തേയിലപോലെ ഉണക്കിയ ഹിജികി, വെള്ളത്തിലിട്ട് കുതിർത്ത് ഭക്ഷണത്തിൽ ചേർക്കാം

നൂറ്റാണ്ടുകൾക്കുമുമ്പേ ജപ്പാൻകാരുടെ ഭക്ഷണത്തിന്റെ ഭാഗമായിരുന്നു ഹിജികി എന്ന കടൽ ആൽഗ. മറ്റു കടൽപ്പായലുകളുടെ അത്രയും പ്രശസ്തി ലഭിച്ചിട്ടില്ലെങ്കിലും ഒട്ടേറെ രാജ്യങ്ങളിൽ ഇതുപയോഗത്തിലുണ്ട്. കൊറിയൻ ഭാഷയിൽ ടോട്ട് എന്നും അറിയപ്പെടുന്ന ഹിജികി, ജപ്പാൻ, കൊറിയ, ചൈന എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽ സാധാരണയായി കാണപ്പെടുന്നു. തവിട്ടുകലർന്ന പച്ച നിറത്തിൽ നീണ്ട വള്ളിപോലെയാണ് കടലിൽ കാണപ്പെടുക.
തിളപ്പിച്ച് ഉണക്കുമ്പോഴേക്കും കറുപ്പിനോടു ചേർന്ന നിറമാവും. തേയിലപ്പരിവത്തിൽ ഉണക്കിയെടുത്ത് ദീർഘനാൾ സൂക്ഷിച്ചുവെക്കാം. വിദേശരാജ്യങ്ങളിലേക്ക് ഹിജികി കയറ്റുമതി ചെയ്യുന്നത് ഇങ്ങനെയാണ്. അതേസമയം, കഴിക്കുന്നതിന് മുമ്പ്, സാധാരണ ഊഷ്മാവിലുള്ള വെള്ളത്തിൽ അരമണിക്കൂർ കുതിർത്തുവെച്ചോ തിളച്ച വെള്ളത്തിലിട്ടോ മൃദുവാക്കി എടുക്കാറാണ് പതിവ്. അധികം പേരും സാലഡുകളിലും റൈസിലും ചേർത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നു. വിവിധവിഭവങ്ങൾ ഗാർനിഷ് ചെയ്യാനും ഉപയോഗിക്കാറുണ്ട്. ഉപ്പും നേർത്ത മധുരവും കലർന്ന രുചിയാണ്.
ആരോഗ്യരഹസ്യം
മറ്റ് കടൽപ്പായലുകളെപ്പോലെ ഹിജികിയിലും നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ദഹനാരോഗ്യം മെച്ചപ്പെടുത്തും. വൈറ്റമിൻ കെ, ഇരുമ്പ്, കാൽസ്യം, അയഡിൻ, മഗ്നീഷ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. കലോറി കുറവായതുകാരണം കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നു.
ഉയർന്ന അളവിൽ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതിനാൽ ഹിജികി മിതമായ അളവിൽ കഴിക്കാനാണ് പൊതുവെ ശുപാർശ ചെയ്യപ്പെടുന്നത്. കൂടുതൽ കഴിച്ചാൽ ശരീരത്തിന് ദോഷകരമായി മാറിയേക്കാം.
ഹിജികിയിൽ ശരീരത്തിന് ഹാനികരമായ ഇനോർഗാനിക് ആർസെനിക് അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ദിവസത്തിൽ അഞ്ചു ഗ്രാമിൽ താഴെ മാത്രമേ ഇത് കഴിക്കാവൂ. ഈയൊരൊറ്റ കാരണങ്ങൾകൊണ്ട് ചില രാജ്യങ്ങളിൽ ഹിജികി നിരോധിച്ചിട്ടുപോലുമുണ്ട്.
1960-കളിൽ ഹിജികി അമേരിക്കക്കാരുടെ തീൻമേശയിലെത്തി. ഏഷ്യൻ-അമേരിക്കൻ ഗ്രോസറി ഷോപ്പുകളിൽ വ്യാപകമായി ലഭ്യമായിത്തുടങ്ങി. ഏകദേശം മൂന്നു പതിറ്റാണ്ടോളമായി ജപ്പാനിൽനിന്നും ബ്രിട്ടനിലേക്ക് ഹിജികി കയറ്റുമതി ആരംഭിച്ചിരുന്നു.
ശേഖരിക്കുന്നത്
വേലിയിറക്കസമയത്ത് മീൻപിടിത്തക്കാരും മറ്റുമാണ് തീരത്തോടു ചേർന്നയിടങ്ങളിൽ നിന്ന് ഹിജികി ശേഖരിക്കുക. ചില പ്രദേശങ്ങളിൽ ലൈസൻസുള്ളവർക്കുമാത്രമേ ഇതിന് അനുവാദമുള്ളൂ. വിളവെടുക്കുമ്പോൾ, ചെടി മുഴുവനായും മുറിച്ചെടുക്കാറില്ല, പിന്നീട് വളരാൻ അടിഭാഗം നിലനിർത്തിയശേഷമേ വിളവെടുപ്പ് നടത്താറുള്ളൂ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover the nutritional benefits, culinary uses, and potential risks of hijiki seaweed, a traditional Japanese ingredient.