ഒറ്റ രാത്രികൊണ്ട് 800 പേർ അപ്രത്യക്ഷരായി! ശാപത്തിന്റെ നിഴലിലുള്ള 'പ്രേതഗ്രാമം'

ഗ്രാമത്തിലെ കെട്ടിടാവശിഷ്ടങ്ങൾ | Wikipedia
ഗ്രാമത്തിലെ കെട്ടിടാവശിഷ്ടങ്ങൾ | Wikipedia

രാജസ്ഥാനിലെ മരുഭൂമിക്ക് നടുവിൽ, ചരിത്രവും ഭയപ്പെടുത്തുന്ന കഥകളുമുള്ള ഒരു നിഗൂഢ ഗ്രാമമുണ്ട്, കുൽധാര (Kuldhara). ജയ്‌സാൽമീറിൽ നിന്ന് 18 കിലോമീറ്റർ അകലെയുള്ള ഈ പഴയ ഗ്രാമം പ്രേതഗ്രാമമായാണ് അറിയപ്പെടുന്നത്. സമീപകാലത്ത് ഇൻഫ്ലുവൻസറായ ഡിയാന, കുൽധാര സന്ദർശിച്ച് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് മരുഭൂമിയിലെ ഈ ഗ്രാമം വീണ്ടും വാർത്തകളിൽ നിറയുന്നത്.

സമ്പന്നമായിരുന്ന ഗ്രാമം
രാജസ്ഥാൻ ടൂറിസത്തിന്റെ കണക്കുകൾ പ്രകാരം എ.ഡി. 1291-ൽ പാലിവാൾ ബ്രാഹ്മണരാണ് കുൽധാരയുടെ സ്ഥാപകർ. വരണ്ട ഥാർ മരുഭൂമിയിലായാണ് സ്ഥിതി ചെയ്തിരുന്നതെങ്കിലും, മികച്ച ജലസേചന സാങ്കേതികവിദ്യയും കൃഷിരീതികളും വഴി പാലിവാൾ സമുദായം ഈ പ്രദേശത്തെ ഒരു സമ്പന്നകേന്ദ്രമാക്കി മാറ്റി. ജയ്‌സാൽമീറിന് ചുറ്റുമുള്ള 84 ഗ്രാമങ്ങളുടെ ശൃംഖലയിലെ പ്രധാനഗ്രാമമായിരുന്നു ഇത്.

ജനസംഖ്യ
ഇവിടുത്തെ ജനസംഖ്യയെക്കുറിച്ച് കൊളോണിയൽ ചരിത്രരേഖകളിൽ പറയുന്നുണ്ട്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ലെഫ്റ്റനന്റ് കേണൽ ജെയിംസ് ടോഡിന്റെ പുസ്തകം പ്രകാരം, കുൽധാരയിൽ 400 മുതൽ 600 വരെ വീടുകളും 1,500-ഓളം നിവാസികളും ഉണ്ടായിരുന്നു. ജയ്‌സാൽമീർ രേഖകൾ പ്രകാരം 1815-ഓടെ ഗ്രാമത്തിലെ ജനസംഖ്യ 800 ആയി കുറഞ്ഞു. ഇത് അവിടത്തെ ജനങ്ങളുടെ കുടിയേറ്റത്തെ സൂചിപ്പിക്കുന്നതാണ്.

ശാപത്തിന്റെ കഥ
കുൽധാരയെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ കഥ ജയ്‌സാൽമീറിലെ (Jaisalmer, Rajasthan) മന്ത്രിയായിരുന്ന സലിം സിങ്ങുമായി ബന്ധപ്പെട്ടതാണ്. ഗ്രാമത്തലവന്റെ മകളെ വിവാഹം കഴിക്കാൻ സലിം ആഗ്രഹിച്ചു. ഗ്രാമീണർ ഇതിനെ എതിർത്തപ്പോൾ, കനത്ത നികുതിയും പ്രത്യാഘാതങ്ങളും നേരിടേണ്ടി വരുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തി. മന്ത്രിയുടെ അടിച്ചമർത്തലിന് വഴങ്ങുന്നതിന് പകരം, കുൽധാരയിലെയും സമീപഗ്രാമങ്ങളിലെയും ജനങ്ങൾ ഒരൊറ്റ രാത്രികൊണ്ട് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നത്രെ. ഗ്രാമം ഉപേക്ഷിച്ചു പോകുമ്പോൾ "ഇവിടെ ഇനി ആർക്കും ജീവിക്കാൻ സാധിക്കില്ല" എന്ന് അവർ ശപിച്ചുവെന്നാണ് കഥ.

 
 
 
 
 
 
 
 
 
 
 
 
 
 
 

കഥകൾ പലതും പ്രചാരത്തിലുണ്ടെങ്കിലും, ഗ്രാമം വിജനമായതിന് പിന്നിൽ മറ്റ് പ്രായോഗിക കാരണങ്ങളുണ്ടെന്നാണ് ചരിത്രകാരന്മാരുടെ വിലയിരുത്തൽ. വ്യാപാരപാതകളിൽ വന്ന മാറ്റങ്ങളും കനത്ത നികുതി ചുമത്തലും, മരുഭൂമിയിലെ കുടിവെള്ള സ്രോതസ്സുകൾ വറ്റിവരണ്ടതുമെല്ലാമാണത്രേ കാരണങ്ങൾ. ഇവിടെ പ്രേതബാധയുണ്ടെന്നും (Paranormal Activity) പറയപ്പെടുന്നു.

ഇന്നത്തെ കുൽധാര
ഇന്ന് പുരാവസ്തു വകുപ്പിന്റെ (ASI) കീഴിലുള്ള സംരക്ഷിതകേന്ദ്രമാണിവിടം. തകർന്നുവീണ കെട്ടിടങ്ങളും, ഇടുങ്ങിയ വഴികളും, പഴയ ക്ഷേത്രങ്ങളും ഇന്നും സഞ്ചാരികളെ ആകർഷിക്കുന്നു. രാജസ്ഥാന്റെ സമ്പന്നമായ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന നിഗൂഢമായ ഒരു സ്മാരകമായി കുൽധാര ഇന്നും നിലകൊള്ളുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kuldhara is an abandoned ghost village located 18 km from Jaisalmer, Rajasthan., Founded in 1291 by Paliwal Brahmins, it was once a prosperous and well-irrigated settlement., Legend says 800 residents vanished overnight in 1815 to escape a tyrant minister's curse., Historians attribute the abandonment to water scarcity, heavy taxation, and changing trade routes., Currently managed by the Archaeological Survey of India (ASI) as a protected tourist site.