ഒന്ന് നനയാന്‍ യാത്രപോയാലോ, 14 ജില്ലകളിലെ പല മഴകളിലേക്ക്

പുറത്ത് മഴയുടെ സീല്‍ക്കാരങ്ങള്‍. അതിനു കാതോര്‍ത്ത്, രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പുതപ്പിനുള്ളില്‍ മൂടിപ്പുതച്ചു കിടന്ന ദിനങ്ങള്‍. ഇലകളില്‍ വീണുടയുന്ന മഴത്തുള്ളികളെ നോക്കി ചൂടു കട്ടന്‍ചായ നുകര്‍ന്ന അനേകം നിമിഷങ്ങള്‍. മഴയ്ക്കും ചൂടു കട്ടന്‍ചായയ്ക്കും ഒരുപോലെ കുളിരാണോ എന്ന് സംശയിച്ചു പോയ നേരമാവുമത്. ഇങ്ങനെയൊക്കെ ആയിരുന്നു മലയാളിയുടെ മഴക്കാലം. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ നീളുന്ന അനുഭൂതി. ചിലപ്പോള്‍ തുള്ളിക്ക് ഒരു കുടം കണക്കെ പെയ്യുന്ന മഴ... മറ്റു ചിലപ്പോള്‍ സില്‍ക്ക് നൂലുകള്‍ പോലെ അത് എവിടെ നിന്നോ ഊര്‍ന്നിറങ്ങി വരും. മതിയാവോളം മഴ നനയാനും കൊതിക്കാത്ത മനുഷ്യരില്ല. അധികം ചെലവില്ലാതെ ഒരു ദിവസത്തിനുള്ളില്‍ പോയി മഴ കണ്ടാസ്വദിച്ചു വരാവുന്ന ചിലയിടങ്ങളുണ്ട് കേരളത്തില്‍. മഴ കൊണ്ടു വീണ്ടും മുളയ്ക്കാനും തളിരിടാനും വളരാനും തയ്യാറായിക്കോളൂ.
1. തിരുവനന്തപുരം
പൂവാര്‍
കായലും കടലും സംഗമിക്കുന്ന ഇടമാണ് പൂവാര്‍. ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞ് അറബിക്കടലിന്റെ തീരത്ത് ശാന്തസുന്ദരമായി സ്ഥിതി ചെയ്യുന്ന സ്ഥലം. വിഴിഞ്ഞത്തോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശം കേരളത്തിന്റെ തെക്കേ അറ്റം കൂടിയാണ്. കണ്ടല്‍ കാടുകളും തെങ്ങുകളും തിങ്ങിനിറഞ്ഞ അതിമനോഹരമായൊരു സ്ഥലത്ത് മഴനനഞ്ഞ് നടക്കുന്നത് സങ്കല്‍പ്പിച്ചു നോക്കൂ. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് മഴക്കാലത്ത് അല്‍പസമയം ഇവിടം ചിലവിടാന്‍ ആര്‍ക്കും തോന്നിപ്പോകും.
പൊന്മുടി
പൊന്മുടിയാണ് തിരുവനന്തപുരത്ത് മഴയാത്രയ്ക്ക് പറ്റിയ മറ്റൊരിടം. ഹൈറേഞ്ചിലെ മഴക്കാലം ആസ്വദിക്കുവാന്‍ താല്പര്യമുള്ളവര്‍ക്കു പോകുവാന്‍ പറ്റിയ ഇടങ്ങളിലൊന്നാണ് പൊന്മുടി. കുന്നും മലകളും പച്ചപ്പും ഒക്കെയായി ആസ്വദിക്കുവാന്‍ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. പൊന്മുടി ഡാമാണ് ഇവിടെ മറക്കാതെ കാണേണ്ട ഒരു സ്ഥലം.
