'ജോലിയുമില്ല, പൈസയുമില്ല, ബ്രൈറ്റിലെ മട്ടന്‍ റോസ്റ്റേ കഴിക്കൂ' രുചികെടുത്തിക്കളഞ്ഞ ആ വാക്കുകള്‍

രുചിയോര്‍മ
#ഡോ.ജിജി ജെ. അലക്‌സ്
വര- ലിജീഷ് കാക്കൂർ
വര- ലിജീഷ് കാക്കൂർ

ചിലപ്പോഴൊക്കെ ഭക്ഷണം നമ്മളെ വല്ലാതെ വേദനിപ്പിക്കും, ചില വ്യക്തികളെ ഓര്‍മിപ്പിക്കും, ചിലപ്പോള്‍ ചില അനുഭവങ്ങള്‍ ഓര്‍മ്മിപ്പിക്കും, നമ്മള്‍ മറന്നതോ മറക്കുവാന്‍ ശ്രമിക്കുന്നതു ആയ ചില അനുഭവങ്ങളെ, ചില ഭക്ഷണങ്ങള്‍ നമ്മളെ ഓര്‍മിപ്പിക്കാറുണ്ട്. ഇടശ്ശേരിയുടെ 'പൊരിച്ച നഞ്ച്' എന്ന കഥയിലെ കഥാകാരനെ പോലെ തൊണ്ടയില്‍ ഒരു വേദന ഒരു ചെറു നോമ്പരം ഉണ്ടാക്കുന്ന ചില രുചികളും ഓര്‍മകളും  ഉണ്ട്. ഒരു കാലത്ത് നമ്മളെ വല്ലാതെ വേദനിപ്പിച്ചിരുന്നെങ്കിലും പിന്നീട് ചിരിക്കാന്‍ വക തരുന്ന അനുഭവങ്ങള്‍, നമ്മളെ ബലപ്പെടുത്തുന്ന അനുഭവങ്ങള്‍ എല്ലാം രുചിസ്മരണകള്‍ നമ്മുടെ ഉള്ളിലെവിടെയോ നിറച്ചിട്ടുണ്ട്. അങ്ങനെയുള്ള ഒരു അനുഭവം ആണിത്.

എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ അനുഭവമാണ്. അത്യാവശ്യം നല്ല ചുറ്റുപാടില്‍ വളര്‍ന്നുവന്ന ഒരാള്‍, ഒരു ദിവസം അതുവരെയും പരിചയമില്ലാത്ത, രണ്ടോ മൂന്നോ തവണ ടെലിഫോണിലൂടെ മാത്രം സംസാരിച്ചു പരിചയപ്പെട്ട ഒരു വ്യക്തിയെ കല്യാണം കഴിക്കുന്നു. സ്വന്തം വീട്ടില്‍നിന്നും മറ്റൊരു വീട്ടിലേക്കു പറിച്ചുനടപ്പെട്ട വിഹ്വലതകളൊക്കെ ബാധിച്ചുതുടങ്ങിയത് അടുക്കളയില്‍നിന്നാണ്. സ്വന്തം വീട്ടില്‍ ചോറും കാപ്പിയും എല്ലാം എടുത്തുതന്നിരുന്നത് അമ്മയാണ്; സ്‌കൂള്‍ കഴിഞ്ഞും, കോളേജ് വിട്ടും, ഹോസ്റ്റലില്‍നിന്ന് വരുമ്പോഴും അമ്മ തന്നെ ചോറ് വിളമ്പിത്തരും. അത് മാത്രമല്ല കൂടെയിരുന്ന് അന്ന് നടന്ന വിശേഷങ്ങളെല്ലാം ചോദിക്കും, ചോറിനാണോ രുചി, അമ്മയുടെ സ്‌നേഹത്തിനാണോ രുചി എന്നറിയാന്‍ പ്രയാസമായിരുന്നു.

