാൻ കഴിയും.
മേഘങ്ങൾക്കു മുകളിൽ
മനോഹരമായ ഒരു കാഴ്ച എന്നതിലുപരി നന്ദി ഹിൽസിന് കഥകൾ പറയാനുണ്ട്. ടിപ്പു സുൽത്താന്റെ വേനൽക്കാല വിശ്രമ കേന്ദ്രമായിരുന്ന കോട്ടമതിലുകളും പഴയ കവാടങ്ങളും ഇപ്പോഴും തലയെടുപ്പോടെ നിലകൊള്ളുന്നു. വധശിക്ഷകൾക്ക് ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന ഒരു പാറക്കെട്ടിന്റെ അരികായ 'ടിപ്പു ഡ്രോപ്പ്' വിശാലമായ കാഴ്ചകൾ പ്രദാനം ചെയ്യുന്നു. അവിടുത്തെ ഓരോ കല്ലിലും ചരിത്രം അടുക്കി വച്ചിരിക്കുകയാണ്.
ഭക്ഷണത്തിനു ശേഷം നിങ്ങൾക്ക് മടുപ്പ് തോന്നുന്നുവെങ്കിൽ ഇവിടെയുള്ള ചെറിയ ട്രെക്കിംഗ് പാതകൾ മടുപ്പകറ്റാൻ മികച്ചവയാണ്. കുന്നിന് ചുറ്റുമുള്ള വഴികൾ ആയാസരഹിതമായ നടത്തത്തിന് അനുയോജ്യമാണ്. ചെറിയ വഴികളിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് മറഞ്ഞിരിക്കുന്ന വ്യൂ പോയിന്റുകളും പാറക്കെട്ടുകളും കണ്ടെത്താം. ലഘുഭക്ഷണങ്ങൾ നന്നായി മറച്ചു സൂക്ഷിച്ചില്ലെങ്കിൽ അത് കുരങ്ങുകൾ കൊണ്ടുപോയേക്കാം. പക്ഷിനിരീക്ഷകർക്കും ഫോട്ടോഗ്രാഫർമാർക്കും വേറിട്ട അനുഭവം സമ്മാനിക്കാനും ഈ സ്ഥലത്തിനാവും. നിങ്ങളുടെ ബൈനോക്കുലറുകളും ക്യാമറകളും കൊണ്ടുവരിക. ഈ പച്ചപ്പ് നിറഞ്ഞ പ്രദേശം പാരക്കീറ്റുകൾ, ഡ്രാഗൺസ്, വിചിത്രമായ മലബാർ വിസിൽ ത്രഷ് എന്നിവയുടെ ആവാസ കേന്ദ്രമാണ്. ഭാഗ്യമുണ്ടെങ്കിൽ അപൂർവമായ ഒരുപാട് ചിത്രങ്ങൾ ഒപ്പിയെടുക്കാം.
പിറ്റ് സ്റ്റോപ്പുകൾ
നല്ല ഭക്ഷണമില്ലാതെ ഒരു പകൽ യാത്ര എങ്ങനെയിരിക്കും? നന്ദി ഹിൽസിന് മുകളിൽ തിരക്കില്ലാത്ത കുറച്ച് ഭക്ഷണശാലകളുണ്ട്. പക്ഷേ വഴിയരികിലുള്ള ധാബകളിലോ കഫേകളിലോ ഒരു സ്റ്റോപ്പ് വേണമെന്നും യാത്രികരിൽ പലരും പറയാറുണ്ട്. താഴ്വരയ്ക്ക് സമീപം പ്രശസ്തമായ നന്ദി ഉപാച്ചാർ ഉണ്ട്. അവിടെ ക്ലാസിക് ദക്ഷിണേന്ത്യൻ ഭക്ഷണവിഭവങ്ങൾ വിളമ്പുന്നു. ക്രിസ്പി വടകൾ, ആവി പറക്കുന്ന ഇഡ്ഡലികൾ, കടുപ്പമേറിയ ഫിൽട്ടർ കോഫി എന്നിവ നിങ്ങളെ ദിവസത്തിന്റെ തുടക്കം തന്നെ ഉന്മേഷവാനാക്കും. കൂടുതൽ ശാന്തമായ എന്തെങ്കിലും ആഗ്രഹിക്കുന്നുവെങ്കിൽ തിരികെ പോകുമ്പോൾ നല്ല സാൻഡ് വിച്ചുകളും പൂന്തോട്ട കാഴ്ചകളും ആസ്വദിക്കാൻ ഒരു ഫാം കഫേയിൽ കയറാം.
