ഒറ്റയ്ക്കുള്ള യാത്രകൾക്ക് മനസ്സിന് ശക്തി പകരാന്‍ കഴിവുണ്ട്; സ്വയം മാറുകയും ചെയ്യാം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവര്‍ വിരളമാണ്. പുതിയ കാഴ്ചകള്‍ കാണാന്‍, അപരിചിതമായ ചുറ്റുപാടുകള്‍ മനസ്സിലാക്കാന്‍ എല്ലാം യാത്രകള്‍ നമ്മളെ സഹായിക്കുന്നു. കൂട്ടമായ യാത്രകള്‍ പോലെ ഏറെ ജനപ്രിയമാണ് ഏകാന്തമായ യാത്രകളും. സോളോ ട്രാവലര്‍മാരായ സ്ത്രീകളുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരുന്നതായി ഗവേഷണങ്ങള്‍ പറയുന്നു. 

ഏകാന്തയാത്രകളില്‍ മടുപ്പുതോന്നുമെന്ന് കരുതുന്നവരാണ് ഒരു വിഭാഗം. എന്നാല്‍ പുതിയ കൂട്ടുകാരെ കണ്ടെത്താനും സ്വയം കരുത്ത് കണ്ടെത്താനുമുള്ള വലിയ മാര്‍ഗ്ഗമാണിത്. ഒറ്റയ്ക്ക് യാത്രചെയ്യുമ്പോള്‍ എല്ലാം സ്വയം പ്ലാന്‍ ചെയ്യണമെന്നതിനാല്‍ ബോര്‍ അടിക്കാന്‍ സമയം കിട്ടില്ലെന്ന് ചുരുക്കം!

ഒരു സ്ത്രീയെന്ന നിലയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സ്വയം ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്നാണ്. അതിശയകരമായ രീതിയില്‍ ജീവിതാനുനുഭവങ്ങള്‍ ഉറപ്പ് നല്‍കാന്‍ ഇത്തരം യാത്രകള്‍ക്ക് കഴിയും. ആത്മവിശ്വാസം വളര്‍ത്താനും അവനവനെത്തന്നെ തിരിച്ചറിയാനും ഈ യാത്രകള്‍ സഹായിക്കും. ഏതു സാഹചര്യത്തിലും സുരക്ഷ ഉറപ്പുവരുത്തിക്കൊണ്ടുവേണം യാത്രകള്‍ ചെയ്യാന്‍. 

സോളോ ട്രിപ്പോ, അയ്യോ!

പലരും സോളോ ട്രിപ്പിന് പോവുന്നു എന്നു പറയുമ്പോള്‍ വീട്ടുകാരും കൂട്ടുകാരും ഒരുപോലെ അമ്പരക്കാറുണ്ട്. കാലമേറെ മാറിയെങ്കിലും ഇതിന് കുറവൊന്നും വന്നിട്ടില്ല. ഏകാന്തയാത്രകള്‍ സുരക്ഷിതമല്ല എന്ന ചിന്തയാണ് ഈ അയ്യോ വിളിയ്ക്ക് പുറകില്‍. എന്നാല്‍, ഒറ്റയ്ക്കുള്ള യാത്രയ്ക്ക് നമ്മളെ എന്നെന്നേക്കുമായി മാറ്റാനുള്ള, മനസ്സിന് ശക്തി പകരാനുള്ള കഴിവുണ്ട് എന്നോര്‍ക്കണം. 

