900 മീറ്റർ ഉയരമുള്ള ചുണ്ണാമ്പ് മലയുള്ള ദ്വീപ്, ‘നിലാവുള്ള രാത്രിയിൽ ഞാനിവിടെ ഉറങ്ങാതെ കിടന്നേനെ’

നീലാകാശം... മരതകപ്പച്ചനിറമുള്ള കടൽ... തൂവെള്ള മണൽത്തീരം... വേലിയേറ്റത്തിലും ഇറക്കത്തിലും കടൽ, പച്ചനിറത്തിൽനിന്ന് നീലനിറമായി മാറുന്ന മായാജാലം. സ്ഫടികസമാനമായ കടൽവെള്ളത്തിൽ വിവിധ നിറത്തിലും രൂപത്തിലും ഒഴുകി നീങ്ങുന്ന മത്സ്യങ്ങൾ. തായ്‌ലന്റിലെ ആൻഡമാൻ കടലിൽ പ്രകൃതിയുടെ വിസ്മയങ്ങൾ നിറച്ച സ്വപ്നതീരമാണ് ഹോങ് ഐലന്റ്. മനുഷ്യവാസമില്ലാത്ത നാലു ചെറുദ്വീപുകൾ ചേർന്നതാണ് അന്തർദേശീയ ഉദ്യാന പദവി നേടിയ ഈ ടൂറിസ്റ്റ് കേന്ദ്രം. തായ് ഭാഷയിൽ ഹോങ്ങിന് റൂം എന്നാണർഥം. കടലിൽ വലിയ കോട്ടപോലെ പാറകളാൽ ചുറ്റപ്പെട്ട ദ്വീപ്. അവിടേക്കെത്താൻ പ്രകൃതി തീർത്ത ചെറിയൊരു കമാനം. കോട്ടയ്ക്കുള്ളിലെ ശാന്തമായ തീരത്ത് ബോട്ടിങ്ങും കയാക്കിങ്ങും സ്വിമ്മിങ്ങും ചെയ്ത് ആനന്ദിക്കാം. ദ്വീപിന്റെ തീരത്തിന് കോട്ടയുടെ സുരക്ഷയുള്ളതിനാൽ വലിയ തിരമാലകൾ കടന്നുവരില്ല. ഈ ദ്വീപിൽ 900 മീറ്റർ ഉയരമുള്ള ചുണ്ണാമ്പ് കല്ലിനാൽ രൂപപ്പെട്ട ഒരു മലയുണ്ട്. അതിന്റെ മുകളിലേക്ക് ഇരുമ്പ് കോണിയിലൂടെ മലയെ വലയം വെച്ച് കയറാം. മുകളിൽ 360 ഡിഗ്രി പനോരമിക് വ്യൂ പോയിന്റുണ്ട്. ഈ സുന്ദരകാഴ്ച സഞ്ചാരികളെ എന്നും ആകർഷിക്കും. തായ്‌ലന്റിലെ ക്രാബിയിലെ ഐയോ നാങ് തീരത്ത് നിന്നാണ് ഹോങ് ഐലന്റിലേക്കുള്ള ബോട്ട് സർവീസുള്ളത്. ലോങ് ടെയിൽ ബോട്ടിൽ ഉച്ചഭക്ഷണവും ലഘു ഭക്ഷണങ്ങളും ഇൻഷൂറൻസ് പരിരക്ഷയും അടക്കം 3200 രൂപയാണ് അംഗീകൃത ടൂർ ഏജൻസികൾ ഈ കടൽ യാത്രയ്ക്ക് ഈടാക്കുന്നത്. ആൻഡമാൻ കടലിലൂടെ 50 മിനുട്ട് കടൽയാത്ര ചെയ്താൽ ഹോങ് ദ്വീപിൽ എത്തിച്ചേരാം.
Content Highlights: Comprehensive guide to Hong Island's 360-degree panoramic viewpoint., Details on boat tours, pricing, and itinerary from Ao Nang., Information on eco-friendly tourism practices and island preservation., Tips for kayaking, snorkeling, and safety during the climb., Overview of neighboring islands like Lading and Pak Bia.