പുതിയ വീട്ടിലെ ചുറ്റുപാടുകളെല്ലാം തികച്ചും വ്യത്യസ്ഥം. എല്ലാം പാകപ്പെടുത്തി വെയ്ക്കും, ആര്‍ക്കും ഇഷ്ടമുള്ളത് ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടം പോലെ വിളമ്പിക്കഴിക്കാം. അതാണ് ജനാധിപത്യം. ആരെയും നോക്കണ്ട, കാക്കണ്ട. ആദ്യമൊക്കെ അതല്പം ബുദ്ധിമുട്ടായി തോന്നി. ഭര്‍ത്താവിന് വിളമ്പാനായി പാത്രമെടുത്തപ്പോള്‍ അദ്ദേഹത്തിന്റെ അപ്പനും അമ്മയും പറഞ്ഞു, 'അവനറിയാം എന്ത് കഴിക്കണം, എത്ര കഴിക്കണം എന്ന്, ആരും കൊച്ചു കുട്ടികളല്ല, അവനവന്റെ കാര്യം നോക്കുക,' എത്ര സ്വാര്‍ത്ഥരാണ് മനുഷ്യര്‍, ഇവര്‍ നോര്‍മലല്ലേ എന്ന് അവള്‍ക്കു തോന്നി. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവരും അടുക്കളയില്‍ സ്വതന്ത്രരായി ഇടപഴകുന്നത്‌ അവളെ സന്തോഷപ്പെടുത്തി, കൊള്ളാം. ജെന്‍ഡര്‍പാരിറ്റി ഉണ്ട്. അത് മതി. 

അങ്ങനെയിരിക്കെ ഒരിക്കല്‍ ഭര്‍ത്താവ് ഒരു വിശേഷപ്പെട്ട കേക്ക് വാങ്ങിവന്നു. സ്റ്റോര്‍റൂമില്‍ നിന്നും നല്ല ഒരു പാത്രം കണ്ടെത്തി, അതില്‍ ഇട്ട് അവരുടെ കിടപ്പുമുറിയിലെ അലമാരിയില്‍ ഭദ്രമായി വെച്ചു. 'ഇതെന്താ കേക്ക് ഇവിടെ വെച്ചിരിക്കുന്നത്' എന്ന് അവള്‍ സംശയം ചോദിച്ചു, 'അത് നമുക്കു മാത്രം കഴിക്കാനുള്ളതാ,' 'അയ്യേ മോശം, പപ്പയും മമ്മയും എന്ത്  വിചാരിക്കും?' 'എന്ത് വിചാരിക്കാനാ, അവരും പണ്ടിങ്ങനെ തന്നെ ആയിരുന്നു', 'എന്ത്, നിങ്ങള്‍ മക്കള്‍ക്ക് തരാതെ ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുമോ,' 'ഭക്ഷണമല്ല ഇങ്ങനത്തെ വിശേഷപ്പെട്ട പലഹാരങ്ങളും, വില കൂടിയ മധുരങ്ങളൊക്കെ മമ്മേടെ അലമാരിയില്‍ ഇരിക്കും. വല്ലപ്പോഴും ഒരെണ്ണം കിട്ടിയാലായി,' അവള്‍ക്ക് തന്റെ അച്ഛനോടും അമ്മയോടും കൂടുതല്‍ സ്‌നേഹം തോന്നി. ഭക്ഷണം ഒരു ബന്ധനമാകുന്നത് അവള്‍ മനസ്സിലാക്കി. 'ഇത് വേണ്ട ചേട്ടാ, ശരിയാവില്ല, എനിക്ക് ആ കേക്ക് കഴിക്കാനും തോന്നുന്നില്ല.' മനസ്സില്ലാമനസ്സോടെ ഭര്‍ത്താവ് ആ കേക്ക് അടുക്കളയില്‍ കൊണ്ട് വെച്ചു. ആരൊക്കെയോ അത് കഴിച്ചു. അവള്‍ക്കത് കഴിക്കാന്‍ തോന്നിയില്ല.

