ലളിത എന്നും ആ വിസില്‍പറവയ്ക്ക് പേരുണ്ട്

അക്കാലത്ത് വാല്‍പ്പാറ എന്ന കൊച്ച് ഹില്‍ സ്റ്റേഷന്‍ എല്ലായ്പ്പോഴും കോടമഞ്ഞില്‍ അദൃശ്യമായി നിലകൊണ്ടിരുന്നു. പകലൊക്കെ സുഖകരമായൊരു കുളിരും തേയിലഫാക്ടറിയില്‍നിന്ന് നേര്‍ത്തൊരു ചായയുടെ ഗന്ധവും. രാവുകളില്‍ തണുപ്പിന് കട്ടിയേറും. ഏതൊക്കെയോ നിശാപുഷ്പങ്ങളാല്‍ സുഗന്ധപൂരിതമാവും! ഭൂമിയില്‍ പടര്‍ന്നുകിടക്കുന്ന ചെറിയ സസ്യങ്ങള്‍ മുതല്‍ വന്‍വൃക്ഷങ്ങള്‍വരെ പൂക്കളാല്‍ അലങ്കൃതമായിരിക്കും. പ്ലാസ്റ്റിക് മാലിന്യമൊന്നും എവിടെയും കാണാനാകില്ല. പുലരികളില്‍ സുതാര്യമായ മൂടല്‍മഞ്ഞിലൂടെ തേയിലത്തോട്ടം കടന്ന് കാട്ടുപോത്തിന്‍കൂട്ടം മെല്ലെ ഷോലക്കാടുകളിലേക്ക് പോകുന്നത് കാണാം.
എന്റെ ആദ്യത്തെ വാല്‍പ്പാറയാത്രയായിരുന്നു അത്. 1978-ലെ സമ്മര്‍ വെക്കേഷന്‍. സുഹൃത്ത് വി.കെ. ജോഷിയുമായി വാല്‍പ്പാറയ്ക്കടുത്തുള്ള റൊട്ടിക്കട എന്ന സ്ഥലത്താണ് താമസം. അവിടെ റോഡരികില്‍ ഒരു എസ്റ്റേറ്റ് ഹോസ്പിറ്റലുണ്ട്. അതിന് വലതുവശത്തുകൂടി പിന്നിലേക്ക് ഒരു ചെറിയ റോഡ് പോകുന്നു. അവിടെ ഞങ്ങളുടെ നാട്ടുകാരനായ (പള്ളിപ്പുറം) ഫ്രാന്‍സിസ് ചേട്ടന്റെ ക്വാര്‍ട്ടേഴ്സിലാണ് താമസം.
ആനയും കാട്ടുപോത്തും നിത്യസന്ദര്‍ശകരായിരുന്നു. കൂടാതെ ധാരാളം പക്ഷികളും. റൊട്ടിക്കടയില്‍നിന്ന് വാല്‍പ്പാറ ടൗണിലേക്ക് മെയിന്‍ റോഡ് വിട്ട് കാപ്പിത്തോട്ടത്തിലൂടെ അന്നൊരു നടപ്പാതയുണ്ടായിരുന്നു. ഞാനും ജോഷിയും ആ ഏകാന്തപാതയിലൂടെ എപ്പോഴും നടക്കും. കാട്ടുപോത്ത്, മ്ലാവ്, കൂരമാന്‍, സിംഹവാലന്‍ കുരങ്ങ്, കരിങ്കുരങ്ങ്, മലമുഴക്കി വേഴാമ്പല്‍ എന്നിവയൊക്കെ സാധാരണ കാഴ്ചകളായിരുന്നു. അത്തരത്തിലൊരു യാത്രയിലാണ് കാപ്പിച്ചെടികള്‍ക്ക് നിഴല്‍വിരിച്ച് നില്‍ക്കുന്ന വലിയ മരങ്ങളുടെ ഉച്ചിയിലിരുന്ന് ആരോ വിസിലടിക്കുന്നപോലെ ഒരു ശബ്ദം കേട്ടത്. പിന്നെ വേഗത്തില്‍ തുടരെത്തുടരെ ആ ശബ്ദം കേട്ടു. മരത്തിന് മുകളില്‍ കയറി മറഞ്ഞിരിക്കുന്നതാരാണ് എന്ന് എത്ര നോക്കിയിട്ടും കണ്ടെത്താനായില്ല. ഏതൊക്കെയോ പക്ഷികള്‍ അവിടെ പാറിപ്പറക്കുന്നുണ്ടായിരുന്നു.
