ഗുരുവായൂരിലെ വാര്‍പ്പും ചെട്ടിക്കുളങ്ങര ക്ഷേത്രത്തിലെ ആൽവിളക്കും പറയും, മാന്നാറിലെ വെങ്കല കഥകൾ

വെങ്കലശില്പനിർമാണം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ
വെങ്കലശില്പനിർമാണം | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

നാഗാലാന്‍ഡ് സ്പീക്കറുടെ വസതിയിലെ വലിയ ഓട്ടുമണി, ഡല്‍ഹി പ്രഗതി മൈതാനിലെ ക്രാഫ്റ്റ് മ്യൂസിയത്തിലുള്ള 1,200 കിലോയുടെ വാര്‍പ്പ്, ഷിംലാക്ഷേത്രത്തിലെ 3,500 കിലോയുള്ള ഭീമാകാരന്‍ ഓട്ടുമണി... പലനാടുകളിലാണ് എത്തിപ്പെട്ടതെങ്കിലും ഇവയ്‌ക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. എല്ലാം നിര്‍മിക്കപ്പെട്ടത് ഇങ്ങ് കേരളത്തിലാണ്. ആലപ്പുഴ ജില്ലയിലെ മാന്നാര്‍ എന്ന കൊച്ചുഗ്രാമത്തില്‍. വെങ്കലനിര്‍മാണത്തിന്റെ പെരുമ പേറുന്ന ഗ്രാമം. 

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കൂറ്റന്‍ ആല്‍വിളക്കിനും ഗുരുവായൂര്‍ ക്ഷേത്രത്തിലെ രണ്ട് ടണ്‍ ഭാരമുള്ള വാര്‍പ്പിനും പറയാനുള്ളത് മാന്നാറിന്റെ കഥതന്നെ. ഓരോ സൃഷ്ടിയിലും നാടിന്റെ അഭിമാനവും സൂക്ഷ്മതയുടെ സൗന്ദര്യവും നിറയ്ക്കുന്ന കലാകാരന്മാരുടെ കഠിനാധ്വാനത്തിന്റെയും കലോപാസനയുടെയും കഥ. 


പമ്പയാറിനോടും അച്ചന്‍കോവിലാറിനോടും ചേര്‍ന്നുകിടക്കുന്ന ഗ്രാമമാണ് മാന്നാര്‍. തിരുവല്ലയില്‍നിന്ന് മാവേലിക്കരയിലേക്കുള്ള വഴിയെ പോകുമ്പോള്‍ ഇരുവശങ്ങളിലും വലിയ നിലവിളക്കുകളും ഓട്ടുരുളികളും നിരത്തിവെച്ചിരിക്കുന്ന കടകള്‍ കാണാം. ഓട്ടുനിര്‍മാണത്തിന്റെ കലയും കരവിരുതും നേരിട്ടുകാണണമെന്ന ആഗ്രഹമായിരുന്നു ഈ യാത്രയുടെ ഇന്ധനം. മാന്നാര്‍ ബെല്‍ മെറ്റല്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വെങ്കിടാചലത്തെ തേടിയെത്തുമ്പോള്‍ അദ്ദേഹം തന്റെ പണിശാലയിലായിരുന്നു. ''നിങ്ങള്‍ വിചാരിക്കുന്നത്ര എളുപ്പമല്ല. ഒരുപാടുപേരുടെ, ദിവസങ്ങള്‍ നീളുന്ന അധ്വാനമുണ്ട് ഇതിനുപിന്നില്‍,'' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ആലയിലേക്ക് ക്ഷണിച്ചു. 

പണിയെല്ലാം തീര്‍ത്ത ഒരു ഭീമന്‍ ഓട്ടുമണിയാണ് അവിടെ സ്വാഗതംചെയ്തത്. ഒരരികില്‍ കുറെ വാര്‍പ്പുകള്‍ നിരത്തിയിട്ടുണ്ട്. മറ്റൊരിടത്ത് വാര്‍പ്പിന്റെ മണ്‍മാതൃകകള്‍ വെയിലത്ത് ഉണങ്ങാന്‍ വെച്ചിരിക്കുന്നു. ''വെയില്‍ കൃത്യമായി കിട്ടണം. എങ്കിലേ, പണി ശരിക്ക് നടക്കൂ,'' വെങ്കിടാചലം പറഞ്ഞു. ആലയിലുള്ളവരെല്ലാം തിരക്കിട്ട ജോലികളിലാണ്. ഇടതടവില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്നു. പല നിര്‍മാണഘട്ടങ്ങളിലൂടെയാണ് ഓരോ നിലവിളക്കും മണിയും ഉരുളിയും കടന്നുപോവുന്നത്. നിലവിളക്കിന്റെയോ ഉരുളിയുടെയോ ആകൃതിയിലുള്ള കരു (മാതൃക)വുണ്ടാക്കുന്നതുമുതല്‍ വാര്‍ക്കുന്നതുവരെയുള്ള ഘട്ടങ്ങള്‍. കരുവില്‍ എന്തെങ്കിലുമൊരു പിഴവ് വന്നാല്‍, അതുവരെയുള്ള അധ്വാനം മുഴുവന്‍ പാഴായെന്നര്‍ഥം.

