അന്ന് അവര്‍ ഉണ്ടാക്കിത്തന്ന പാലപ്പവും കറിയും കഴിക്കുമ്പോള്‍ വല്ലാത്ത നാണക്കേടും സങ്കടവും തോന്നി

അപ്രതീക്ഷിതമായി വരുന്ന അതിഥികള്‍ ചിലപ്പോള്‍ സന്തോഷവും മറ്റു ചിലപ്പോള്‍ ഉത്സാഹവും, എന്നാല്‍ ചിലപ്പോഴെങ്കിലും ചമ്മലും ഉളവാക്കും. ഉദാഹരണത്തിന് മുന്‍കൂട്ടി പറയാതെ ചില അതിഥികള്‍ വീട്ടില്‍ വന്നാല്‍ വീടൊക്കെ നല്ലതു പോലെ വൃത്തിയാക്കി വെച്ചിരിക്കുന്ന അവസ്ഥയും വിരുന്നുകാര്‍ക്ക് കൊടുക്കുവാന്‍ വീട്ടില്‍ ഭക്ഷണവും ഉണ്ടെങ്കില്‍ നമുക്ക് നല്ല ഉത്സാഹമായിരിക്കില്ലേ. നേരെ മറിച്ചുള്ള സ്ഥിതി ഒന്നാലോചിച്ചു നോക്കൂ, വീട് അലങ്കോലമാണ്, തലേന്നത്തെ ഒന്നോ രണ്ടോ കറി മാത്രമാണ് ഊണിന് കൂടെ കൂട്ടാനായിട്ടുള്ളത്. എന്തൊരു ശോകമായിരിക്കും.
പണ്ട് എന്റെ ഒരു അധ്യാപിക എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു, അല്‍പ്പം ദൂരെയുള്ള സ്ഥലമായിരുന്നതിനാലും വൈകുന്നതിന് മുന്നേ തിരിച്ചു വീട്ടില്‍ വരണമല്ലോ എന്നോര്‍ത്തും രാവിലത്തെ ട്രെയിനില്‍ തന്നെ ഞാന്‍ യാത്ര തിരിച്ചു, സാധാരണ വഴിയില്‍ പിടിച്ചിടുന്ന ട്രെയിന്‍ അന്ന് കൃത്യസമയത്തു തന്നെ സ്റ്റേഷനില്‍ എത്തിയതിനാല്‍ ടീച്ചറിന്റെ വീട്ടില്‍ ഞാന്‍ രാവിലെ തന്നെ എത്തി. പറഞ്ഞതിലും നേരത്തെ എത്തിയല്ലോ എന്ന സന്തോഷത്തില്‍ ഞാന്‍ കോളിങ് ബെല്‍ അമര്‍ത്തി. എന്നെ കണ്ട ടീച്ചര്‍ പൊട്ടിത്തെറിച്ചു, 'ഇതെന്താടോ പത്തുമണി എന്ന് പറഞ്ഞാല്‍ എട്ടു മണിക്ക് തന്നെ അങ്ങ് കേറിവരുവാണോ, ഞാനാണെങ്കില്‍ ഒന്ന് റെഡി ആയതു പോലുമില്ല തന്നെയുമല്ല ബ്രേക്ക്ഫാസ്റ്റ് ഇനി ഉണ്ടാക്കണം,' ടീച്ചര്‍ തമാശ പറയുവാണെന്നു കരുതി ഞാന്‍ പുള്ളിക്കാരിയെ ഒന്ന് മയപ്പെടുത്താമെന്നു വിചാരിച്ചു. സാരമില്ല ടീച്ചര്‍ 'നേരത്തേ വന്നാല്‍ നേരത്തേ പോകാമല്ലോ എന്നോര്‍ത്താണ് വന്നത്, അത് മാത്രമല്ല ട്രെയിന്‍ ഇന്ന് കൃത്യസമയം പാലിച്ചു.