രണ്ടുമൂന്നുദിവസം വീണ്ടും ആ വഴി പോയപ്പോഴൊക്കെ അതേ ശബ്ദം കേട്ടു. പക്ഷിയെ കണ്ടെത്താനായില്ല. കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കവറയ്ക്കല്‍ എന്ന മറ്റൊരു മനോഹരമായ സ്ഥലത്തേക്ക് പോയി. വാല്‍പ്പാറയില്‍നിന്ന് പൊള്ളാച്ചിക്ക് പോകുന്ന പാതയിലാണ് ആ സ്ഥലം. തിരക്കൊഴിഞ്ഞ സ്വച്ഛതയുള്ള വനസ്ഥലികളിലൂടെ കാഴ്ചകളില്‍ ഭ്രമിച്ചുനടക്കാന്‍ പറ്റിയ ഇടം. വാല്‍പ്പാറയെക്കാള്‍ മഞ്ഞും തണുപ്പും കൂടിയ ഇടം. സൂര്യപ്രകാശം വല്ലപ്പോഴും എത്തുന്ന അതിഥിപോലെയാണ് അവിടം. തേയിലത്തോട്ടങ്ങളുടെ അതിരുകളില്‍ കണ്ണിന് ആനന്ദം പകരുന്ന ഉദ്യാനങ്ങള്‍. പേരമരങ്ങള്‍, അവയില്‍ പഴുത്ത് തുടുത്ത പഴങ്ങള്‍. പൂമ്പാറ്റകളും പക്ഷികളും ധാരാളം. കവറയ്ക്കലിനടുത്ത് ഒരു വെള്ളച്ചാട്ടമുണ്ട്. അവിടെവെച്ചാണ് ഞങ്ങള്‍, വിസിലടിച്ച ആ പക്ഷിയെ ആദ്യമായി അരികില്‍ കണ്ടത്. 'വിസില്‍ പറവ' എന്നായിരുന്നു അവിടത്തുകാര്‍ പറഞ്ഞുതന്ന പേര്. പിന്നീടാണ് 'ലളിത' എന്ന വിചിത്രമായ ഒരു പേരോടെയാണ് മലയാളത്തില്‍ ഈ പക്ഷി അറിയപ്പെടുന്നതെന്ന് മനസ്സിലായത്.
1980-ല്‍ ജോഷിയോടൊപ്പം ഞാന്‍ വീണ്ടും വാല്‍പ്പാറയ്ക്കടുത്തുള്ള 'മുടീസ്' എന്ന സ്ഥലത്തേക്ക് പോയി. തേയിലത്തോട്ടങ്ങളിലൂടെ ഞങ്ങള്‍ കാടിനതിരോളം നടന്നു. ഒരുകൂട്ടം കാട്ടുപോത്തുകള്‍ കാട്ടിലേക്കുള്ള ഞങ്ങളുടെ കടന്നുകയറ്റം തടഞ്ഞ് നിന്നു. അവയെ നോക്കിനില്‍ക്കുമ്പോഴാണ് ഞങ്ങളെ തേടി ആ പരിചിതമായ വിസിലടി വീണ്ടും എത്തിയത്. ഇത്തവണ രണ്ട് പക്ഷികളെ ഏറെ അടുത്ത് കണ്ടു. ''ഒന്ന് ആണ്‍പക്ഷിയും മറ്റെത് പെണ്‍പക്ഷിയുമാണ്''- ജോഷി പക്ഷിനിരീക്ഷണം ആരംഭിച്ചുകഴിഞ്ഞിരുന്നു. ''ആണ്‍ പക്ഷിയാണ് ആ തിളങ്ങുന്ന നീല നിറം''-ജോഷി ബൈനോക്കുലറിലൂടെ അവയെ നിരീക്ഷിച്ചു. അതെ, ആണ്‍പക്ഷിയെ പെട്ടെന്ന് തിരിച്ചറിയാനാകുമായിരുന്നു.