കോവളം
കേരളത്തിലെ മണ്‍സൂണ്‍കാലം ആഘോഷിക്കാന്‍ കോവളം ബീച്ച് നല്ല ഓപ്ഷനാണ്. ആര്‍ത്തലയ്ക്കുന്ന തിരമാലകള്‍ കണ്ട് കോവളത്തെ ബീച്ചുകളിലൂടെ മഴകൊണ്ടു നടക്കാം. രുചികരമായി തയ്യാറാക്കിയ സീഫുഡുകള്‍ മഴയത്ത് ചൂടോടെ കഴിക്കുകയുമാവാം. തിരുവനന്തപുരത്ത് നിന്നും 16 കിലോമീറ്റര്‍ ദൂരമാണ് കോവളം കടല്‍ത്തീരത്തേക്കുള്ളത്.
2. ആലപ്പുഴ
അന്ധകാരനഴി ബീച്ച്
ബീച്ചുകളിലെ മഴ ഏതര്‍ഥത്തിലും വ്യത്യസ്തം തന്നെയാണ്. കടലിരമ്പലും മഴയിരമ്പലും ഒന്നിച്ചു ചേര്‍ന്ന് നമ്മുടെ കാതുകളിലും മനസില്‍ വലിയൊരു ആരവം തീര്‍ക്കുന്നു. അതുവരെ ഉണ്ടായിരുന്ന മോശം ദിവസങ്ങളുടെ ക്ഷീണം ആ ആരവത്തില്‍ അലിയിച്ചു കളയാം. എങ്കില്‍ അന്ധകാരനഴി ബീച്ചിലേക്ക് ചെന്നോളൂ. ചേര്‍ത്തല പട്ടണക്കാടിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഈ ബീച്ച് ആലപ്പുഴയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ്. മണക്കോടം ലൈറ്റ് ഹൗസാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വാസ്‌കോഡ ഗാമ സ്‌ക്വയര്‍, തൈക്കല്‍ ബീച്ച് എന്നിവ തൊട്ടടുത്തന്നെ ഉണ്ട്.
3. തൃശ്ശൂര്‍
അസുരന്‍കുണ്ട് അണക്കെട്ട്
കാടിനുള്ളിലൂടെ വളഞ്ഞുപുളഞ്ഞു പോകുന്ന ഒറ്റവഴികള്‍ കടന്നു വേണം ഇവിടെ എത്താന്‍. പച്ചപ്പും വന്യതയും കണ്ണുകളില്‍ നിറച്ച് മഴ കാണാം. തൃശൂര്‍ ജില്ലയില്‍ ആറ്റൂര്‍ എന്ന സ്ഥലത്താണ് അസുരന്‍കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂര്‍ ചേലക്കര റൂട്ടില്‍ വാഴക്കോട് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് ആറ്റൂര്‍. ഇവിടെ നിന്നും 2.5 കിലോമീറ്റര്‍ ദൂരം കാടിനുള്ളിലൂടെ സഞ്ചരിച്ചാല്‍ അസുരന്‍കുണ്ട് അണക്കെട്ടിലെത്താം.
അതിരപ്പിള്ളി
ആര്‍ത്തലച്ചു താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് അതിരപ്പിള്ളിയിലുള്ളത്. മഴക്കാലത്ത് യാത്ര ചെയ്യുന്നെങ്കില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്ന്. ഇവിടേയ്ക്കുള്ള യാത്ര മഴക്കാലത്ത് അല്പം സാഹസികമാണെങ്കിലും അവിടുത്തെ കാഴ്ചകള്‍ ആ സാഹസികതയ്ക്ക് മാറ്റ് കൂട്ടുക തന്നെ ചെയ്യും.