അറിയാത്ത സംഘത്തിനൊപ്പമൊരു യാത്ര

കുടുംബത്തിനും കൂട്ടുകാര്‍ക്കുമൊപ്പം സ്ഥിരം യാത്ര ചെയ്യുന്ന പലര്‍ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വലിയ ആഗ്രഹമുണ്ടെങ്കിലും പേടിയാണ്. ഒറ്റയ്ക്കുള്ള യാത്ര ആദ്യംതന്നെ പേടിപ്പിക്കുന്നുണ്ടെങ്കില്‍ ആദ്യം സംഘത്തിനൊപ്പം യാത്ര ചെയ്യാവുന്നതാണ്. കേരളത്തിനകത്തും പുറത്തും ഒട്ടേറെ വനിതാ യാത്രാ സംഘങ്ങള്‍ ഇന്നുണ്ട്. തികച്ചും അപരിചിതരുമായുള്ള ഇത്തരം യാത്രകള്‍ സോളോ ട്രിപ്പിന് മുമ്പ് ഉപകാരപ്പെടും. 
70% അമേരിക്കന്‍ സ്ത്രീകളും തനിച്ച് യാത്ര ചെയ്യുന്നവരാണ്. കൂടാതെ 'സോളോ വുമണ്‍ ട്രാവല്‍' എന്ന് ഗൂഗിളില്‍ തിരയുന്നവരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരികയും ചെയ്യുന്നു. കോവിഡിനുശേഷം ഗൂഗിളില്‍ ഇതിന് 230% വര്‍ധനവാണുണ്ടായിരിക്കുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരില്‍ 80% വരെ ഇപ്പോള്‍ സ്ത്രീകളാണെന്നാണ് കണക്കുകള്‍ പറയുന്നു. പഴയതിനെ അപേക്ഷിച്ച് സമീപ വര്‍ഷങ്ങളില്‍ മൂന്നിരട്ടിയിലധികം സ്ത്രീ യാത്രികരുടെ വര്‍ധനവുണ്ടായിട്ടുണ്ട്. 

സ്ത്രീക്ക് എന്തുകൊണ്ട് ഏകാന്തയാത്രകള്‍?

ഒരു സ്ത്രീ എന്ന നിലയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് എന്തുകൊണ്ട് പ്രയോജനകരമണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നത് ഇത്രയധികം സ്ത്രീകളെ ആകര്‍ഷിക്കുന്നത് എന്തുകൊണ്ടായിരിക്കാം? 2021-ലെ ട്രാവലര്‍ സര്‍വേ അനുസരിച്ച്, ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതിന് മൂന്ന് പ്രധാന കാരണങ്ങളാണ് ആളുകള്‍ നല്‍കിയത്. 

1. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ചേര്‍ന്ന് പല യാത്രകള്‍ക്കും പലപ്പോഴും നമ്മള്‍ പദ്ധതിയിടും. എന്നാല്‍ ഒരാള്‍ക്ക് സമയമുള്ളപ്പോള്‍ മറ്റാളുടെ സമയം ശരിയാവില്ല. ചര്‍ച്ചകള്‍ മാത്രമായി അതു നീളും. അത്തരം സന്ദര്‍ഭങ്ങളില്‍ ബാഗുമെടുത്ത് തനിക്ക് ഇഷ്ടമുള്ളിടത്തേക്ക് ഒരു യാത്രപോണം. അല്ലാതെ എല്ലാവരും ഒത്തുവന്നിട്ട് യാത്രചെയ്യാം എന്ന് കരുതിയിരുന്നാല്‍ പ്ലാനിങ് മാത്രമേ ഉണ്ടാവൂ; പ്രാവര്‍ത്തികമാകില്ല. 

2. എല്ലാ ദിവസവും ഓരോ മിനിറ്റും പ്ലാന്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരാണ് അധികവും. കൂട്ടമായി പോവുമ്പോള്‍ പലപ്പോഴും നമുക്ക് ആഗ്രമുള്ള കാഴ്ചകള്‍ അധികസമയം കാണാനോ നമുക്ക് കൂടുതല്‍ നേരം ഇരിക്കാം എന്ന് തോന്നുന്നിടത്ത് ഇരിക്കാനോ കഴിഞ്ഞെന്ന് വരില്ല. എല്ലാവരുടേയും സൗകര്യം ഇക്കാര്യത്തില്‍ നോക്കേണ്ടിവരും. കൃത്യ സമയത്തിനുള്ളില്‍ കാഴ്ചകള്‍ കണ്ടുതീര്‍ക്കേണ്ടി വരും. ഒരാളുടെ ആഗ്രഹത്തിനും ഇഷ്ടത്തിനുമനുസരിച്ച് യാത്രചെയ്യണമെങ്കില്‍ ഏകാന്ത യാത്രകള്‍ തന്നെയാണ് പോംവഴി. 
ഒറ്റയ്ക്ക് യാത്ര ചെയ്യുക എന്നതിനര്‍ത്ഥം ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ നമുക്ക് ആവശ്യമുള്ളതെല്ലാം ചെയ്യാന്‍ കഴിയുക എന്നതാണ്. 

3. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് സ്വാതന്ത്ര്യം നല്‍കുന്നു. സമയപരിധിയോ മറ്റ് ഇടപെടലുകളോ ഇല്ലാത്ത യാത്ര. സത്യത്തില്‍, ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങുമ്പോള്‍ എന്നത്തേക്കാളും കൂടുതല്‍ കഴിവുള്ളവനും ശക്തനും സ്വതന്ത്രനുമായി മാറാന്‍ ഒരാള്‍ക്ക് കഴിയുന്നു. തീരുമാനങ്ങളെടുക്കാനും അതുവഴി ആത്മവിശ്വാസം വര്‍ധിപ്പിക്കാനും തനിച്ചുള്ള യാത്ര അവിശ്വസനീയമാംവിധം ഉപകരിക്കും. 

യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: 

  • മികച്ച ആസൂത്രണം: നിങ്ങള്‍ ആദ്യമായാണ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതെങ്കില്‍ അതിനുമുമ്പ് പോകുന്ന സ്ഥലത്തെക്കുറിച്ച് നന്നായി മനസ്സിലാക്കി വെക്കണം. പോവുന്ന ദിവസങ്ങളുടെ എണ്ണത്തിനനുസരിച്ച് പോകേണ്ട സ്ഥലങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കണം. ആദ്യമായി പോകുമ്പോള്‍ എത്തേണ്ട സ്ഥലത്തുള്ള താമസ സൗകര്യം ബുക്ക് ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ നേരത്തെ ചെയ്യുന്നതാണ് നല്ലത്. 
  • യാത്രക്കിടയില്‍ ഫോണില്‍ അറിയിപ്പ് നല്‍കുക: ആദ്യമായി യാത്ര പോകുമ്പോള്‍ കുടുംബത്തേയോ കൂട്ടുകാരെയോ എത്തുന്ന ഇടങ്ങളെക്കുറിച്ച് അറിയിക്കുന്നത് നല്ലതാണ്.
  • പൊതുവാഹനങ്ങളില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുക: പരിചിതമല്ലാത്ത ഇടങ്ങളിലോ ഉള്‍പ്രദേശങ്ങളിലോ കൂടുതലും ബസ്, ട്രെയിന്‍ പൊതുവാഹനങ്ങളില്‍ സഞ്ചരിക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും. രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് കഴിയുന്നത്ര ഒഴിവാക്കണം.
  • ആത്മവിശ്വാസത്തോടെ പറ്റില്ല എന്നു പറയാന്‍ കഴിയണം: പുതിയ ആളുകളെ കണ്ടുമുട്ടാനും ജീവിതം പഠിക്കാനും കഴിയുന്ന അനുഭവമാണ് ഓരോ യാത്രയും. എങ്കിലും കാണുകയും കേള്‍ക്കുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും ശരിയാവണമെന്നില്ല. എന്തിനോടെല്ലാം നോ പറയണമെന്നത് നിങ്ങള്‍ തീരുമാനിക്കണം. അതിനുള്ള ആത്മവിശ്വാസം ആദ്യം നേടണം. 

ഇനി എങ്ങനെയാ... യാത്ര പോവുകയല്ലേ!
 

Content Highlights: solo travel, women solo traveler, travelling