എന്തൊരു ഭംഗിയാണതിന്!, ഞാന്‍ ബൈനോക്കുലറിലൂടെ നോക്കി വിസ്മയംപൂണ്ടു. ആണ്‍പക്ഷിയുടെ പുറമേ കാണുന്ന വ്യത്യസ്തമായ തിളക്കമാര്‍ന്ന നീലനിറം! സൂര്യരശ്മിയേറ്റപ്പോള്‍ അത് മറ്റൊരു മനോഹര കാഴ്ചയായിത്തീര്‍ന്നു. സൂര്യപ്രകാശം കാട്ടില്‍ വീഴുമ്പോഴുണ്ടാകുന്ന വിസ്മയക്കാഴ്ചകളെക്കുറിച്ച് ഇതിനുമുന്‍പേ എഴുതിയിട്ടുണ്ട്. പുല്‍ക്കൊടി മുതല്‍ കടുവയില്‍ വരെ വര്‍ണവ്യതിയാനങ്ങള്‍ തീര്‍ക്കുന്നുണ്ട് സൂര്യപ്രകാശം. അന്ന് ആ രണ്ട് പക്ഷികളും ഞങ്ങള്‍ക്ക് പേരറിയാനാകാത്ത ഒരു മരത്തിലെ പഴുത്ത പഴങ്ങള്‍ ഭക്ഷിക്കാന്‍ എത്തിയതായിരുന്നു. കാട്ടിലെ ഓരോ ജീവജാലവും എന്തൊക്കെ വിസ്മയങ്ങളാണ് നമുക്കായി ഒരുക്കിവെച്ചിരിക്കുന്നതെന്ന് ഓരോ സഞ്ചാരങ്ങളും ദര്‍ശനങ്ങളും ഓര്‍മപ്പെടുത്തുകയാണ്.
ജോഷിയോടൊപ്പമുള്ള പക്ഷിനിരീക്ഷണ വനയാത്രകള്‍ അവിരാമം തുടര്‍ന്നുകൊണ്ടിരുന്നു. 1980-ല്‍തന്നെ കുമളി-തേക്കടിയിലേക്ക് ഞങ്ങള്‍ ഒരു ബൈക്ക് യാത്ര നടത്തി. ആ യാത്രയിലാണ് കട്ടപ്പനയിലെ ഏലത്തോട്ടങ്ങളില്‍ ധാരാളം പക്ഷികളെ കാണാനായത്. അതില്‍ ഒരുപാട് ലളിതപ്പക്ഷികളെ കണ്ടു. തേക്കടിയിലും പരിസരപ്രദേശങ്ങളിലും ഒക്കെ ഈ പക്ഷികളെ കാണാനായതും ഓര്‍മയിലുണ്ട്. കാടിന്റെ സ്വച്ഛതയില്‍ ചലനരഹിതമായൊരു ധ്യാനത്തിന് രൂപംകൊടുത്തപ്പോള്‍ അതില്‍ പറവകളുടെ ശബ്ദങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തത്. മൂന്നാറിലെ പാമ്പാടുംഷോല നാഷണല്‍ പാര്‍ക്കിന്റെ അതിരിലുള്ള 'വന്തറവ് മുടി' എന്ന ഉയരമാര്‍ന്ന മലയുടെ ചരിവിലായിരുന്നു ധ്യാനത്തിന്റെ തുടക്കം. തമിഴ്നാടിന്റെ ഭാഗത്തുള്ള ഷോലക്കാട് അധികം മനുഷ്യരുടെ കടന്നുകയറ്റങ്ങളില്ലാത്തൊരു ഇടമാണ്.
സൂര്യപ്രകാശം ചോര്‍ന്നുവീഴുന്ന ഷോലയുടെ അകത്തളം എല്ലായ്പ്പോഴും ഇരുണ്ടുകിടന്നു. ആകാശത്തെ മറച്ചുപിടിക്കുന്ന ഷോല വൃക്ഷങ്ങളും ഈര്‍പ്പമാര്‍ന്ന അന്തരീക്ഷവും. വലിയ വലിയ പാറകള്‍ പൂപ്പലാല്‍ ആവരണം ചെയ്ത് കിടന്നിരുന്നു. ആ പൂപ്പലാവട്ടെ സൂര്യകിരണങ്ങളേറ്റാല്‍ ആ നിമിഷം മരതകക്കല്ലുകള്‍പോലെ തിളങ്ങും! അവിടെ സ്വസ്ഥതയോടെ മിഴികള്‍ പൂട്ടി നിവര്‍ന്നിരിക്കുമ്പോള്‍ കൂടെയുള്ളവര്‍ക്ക് കൊടുത്ത നിര്‍ദേശം കാടിന്റെ ശബ്ദവ്യതിയാനങ്ങള്‍ക്ക് കാത് കൊടുക്കാനായിരുന്നു. ഏറ്റവും ഉച്ചസ്ഥായിയിലുള്ള ശബ്ദത്തില്‍നിന്ന് കാടിന്റെ നേര്‍ത്ത മര്‍മരങ്ങളിലേക്ക് ആണ്ടുപോകുന്ന ധ്യാനാത്മകതയായിരുന്നു അത്. ശ്വസിക്കുമ്പോള്‍ കാടിന്റെ ഗന്ധങ്ങളെയും അതിന്റെ തിരിച്ചറിവുകളെയും അടയാളപ്പെടുത്തുക, ശബ്ദങ്ങളില്‍നിന്ന് പക്ഷികളെ അകമേ കാണുക എന്നിങ്ങനെ ധ്യാനത്തിന്റെ പാത പലഘട്ടങ്ങളിലായി കടന്നുപോകും.