4. എറണാകുളം
കപ്രിക്കാട്
എറണാകുളത്തുകാര്‍ക്ക് മാളും മെട്രോയുമൊക്കെ വിട്ട് പ്രകൃതിയുടെ സൗന്ദര്യത്തിലേക്ക് ഒന്ന് ഊളിയിടാന്‍ പറ്റിയ സ്ഥലമാണ് കപ്രിക്കാട്. ഇവിടെ ഇടര്‍തൂന്ന് വളര്‍ന്നു നില്‍ക്കുന്ന മുളങ്കാടുകള്‍ക്കിടയില്‍ നിന്ന് മഴകൊള്ളാം. മാന്‍ പാര്‍ക്കും ഏറുമാടങ്ങളും ആന ക്യാമ്പുമാണ് മറ്റ് ആകര്‍ഷണങ്ങള്‍.
5. പത്തനംതിട്ട
പെരുന്തേനരുവി
പത്തനംതിട്ടയിലെ തിരക്കൊഴിഞ്ഞ വിനോദസഞ്ചാര കേന്ദ്രമാണ് പെരുന്തേനരുവി. പശ്ചിമഘട്ടത്തില്‍ നിന്നും ഒഴുകിയെത്തി 100 അടി താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടമാണ് ഇവിടുള്ളത്. വെള്ളച്ചാട്ടവും മഴയും അലിഞ്ഞു ചേരുന്ന ദൃശ്യം കാണാം.
6. കാസര്‍കോട്
വലിയപറമ്പ
കേരളത്തിലെ ഏറ്റവും മനോഹരമായ കായലുകളിലൊന്നാണ് കാസര്‍കോട് ജില്ലയിലെ വലിയപറമ്പ. ഫിഷിങ് ഗ്രാമം എന്ന നിലയില്‍ ഈ സ്ഥലം പ്രസിദ്ധമാണ്. കെട്ടുവള്ളത്തിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ മുഖ്യ ആകര്‍ഷണം.
റാണിപുരം
മഴയത്ത് പുല്‍മേടും കാടും കടന്നുള്ള ട്രക്കിങ്. അതാണ് റാണിപുരത്തിന്റെ പ്രത്യേകത. സമുദ്ര നിരപ്പില്‍ നിന്നും 780 മീറ്റര്‍ ഉയരത്തിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. മഴക്കാടുകള്‍ക്കിടയിലൂടെ നടന്നുള്ള യാത്ര.ടിക്കേരിയോടും തലക്കാവേരിയോടും ചേര്‍ന്നു സ്ഥിതി ചെയ്യുന്ന റാണിപുരം മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കും. ഇവിടെ നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. പനത്തടിയില്‍ നിന്നും ജീപ്പുവഴി റാണിപുരത്തേക്ക് പോവുന്നതാണ് എളുപ്പ മാര്‍ഗ്ഗം.
7. കണ്ണൂര്‍
പാലക്കയംതട്ട്
കണ്ണൂരിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് പാലക്കയം തട്ട്. അറബിക്കടല്‍ മുതല്‍ മലയടിവാരം വരെ ഒരു പനോരമ ദൃശ്യം പോലെ ഇവിടെനിന്നു കാണാം. പച്ചപ്പിന്റെ കൂടാരത്തിലേക്ക് കയറിച്ചെന്ന് മറ്റൊരു ലോകത്തെ കാഴ്ചകള്‍ കാണുന്നത് പോലെ തോന്നും പാലക്കയം തട്ടിന് മുകളിലെത്തിയാല്‍. മലമുകളില്‍ നിന്ന് നോക്കിയാല്‍ കുടക്, കണ്ണൂര്‍ വിമാനത്താവളം, പറശ്ശിനിക്കടവ് ക്ഷേത്രം, വളപട്ടണം പുഴ എന്നിവ വ്യക്തമായി കാണാം. കണ്ണൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ടമലയോരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പാലക്കയംതട്ട്. തളിപ്പറമ്പ് കഴിഞ്ഞു കുടിയാന്‍മല ബസ്സില്‍ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാല്‍ അവിടെ നിന്നും മലയിലേക്ക് ജീപ്പ് സര്‍വീസ് ഉണ്ട്. സ്വന്തം വാഹനങ്ങളില്‍ വരുന്നവര്‍ക്ക് മലയുടെ ഒന്നര കിലോമീറ്റര്‍ താഴെ കോട്ടയംതട്ടുവരെ എത്താം. തളിപ്പറമ്പ് കരുവഞ്ചാല്‍വെള്ളാട് വഴി വന്നാല്‍ തുരുമ്പിയില്‍ നിന്നും പാലക്കയംതട്ടിലേക്ക് ടാക്‌സി ജീപ്പ് സര്‍വീസുണ്ട്. മലയോര ഹൈവേ വഴിയും ഇവിടേക്ക് എത്തിച്ചേരാം.