വ്യത്യസ്ത വലുപ്പത്തിലുള്ള മണ്ണില്‍ തീര്‍ത്ത മൂന്ന് മണികള്‍വെച്ച് അതിന്റെ പുറംഭാഗത്ത് മുഴുവന്‍ ഇഷ്ടിക നിരത്തുന്ന തിരക്കിലാണ് രണ്ടുപേര്‍. ഇനിയത് തീയില്‍വെച്ച് ചൂടാക്കും. അപ്പോഴേ കരുവിന് ഉറപ്പുണ്ടാവൂ. ഈ കരുവിന്റെ മൂന്നുവശങ്ങളിലായി, ഓരോ ദ്വാരമുണ്ട്. ഇതെന്തിനാണെന്ന് അദ്ഭുതപ്പെട്ടപ്പോള്‍, കാത്തിരിക്കൂ എന്നായിരുന്നു അവരുടെ മറുപടി. മറ്റൊരുഭാഗത്ത് കുറേപ്പേര്‍ ഇരുമ്പുപാത്രത്തില്‍ ഓട് നുറുക്കിയത് നിറച്ചു. ശേഷം ആ പാത്രത്തിന്റെ വായഭാഗത്ത് പേപ്പറും പിന്നീട് ചെളിയുടെ മിശ്രിതവുമൊട്ടിച്ച് മുഴുവനായടച്ചു. 

ഓടുരുക്കുന്നു

''ഈ പാത്രമാണ് മൂശ കോവ. ആന്ധ്രയില്‍നിന്നാണത് വരുന്നത്. എത്ര ചൂടില്‍വെച്ചാലും ഉരുകില്ലെന്നതാണ് ഇതിന്റെ പ്രത്യേകത,'' ആലയിലെ തൊഴിലാളിയായ രാജേന്ദ്രന്‍ ചുട്ടുപൊള്ളുന്ന ഉലയിലേക്ക് ആ പാത്രങ്ങള്‍ നിരത്തി. നാലുമണിക്കൂറെങ്കിലും വേണം ഓട് ഉരുകിത്തീരാന്‍. അതുവരെ എന്തുചെയ്യും? അതിനുള്ള മറുപടി മറ്റൊരു മറുചോദ്യമായിരുന്നു: ''നിങ്ങള്‍ വിഗ്രഹങ്ങളുണ്ടാക്കുന്നത് കണ്ടിരുന്നോ? ഇല്ലെങ്കില്‍ നേരേ വിട്ടോ, ആലയ്ക്കല്‍ രതീഷിന്റെ ആലയിലേക്ക്''.

ഒരു ശില്പം ജനിക്കുന്നു
''ഇവിടെ പ്രധാനമായും വിഗ്രഹങ്ങളും ആര്‍ട്ട് വര്‍ക്കുകളുമാണ് ഞങ്ങള്‍ ചെയ്യുന്നത്,'' രതീഷ് പറഞ്ഞുതുടങ്ങി. വീടിനോട് ചേര്‍ന്നുള്ള ആലയിലിരുന്ന് മൂന്നുപേര്‍ കാര്യമായ പണികളിലാണ്. ഒരാള്‍, മെഷീനുപയോഗിച്ച് ദേവിയുടെ വിഗ്രഹത്തില്‍ ആഭരണങ്ങളുണ്ടാക്കുന്നു. മറ്റൊരാള്‍, അയ്യപ്പന്റെ ചുണ്ടിനും കണ്ണുകള്‍ക്കും ഉളികൊണ്ട് ആകൃതിവരുത്തുന്ന തിരക്കിലും. ''വിഗ്രഹങ്ങളുണ്ടാക്കുന്നതൊക്കെ തൊട്ടപ്പുറത്തുള്ള ആലയിലാണ്. മിനുക്കുപണികളും ഫിനിഷിങ്ങും ഇവിടെയും,'' രതീഷ് മുന്നില്‍ നടന്നു. 