ഏതാണ്ട് ഒരുമണിക്കൂര്‍ കടന്നുപോയതറിഞ്ഞില്ല. എല്ലാവരും മിഴികള്‍ തുറന്നു. ശരീരം മെല്ലെ ഉണര്‍ന്നു. മരത്തലപ്പുകള്‍ക്കിടയിലൂടെ ഒരു കുളിര്‍ത്തെന്നല്‍ ഞങ്ങളെ തഴുകി കടന്നുപോയി. എല്ലാവരും ആദ്യം കേട്ട ശബ്ദത്തെക്കുറിച്ചാണ് പറഞ്ഞത്. അത് എമശൃ്യ ആഹൗലആശൃറ എന്ന പക്ഷി തന്നെയായിരുന്നു! 2003 ജൂണില്‍ പെരിയാര്‍ കടുവാ സങ്കേതത്തിലെ വാച്ചര്‍ കണ്ണനൊപ്പം പൂവരശിലേക്ക് നടക്കുകയാണ്. ചാറ്റല്‍മഴ വിടാതെ ഞങ്ങള്‍ക്കൊപ്പമുണ്ട്. തണുപ്പാര്‍ന്ന അന്തരീക്ഷം. നേര്‍ത്ത പുകമഞ്ഞും കാറ്റും. വൃക്ഷത്തലപ്പുകള്‍ കുഴഞ്ഞാടുന്ന കാഴ്ച. കാടിന്റെ ആഴങ്ങളിലേക്ക് ചില പക്ഷിപ്പാട്ടുകള്‍ ക്ഷണിക്കുകയാണ്.
പല വര്‍ണങ്ങളിലുള്ള ഇലകളുമായി ചില ചെറുമരങ്ങള്‍ അരികിലേക്ക് വിളിക്കുന്നുണ്ട്. ഏറ്റവും ചാരുതയാര്‍ന്ന ദൃശ്യങ്ങളായി തീരാന്‍ ആ കാട്ടുവഴിത്താരയിലെ ഓരോ ജീവനുകളും മത്സരിക്കുന്നപോലെ തോന്നുകയാണ്. ഞാനും കണ്ണനും പരസ്പരം ഉരിയാടിയിട്ട് എത്രയോ നേരമായിരിക്കുന്നു. കാട്ടിലേക്കുള്ള പ്രകാശം തെളിച്ചവരില്‍ ചിലരൊക്കെ കാട്ടിലെ വിശുദ്ധര്‍ തന്നെയാണെന്ന് ഓര്‍മ്മപ്പെടുത്തുന്ന നിമിഷങ്ങള്‍. എപ്പോള്‍ കാട്ടില്‍ നിശ്ശബ്ദരാകണം, എപ്പോള്‍ ചലനരഹിതരാകണം, എപ്പോള്‍ ശബ്ദമില്ലാതെ സംസാരിക്കണം എന്നിങ്ങനെയൊക്കെ തിട്ടമുള്ളവരാണത്.
ലളിതയുടെ ശബ്ദം കേള്‍ക്കുന്നുണ്ട്. കണ്ണന്‍ മനസ്സില്‍ മൊഴിഞ്ഞത് തിരിച്ചറിയുമ്പോഴേക്കും രണ്ടുമൂന്ന് ലളിതകള്‍ തൊട്ടരികിലെ ചെറുമരത്തിലേക്ക് പറന്നെത്തി. ദേഹത്തെ മഴത്തുള്ളികളും വജ്രംപോലെ തിളക്കമാര്‍ന്ന നീലിമയും! രണ്ട് ആണ്‍പക്ഷികളും ഒരു പെണ്‍പക്ഷിയും ആയിരുന്നു അത്. അവ ഞങ്ങള്‍ക്ക് ദര്‍ശനം നല്‍കുവാനെന്നപോലെ മരച്ചില്ലകളില്‍ ഇരുന്നു. പിന്നെ ദേഹത്തെ മഴത്തുള്ളികള്‍ കുടഞ്ഞുകളയാനും ഓരോ തൂവലുകളായി കൊക്കുകളാല്‍ കൊത്തി വൃത്തിയാക്കാനും ആരംഭിച്ചു.
