വടക്കു-കിഴക്കൻ സംസ്ഥനങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരെ അധിക്ഷേപിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് നടൻ അക്ഷയ് കുമാർ. വീൽ ഓഫ് ഫോർച്യൂൺ ഇന്ത്യ റിയാലിറ്റി ഷോയിലാണ് താരത്തിന്റെ പ്രതികരണം. വടക്കു-കിഴക്കൻ മേഖലയിൽ നിന്നുള്ളവർ നേരിടുന്ന വംശീയപരമായ അധിക്ഷേപങ്ങളെക്കുറിച്ച് ഒരു മത്സരാർഥി അനുഭവം പങ്കിട്ടപ്പോഴാണ് അക്ഷയ് ഈ വിഷയം ചർച്ചയ്ക്കെടുത്തത്. മത്സരാർഥിയുടെ തുറന്നുപറച്ചിൽ പൂർണ്ണമായി അംഗീകരിച്ച അദ്ദേഹം തന്റെ നിലപാടും ഇതിനോട് ചേർത്തുവെച്ചു.

To advertise here,

മണിപ്പൂരിൽ നിന്നുള്ളയാളാണ് അക്ഷയുടെ മേക്കപ്പ്മാനായ കിൻ. അദ്ദേഹത്തെ വേദിയിലേക്ക് വിളിച്ച് അക്ഷയ് ഇങ്ങനെ പറഞ്ഞു- "എന്നെ മേക്കപ്പ് ചെയ്യുന്ന, എന്നെ ശ്രദ്ധിക്കുന്ന ഒരു ചെറുപ്പക്കാരൻ എന്റെ കൂടെയുണ്ട്. ഇതാ, കിൻ". താൻ പരിഹസിക്കപ്പെടുന്നതും, തെറ്റായി ചിത്രീകരിക്കപ്പെടുന്നതും, 'ചൈനീസ്' (chinese), 'ചിങ്കി' (chinky), 'മോമോ' (momo) പോലുള്ള വാക്കുകൾ കൊണ്ട് അധിക്ഷേപിക്കപ്പെടുന്നതുമെല്ലാം കിൻ വിവരിച്ചപ്പോൾ അക്ഷയ് അസ്വസ്ഥനായി, ഇത്തരം കാര്യങ്ങൾ അദ്ദേഹത്തിന് ഞെട്ടലായിരുന്നു.

അക്ഷയ് ആ നിമിഷത്തെ വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്തു. "ഇന്ന്, കിൻ പറഞ്ഞത് കേട്ടപ്പോൾ, ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നു എന്നെനിക്ക് ബോധ്യപ്പെട്ടു. ഇന്ത്യയിലെ എല്ലാ ജനങ്ങളോടും ഞാൻ പറയാൻ ആഗ്രഹിക്കുന്നു, വടക്ക്-കിഴക്കൻ മേഖലയിലുള്ളവർക്കെതിരേ വിവേചനം നടക്കുന്നുണ്ട്. അവരെല്ലാം ഇന്ത്യക്കാരാണ്. ഞാൻ എത്രത്തോളം ഇന്ത്യക്കാരനാണോ, നിങ്ങളെത്രത്തോളം ഇന്ത്യക്കാരനാണോ, ഇവിടെ ഇരിക്കുന്നവർ എത്രത്തോളം ഇന്ത്യക്കാരനാണോ അത്രത്തോളം അവരും ഇന്ത്യക്കാരാണ്." അദ്ദേഹം പറഞ്ഞു. രൂപത്തിന്റെ പേരിൽ പരിഹസിക്കുന്ന ഇതേ ആളുകളാണ് പലപ്പോഴും അതിർത്തിയിൽ ആദ്യം നിൽക്കുന്നവരെന്നും അദ്ദേഹം കാണികളെ ഓർമിപ്പിച്ചു. "ഈ രാജ്യത്തിനുള്ള അവരുടെ സംഭാവനകൾ വലുതാണ്. നാഗാ റെജിമെന്റ്... കാർഗിൽ യുദ്ധം, ബംഗ്ലാദേശ് യുദ്ധം. അവർ രക്തം ചിന്തിയിട്ടുണ്ട്. അവർ ഇന്ത്യക്കാരാണ്"-അദ്ദേഹം പറഞ്ഞു. അക്ഷയ് കുമാർ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയാണ് വീൽ ഓഫ് ഫോർച്യൂൺ എന്ന ക്വിസ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi