തലകൊയ്യുന്നവരുടെ നാട്ടിലെ വേഴാമ്പൽ ഉത്സവം

#ശങ്കരനാരായണൻ ശംഭു
Image/Shutterstock
Image/Shutterstock

അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളെ ഇന്ത്യയിലെ സപ്തസഹോദരിമാർ എന്നാണ് വിളിക്കാറുള്ളത്. ബീഹാറിലെ കിഷൻ ഗഞ്ച് മുതൽപശ്ചിമ ബംഗാളിന്റെ ഭാഗമായ സിലിഗുരി വരെ നീളുന്നു ഈ ഭാഗങ്ങൾ. ഇതിൽ നാഗാലാൻഡ് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും സവിശേഷമായ സംസ്ഥാനമാണ്. നിരവധി ഉത്സവങ്ങൾ ഇന്നാട്ടിലെ ഗോത്രവർഗ്ഗക്കാരുടേതായി ഉണ്ട്. തുലുനി, യംഷെ, നാസു, സെക്രൻയി എന്നിങ്ങനെ പല പേരുകളിൽ. എന്നാൽ ഉത്സവങ്ങളുടെ ഉത്സവമെന്നു പേരുകേട്ടത് ഹോൺ ബിൽ ഫെസ്റ്റിവലാണ്. നാഗാലാൻഡിന്റെ സ്വന്തം വേഴാമ്പൽ ഉത്സവം.

നാഗൻമാരുടെ കഥ

തിബറ്റൻ-ബർമ്മീസ് സങ്കരവർഗ്ഗക്കാരാണ് നാഗാലാന്റിലെ ഗിരിവർഗ്ഗക്കാർ. വടക്കുകിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ മ്യാൻമറിലുമായി അവർ താമസിക്കുന്നു. ഇപ്പോൾ നാഗാലാന്റ് ഇന്ത്യയിലെ സംസ്ഥാനമാണ്. എന്നാൽ പണ്ട് ഇങ്ങനെയായിരുന്നില്ല. ആസാം പ്രദേശത്തെ രാജവാഴ്ചക്കാലത്തും വേറിട്ട വിശ്വാസങ്ങളോടും ആചാരങ്ങളോടും കൂടിയ പ്രത്യേകഗിരിവർഗ്ഗക്കാരായി നാഗൻമാർ നില കൊണ്ടു. സർവ്വ ചരാചരങ്ങൾ ക്കും ആത്മാവും ജീവനും ഉണ്ട് എന്ന സങ്കൽപ്പമായ ആനിമിസം എന്നവിശ്വാസമാണ് നാഗന്മാരുടേത്. വൃക്ഷലതാദികളും പക്ഷിമൃഗാദികളും, കല്ലും,പാറയും, നദിയുമെല്ലാം അവർക്ക് ഈശ്വരചൈതന്യമാർന്നവയായിരുന്നു.

1826 വരെ ഏതാനും പ്രാവശ്യം ബർമ്മീസ് പട്ടാളം നാഗാ പ്രദേശങ്ങളിൽക്കൂടി ആസാം ഭാഗത്തേക്ക് പടയോട്ടം നടത്തുകയുണ്ടായി. ഇക്കാലത്ത് നാഗന്മാർ ചുരുങ്ങിയ കാലയളവിലേക്ക് ബർമ്മീസ് ഭരണത്തിൻ കീഴിലായി. 1828-ൽ യാൻഡ ബോ ഉടമ്പടി പ്രകാരം ആസാം ഭരണം അഹോം രാജകുടുബത്തിൽ നിന്ന് ബ്രിട്ടീഷ് ഭരണത്തിൻ കീഴിലായി. അക്കാലത്ത് കൃസ്തുമത വിശ്വാസം ഇവിടത്തുകാരിൽ നല്ലൊരു ഭാഗം ആളുകളും സ്വീകരിക്കയുണ്ടായി. ഇന്നും മൊത്തം ജനസംഖ്യയുടെ എൺപതു ശതമാനത്തിലധികം കൃസ്തുമത വിശ്വാസികളാണ്.