ആലയുടെ മൂലയിലായി അയ്യപ്പവിഗ്രഹത്തിന്റെ കരുക്കള്‍ ഊഴം കാത്തുകിടക്കുന്നു. അതിനിടയില്‍ രതീഷ് അച്ഛനെ പരിചയപ്പെടുത്തി, മുരുകന്‍. ''പതിന്നാലാമത്തെ വയസ്സില്‍ തുടങ്ങിയതാണ് ഈ പണി. അന്നൊക്കെ അപ്പന്റെ കൂടെയായിരുന്നു. അപ്പന് കൂട്ടിരുന്ന് ഞാനും പഠിച്ചെടുത്തു. ഇപ്പോഴെനിക്ക് അറുപത്തേഴുവയസ്സായി. എന്റെ രണ്ടുമക്കളും ഈ ജോലിതന്നെയാണ് ചെയ്യുന്നത്. പക്ഷേ, പുതിയ പിള്ളേരൊന്നും ഇതിലേക്ക് വരുന്നില്ല. ഈ ചെളി കണ്ടില്ലേ, അതുകാണുമ്പോള്‍ പിള്ളേര്‍ക്ക് പിടിക്കില്ല. ഇത് ചവിട്ടിക്കുഴച്ച് വേണമല്ലോ കരുവൊക്കെയുണ്ടാക്കാന്‍. അപ്പോള്‍, ഡ്രസ് നാശമാവും. പിന്നെയിതിന്റെ ചൂട്, പുകയടിക്കുമ്പോഴുള്ള ശ്വാസംമുട്ടല്‍... അങ്ങനെ, കുറെ പ്രശ്‌നങ്ങളാണ്'', പണിതീര്‍ത്ത വിളക്ക് ഒരുവശത്തേക്ക് മാറ്റിവെച്ചു മുരുകന്‍.

കരു കുഴിച്ചിടാനൊരുങ്ങുന്നു

അവിടെനിന്നുമിറങ്ങി മാന്നാര്‍ ടൗണിലൂടെയൊന്ന് കറങ്ങി. എല്ലാ കടകളിലും അത്യാവശ്യം തിരക്കുണ്ട്. ദൂരെയുള്ള സ്ഥലങ്ങളില്‍നിന്നുപോലും ആളുകള്‍ നിലവിളക്കും കിണ്ടിയും ചോദിച്ച് ഇവിടെയാണ് വരുന്നത്. അതുകൂടാതെയാണ് പള്ളികളിലേക്കും ക്ഷേത്രങ്ങളിലേക്കുമുള്ള ഓര്‍ഡറുകള്‍. കിലോക്കണക്കിലാണ് ഉരുളിയുടെയും മറ്റും വില കണക്കാക്കുന്നത്. ഒരു കിലോയുടെ ഉരുളിക്ക് 1,000 രൂപയാണ് വില. ചെറിയ ഉരുളിയും കിണ്ടിയുമടക്കം 250 രൂപ മുതലുള്ള സാധനങ്ങള്‍ ഇവിടത്തെ കടകളില്‍ വാങ്ങാന്‍ കിട്ടും. കടകളിലെല്ലാം ചുറ്റിത്തിരിഞ്ഞശേഷം വീണ്ടും വെങ്കിടാചലത്തിന്റെ ആലയിലെത്തി.

പണിക്കാരെല്ലാം വിശ്രമത്തിലാണ്. വാര്‍പ്പ് തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ നല്ല അധ്വാനമായിരിക്കും. സമയം പെട്ടെന്ന് കടന്നുപോയി. വിശ്രമിച്ചിരുന്നവരെല്ലാം എഴുന്നേറ്റു. രണ്ടുപേര്‍ ഉലയുടെ അടുത്തുചെന്ന് അതിലേക്ക് വെള്ളമൊഴിച്ചശേഷം, കുറെക്കൂടി കല്‍ക്കരി വാരിയിട്ടു. തീ ഒന്നുകൂടി ആളിക്കത്തി. തീയുടെ ചൂടില്‍ എല്ലാവരും വിയര്‍ത്തൊലിക്കാന്‍ തുടങ്ങി. അടുത്തേക്കുപോലും പോകാന്‍ കഴിയാത്തത്ര ചൂട്. പതുക്കെ തീയുടെ ശക്തി കുറഞ്ഞുവന്നു. കഠിനമായ ചൂടും പുകയും പുറത്തേക്ക് തെറിക്കുന്ന ഉരുക്കിയ ഓടും...