ധൈര്യശാലികൾക്ക് പാരാഗ്ലൈഡിംഗ്
നന്ദി ഹിൽസിനെ പുതിയൊരു കോണിൽ നിന്ന് കാണാൻ ആഗ്രഹിക്കുന്നുണ്ടോ? ധൈര്യമുണ്ടെങ്കിൽ, കാലാവസ്ഥ അനുവദിക്കുമ്പോൾ നിങ്ങൾക്ക് ഇവിടെ ടാൻഡം പാരാഗ്ലൈഡിംഗ് പരീക്ഷിക്കാം. തഴുകുന്ന കാറ്റും താഴെ ഉരുണ്ടുകൂടുന്ന സമതലങ്ങളുടെ ഒരു ബേഡ് ഐ വ്യൂ-ഉം ആസ്വദിച്ച് കുന്നുകൾക്ക് മുകളിലൂടെ പറക്കുമ്പോൾ ലഭിക്കുന്ന ആനന്ദം അനുഭവിച്ചറിയേണ്ടതു തന്നെയാണ്. ഇത് സീസണൽ ആണ്. കാറ്റിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും. അതിനാൽ എല്ലായ്‌പ്പോഴും മുൻകൂട്ടി അന്വേഷിച്ചതിനു ശേഷം മാത്രം ഇത് ആസ്വദിക്കുക. ഒരുപക്ഷേ അനുകൂല കാലാവസ്ഥയിൽ അവസരം ലഭിക്കുകയാണെങ്കിൽ നിങ്ങളുടെ യാത്രയുടെ ഏറ്റവും മികച്ച നിമിഷങ്ങളായിരിക്കും.
പോക്കറ്റ് കാലിയാക്കാത്ത യാത്ര
നന്ദി ഹിൽസിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ ലാളിത്യമാണ്. ഫാൻസി ടിക്കറ്റുകളോ സങ്കീർണ്ണമായ ആസൂത്രണമോ ആവശ്യമില്ല. നിങ്ങളും സുഹൃത്തുക്കളും ഒരു ടാങ്ക് ഇന്ധനവും മാത്രം. വാഹനങ്ങൾക്കുള്ള ചെറിയ പ്രവേശന ഫീസ് ആ തണുത്ത പർവത വായു ശ്വസിക്കുമ്പോൾ, നിങ്ങൾക്ക് അനുഭവപ്പെടുന്ന സ്വാതന്ത്ര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ചെറിയ തുക മാത്രമാണ്. ശാന്തമായ ഒരു മൂലയിലിരുന്ന് വായിക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ നൂറ് ഫോട്ടോകൾ എടുക്കാൻ ആഗ്രഹിക്കുന്ന അതുമല്ലെങ്കിൽ ഒരു മരത്തിനടിയിൽ ശാന്തമായി ഉറങ്ങാൻ ആഗ്രഹിക്കുന്ന ഇങ്ങനെ ഏത് തരത്തിലുള്ള ആളാണ് നിങ്ങളെങ്കിലും എല്ലാവർക്കും അവരവരുടെ സമാധാനം കണ്ടെത്താൻ ഇവിടെ മതിയായ ഇടമുണ്ട്.
Content Highlights: Escape Bangalore`s traffic with a Nandi Hills adventure. Stunning sunrise views, historical sites, & easy trekking await! Budget-friendly escape.