അപ്പോഴേക്കും ചാറ്റല്‍മഴ ഒഴിഞ്ഞുകഴിഞ്ഞിരുന്നു. ആ വനപ്രദേശം ഒന്നാകെ പോക്കുവെയില്‍ ചാഞ്ഞുവീഴുകയാണ്. പാറിവീണ ഒരു കീറ് വെട്ടത്തില്‍ ആ പക്ഷികള്‍ ചേതോഹരമായ കാഴ്ചയായി മാറി. കണ്ണന് പക്ഷികളുടെയും മറ്റും ശബ്ദങ്ങള്‍ അനുകരിക്കാനുള്ള കഴിവുണ്ടെന്ന് അപ്പോഴാണ് ഞാന്‍ തിരിച്ചറിഞ്ഞത്.
ലളിത എന്ന ആ പക്ഷികളുടെ വിസില്‍ ശബ്ദം കണ്ണന്‍ ഉയര്‍ത്തിയപ്പോള്‍ ഒരുനിമിഷം, ആ മൂന്ന് പക്ഷികളും ഒന്ന് നിശ്ചലരായി. പിന്നീട് അവയില്‍ ഒരു പക്ഷി കണ്ണന് മറുമൊഴി കൊടുത്തു. ഏതാനും നിമിഷങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും വിസില്‍ ശബ്ദങ്ങള്‍ ഉയര്‍ന്നു. അല്പസമയത്തിന് ശേഷം പക്ഷികള്‍ തിരികെ പറന്നുപോവുകയും ചെയ്തു. എനിക്കത് അദ്ഭുതമായൊരു അനുഭവമായി മാറി. ഒന്നാമത് ഈ പക്ഷികളെ ഇത്രയും അരികില്‍ കാണാന്‍ പ്രയാസമായിരുന്നു. അതുകൂടാതെ അവ യാതൊരു ഭയപ്പാടുകളുമില്ലാതെ കണ്ണന്റെ ശബ്ദങ്ങള്‍ക്ക് മറുമൊഴികള്‍ കൊടുക്കുക കൂടി ചെയ്തിരിക്കുന്നു!
തട്ടേക്കാട് പക്ഷിസങ്കേതത്തിനരികിലായിരുന്നു ഈ വേനലില്‍ പക്ഷികള്‍ക്കായി ഒരുക്കിയ 'ബേര്‍ഡ് ബാത്തി'ല്‍ കൊടുംചൂടിനെ അകറ്റുവാനായി ലളിത എത്തിയത്. അവ കുളിക്കുകയും ഉച്ചത്തില്‍ സംഗീതം പൊഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
ആണ്‍-പെണ്‍ ലളിതപക്ഷികള്‍ക്കിടയില്‍ പ്രകടമായ വര്‍ണവ്യത്യാസമുണ്ട്. ആണ്‍പക്ഷിയുടെ ദേഹത്തിന് ജ്വലിക്കുന്ന വയലറ്റ് കലര്‍ന്ന നീല വര്‍ണവും പെണ്‍പക്ഷിക്ക് നേര്‍ത്ത പച്ച കലര്‍ന്ന മങ്ങിയ നീലനിറവുമാണ്. ആണ്‍പക്ഷി, പെണ്‍പക്ഷി എന്നിവയെ വേഗം തിരിച്ചറിയുവാനാകും. സൂര്യപ്രകാശം ഇവയുടെ ശരീരത്തില്‍ വീഴുമ്പോള്‍ ഏറെ തിളക്കമാര്‍ന്നതായി തീരുന്നു. രണ്ട് പക്ഷികളുടെയും കണ്ണുകള്‍ ചുവപ്പ് വര്‍ണത്താല്‍ ശോഭയാര്‍ന്നവയാണ്. ചിലപ്പോള്‍ ഒറ്റയ്ക്കും ഇണയോടൊപ്പമോ കൂട്ടമായോ കാണാം. പഴങ്ങളും പ്രാണികളും ചില പൂക്കളിലെ തേനുമാണ് പ്രധാന ആഹാരം. ഇതെഴുതുമ്പോള്‍ ജോഷിയുടെ ഫോണ്‍ വന്നു. ''വാല്‍പ്പാറ വരെ ഒന്നു പോയാലോ? നമ്മള്‍ അന്നുകണ്ട ആ പക്ഷിയൊക്കെ ഇപ്പോഴും ഉണ്ടാകുമോ?''-അതെ. ഞാന്‍ ബാഗും ക്യാമറയും ഒരുക്കുകയാണ്, നടന്നുമറഞ്ഞ കാനനപാതകളിലൂടെ ഓര്‍മ്മകളിലെ പക്ഷിനാദം തേടി കൂട്ടുകാരനൊപ്പം യാത്ര തിരിക്കാന്‍.
Content Highlights: N A Naseer column in yathra