ലോകത്തിലെ ഏറ്റവും ദെെർഘ്യമേറിയ ഫ്ളെെറ്റ് യാത്ര; ഇരുപത് മണിക്കൂർ നീളുന്ന യാത്രയ്ക്കൊപ്പം രണ്ട് സൂര്യോദയവും

വിമാനയാത്രകൾ എളുപ്പം തീർന്നുപോകുന്നത് ചിലരെയെങ്കിലും നിരാശപ്പെടുത്താറുണ്ട്. ഇരുന്നൊന്ന് നടുനിവർത്തുമ്പോഴേക്കും ലക്ഷ്യസ്ഥാനത്തെത്തും, യാത്ര ശരിക്കുമൊന്ന് ആസ്വദിക്കാനുമാവില്ലെന്നാവും അവരുടെ പരാതി. ദീർഘദൂരവിമാനയാത്രകൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഒരു സുവർണ്ണാവസരമുണ്ട്. നോൺ- സ്റ്റോപ്പ് വിമാനയാത്ര നടത്താനും പത്തൊമ്പത് മണിക്കൂർ വിമാനത്തിൽ ചെലവഴിച്ച് ആകാശക്കാഴ്ചകൾ വേണ്ടുവോളം ആസ്വദിക്കാനും ചെെനീസ് വിമാനക്കമ്പനിയായ സിയാമെൻ എയർ ആണ് അവസരമൊരുക്കുന്നുണ്ട്. ആകാശത്തിലൂടെ മാരത്തോൺ നടത്തുന്ന ഈ നോൺ-സ്റ്റോപ്പ് ഫ്ളെെറ്റിൽ നിങ്ങൾക്കൊരു ഹാരിപോട്ടർ സീരീസ് തന്നെ കണ്ടുതീർക്കാം.
ന്യൂയോർക്ക് (JFK) മുതൽ ഫുഷോ (FOC) വരെയുള്ള തങ്ങളുടെ പുതിയ റൂട്ടിലാണ് 'ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്ര സിയാമെൻ സാധ്യമാക്കിയിരിക്കുന്നത്. ഒരൊറ്റ സ്റ്റോപ്പ് പോലുമില്ലാതെ യാത്രക്കാരെ ലോകത്തിന്റെ പകുതിയോളം ദൂരം (ഏകദേശം 12,505 കിലോമീറ്റർ) പറത്തിക്കൊണ്ടുപോകുന്ന ആകാശ മാരത്തോൺ കൂടിയാണിത്.
സിയാമെൻ എയർ, 2017-നും 2020-നും ഇടയിൽ ഈ റൂട്ടിലൂടെ സർവീസ് നടത്തിയിരുന്നു. 2024-ൽ പുതുക്കിയ ദീർഘദൂര വിമാനങ്ങളുമായി സംയോജിപ്പിച്ച്, ദെെർഘ്യമേറിയതും മനോഹരവുമായ മറ്റൊരു മാർഗം കണ്ടെത്തുകയും യാത്രസമയം പത്തൊമ്പത് മണിക്കൂറും ഇരുപത് മിനിറ്റുമായി വർധിപ്പിക്കുകയും ചെയ്തു.
ഇത്രയും ദെെർഘ്യമേറിയ യാത്രകൾ ആളുകൾ ഒഴിവാക്കാൻ സാധ്യതയുണ്ടെന്ന ചിന്ത വേണ്ട. റിപ്പോട്ടുകൾ പ്രകാരം, ദീർഘദൂര വിമാനയാത്രകൾക്ക് ഇപ്പോൾ വലിയ പ്രചാരമാണുള്ളത്. മിക്ക യാത്രക്കാരും നേരിട്ടുള്ള വിമാനയാത്രകൾ തിരഞ്ഞെടുക്കാനും, എയർപോർട്ടിലെ ക്യൂ, കണക്ഷൻ ഫ്ലൈറ്റ് നഷ്ടപ്പെടുമോ എന്ന ഭയം എന്നിവ ഒഴിവാക്കാനുമായി ഇത്തരം ദീർഘദൂര വിമാനയാത്രകളോട് താത്പര്യം കാണിക്കുന്നുണ്ട്.
വരാനിരിക്കുന്ന ആകാശയാത്രകൾ
2027-ൽ, ഓസ്‌ട്രേലിയയിലെ പ്രമുഖ വിമാനക്കമ്പനിയായ ക്വാണ്ടസ് എയർവേയ്‌സിന്റെ നേതൃത്വത്തിൽ 20 മണിക്കൂർ നോൺ-സ്റ്റോപ്പ് വിമാനയാത്ര ആരംഭിക്കാൻ പോകുകയാണ്. ‘പ്രോജക്റ്റ് സൺറൈസ്' എന്ന പേരിൽ സിഡ്നി മുതൽ ലണ്ടൻ വരെ 17,015 കിലോമീറ്റർ ദൂരമാണ് യാത്ര, ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനയാത്രാ സർവീസായി മാറുമിത്. പേര് പോലെ തന്നെ, ഈ യാത്രയിൽ സഞ്ചാരികൾക്ക് രണ്ട് സൂര്യോദയങ്ങൾക്ക് സാക്ഷ്യം വഹിക്കാന്‍ സാധിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the world`s longest non-stop flights, including Xiamen Air`s JFK to Fuzhou route and other marathon journeys.