വർഷത്തിൽ രണ്ടുതവണ മാത്രം വേർപിരിയുന്ന കടൽ; ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന അദ്ഭുത പ്രതിഭാസം

പ്രകൃതിയുടെ മനോഹാരിതയെ കടലിന്റെ ഒത്തനടുക്കുനിന്ന് കാണാനൊരു അവസരം കിട്ടിയാലോ? എന്നാല്‍ സൗത്ത് കൊറിയയിൽ അങ്ങനൊരു കടലുണ്ട്. ജിൻഡോ കടൽ. വർഷത്തിൽ രണ്ട് തവണ മാത്രം തുറക്കുന്ന ഈ കടൽ ദക്ഷിണകൊറിയൻ യാത്രാപ്രേമികൾ കാത്തിരിക്കുന്ന ഒരു കിടിലൻ സ്പോട്ടാണ്. വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രമാണ് കടൽ രണ്ടായി വേർപിരിയുന്നത്. അതും ഒരു മണിക്കൂർ നേരത്തേക്ക് മാത്രം. ആ ദിവസങ്ങളിൽ ജിൻഡോ കടൽ തീരത്ത് വമ്പിച്ച ജനത്തിരക്കായിരിക്കും.
കടൽ രണ്ടായി വേർപിരിയുന്ന കാഴ്ച വളരെ മനോഹരമാണ്. ദക്ഷിണ കൊറിയയിലെ ജിൻഡോ ദ്വീപിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ജിൻഡോ കടലിലാണ് ഈ നിഗൂഢമായ പ്രതിഭാസം സംഭവിക്കുന്നത്. ഏറ്റവും കൗതുകകരമായ പ്രകൃതി പ്രതിഭാസങ്ങളിലൊന്നാണ് ജിൻഡോ കടലിന്റെ വേർപിരിയൽ.
മോശ, ചെങ്കടലിനെ വിഭജിച്ച ബൈബിൾ കഥയുടെ പേരിൽ അറിയപ്പെടുന്ന ഈ പ്രകൃതി പ്രതിഭാസം നൂറ്റാണ്ടുകളായി സന്ദർശകരെയും നാട്ടുകാരെയും ഒരുപോലെ ആകർഷിക്കുന്നു. ഇത് മറ്റേതൊരു സംഭവത്തിൽ നിന്നും വ്യത്യസ്തമായ ഒരു പ്രകൃതിയുടെ അനുഭവമാണ്.
വേലിയേറ്റം കുറയുമ്പോൾ സംഭവിക്കുന്ന ഒരു സ്വാഭാവിക സംഭവമാണിത്, ജിൻഡോ ദ്വീപിനും ചെറിയ മോഡോ ദ്വീപിനും ഇടയിൽ മണൽത്തിട്ടകൊണ്ടുള്ള ഒരു പാലം സൃഷ്ടിക്കപ്പെടുന്നു. സ്വഭാവികമായി രൂപംകൊണ്ട ഈ പാലത്തിലൂടെ സന്ദർശകർക്ക് നടക്കാനാകും. ഈ അതിശയകരമായ ഈ കാഴ്ച് ആസ്വദിക്കാൻ നൂറുകണക്കിന് സന്ദർശകരാണ് ഇവിടേക്ക് എത്താറുള്ളത്.
കടൽ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം
ജിൻഡോ കടൽ ചില പ്രത്യേക ചന്ദ്ര വേലിയേറ്റ സമയങ്ങളിൽ മാത്രമേ വേർപിരിയൂ. മാർച്ച് അല്ലെങ്കിൽ ഏപ്രിലിൽ (വസന്തകാല വേലിയേറ്റ സമയത്ത്), സെപ്റ്റംബർ അല്ലെങ്കിൽ ഒക്ടോബറിൽ (ശരത്കാല വേലിയേറ്റ സമയത്ത്) ആണ് ജിൻഡോ കടൽ വേർപിരിയാറ്. ഒരു ചെറിയ സമയത്തേക്ക് ഒരു മണിക്കൂർ മാത്രം കടൽ രണ്ടായി വേർപിരിയുന്നു. ശരത്കാല മാസങ്ങളെ അപേക്ഷിച്ച് നേരിയ കാലാവസ്ഥയും തിരക്ക് കുറവും ആസ്വദിക്കാനാണെങ്കിൽ സന്ദർശിക്കാൻ പറ്റിയ സമയം വസന്തകാല വേലിയേറ്റ സമയമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Witness the Jindo Sea parting in South Korea, a natural phenomenon where the sea opens for an hour twice a year. Learn about this unique event.