ചെന്നൈ പട്ടണത്തിലെ ചരിത്രപ്രാധാന്യമുള്ള കാഴ്ചകള്‍

ചരിത്രകുതുകികള്‍ക്ക് പറുദീസയാണ് ചെന്നൈ. തമിഴിന്റെ തനിമയും ബ്രിട്ടീഷ് ഭരണത്തിന്റെ അടരുകളും കലയുടെ കസവും ഒരുപോലെ കാക്കുന്നവരാണ് തമിഴന്മാര്‍. ദക്ഷിണേന്ത്യയിലെ ബ്രിട്ടീഷ് ആസ്ഥാനമായിരുന്നു മദ്രാസ്. ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകള്‍ നഗരത്തില്‍ അങ്ങിങ്ങായി കാണാം. മ്യൂസിയങ്ങള്‍ ഉള്‍പ്പെടെ ചെന്നൈ നഗരത്തിലെ പ്രധാന ചരിത്രക്കാഴ്ചകള്‍ ഏതെല്ലാമെന്ന് നോക്കാം.
ഗവണ്‍മെന്റ് മ്യൂസിയം
എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കഷ്ടി രണ്ടു കിലോമീറ്റര്‍ ദൂരമേയുള്ളൂ ചെന്നൈ മ്യൂസിയം എന്നറിയപ്പെടുന്ന ഗവണ്‍മെന്റ് മ്യൂസിയത്തിലേക്ക്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്ററും ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് 21 കിലോമീറ്ററും.
ഞായറാഴ്ച മ്യൂസിയം അടവാണ്. ബാക്കി ദിവസങ്ങളില്‍ 9.30 മുതല്‍ 5 വരെ മ്യൂസിയം തുറന്നുപ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക്- 10, മുതിര്‍ന്നവര്‍ക്ക്- 15 എന്നിങ്ങനെയാണ് പ്രവേശന ഫീസ്. വിദേശ പൗരന്മാര്‍ക്ക് ഫീസ് കൂടുതലാണ്. ഫോട്ടോ ക്യാമറയ്ക്ക് 200, വീഡിയോ ക്യാമറയ്ക്ക് 500 എന്നിങ്ങനെ എക്സ്ട്രാ ഫീസും ഈടാക്കുന്നുണ്ട്.
വെങ്കല ഗാലറി, ചില്‍ഡ്രന്‍സ് മ്യൂസിയം, കന്റംപററി ആർട്ട് ഗാലറി, മ്യൂസിക് തിയേറ്റര്‍ എന്നിവ കൂടാതെ കന്നേമാര പബ്ലിക് ലൈബ്രറിയും നാഷണല്‍ ആര്‍ട്സ് ഗാലറിയും ഇതേ കെട്ടിട പരിസരത്താണ്.
നാഷണല്‍ ആര്‍ട് ഗാലറി
വെള്ളിയൊഴികെ എല്ലാ ദിവസവും 9.30 മുതല്‍ 5 വരെ തുറന്നുപ്രവര്‍ത്തിക്കുന്നു. കുട്ടികള്‍ക്ക്-10 മുതിര്‍ന്നവര്‍ക്ക്-15 എന്നിങ്ങനെയാണ് പ്രവേശന ഫീസ്. വിക്ടോറിയ രാജ്ഞിയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1906-ല്‍ ഹെന്റി ഇര്‍വിന്‍ എന്ന ബ്രിട്ടീഷുകാരന്‍ പണികഴിച്ചതാണിത്.
* ചെന്നൈ റെയില്‍ മ്യൂസിയം
ഇന്ത്യന്‍ റെയില്‍വേയുടെ 150 വര്‍ഷത്തെ പാരമ്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2002-ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് ഈ മ്യൂസിയം. ഡല്‍ഹിയിലെ നാഷണല്‍ റെയില്‍ മ്യൂസിയം കൂടാതെ ഇന്ത്യയുടെ രണ്ടാമത് റെയില്‍ മ്യൂസിയം. 5 ഇന്‍ഡോര്‍ ഗാലറികളാണ് ഇവിടത്തെ പ്രത്യേകത. തിങ്കളാഴ്ച മ്യൂസിയം തുറക്കാറില്ല. 10 -6 ആണ് സമയം. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 25, മുതിര്‍ന്നവര്‍ക്ക് 50. ടോയ് ട്രെയിന്‍ യാത്രയ്ക്കുള്‍പ്പെടെയുള്ള നിരക്കാണിത്. സമീപത്തുള്ള ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ പ്രവേശിക്കണമെങ്കില്‍ ഫീസ് കൂടുതലാണ്. മൊബൈല്‍ ക്യാമറയ്ക്ക് ഫീസോ വിലക്കോ ഇല്ല. പക്ഷേ, ഡിഎസ്എല്‍ആര്‍ ക്യാമറയ്ക്ക് 100, വിഡിയോ ക്യാമറയ്ക്ക് 125 എന്നിങ്ങനെ ഫീസ് ഉണ്ട്.
സെന്റ് ജോര്‍ജ് കോട്ട
ഇന്ത്യന്‍ മണ്ണില്‍ ബ്രിട്ടീഷുകാര്‍ പണിത ആദ്യ കെട്ടിടമാണിത്. 1644 -ലായിരുന്നു കോട്ടയുടെ നിര്‍മാണം. വെള്ളി ഒഴികെ എല്ലാ ദിവസവും 9- 5 വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതിയുണ്ട്. അഞ്ചു രൂപയാണ് എന്‍ട്രി ഫീ. പതിനഞ്ച് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ഫ്രീ എന്‍ട്രിയാണ്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ ഛായാചിത്രങ്ങളുള്ള പോര്‍ട്രെയിറ്റ് ഗാലറി, ഏഷ്യയിലെ ആദ്യ ആംഗ്ലിക്കന്‍ പള്ളിയായ സെന്റ് മേരി ചര്‍ച്ച് എന്നിങ്ങനെ കോട്ടയ്ക്കുള്ളില്‍ വേറെയുമുണ്ട് കൗതുകങ്ങള്‍. ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം 3.2 കിലോമീറ്റര്‍ അകലെയാണ് കോട്ട.
വിക്ടറി വാര്‍ മെമ്മോറിയല്‍
ഒന്നാം ലോക മഹായുദ്ധത്തിലും രണ്ടാം ലോക മഹായുദ്ധത്തിലും പങ്കെടുത്ത് ജീവന്‍ ബലിയര്‍പ്പിച്ച മദ്രാസ് സൈനികര്‍ക്കുള്ള സ്മൃതികുടീരമാണിത്. കൗതുകകരമായ ആകൃതി കൊണ്ട് ക്യുപ്പിഡ്‌സ് ബോ എന്നൊരു പേരും ഉണ്ടായിരുന്നു. സെന്റ് ജോര്‍ജ് കോട്ടയുടെ തെക്കു ഭാഗത്തായാണ് മെമ്മോറിയല്‍. മറീന ബീച്ചിന്റെ ആരംഭവും ഇവിടെ വെച്ചുതന്നെ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Discover Chennai`s rich history with our guide to must-see landmarks. Explore museums, forts, and memorials.