അങ്ങനെയിരിക്കെ ഒരീസം സ്‌നേഹസമ്പന്നനായ ഭര്‍ത്താവ് കൊട്ടിയത്തുള്ള ബ്രൈറ്റ് ഹോട്ടലില്‍ നിന്നും ചൂട് പൊറോട്ടയും, മട്ടന്‍ റോസ്റ്റും പാഴ്‌സല്‍ മേടിച്ചു കൊണ്ട് വരുന്നു. (കൊല്ലം ജില്ലയിലെ കൊട്ടിയം ഹോട്ടല്‍ അത്യാവശ്യം പ്രശസ്തമാണ്, പ്രത്യേകിച്ചും മട്ടന്‍ വിഭവങ്ങള്‍) വീട്ടിലുള്ളവര്‍ പ്രത്യേകിച്ച് ഒരു കൗതുകവും കാണിച്ചില്ല, പക്ഷെ അവള്‍ക്കു ആദ്യമായി അയാളോട് വല്ലാത്ത സ്‌നേഹം തോന്നി. അയാള്‍ അവള്‍ക്കു അച്ഛനെ പോലെ തോന്നി. ജോലിയൊക്കെ കഴിഞ്ഞു അച്ഛന്‍ വരുമ്പോള്‍ മാസാവസാനം ഇങ്ങനെ ഒരു ചടങ്ങുകൂടി ചെയ്യാറുണ്ട്. കൊട്ടിയത്ത് ബസ്സിറങ്ങി അവിടെനിന്നും പൊറോട്ടയും മട്ടന്‍ റോസ്റ്റും അമ്മയ്ക്കും മക്കള്‍ക്കും പാഴ്‌സല്‍ മേടിച്ചുകൊണ്ടേ അച്ഛന്‍ വരൂ. 

അവളുടെ അടുത്തിരുന്നു അയാള്‍ അത് പാത്രത്തിലേക്ക് വിളമ്പിക്കൊടുത്തു. അവളതു കൊതിയോടെ, രുചിയോടെ കഴിക്കുന്നത് ചിരിച്ചുകൊണ്ട് അയാള്‍ നോക്കിയിരിക്കുന്നത് കണ്ടപ്പോള്‍ അവള്‍ക്കു അവളുടെ അമ്മയെ ഓര്‍മ്മ വന്നു. ഇനി മുതല്‍ ഭര്‍ത്താവ്‌ തന്നെയാണ് അവള്‍ക്കും അച്ഛനും അമ്മയും എന്നവള്‍ തീരുമാനിച്ചു, പിന്നീട് ഇടയ്‌ക്കെല്ലാം അയാള്‍ പൊറോട്ടയും, മട്ടനും മേടിച്ചു കൊണ്ട് വരും, അവര്‍ ഒരുമിച്ചു കഴിക്കും. അങ്ങനെ അവരുടെ ദാമ്പത്യവല്ലരി പൊറോട്ടയാലും മട്ടന്‍കറിയാലും പരിപോഷിപ്പിക്കപ്പെട്ട് വളര്‍ന്നു പന്തലിച്ചു.

പറഞ്ഞുറപ്പിച്ച കച്ചവടക്കല്യാണമായിരുന്നതിനാല്‍ പറഞ്ഞ തുക പറഞ്ഞ സമയത്ത് കിട്ടാത്തതിന്റെ അസ്വാരസ്യങ്ങള്‍ അവളുടെ ഭര്‍തൃഗൃഹത്തില്‍ നിശ്ശബ്ദം അലയടിക്കുവാന്‍ തുടങ്ങി. അതിനിടയില്‍ അവള്‍ ഗര്‍ഭിണിയുമായി. മെല്ലെ മെല്ലെ സാമ്പത്തിക പ്രതിസന്ധികളൊക്കെ ഭര്‍ത്താവ് ഉച്ചത്തില്‍ പറയാന്‍ തുടങ്ങി, പക്ഷേ ആ കൂട്ടുകുടുംബത്തിലെ ആരും അതത്ര പരിഗണിച്ചില്ല. അവരുടെ കാര്യം അതവര്‍ എങ്ങനെയെങ്കിലും നോക്കിക്കൊള്ളും, ഏതായാലും, ആഹാരം, വസ്ത്രം, പാര്‍പ്പിടം ഇതിന് അവര്‍ക്കു പ്രയാസമില്ലല്ലോ എന്നായിരുന്നു വീട്ടുകാരുടെ ചിന്ത. ഇങ്ങനെയൊക്കെ തട്ടിമുട്ടി ജീവിതനൗക മുമ്പോട്ട് കുതിക്കുന്നു. തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും, ഭാവിജീവിതത്തെ നോക്കുമ്പോഴുള്ള അസ്ഥിരതയും അവളെ വല്ലാതെ കുഴപ്പിച്ചു, അപ്പോള്‍ അവള്‍ക്ക് വീണ്ടും ഒരാഗ്രഹം. ബ്രൈറ്റ് ഹോട്ടലില്‍ നിന്നും പൊറോട്ടയും മട്ടനും കഴിക്കണം. ഭര്‍ത്താവിനോട് ആഗ്രഹം പറയുന്നു, അയാള്‍ അത് സാധിച്ചു കൊടുക്കാമെന്നേല്‍ക്കുന്നു. അങ്ങനെ ഉള്ള കാശ് കൊടുത്തു പൊറോട്ടയും മട്ടനും വാങ്ങി ഭാര്യയ്ക്ക് കൊടുക്കുന്നു. 