ആവോ, അനഗാമി, അനൽ, ചക്കേ സാംഗ്, ചാംഗ്,ചിർ, ചോത്തേ, കോൻയാക്ക്, മൊയോൺ, രംഗ്മ,താംഗ്ഖു ൽ, തിഖിർ എന്നിങ്ങനെ മുപ്പതിലധികം വിഭാഗങ്ങളുണ്ട് ഇവിടെ. അവർക്കെല്ലാം സ്വന്തം ഭാഷയും. ഇംഗ്ലി ഷും, നാഗമീസും ഇവർ സംസാരിക്കുന്നു. തമ്മിൽ കണ്ടാൽ തല കൊയ്തിരുന്ന നാഗന്മാർ ആധുനിക വിദ്യാഭ്യാസം നേടിയ ശേഷം സഹവർത്തിത്വത്തിലേക്ക് നീങ്ങികയായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ നാഗന്മാരെ കീഴടക്കാൻ ശ്രമിച്ചു. ചെറുത്തുനിൽപ്പും നിരന്തര സംഘടനങ്ങളും ഉണ്ടായി.രണ്ടാം ലോകമഹായുദ്ധ ത്തിൽ ബർമ്മ വഴി എത്തിയ ജപ്പാനീസ് സൈന്യവും ബ്രിട്ടീഷ് നാഗാപോരാളികളും തമ്മിലുണ്ടായ യുദ്ധത്തിൽനിരവധി പേർക്ക് ജീവഹാനിയുണ്ടായത്രേ. ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന കാലത്തും സ്വതന്ത്രമായി നിൽക്കാനാണ് നാഗാലാന്റ് ശ്രമിച്ചത്. പിന്നീട് 1963 ഡിസംബർ ഒന്നിന് ഇന്ത്യയുടെ ഭാഗമായി.

ഹോൺബിൽ ഫെസ്റ്റിവലിലെ നാഗന്മാരുടെ വീടുകൾ

കേട്ടുകേൾവികളുടെ നിറച്ചാർത്തിലൂടെ മാത്രം അറിഞ്ഞ ഹോൺബിൽ ഫെസ്റ്റിവെൽ കാണാനായിട്ടായിരുന്നു ആ മണ്ണിലേക്കുള്ള യാത്ര. ഗോഹട്ടിയിൽ തുട ങ്ങി ഹോൺ ബിൽ ഫെസ്റ്റിവെല്ലും കണ്ട് സൂക്കോ വാലി ട്രെക്കിങ്ങും കഴിഞ്ഞ് ആറാം ദിവസം രാത്രി ദിമാപൂർറെയിൽവേ സ്റ്റേഷനിൽ അവസാനിക്കുന്ന പാക്കേജായിരുന്നു ഞങ്ങളുടേത്. കാമാഖ്യ, ഉമാനന്ദൻ ക്ഷേത്രങ്ങളും ബ്രഹ്‌മപുത്ര ക്രൂയിസും പൂർത്തിയാക്കിയാണ് യാത്രയ്ക്ക് തുടക്കമിട്ടത്. ഗോഹട്ടിയിലെ കേരള ഭവൻ റസ്റ്റാറന്റ് ഭക്ഷണ കാര്യത്തിൽ വലിയ സഹായമായി. ഉടമയായ സുനിൽ ഗുരുവായൂർ ഇരുപത്തി അഞ്ചു വർഷമായത്രെ ഇവിടെ. പിന്നീട് ഗുവാഹതിയിൽ നിന്ന് മൂന്നു ടെമ്പോ ട്രാവലറുകളിലായി പുറപ്പെട്ട് കാമാഖ്യ ക്ഷേത്രവും കണ്ട് രാത്രി പന്ത്രണ്ടു മണിയോടെ കാസിരംഗയിലെത്തി. പിറ്റേന്നായിരുന്നു കാസിരംഗ സഫാരി. അവിടെനിന്ന് ദിമാപൂർ വഴി കോഹിമയിലേക്കും പിന്നീട് കിസാമ വില്ലേജിലേക്കും യാത്ര നീണ്ടു. കിഗ് വേമ ഗ്രാമത്തിലെ സക്കാമയിലുള്ള ഹോം സ്റ്റേയിലായിരുന്നു താമസം. ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന പൈതൃകഗ്രാമം രണ്ടര കിലോമീറ്റർ ദൂരെയാണ്. ഒരുപാട് സ്വപ്‌നങ്ങളുമായി ഗ്രാമത്തിലേക്ക് നീങ്ങി. ഒരാൾക്ക് നൂറ്റി അൻപതു രൂപയാണ് എൻട്രൻസ് ഫീ. നേരത്തെ എത്തിയതിനാൽ ആദ്യം വില്ലേജ് കാണാൻ തീരുമാനിച്ചു. വിവിധ ഗോത്രങ്ങളുടെ പവലിയനുകളാണ് ഇവിടെയുള്ളത്. അതാതു ഗോത്രങ്ങളുടെ തനതു വിഭവങ്ങളായ കൈത്തറി, ഭക്ഷണ പദാർത്ഥങ്ങൾ ,വൈനുകൾ, കരകൗശലവസ്തുക്കൾ എന്നിവ അവരവരുടെ ഗ്രാമത്തിലെ വീടുപോലെ സജ്ജീകരിച്ചവയാണ് ഓരോ പവലിയനും.

