കുമാര്‍തുളിയിലെ ശില്പികളുടെ കൈകളിലൂടെയാണ് കൊല്‍ക്കത്തയിലെ ഓരോ ദേവീശില്പവും പിറവിയെടുക്കുക

ഇന്ത്യയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് അതിപ്രശസ്തമായ സ്ഥലങ്ങളുടെ പേരെടുത്താല്‍ അതില്‍ തീര്‍ച്ചയായും കൊല്‍ക്കത്ത മുന്നില്‍ തന്നെ ഇടംപിടിക്കും. ഈ സമയത്ത് കൊല്‍ക്കത്തയുടെ നിറവും മണവുമെല്ലാം മറ്റൊന്നാണ്. ഒരു നഗരം മുഴുവന്‍ പന്തലുകളും തോരണങ്ങളും കെട്ടി, അണിഞ്ഞൊരുങ്ങും. അവരുടെ 'ദുര്‍ഗാ മാ'യെ വരവേല്‍ക്കാന്‍. പന്തലുകളില്‍ വിടര്‍ന്ന കണ്ണുകളുള്ള അതിസുന്ദരിയായ ദുര്‍ഗാദേവി പല ഭാവങ്ങളില്‍ ഇരിക്കുന്നത് കാണുന്നതുതന്നെ ഒരനുഭവമാണ്!
സപ്തമി മുതല്‍ ദശമി വരെ നഗരത്തിലെ പല പന്തലുകള്‍ ചുറ്റിക്കറങ്ങിക്കാണുന്നത് ബംഗാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദമാണ്. ഗരിയഹട്ട്, കാളിഘട്ട്, കോളേജ് സ്‌ക്വയര്‍ തുടങ്ങി നഗരമധ്യത്തിലെ പ്രധാന സ്ഥലങ്ങളിലെ പന്തലുകളെല്ലാം കാഴ്ചക്കാരെക്കൊണ്ട് നിറയും. ഇതേ സമയം കൊല്‍ക്കത്തയിലെ പുരാതനമായ ചില ജന്മികുടുംബങ്ങള്‍ അഥവാ 'രാജ്ബാരികള്‍' നടത്തുന്ന ദുര്‍ഗാപൂജയും അതിപ്രശസ്തമാണ്. രബീന്ദ്രനാഥ ടഗോറിന്റെ (ബംഗാളികള്‍ക്ക് ഠാക്കുര്‍ ആണ്. ആംഗലേയവല്‍ക്കരിച്ച ടഗോര്‍ എന്ന പേര് കേള്‍ക്കുന്നത് തന്നെ അവര്‍ക്ക് അരിശമാണ്.) കുടുംബവീടായ ജൊരശങ്കോ ഠാക്കുര്‍ബാരി, ദക്ഷിണേശ്വര്‍ ക്ഷേത്രം സ്ഥാപിച്ച റാണി രഷ്മണിയുടെ ഭവനമായ രഷ്മണിബാരി, രാജ നബകൃഷ്ണദേബിന്റെ ശോഭാബസാര്‍ രാജ്ബാരി... അങ്ങനെ കൊല്‍ക്കത്തയിലെ പഴയകാല സമീന്ദാര്‍ കുടുംബങ്ങളെല്ലാം തങ്ങളുടെ വാതായനങ്ങള്‍ ദുര്‍ഗപൂജ ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും, ദേവിയെ കാണാനും അനുഗ്രഹം വാങ്ങാനും. ശേഷം കാട്ടി റോളുകളും മട്ടണ്‍ ബിരിയാണിയുമൊക്കെ കഴിച്ച് സന്തോഷായിട്ട് സ്വഗൃഹങ്ങളിലേക്ക് മടക്കം!
Content Highlights: Experience the vibrant spirit of Durga Puja in Kolkata. Discover ancient traditions, exquisite idol craftsmanship in Kumartuli, and the unique `Punyomatti` ritual.