ധാരാളം പ്രോട്ടീനും വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ ‘ഹെൽത്ത് മിക്സ്’ മിസ്സാക്കരുതേ...

റാഗി ചോക്ലേറ്റ് മാള്‍ട്ട്/Freepik
റാഗി ചോക്ലേറ്റ് മാള്‍ട്ട്/Freepik

കർക്കിടകത്തിൽ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണം കഴിക്കണമെന്നല്ലേ. ശരീരത്തിനാവശ്യമായ പ്രോട്ടീനും വിറ്റാമിനുകളും, ധാതുക്കളുമെല്ലാം പല ധാന്യങ്ങളിലും പയർ, പരിപ്പ് വർഗ്ഗങ്ങളിലുമായാണ് ഉള്ളത്. എന്നാൽ ഇവയെല്ലാം ഒരുമിച്ച് കഴിക്കാൻ അത്ര എളുപ്പമല്ല താനും. എങ്കിൽ ഇവയെല്ലാം ചേർത്ത് ഒരു ഹെൽത്ത് മിക്‌സ് തയ്യാറാക്കിയാലോ? നേരത്തേ പൊടിച്ചു വെച്ചാൽ പിന്നെ ബ്രേക്ക്ഫാസ്റ്റായി തയ്യാറാക്കിയെടുക്കാൻ വളരെ കുറച്ച് സമയം മതി. എല്ലാ പോഷകങ്ങളും ലഭിക്കുകയും ചെയ്യും. മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം ഒരുപോലെ കഴിക്കാവുന്ന പോഷകങ്ങളടങ്ങിയ ഹെൽത്ത് മിക്‌സും റാഗി ചോക്ലേറ്റ് മാൾട്ടും വേഗം പരീക്ഷിച്ചോളൂ…

റാഗി ചോക്ലേറ്റ് മാൾട്ട്
ചേരുവകൾ:

റാഗി - രണ്ട് കപ്പ്
കാഷ്യുനട്ട് - 50 ഗ്രാം
ബദാം - 50 ഗ്രാം
കൊക്കോ പൗഡർ - കാൽ കപ്പ്
ഏലക്ക - നാല്
തയ്യാറാക്കുന്നവിധം: ഒരു പാനിൽ റാഗി ഇട്ട്, റോസ്റ്റ് ആയ മണം വരുന്നതുവരെ ചൂടാക്കി മാറ്റി വെക്കുക. അതേ പാനിൽ എല്ലാ നട്‌സും ഏലക്കയും ചേർത്ത് ചൂടാക്കിയെടുക്കുക. ആറിയതിനുശേഷം കൊക്കോ പൗഡറും ചേർത്ത് പൊടിച്ചെടുക്കുക. ഇത് ആറിയതിനുശേഷം എയർ ടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കാം. മാൾട്ട് തയ്യാറാക്കാൻ രണ്ട് ടേബിൾ സ്പൂൺ പൗഡർ മുക്കാൽ കപ്പ് വെള്ളത്തിൽ കലക്കി, ആവശ്യത്തിന് മധുരവും ചേർത്ത് തിളയ്ക്കാൻ വെക്കുക. തിളച്ചു വരുമ്പോൾ തീ കുറച്ച്, കുറുകി വരുമ്പോൾ ഒരു കപ്പ് പാൽ ചേർത്ത് തിളപ്പിച്ച് കുറുകി വരുമ്പോൾ വാങ്ങാം.

പ്രതീകാത്മകചിത്രം/Freepik

ഹെൽത്ത് മിക്‌സ്
ചേരുവകൾ:

ഗോതമ്പ് - 100 ഗ്രാം
റാഗി - 100 ഗ്രാം
ഞവര അരി - 100 ഗ്രാം
പുഴുങ്ങലരി - 100 ഗ്രാം
ചോളം - 100 ഗ്രാം
ചെറുപയർ - 100 ഗ്രാം
പൊട്ടുകടല - 100 ഗ്രാം
തിനയരി - 100 ഗ്രാം
ചാമ അരി - 100 ഗ്രാം
കുതിരവാലി - 100 ഗ്രാം
ബാർലി അരി - 100 ഗ്രാം
ബ്ലാക്ക് റൈസ് - 100 ഗ്രാം
ഉഴുന്ന് - 100 ഗ്രാം
കടല പരിപ്പ് - 100 ഗ്രാം
സോയാബീൻ - 100 ഗ്രാം
കടല - 100 ഗ്രാം
മുതിര - 100 ഗ്രാം
നിലക്കടല - 75 ഗ്രാം
കാഷ്യുനട്ട് - 75 ഗ്രാം
ബദാം - 50 ഗ്രാം
പിസ്ത - 50 ഗ്രാം
ഏലക്ക - 20 എണ്ണം
തയ്യാറാക്കുന്നവിധം: ചുവടു കട്ടിയുള്ള പാത്രം ചൂടാക്കി, ഗോതമ്പ് ഇട്ട് ചൂടാക്കി, നല്ല മണം വരുന്നത് വരെ ഡ്രൈ റോസ്റ്റ് ചെയ്ത് മാറ്റിവെക്കുക. ഇതുപോലെ തന്നെ എല്ലാ ചേരുവകളും വെവ്വേറെ ഇട്ട് ചൂടാക്കി മാറ്റണം. എല്ലാംകൂടി യോജിപ്പിച്ച് ഒരു മസ്ലിൻ തുണിയിൽ പരത്തി ചൂടാറാൻ വെക്കുക. നന്നായി ആറിയതിനുശേഷം പൊടിച്ച് ഫൈൻ പൗഡർ ആക്കുക. ഇത് ഒരു ബട്ടർ പേപ്പറിൽ നിരത്തി വെച്ച് ആറിയശേഷം എയർ ടൈറ്റ് പാത്രത്തിലാക്കി സൂക്ഷിക്കാം. ഈ പൗഡർ രണ്ട് ടേബിൾ സ്പൂൺ അരക്കപ്പ് വെള്ളത്തിൽ കലക്കി വെക്കുക. പാലിൽ ആവശ്യത്തിന് മധുരം ചേർത്ത്, തിളയ്ക്കുമ്പോൾ കലക്കിവെച്ച പൗഡർ ചേർത്ത്, ചെറുതീയിലാക്കി കൈ വിടാതെ ഇളക്കി, കുറുക്കിയെടുക്കുക. പാലിനു പകരം വെള്ളത്തിൽ ശർക്കരപ്പൊടി ചേർത്തും കുറുക്ക് തയ്യാറാക്കാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: karkidakam-homemade-health-mix-recipe-2026