പവലിയനുകൾക്കു മുന്നിൽ പുലി, ആന എന്നിവയുടെ തലയുടെ ആകൃതിയിൽ കൊത്തിയെടുത്ത പ്രത്യേകതരം വാദ്യം കാണാം. അതിൽ കൊട്ടിയാൽ ഉണ്ടാകുന്ന ശബ്ദം ഏറെദൂരം വരെ കേൾക്കാം. പാരമ്പര്യവസ്ത്രങ്ങളായ ലോഹെ, മംഗ്‌കൊ ടെപ്‌സു, നെയ്‌തൊ ,ടെഹ്‌റ എന്നിവധരിച്ച പുരുഷന്മാരെയും ഫെംഹൗ, അസു ജെന്നപ്‌സു, എന്നിവ ധരിച്ച സ്ത്രീകളെയും പവലിയനിൽ കണ്ടു. പവലിയനുകളുടെ അകത്ത് കൗതുകക്കാഴ്ചകളാണ്. പല രൂപങ്ങൾ കൊത്തിയ തൂണുകൾ, മൃഗരൂപങ്ങൾ, പുല്ലുകൊണ്ടു മേഞ്ഞ മേൽക്കൂര എന്നിവയെല്ലാം നാഗന്മാരുടെ കരകൗശലവിദ്യയെ എടുത്തു കാണിക്കുന്നു. മുൻവശത്തിന്റെ മുകൾ ഭാഗത്ത് പ്രദർശിപ്പിച്ചിട്ടുള്ള തലയോട്ടികളാണ് മറ്റൊരു കാഴ്ച. ഒരുകാലത്ത് നാഗന്മാർ വെട്ടിമാറ്റിയ ശത്രുക്കളുടെ തലകൾ അവരുടെ വീടുകളിൽ പ്രദർശിപ്പിച്ചിരുന്നത്രേ. ഹെറിറ്റേജ് വില്ലേജിന്റെ ഒരു ഭാഗത്ത് ഒരു കൂറ്റൻ കുന്തം പവലിയനു മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. മറ്റൊന്നിൽ അവരുടെ ദേശീയ മൃഗമായ മിതുൻ എന്ന കാട്ടുപോത്തിനെ കശാപ്പുചെയ്ത് തലയും മുൻകാലുകളും പിൻകാലുകളും മുട്ടിനു താഴെയുള്ള ഭാഗവും വെട്ടി എടുത്ത് പ്രദർശിപ്പിച്ചിരിക്കുന്നു.