' ഇത് വല്യ മെനക്കേടായല്ലോ എന്നെല്ലാം അവര്‍ പറയുന്നത് എന്റെ മകനും കേള്‍ക്കുന്നുണ്ട്, അവനു കാര്യമൊന്നും മനസ്സിലായില്ല, പക്ഷേ എനിക്ക് വല്യ സങ്കടമായി ആദ്യമായാണ് ഒരു വ്യക്തി ഒരു കാര്യവും ഇല്ലാതെ ഇങ്ങനെ കയര്‍ക്കുന്നത്, ഞാന്‍ ആ ടീച്ചറിനെ ഒരുപാട് ആരാധനയോടെ, ബഹുമാനത്തോടെ, സ്‌നേഹത്തോടെ കരുതിയിരുന്നതാണ്. ആദ്യമായിട്ടാണ് അവരുടെ വീട്ടില്‍ ഒരു അതിഥിയായി പോകുന്നത്. അന്ന് അവര്‍ ഉണ്ടാക്കിത്തന്ന പാലപ്പവും കറിയും കഴിക്കുമ്പോള്‍ വല്ലാത്ത നാണക്കേടും സങ്കടവും തോന്നി. ജീവിതത്തില്‍ ഒരു സന്ദിഗ്ദ്ധഘട്ടത്തില്‍ എന്നെ സഹായിച്ച ആളാണ് ടീച്ചര്‍, അവരെ ഒന്ന് കാണാനാണ് ഓടി വന്നത്.
ഭക്ഷണം കഴിഞ്ഞു അവിടെ നിന്നും ഇറങ്ങിയ ഉടനെ തന്നെ ഞാന്‍ എന്റെ അമ്മയെ വിളിച്ചു എനിക്ക് പറ്റിയ നാണക്കേടും പറഞ്ഞു. 'ടീച്ചര്‍ ഒരുപക്ഷേ വേറെ എന്തെങ്കിലും കാരണത്താല്‍ വിഷമിക്കുന്നുണ്ടാകാം, അത് കൊണ്ടായിരിക്കും ദേഷ്യപ്പെട്ടത്, പിന്നെ നീയല്ലാതെ വേറാരെങ്കിലും ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് വിരുന്നുണ്ണാന്‍ ഒരു വീട്ടില്‍ കയറിച്ചെല്ലുമോ.' എന്നായിരുന്നു അമ്മയുടെ വാദം. എന്തായാലും നീ ചോറുണ്ടില്ലല്ലോ തിരുവനന്തപുരത്തേക്ക് പോകുന്ന വഴി ഇവിടെ നിന്നും ഭക്ഷണം കഴിഞ്ഞു പോകാം എന്ന് കൂടെ അമ്മ പറഞ്ഞു.
പക്ഷേ കടമ്പനാട്ടേക്കുള്ള യാത്രയില്‍ ബസ്സിലിരുന്ന് ഞാന്‍ ആലോചിച്ചത്, പണ്ട് കുഞ്ഞുന്നാളില്‍ അവിചാരിതമായി വീട്ടില്‍ വന്നു കയറിയ അതിഥികളെ എത്ര മനോഹരമായി മമ്മി ഹാന്‍ഡില്‍ ചെയ്തു എന്ന കാര്യമാണ്. ഈ കലാപരിപാടി (നിനച്ചിരിക്കാതെ വരുന്ന അതിഥികളെ കൈകാര്യം ചെയ്യുക) പലപ്പോഴും സംഭവിച്ചിട്ടുണ്ട്, പക്ഷെ അതില്‍ നിന്നും ഈ ഓര്‍മ അല്‍പ്പം രുചി കൂടുതല്‍ ഉള്ളതാണ്. അന്ന് വീട്ടില്‍ ടെലിഫോണ്‍ കണക്ഷന്‍ കിട്ടിയിട്ടില്ല. പലപ്പോഴും ആകസ്മികമായി അതിഥികള്‍ വരാറുണ്ട്. പറമ്പിലെ ചേനയോ, ചക്കയോ, ചീനിയോ, കോഴിക്കൂട്ടിലെ കോഴിയോ മുട്ടയോ അമ്മയുടെ രക്ഷക്കെത്തിയിരുന്നു.
