അനുസരിക്കുക, അല്ലെങ്കിൽ പിഴയീടാക്കും; യാത്രികർക്ക് കർശനനിർദേശങ്ങളുമായി ഈ ദ്വീപ്

ജെജു ദ്വീപ് / Shutterstock
ജെജു ദ്വീപ് / Shutterstock

ദക്ഷിണകൊറിയയിലെ ഏറ്റവും വലിയ ദ്വീപാണ് ജെജു ദ്വീപ്. കാഴ്ചകൾ കണ്ടുനടക്കാനും പർവതങ്ങളുടെ ഭംഗിയാസ്വദിക്കാനും പറ്റിയ സ്ഥലം. മനോഹരമായ ബീച്ചുകളും വെള്ളച്ചാട്ടങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. വളരെ മനോഹരമായ പ്രദേശമായതുകൊണ്ടുതന്നെ സഞ്ചാരികളുടെ ഒഴുക്കാണ്. ഷോപ്പിങ്, ചൂതാട്ടം തുടങ്ങിയവയാണ് യാത്രക്കാരെ കൂടുതലായി ഇങ്ങോട്ട് ആകർഷിക്കുന്നത്. ദ്വീപിലെത്തുന്ന വിനോദസഞ്ചാരികൾക്കായി പെരുമാറ്റച്ചട്ടവുമായി രംഗത്തെത്തിയിരിക്കുകയാണ് പോലീസ്.

ചൈനീസ്, ഇംഗ്ലീഷ്, കൊറിയൻ ഭാഷകളിലായുള്ള ഗൈഡും അവർ പുറത്തിറക്കിയിട്ടുണ്ട്. പിഴ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളും ഈ ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരോധിതസ്ഥലങ്ങളിൽ പുകവലിക്കുക, മാലിന്യം തള്ളുക, മദ്യപിച്ച് മോശമായി പെരുമാറുക, ഭക്ഷണത്തിന് പണം നൽകാതെ റെസ്റ്റോറന്റുകളിൽനിന്ന് ഓടിപ്പോകുക, പൊതുസ്ഥലത്ത് മൂത്രമൊഴിക്കുകയോ മലമൂത്ര വിസർജ്ജനം നടത്തുകയോ ചെയ്യുക, വ്യാജ ഐഡി ഉപയോഗിച്ച് അതിക്രമിച്ച് കയറുക, ഒഴിഞ്ഞ വീടുകളിൽ അതിക്രമിച്ചു കടക്കുക എന്നിവയാണ് ഇതിലുൾപ്പെടുന്നത്.

പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനും സന്ദർശകർ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായി നിലവിൽ 8000-ത്തോളം ഗൈഡുകൾ പുറത്തിറക്കിയതെന്ന് അധികൃതർ പറയുന്നു.

ആദ്യമായി നിയമലംഘനം നടത്തുന്നവരെ വെറുതെ വിടും. ആവർത്തിച്ചാൽ പിഴയീടാക്കും. 143 ഡോളറാണ് പിഴയായി ഈടാക്കുക.

യാത്രികരുടെ ഒഴുക്ക് ദ്വീപിലെ ജീവിതത്തെ ബാധിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. അതിനൊപ്പം സഞ്ചാരികളുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പ്രദേശവാസികൾ പരാതിപ്പെടുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് പെരുമാറ്റച്ചട്ടവുമായി അധികൃതർ രംഗത്തെത്തിയത്. ഈ വർഷം ഇതുവരെ ഏഴ് മില്യൺ വിനോദസഞ്ചാരികളാണ് ദ്വീപ് കാണാനായി വന്നത്. ദ്വീപ് സന്ദർശിക്കുന്ന 70 ശതമാനത്തിലേറെ പേരും ചൈനയിൽനിന്നുള്ളവരാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Jeju Island introduces strict guidelines for tourists with penalties for violations