ഇതിനിടെ താഴെ സ്റ്റേഡിയത്തിൽ നിന്ന് കൊട്ടും പാട്ടും ആർപ്പുവിളിയും തുടങ്ങി. ഞങ്ങൾ അവിടേക്കു നടന്നു. ഹോൺബിൽ ഫെസ്റ്റിവലിന്റെ പ്രധാന ഭാഗമായ പരമ്പരാഗത നൃത്തരൂപങ്ങളാണ് അരങ്ങേറുന്നത്. തലയിൽ കൊമ്പുകൾ അടക്കമുള്ള തലപ്പാവും കൈയ്യിൽ ആയുധങ്ങളുമായി പുരുഷന്മാരും ആയുധങ്ങളില്ലാതെ സ്ത്രീകളുംപങ്കെടുക്കുന്ന നൃത്തം പൊടിപൊടിക്കുകയാണ്. കടുംനിറങ്ങളാണ് ഇവരുടെ വസ്ത്രങ്ങളുടെ പ്രത്യേകത.

നൃത്തം കണ്ടിരിക്കെ സമയംപോയതറിഞ്ഞില്ല. ഉച്ചഭക്ഷണം കഴിക്കാൻ അടുത്തുള്ള മിലിറ്ററി ലങ്കറിനെ ആശ്രയിക്കേണ്ടിവന്നു. മസാല ദോശയിൽ വിശപ്പിനെ അടക്കി ഹോർട്ടികോർപ്പി ന്റെയും ഹാന്റിക്രാഫ്റ്റിന്റേയും പ്രദർശനങ്ങൾ കാണാനിറങ്ങി. വിവിധയിനം ധാന്യങ്ങൾ, കിഴങ്ങുകൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയുടെ പ്രദർശനമാണ് മുകൾനിലയിൽ. കിവി,ഓറഞ്ച് തുടങ്ങിയഗാർഡൻ ഫ്രെഷ് പഴങ്ങളും ഉണ്ട്. ഉൽപ്പാദനം കുറവായതിനാൽ വിലഒരൽപ്പം കൂടുതലായിരുന്നു. കരകൗശല വസ്തുക്കൾ, തുകൽഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ, കത്തി, വാൾ, തോക്ക് മുതലായ ആയുധങ്ങൾ എല്ലാം ഇവിടെ സുലഭമാണ്. പന്നിതേറ്റകൾ ഉള്ള മാലയ്ക്ക് ഇരുപത്തി അയ്യായിരമാണ് വില പറഞ്ഞത്.

ഹോൺബിൽ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള നൃത്തം

സന്ധ്യ മുതൽ രാത്രി വരെ വിവിധ ട്രൂപ്പുകളുടെ സംഗീത പരിപാടികളായിരുന്നു. വൈകിട്ട് നാലര മണിയാകുമ്പോഴേക്കും ഇവിടെ ഇരുട്ടു പരന്നു തുടങ്ങും. ഒപ്പം മൂടൽമഞ്ഞും. താപനില പന്ത്രണ്ടു ഡിഗ്രി വരെ താഴാറുണ്ട്. രണ്ടാം ദിവസം കാലത്ത് നേരത്തെചെന്നു ടിക്കറ്റെടുത്തു. വിവിധ ഗോത്രങ്ങളുടെ നൃത്തങ്ങൾ ആരംഭിച്ചു. അല്പസമയം അത് കണ്ടശേഷം കൊഹിമ മാർക്കറ്റ് കാണാൻ പോയി. അമ്പതു രൂപയാണ് കോഹിമയിലേക്കുള്ള പന്ത്രണ്ട് കിലോ മീറ്റർ യാത്രക്ക് ബസ്സ് ഈടാക്കുന്നത്.