വളരെ പെട്ടെന്ന് ആല പഴയ ശാന്തഭാവത്തില്‍നിന്ന് മാറി. ആകെ പേടിപ്പിക്കുന്ന അന്തരീക്ഷം. ചൂടാകാന്‍ വെച്ചിരുന്ന കരുവിന്റെ മുകളിലെ ഇഷ്ടികകളെല്ലാം മൂന്നുനാലുപേര്‍ ചേര്‍ന്ന് എടുത്തുമാറ്റാന്‍ തുടങ്ങി. എന്നിട്ട് കുഴിയിലേക്കിറക്കി, മണ്ണുകൊണ്ട് മൂടി. അതുകഴിഞ്ഞയുടനെ നീളമേറിയ കൊടിലുപയോഗിച്ച് ഓടുരുക്കിയ പാത്രങ്ങള്‍ അടുപ്പില്‍നിന്നിറക്കിത്തുടങ്ങി. ഇനിയാണ് ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം. ഉരുക്കിയ ഓട് ദ്വാരങ്ങളിലൂടെ കരുവിനുള്ളിലേക്ക്... ഉരുക്കിയ ഓടും തീയുടെ ചൂടും പുറത്തേക്ക് തെറിക്കുമ്പോള്‍ പൊള്ളാതിരിക്കാന്‍ ചാക്കുകൊണ്ട് മറ്റൊരാള്‍ അയാളുടെ ശരീരം മറച്ചു. ദ്രാവകം നിറച്ചശേഷം മുഴുവനായി മണ്ണിട്ടുമൂടി. നാളെ പുറത്തെടുത്തശേഷമാണ് ഫിനിഷിങ്ങും മിനുസപ്പെടുത്തലുമെല്ലാം. 

''മാന്നാറില്‍ മാത്രം കിട്ടുന്ന ചെളി ഉപയോഗിച്ചാണ് ഈ കരുവെല്ലാം നിര്‍മിക്കുന്നത്. ഓരോ കരുവിന്റെയും വലുപ്പമനുസരിച്ച് അത് നിര്‍മിക്കുന്ന സമയവും മാറും. ചെറിയ കരുവാണെങ്കില്‍ ഒരാഴ്ചകൊണ്ട് പണിതീരും. വലുതാണെങ്കില്‍ മൂന്നാഴ്ചയെടുക്കും,'' മുരുകന്‍ പറഞ്ഞു.  

ഓടിന്റെ കഷണങ്ങൾ നിറച്ചശേഷം മണ്ണുകൊണ്ട് മൂടുന്നു

ശില്പികളുടെ കഥ
നൂറ്റാണ്ടുകള്‍ക്കുമുന്നേ കൊരട്ടിക്ഷേത്രത്തിന്റെ നിര്‍മാണത്തിനായി ഇവിടെയെത്തിയ വിശ്വകര്‍മവിഭാഗക്കാരെ ചുറ്റിപ്പറ്റിയാണ് മാന്നാര്‍ എന്ന വെങ്കലഗ്രാമം വികസിച്ചത്. ശില്പനിര്‍മാണത്തിലേര്‍പ്പെട്ട് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയി. അവിടെ പണിയാലകളും പിന്നീട് കടകളുമുണ്ടായി. 

