മരിക്കാറാകുമ്പോൾ ഈ പ്രദേശം വിട്ടു പുറത്തുപോകണം; ഇവിടെ പ്രസവവും പാടില്ല

ആർട്ടിക് സമുദ്രത്തിന്റെ നടുവിൽ പരന്നുകിടക്കുന്ന സ്ഥലമാണ് ലോങ്ഇയർബൈൻ. ലോങ്ഇയർ സിറ്റിയെന്നും പേരുണ്ട്. നോർവേയിലെ സ്വാൽബാർഡ് ദ്വീപുസമൂഹത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സർവത്ര മഞ്ഞാണിവിടെ. വർഷം മുഴുവനും മഞ്ഞും തണുപ്പും.
ലോകത്തിലെ തന്നെ ഏറ്റവും തണുപ്പേറിയ സ്ഥലമാണിത്. മിക്കപ്പോഴും മൈനസ് സീറോ ഡിഗ്രിയാണ് ഇവിടുത്തെ തണുപ്പ്. മൈനസ് 46 ഡിഗ്രിയാണ് ലോങ്ബൈനിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും തണുപ്പേറിയ ദിവസം. 7 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില.
വെറും 2500-നുമുകളിൽ ആളുകൾ മാത്രമേ ഇവിടെ താമസിക്കുന്നുള്ളൂ. മഞ്ഞും തണുപ്പും ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയങ്കരമായിരിക്കും ഇവിടം.
നോർത്തേൺ ലൈറ്റ്സ്, ഐസ് കേവ് ടൂർ (മഞ്ഞുമലകളിലൂടെയുള്ള ടൂർ), ഡോഗ് സ്ലെഡ്ജിങ്, കയാക്കിങ്, ഹൈക്കിങ് എന്നിവയൊക്കെയാണ് ഇവിടുത്തെ പ്രത്യേകത.
ഇവിടെ ഏറ്റവും സവിശേഷമായ ഒരു പ്രാദേശികനിയമമുണ്ട്. അതാണെങ്കിൽ ഏറെ വിചിത്രവും. ജനിക്കാനും മരിക്കാനും അനുവാദമില്ലാത്ത പ്രദേശം കൂടിയാണ് ലോങ്ഇയർ സിറ്റി. 1918-ൽ സ്പാനിഷ് ഫ്ളൂ പടർന്ന് ഇവിടെയുള്ള പതിനൊന്ന് പേർ മരിച്ചു. അന്നാണ് ലോങ്ഇയർ സിറ്റിയിൽ ഒരു ശ്മശാനം സ്ഥാപിക്കപ്പെടുന്നത്. രണ്ട് വർഷത്തിന് ശേഷം, കൽക്കരിഖനിയിലുണ്ടായ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു. അവരുടെ മൃതദേഹങ്ങൾ അടക്കിയതും സെമിത്തേരിയിൽ തന്നെ.
വർഷങ്ങൾക്കുശേഷം ആ മൃതദേഹങ്ങളിലേറെയും ഭൂമിയുടെ ഉപരിതലത്തിലേക്ക് ഉയർന്നുവന്നു. മഞ്ഞ് ഉരുകുമ്പോൾ സംഭവിച്ചതാകാം. പക്ഷേ, അപ്പോഴാണ് ഭയപ്പെടുത്തുന്ന മറ്റൊരു വസ്തുത കൂടി അറിയുന്നത്.
ലോങ്ഇയർബൈനിൽ പെർമാഫ്രോസ്റ്റാണ് (permafrost). അതായത് ഇവിടെ വർഷം മുഴുവനും മഞ്ഞും കഠിനമായ തണുപ്പുമാണ്. അതുകൊണ്ട് ഈ പ്രദേശത്ത് അടക്കംചെയ്യുന്ന മൃതദേഹങ്ങളൊന്നും അഴുകിപ്പോവില്ല. 'മമ്മി' പോലെ എത്ര കാലം വേണമെങ്കിലും, അതുപോലെ തന്നെ നിലനിൽക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള വൈറസുകളും ബാക്ടീരിയകളും പോലും നശിക്കാതെ നിൽക്കുന്നുണ്ടെന്നും കണ്ടെത്തി. അതായത് സെമിത്തേരിയിൽ ഒരാളെ കുഴിച്ചിട്ടാലും, അയാളുടെ രോഗവും രോഗകാരണമായി എന്തെങ്കിലും ബാക്ടീരിയകളോ വൈറസുകളോ ഉണ്ടെങ്കിൽ അതും സംരക്ഷിക്കപ്പെടും.
അതുകൊണ്ടാണ് ഇവിടെവെച്ച് മരിക്കാൻ പാടില്ലെന്ന് പറയുന്നത്. അഥവാ മരിച്ചാൽ ദൂരെയുള്ള നോർവേയിലേക്ക് കൊണ്ടുപോകും. 1950-ലാണ് ഇവിടെ മരണം നിരോധിക്കപ്പെടുന്നത്. ഇവിടെയുള്ള സെമിത്തേരിയും അടച്ചുപൂട്ടിക്കഴിഞ്ഞു.
മാത്രമല്ല, പ്രദേശത്ത് അത്യാധുനികസൗകര്യങ്ങളുള്ള ആസ്പത്രികളൊന്നും നിലവിലില്ല. അതുകൊണ്ട് ഗർഭിണികൾ പ്രസവത്തീയതിക്ക് ദിവസങ്ങൾക്കു മുമ്പേ മെഡിക്കൽസൗകര്യങ്ങളുള്ള മറ്റു സ്ഥലങ്ങളിലേക്ക് മാറും.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Longyearbyen is the world's northernmost settlement located in Svalbard, Norway. The city enforces a strict ban on death due to the permafrost preventing decomposition.