അങ്ങനെയൊരു ദിവസം, അന്ന് ഡാഡി വീട്ടിലുണ്ട്; മമ്മിക്ക് അത്ര സുഖമില്ല. ഉച്ചക്കുണ്ണാന്‍ ചോറും മോരും ഒരു തോരനും മാത്രം. ഉണ്ണുന്നതിനു മുന്‍പ് മുട്ട പൊരിക്കാം എന്നോര്‍ത്ത് മമ്മി കിടന്നുറങ്ങുന്നു. അപ്പോഴതാ വരുന്നു മുറ്റത്തേക്കൊരു കാര്‍. കാറില്‍ നിന്നും അപ്രതീക്ഷിതമായി സുഹൃത്തിനെ സന്ദര്‍ശിക്കാനായി കടന്നു വരുന്നു ഡാഡിയുടെ പ്രിയപ്പെട്ട കൂട്ടുകാരനും കുടുംബവും. സമയം പന്ത്രണ്ടര മണി. ചടപടാന്ന് മമ്മി ചാടിയെണീറ്റു. ഫ്രിഡ്ജില്‍ ഒന്നുമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ ഫ്രിഡ്ജ് തുറന്ന് കൈയുള്ളിലേക്കിട്ട് ഒന്ന് പരതി. നഹി നഹി ഒന്നുമില്ല. ഒരു മീനിന്റെ കഷ്ണം പോലും ഉപ്പും മുളകും പുരട്ടി വെച്ചിട്ടില്ല. ദയനീയം, ഉള്ളിലുണ്ടായിരുന്ന കാരറ്റും, ഉരുളക്കിഴങ്ങും, ചേമ്പും വെച്ച് പെട്ടെന്ന് തന്നെ ഒരു തട്ടിക്കൂട്ട് അവിയല്‍ കുക്കറില്‍ ഉണ്ടാക്കി. കുറച്ച് എത്‌നിക് ആകാമെന്ന് കരുതി തേങ്ങയും വറ്റല്‍ മുളകും കൊച്ചുള്ളിയും ചുട്ട് ചമ്മന്തിയും ഉണ്ടാക്കി, മമ്മി സ്ഥിരം ചെയ്യാറുള്ളത് പോലെ മുട്ട പുഴുങ്ങി മല്ലി, മുളക്, കുരുമുളക്, ഉപ്പുകൂട്ട് എന്നിവ ചേര്‍ത്തുള്ള മുട്ടറോസ്റ്റും ഉണ്ടാക്കി. പപ്പടം കൂടെ കാച്ചി മേശപ്പുറത്ത് ചോറും പ്ലേറ്റും നിരത്തി നിറപുഞ്ചിരിയുമായി പാവം എന്റെ അമ്മ അവരെ ഉണ്ണാനായി ക്ഷണിച്ചു.
അതിഥികള്‍ സന്തോഷത്തോടെ കൈ കഴുകി ഇരുന്ന് ചോറ് കഴിക്കുവാന്‍ തുടങ്ങി, 'അയ്യോ ഇത്ര പെട്ടെന്ന് ഇത്രയും വിഭവങ്ങളോ', 'എന്തൊരു കൈപ്പുണ്യം', 'എന്തൊരു സ്വാദ്' എന്നൊക്കെ അവര്‍ പറയുന്നുണ്ട്. അത് കേട്ട് എന്റെ അമ്മ ആനന്ദപുളകിതയായി നില്‍ക്കുമ്പോള്‍ ദാ വരുന്നു, എന്റെ പുന്നാര അപ്പന്റെ ചോദ്യം, 'ജോളി, ഫിഷ് ഫ്രൈ തീര്‍ന്നോ' രണ്ടു ദിവസം മുമ്പ് മീന്‍ വറുത്ത അരപ്പു കൂടി ചീനച്ചട്ടിയില്‍ ചോറും ചേര്‍ത്ത് കുഴച്ചടിച്ച ഞാന്‍ ചകിതയായി മമ്മിയെ നോക്കി. 'ഈ മനുഷ്യന്‍ എന്നെ നാണം കെടുത്തുമല്ലോ' എന്നായിരുന്നു മമ്മിയുടെ ആത്മഗതം എന്നെനിക്ക് മനസ്സിലായി.
നമ്മുടെ ആണുങ്ങള്‍ ചിലപ്പോള്‍ എങ്കിലും ഇങ്ങനെയാണ്; അടുക്കളയില്‍ സാധനം ഉണ്ടോ ഇല്ലയോ എന്നൊന്നും ഓര്‍ക്കില്ല ചുമ്മാതങ്ങു തട്ടും, ഇങ്ങനെ പറയുന്നത് അവര്‍ക്കൊരു സുഖം, പക്ഷേ വീട്ടുകാരിക്ക് അതത്ര സുഖമാകണമെന്നില്ല. അന്നെന്തോ ദൈവാധീനത്തിനു മമ്മി രക്ഷപ്പെട്ടു.
Content Highlights: how my mother easily handle dealing with unexpected guests during lunch