പൈതല്‍മല
സമുദ്രനിരപ്പില്‍ നിന്ന് 4500 അടി മുകളില്‍ സ്ഥിതി ചെയ്യുന്ന പൈതല്‍മല ഒരു സൂപ്പര്‍ മഴക്കാല ഡെസ്റ്റിനേഷന്‍ ആണ്. കാട്ടിലെ കോടമഞ്ഞും മഴയും കഥകള്‍ പറയുന്നൊരിടം. മലയുടെ അടിവാരത്തുനിന്നും ആറുകിലോമീറ്ററിലധികം ട്രക്കിങ് നടത്തിയാല്‍ പൈതല്‍മലയുടെ ശിരസ്സില്‍ തൊടാം.ഇവിടെ വരുന്നവര്‍ അട്ടകളെ പ്രതിരോധിക്കുന്നതിനുള്ള കാര്യങ്ങള്‍ സജ്ജീകരിക്കാന്‍ ഓര്‍ക്കുമല്ലോ? കണ്ണൂരില്‍ നിന്നും ഏകദേശം 60 കിലോമീറ്ററോളം ദൂരമുണ്ട് കര്‍ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പൈതല്‍മലയിലേക്ക്.
8.വയനാട്
എലിമ്പിലേരി
വയനാട്ടിലെ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളിലൊന്നായി ഉയര്‍ന്നു വരുന്ന സ്ഥലമാണ് എലിമ്പിലേരി. കാടുമൂടി ക്കിടക്കുന്ന വഴിയിലൂടെ ഒരു സാഹസിക ഓഫ് റോഡ് ട്രിപ്പ് ആസ്വദിക്കുന്നവരാണെങ്കില്‍ ഇവിടേക്ക് പോകാം. വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ നിന്നും മേ
പ്പാടി വഴി ഇവിടെ എത്തിച്ചേരാം.
9. ഇടുക്കി
കാറ്റാടിക്കടവ്
ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കാറ്റാടിക്കടവ്. കുന്നുകളും കോടമഞ്ഞും പുല്‍മേടും ചേര്‍ന്ന ഈ പ്രദേശം മഴയാത്രയ്ക്ക് പറ്റിയ പ്രദേശമാണ്. ചെങ്കുത്തായ മല കയറിവേണം മുകളിലെത്താന്‍. മലയുടെ മുകളിലേക്ക് എത്തുംതോറും കോടമഞ്ഞിന്റെയും തണുപ്പിന്റെയും കട്ടികൂടി വരും. ഒപ്പം മഴകൂടിയായി യാത്രയുടെ ലെവലൊന്നു മാറും. ഇവിടെ രണ്ട് മലകളാണുള്ളത്.