''പതിനാലാം നൂറ്റാണ്ട് മുതല്‍ക്കേ ഈ സമൂഹം ഇവിടെയുണ്ടെന്നാണ് പറയപ്പെടുന്നത്. മുന്‍പൊക്കെ വീടുകളില്‍ അച്ഛനും അമ്മയും മക്കളും ചേര്‍ന്നാണ് ശില്പങ്ങള്‍ നിര്‍മിച്ചിരുന്നത്. എന്റെ അപ്പൂപ്പനാണ് ആദ്യം കട തുടങ്ങിയത്, 'സ്വാമിയുടെ കട' എന്നാണ് ഇന്നത് അറിയപ്പെടുന്നത്. അതിനൊപ്പംതന്നെ വീടുകളില്‍ ജോലി ചെയ്യുന്നവരെയെല്ലാം വിളിച്ചുകൂട്ടി ഒരു ആലയിട്ടുകൊടുക്കുകയും ചെയ്തു. 250-ഓളം കുടുംബങ്ങളുണ്ടായിരുന്നു മുന്‍പ്. ഇപ്പോള്‍ കഷ്ടിച്ച് 60 കുടുംബങ്ങളെ കാണൂ. മാന്നാര്‍ റോഡരികില്‍ത്തന്നെ ഏഴെട്ടോളം ആലകളുണ്ടായിരുന്നു. അതും ഇപ്പോഴില്ല,'' വെങ്കിടാചലം വിശദീകരിച്ചു. 
പുതിയ തലമുറയിലുള്ളവരാരും ഈ മേഖലയോട് കാര്യമായ പ്രിയം കാണിക്കുന്നില്ലെന്നാണ് ഇവിടെയുള്ളവര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഒന്നോ രണ്ടോ തലമുറ കഴിയുമ്പോഴേക്കും ഈ വെങ്കലപ്പെരുമതന്നെ ഇല്ലാതായേക്കുമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. കണ്ടുവളര്‍ന്ന വിഗ്രഹങ്ങളും ചെയ്തുവന്ന തൊഴിലും ഇല്ലാതാവുന്നത് അവര്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണ്. 

''ഇവിടെ ശില്പനിര്‍മാണം പഠിപ്പിക്കുന്നൊരു പരിശീലനകേന്ദ്രം തുടങ്ങണം. ഉത്പന്നങ്ങള്‍ വാങ്ങാനൊരു കൗണ്ടറും. അങ്ങനെയേ ഇത് നിലനിര്‍ത്താന്‍ കഴിയൂ'', വെങ്കിടാചലം പറഞ്ഞു
നിര്‍ത്തി. പുറത്ത് സന്ധ്യ കനത്തു, നിശ്ശബ്ദതയും. ആലയിലെ തിരക്കും കെട്ടടങ്ങിക്കഴിഞ്ഞു. ഇനി നാളെയ്ക്കായുള്ള കാത്തിരിപ്പാണ്...

നിര്‍മാണമിങ്ങനെ
ആദ്യം തന്നെ നിര്‍മിക്കേണ്ട വസ്തുവിന്റെയോ ശില്പത്തിന്റെയോ ആകൃതിയിലുള്ള കരു ഉണ്ടാക്കും. ചെളി, ചണം, ചാണകം...ഇവയെല്ലാം ചേര്‍ന്ന് മിശ്രിതമാക്കിയ നല്ല മിനുസവും പശയുമുള്ള മണ്ണുകൊണ്ടാണ് കരുനിര്‍മാണം. അത് വെയിലത്തുവെച്ച് ഉണക്കിയശേഷം, വാക്‌സ് ഇടും. കരുവിന്റെ മുകളില്‍ കൃത്യമായ ആകൃതിയിലാണ് വാക്‌സ് പുരട്ടുന്നത്. അതിനുമുകളിലേക്ക് പലതരത്തിലുള്ള മണ്ണുകൊണ്ടുമൂടും. ആദ്യം മൃദുവായ മണ്ണും അതിനുശേഷം പരുപരുത്ത മണ്ണുമാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ മൂന്നോ നാലോ തവണ ആവര്‍ത്തിക്കും. കരുവിന്റെ വലുപ്പത്തിനനുസരിച്ചാണ് ഇത് തീരുമാനിക്കുന്നത്. അതിനുമുകളില്‍ ഓട്ടക്കലം പതിച്ച് ഉണങ്ങാന്‍വയ്ക്കും. പിന്നീട് കരു ചൂളയില്‍വെച്ച് ചൂടാക്കുമ്പോള്‍ വാക്‌സ് പുറത്തേക്കുപോവും. അല്പനേരം വെച്ചശേഷം കരു മണ്ണില്‍ കുഴിച്ചിടും. അതിനുശേഷമാണ് ഉരുക്കിയ ഓടൊഴിക്കുന്നത്. ചൂടാറിയ കരുക്കളില്‍നിന്ന് ലോഹം വേര്‍പ്പെടുത്തിയെടുക്കുക എന്നതാണ് അവസാനത്തെ പണി. അടുത്തദിവസമാണിത് ചെയ്യുക. വലിയ ചുറ്റികകൊണ്ട് ശക്തിയായി, അടിക്കുമ്പോള്‍ മണ്ണ് പൊട്ടിയടര്‍ന്ന് പോരും. ഒടുവില്‍ ഭംഗിയാക്കി, പോളിഷ് ചെയ്‌തെടുക്കും.

Content Highlights: kerala heritage craft bronze artifacts from mannar