ആ മാസത്തെ  ചെക്കപ്പിന് ഡോക്ടറിന്റെ അടുത്ത് പോയപ്പോള്‍ അവര്‍ ഉപദേശിക്കുന്നു. 'ആദ്യത്തെ ട്രൈമെസ്റ്റര്‍ കുറച്ചു സൂക്ഷിക്കണം. കഴിയുമെങ്കില്‍ വീട്ടില്‍ തന്നെ റസ്റ്റ് എടുക്കൂ, മൂന്ന് മാസം റസ്റ്റ് കുഞ്ഞിനും ആവശ്യമാണ്.' പൊതുവെ ജോലിക്ക് പോകാന്‍ താല്പര്യമില്ലാത്ത അവള്‍ക്ക് സന്തോഷമായി, ഇനി വീട്ടിലിരുന്നു റസ്റ്റ് എടുക്കാമല്ലോ. വീട്ടിലെത്തിയാല്‍ അപ്പനുമമ്മയും അന്വേഷിക്കുമല്ലോ, ഡോക്ടര്‍ എന്ത് പറഞ്ഞുവെന്ന്. അപ്പോള്‍ താന്‍ പറയും, 'റസ്റ്റ് എടുക്കാന്‍ ഡോക്ടര്‍ പറഞ്ഞു'വെന്നു, അങ്ങനെ എല്ലാം ശുഭമാകും. ഇതായിരുന്നു അവളുടെ ധാരണ, പക്ഷെ അത് അബദ്ധധാരണ ആയിരുന്നു എന്നവള്‍ക്കു പെട്ടെന്ന്  തന്നെ മനസ്സിലായി. വീട്ടിലെത്തിയപ്പോള്‍ ആരും ഡോക്ടര്‍ എന്ത് പറഞ്ഞുവെന്നു അവരോടു ചോദിച്ചതുമില്ല, അവരാരോടും പറഞ്ഞതുമില്ല. അങ്ങനെ വീണ്ടും ജീവിതശകടം മുന്‍പോട്ടു തന്നെ ഉരുണ്ടുപിരണ്ട് ഓടിപ്പോയി.

അങ്ങനെയിരിക്കെ അവള്‍ക്കു ജോലിക്കു പോകാന്‍ തീരെ വയ്യാതായി, താല്പര്യവുമില്ലാതായി, അപ്പോള്‍ വീണ്ടും വിശപ്പും കൊതിയുമൊക്കെ ആഗ്രഹിക്കാനും തുടങ്ങി, അങ്ങനെയൊരിക്കല്‍ വീണ്ടും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു, ക്ഷുഭിതനായ ഭര്‍ത്താവ് പൊട്ടിത്തെറിച്ചു, 'ജോലിയുമില്ല, പൈസയുമില്ല, ബ്രൈറ്റിലെ മട്ടന്‍ റോസ്റ്റേ കഴിക്കൂ.' അവിടെനിന്നും അവര്‍ ഒരുപാടു ദൂരം മുന്‍പോട്ടു സഞ്ചരിച്ചു, രണ്ടു പേര്‍ക്കും പുതിയ ജോലി കിട്ടി, പുതിയ വീട് വെച്ചു, മൂന്നു കുട്ടികളുമായി, പക്ഷേ ഒരിക്കല്‍ വളരെ വേദനയോടെ എന്റെ പ്രിയ കൂട്ടുകാരി പറഞ്ഞു, 'പണ്ടൊരിക്കല്‍ ഭര്‍ത്താവു പറഞ്ഞ ആ വാക്കുകള്‍ എന്റെ മട്ടന്‍ രുചിയെ കെടുത്തിക്കളഞ്ഞു. പിന്നീടൊരിക്കലും എനിക്ക് മട്ടന്‍ കഴിക്കാന്‍ തോന്നിയിട്ടേയില്ല.'

Content Highlights: gigi j alex share food memories of a joint family