കാന്തല്ലൂര്‍
കേരളത്തിന്റെ കശ്മീര്‍ എന്ന് അറിപ്പെടുന്ന കാന്തല്ലൂരിലേക്ക് പോകാം. കരിമ്പ്, കാരറ്റ്, ബീറ്റ്‌റൂട്ട്, സ്‌ട്രോബറി, ഓറഞ്ച്, ആപ്പിള്‍ തുടങ്ങിയവ വിളയുന്ന തോട്ടങ്ങള്‍ കൊണ്ട് നിറഞ്ഞ ഒരു മലയോര ഗ്രാമമാണ് കാന്തല്ലൂര്‍. മഴയില്‍ തോട്ടങ്ങളില്‍ നിന്ന് നേരിട്ട് പഴങ്ങള്‍ പറിച്ചെടുത്ത് കഴിക്കുന്നത് ഒന്നാലോചിച്ചു നോക്കു. മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ട റോഡില്‍ ഏകദേശം 50 കിലോമീറ്റര്‍ മാറിയാണ് കാന്തല്ലൂര്‍ സ്ഥിതി ചെയ്യുന്നത്. മൂന്നാറിലെ അതേ കാലാവസ്ഥ തന്നെയാണ് കാന്തല്ലൂരും.
കരിയാട്
ആകാശത്തിലേക്ക് ലയിച്ചുചേര്‍ന്നു കിടന്ന വലിയ മലനിരകള്‍. അതിനു മാറ്റു കൂട്ടുന്ന വെളുത്ത മേഘങ്ങള്‍. വെള്ളച്ചാട്ടങ്ങള്‍. ഈ കാഴ്ചകള്‍ സമ്മാനിക്കുന്ന കരിയാട് മലനിരകള്‍ ഇടുക്കി ജില്ലയിലെ വാഗമണിനടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ മഴയുടെ സൗന്ദര്യം നുകരാന്‍ ഓഫ്‌റോഡ് ജീപ്പ് സഫാരി ആരംഭിച്ചിട്ടുണ്ട്. വാഗമണില്‍നിന്ന് ഈരാറ്റുപേട്ട റോഡില്‍ നാലു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാല്‍ കരിയാട് ടോപ്പില്‍ എത്താം. തിരുവനന്തപുരം ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോട്ടയം ഈരാറ്റുപേട്ട വഴിയും കൊച്ചിയില്‍നിന്ന് വരുന്നവര്‍ക്ക് തൊടുപുഴ കാഞ്ഞാര്‍ വഴിയും കരിയാട് ടോപ്പിലെത്താം.
10.കോഴിക്കോട്
കക്കാടംപൊയില്‍
ഒരു ചെറുമഴയില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സ്ഥലമാണ് കോഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കക്കാടംപൊയില്‍. ഇവിടെയുള്ള കോഴിപ്പാറ വെള്ളച്ചാട്ടം പ്രശസ്തമാണ്. നിലമ്പൂരില്‍ നിന്നും അകമ്പാടം വഴി മൂലേപ്പാടം പാലം കടന്ന് കക്കാടംപൊയിലില്‍ എത്താം. കോഴിക്കോട് നിന്നും വരുന്നവര്‍ക്ക് മുക്കം കാരമ്മൂല കൂടരഞ്ഞി വഴിയും എത്താം. രണ്ട് വഴിക്കും കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസ് ഉണ്ട്.
11. മലപ്പുറം
കൊടികുത്തിമല
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൊടികുത്തിമല. കൊടികുത്തിമലയെ മലപ്പുറം ജില്ലയുടെ ഊട്ടി എന്നും വിളിക്കാറുണ്ട്. കാലാവസ്ഥ അടിക്കടി മാറിവരുന്ന പ്രദേശം കൂടിയാണിത്. ഇവിടെ നിന്നാല്‍ മലപ്പുറത്തിന്റെയും പെരിന്തല്‍മണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം.