നാഗാലാന്റ് തലസ്ഥാനമായ കോഹിമ ഊട്ടിയോ കൽപ്പറ്റയോ പോലെതോന്നും. പട്ടണനടുവിലാണ് മാർക്കറ്റ്. ഭക്ഷ്യവസ്തുക്കൾ കൂടുതലും നോൺ വെജിറ്റേറിയനാണ്. വൈകുന്നേരങ്ങളിൽ ഇവയെല്ലാം പാകം ചെയ്യുന്ന തട്ടുകടകൾ സജീവമാകും. തവള, പാറ്റ, എലി,പുഴു, ഒച്ച് ,ചീവീട് തുടങ്ങി എല്ലാം ഇവർ ഭക്ഷിക്കും. ഇതെല്ലാം വിൽപ്പനക്കുണ്ട്. ചെറിയ ഇടനാഴികളിൽക്കൂടി പലഭാഗത്തേക്കും റോഡിന്റെ മറുവശത്തേക്കും നീളുന്ന കടകൾ. ഏറ്റവുംതാഴെ എത്തി വീണ്ടും ഇറങ്ങുന്നിടത്താണ് നാഗന്മാർക്ക് ഏറെ പ്രിയപ്പെട്ട പട്ടിയിറച്ചിയുടെ സ്ഥലം. മസാല ദോശയും ചായയും അകത്താക്കി ഡോളോ കഴിക്കാനായി വില്ലേജിൽ ഉള്ള സെലിയാങ്ങ് രഹാങ് കിയുടെ പവലിയനിൽ കയറി. അവിടെഒരു കരിങ്കൽ കെട്ടിൽ തീക്കുണ്ടത്തിനു ചുറ്റും ഇരിക്കാൻ സൗകര്യമുണ്ട്. മരുന്നു കഴിച്ചു കഴിഞ്ഞപ്പോഴേക്ക് മുള അലകുകൾ തിറപോലെ കെട്ടിയ ശിരോ അലങ്കാരവുമായിരണ്ടു ചെറുപ്പക്കാർ വന്നു. അവരുടെപാരമ്പര്യവസ്ത്രധാരണ ഭാഗമാണത്. പോച്ചുറെ, ചാക്ക്‌ഹെസാംഗ് ഗോത്ര വീടുകളിൽ ഒരിക്കൽക്കൂടി കയറി.

ഗാരോ നോക്ക്പാന്റെ പവലിയനിൽ നല്ല ദാരുശിൽപ്പങ്ങൾ കുറെയുണ്ട്. അവിടെ വെച്ച് തോക്ക് എടുത്ത്ഫയർ ചെയ്യുന്ന പോസിൽ ഫോട്ടോഎടുത്തു. അടുത്തതായി കച്ചാരി നോഹ്ഡ്രാംഗ് ഗോത്ര വീടാണ്. ഇവിടെ കരകൗശല വസ്തുക്കൾ കൂടുതലുണ്ട്. ഇവർ ദേഹംമുഴുവൻ മറയ്ക്കുന്നതരത്തിൽ വസ്ത്രധാരണം ചെയ്യുന്നവരാണ്. പുല്ലാങ്കുഴൽ, ഒരു തരം ചെണ്ട എന്നിവയാണ് പ്രധാന സംഗീതോപകരണങ്ങൾ. മണിപ്പൂർ സംസ്ഥാനവുമായി ബന്ധമുള്ള ഗോത്രമാണിത്. പച്ച നിറത്തിനുള്ള പ്രാധാന്യം ഇവരുടെ വസ്ത്രധാരണ രീതിയിൽ തെളിഞ്ഞുകാണാം. വേഴാമ്പലിന്റെ ചിത്രങ്ങൾ പെയിന്റു ചെയ്യുന്ന ഒരു സ്ഥലമുണ്ട് ഇവിടെ. അവിടെചെന്ന് കാഴ്ചകൾ കണ്ടുനടന്നു. അപ്പോഴേക്കും ഇരുട്ടു വീണു കഴിഞ്ഞിരുന്നു. വേഴാമ്പൽ ഉത്സവത്തിൽ നാനാവർണങ്ങളോട് വിടപറഞ്ഞ് താമസസ്ഥലത്തേക്കു മടങ്ങി. ഭക്ഷണ വൈവിദ്ധ്യത്തിനും, ആതിഥ്യമര്യാദക്കും ഗോത്ര സംസ്‌ക്കാരങ്ങൾക്കു പേരുകേട്ട നാട്, ആ നാടിന്റെ സംസ്‌കാരത്തോട് ചേർന്നുനിൽക്കുകയായിരുന്നു ഈ ഉത്സവദിനങ്ങളിലത്രയും ഞങ്ങൾ.

(2026 മാർച്ച് ലക്കം യാത്ര മാസികയിൽ പ്രസിദ്ധീകരിച്ചത്)

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Hornbill Festival: Everything You Need to Know About the Mega Event