12. കൊല്ലം
അഷ്ടമുടി
തിരുവനന്തപുരത്ത് നിന്ന് 76 കിലോമീറ്റര്‍ വടക്ക്പടിഞ്ഞാറായാണ് അഷ്ടമുടിക്കായല്‍ സ്ഥിതി ചെയ്യുന്നത്. അഷ്ടമുടിക്കായലിന്റെ പ്രധാന ആകര്‍ഷണം ഹൗസ്‌ബോട്ടുകളിലെ യാത്രയാണ്. കിടക്ക ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളോടും കൂടിയ കിടപ്പുമുറികള്‍, അടുക്കള, ബാല്‍ക്കണി, മറ്റ് ഉല്ലാസ സാധ്യതകള്‍ എന്നീ സൗകര്യങ്ങള്‍ അടങ്ങിയ ഹൗസ്‌ബോട്ടുകള്‍ ഉണ്ട്. കൊല്ലം ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഹൗസ്‌ബോട്ട് യാത്രയ്ക്കായി നിരവധി പാക്കേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്.
13. കോട്ടയം
കുമരകം
പക്ഷിസങ്കേതത്തിന് പേരുകേട്ട കുമരകം മണ്‍സൂണ്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. മഴയില്‍ ഹൗസ്‌ബോട്ട് യാത്ര ആസ്വദിക്കാന്‍ പറ്റിയ ഇടമാണ് കുമരകം.
14. പാലക്കാട്
കവ
പാലക്കാട് ജില്ലയില്‍ മലമ്പുഴയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഇടമാണ് കവ. അവിടുത്തെ അസ്തമയ കാഴ്ചകള്‍ പ്രസിദ്ധമാണ്. മണ്‍സൂണ്‍ കാലത്താണ് കവ കാഴ്ചയില്‍ ഏറ്റവും മനോഹരിയായി കാണപ്പെടുന്നത്.
പറമ്പിക്കുളം
വന്യമൃഗങ്ങളെ കണ്ടുകൊണ്ട് ഒരു മഴയാത്ര. അതാണ് പറമ്പിക്കുളം യാത്രയുടെ പ്രത്യേകത. പാലക്കാട് ജില്ലയിലാണ് പറമ്പിക്കുളമെങ്കിലും തമിഴ്‌നാട്ടിലെ ആനമലയിലൂടെ മാത്രമേ ഇവിടേക്ക് വഴിയുള്ളൂ. വന്യമൃഗങ്ങളെ കാണാനായി വനംവകുപ്പ് ജംഗിള്‍ സഫാരി ഒരുക്കിയിട്ടുണ്ട്. ഇളംതണുപ്പുള്ള കാലാവസ്ഥ, ജംഗിള്‍ സഫാരി, ട്രക്കിങ്, ബാംബൂ റാഫ്റ്റിങ് എന്നിവയാണ് ഇവിടുത്തെ ആകര്‍ഷണം. പാലക്കാട്ടുനിന്നും തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍നിന്നും പറമ്പിക്കുളത്തേക്ക് ബസ് സര്‍വീസുണ്ട്. സ്വന്തം വണ്ടിയിലാണെങ്കില്‍ തൃശ്ശൂരില്‍ നിന്ന് നെന്മാറ ആനമല വഴിയും, പാലക്കാടുനിന്ന് പൊള്ളാച്ചിആനമല വഴിയും പറമ്പിക്കുളത്ത് എത്തിച്ചേരാം.
നെല്ലിയാമ്പതി
കാടിറങ്ങിവരുന്ന അനേകം വെള്ളച്ചാട്ടങ്ങളും തടാകങ്ങളുമുള്ള നെല്ലിയാമ്പതി. മഴ തകര്‍ത്തുപെയ്യുമ്പോള്‍ താഴെ പോത്തുണ്ടി ഡാം കൂടുതല്‍ സുന്ദരിയാകുന്നു. അവിടെനിന്നാണ് നെല്ലിയാമ്പതിയിലേക്കുള്ള മലകയറ്റം തുടങ്ങുന്നത്. സീതാര്‍ഗുണ്ടും കേശവന്‍ പാറയും പാടഗിരിയും പകുതിപ്പാലവുമൊക്കെ നെല്ലിയാമ്പതിയുടെ മറ്റ് ആകര്‍ഷണങ്ങളാണ്.
Content Highlights: monsoon tourist places in kerala