ലീലാന്റിയുടെ ലെമണെയ്ഡും മാര്‍ബിള്‍ കേക്കും; രുചിമുകുളങ്ങളെ അലിയിച്ചുകളഞ്ഞൊരു ഓര്‍മ

ചില ആളുകള്‍ അങ്ങനെയാണ്. നമ്മള്‍ വെറുതെയങ്ങു പരിചയത്തിലാകും. ഞാനും ലീലാന്റിയും ഒരേ പള്ളിയില്‍ പോകുന്നവരായതുകൊണ്ട് മാത്രം കാണാനും പരിചയപ്പെടാനും ഇടയായവരാണ്. പക്ഷെ ഞങ്ങള്‍ രണ്ടുപേരും പെട്ടെന്ന് തന്നെ അടുത്തു. മിക്കവാറും ആന്റിയുടെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരുമായിരുന്നു ഞങ്ങള്‍. എപ്പോള്‍ ചെന്നാലും ആന്റി ഇന്‍സ്റ്റന്റ് ആയി തയ്യാറാക്കി തരുന്ന ഒരു ദാഹശമനി ഉണ്ട്, നല്ല സൂപ്പര്‍ ലെമണെയ്ഡ്, നാരങ്ങാനീരും, പഞ്ചസാരയും, ചേര്‍ത്ത് നല്ല ഫിസ്സുള്ള പാനീയം. ആവശ്യത്തിന് മധുരം, ചെറിയ പുളി ഇതൊക്കെ തന്നെയാണ് അതിഷ്ടപ്പെടാനുള്ള കാരണവും.
ആന്റി തരുന്ന ലെമണെയ്ഡ് കുടിക്കാന്‍ വേണ്ടി മാത്രമല്ലേ അവിടെ പോകുന്നതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അത് മാത്രമല്ല ജോസഫ് അങ്കിളും ഒരു കാരണമാണ്. കുറിക്കുകൊള്ളുന്ന തമാശ അതിഗൗരവമായി അദ്ദേഹം പറയും. പോരെങ്കില്‍, ആരെയും അത്ര വകവെയ്ക്കുന്ന ഒരു പ്രകൃതമല്ല അങ്കിള്‍, ചുരുക്കി പറഞ്ഞാല്‍ ഇവര്‍ രണ്ടുപേരും സോഡാ നാരങ്ങാവെള്ളവും, ബ്രൂകോഫിയും പോലെയാണ്, ഒരാള്‍ തണുപ്പും മറ്റെയാള്‍ ചൂടും. ഒരു ഞായറാഴ്ച പള്ളിയില്‍ കണ്ടില്ലെങ്കില്‍ ആന്റി വിളിച്ചന്വേഷിക്കുന്ന നിലയില്‍ വരെ ഞങ്ങളുടെ ആത്മബന്ധം വളര്‍ന്നു.
മെല്ലെ സന്ദര്‍ശനങ്ങളും കൂടിക്കൂടി വന്നു, അങ്ങനെ ഒരു ദിവസം ആന്റി വിളിക്കുന്നു, 'റാണി, അടുത്താഴ്ച പള്ളിയില്‍ വന്നിട്ട് പോകുമ്പോള്‍ വീട്ടിലൊന്നു കയറണേ' ' ഓ പിന്നെന്താ' എന്ന് ഞാനും മൊഴിഞ്ഞു. അന്നാണ് ആദ്യമായി ആന്റി ഉണ്ടാക്കുന്ന മാര്‍ബിള്‍ കേക്ക് ഞാന്‍ കഴിക്കുന്നത്. വെറും 'ഹായ് ബൈ' പരിചയത്തില്‍ നിന്നും തുടങ്ങി, ആന്റി അവരുടെ മകള്‍, അമേരിക്കയിലുള്ള റോഷന് കൊടുത്തയക്കാനായി കേക്ക് ഉണ്ടാക്കിയപ്പോള്‍ ഒരെണ്ണം എനിക്കും ഉണ്ടാക്കി വെച്ചിരിക്കുന്നതു വരെയെത്തി കാര്യങ്ങള്‍. എനിക്ക് വല്ലാതെ സന്തോഷവും, സ്‌നേഹവും തോന്നി. അപ്പോള്‍ എന്നെയും ഒരു മകളെ പോലെ ആന്റിക്ക് തോന്നി എന്നര്‍ത്ഥം. ഞാനപ്പോള്‍ തന്നെ എന്റെ സ്വന്തം അമ്മയെ വിളിച്ചു വിവരം പറഞ്ഞു, ഇനി പിടിത്തം കിട്ടില്ല, ഇപ്പോള്‍ പരിചയക്കാര്‍ക്കു ഞാന്‍ ജനിക്കാതെ പോയ മകളാണ് എന്നൊക്കെ കുറച്ചു ബില്‍ഡ് അപ്പ് കൊടുത്തു.
തിരികെ വീട്ടില്‍ വന്നു, അപ്പോള്‍ത്തന്നെ പാക്കറ്റ് തുറക്കാന്‍ തുടങ്ങിയപ്പോള്‍ രണ്ട് വയസ്സുകാരി മോള്‍ ചോദിച്ചു, 'ഇതെന്താ അമ്മ മാര്‍ബിള്‍ കേക്ക്'. വരയന്‍ മാര്‍ബിള്‍ കേക്ക് ഞങ്ങള്‍ മുറിച്ചു, കഴിച്ചു. അടിപൊളിയായിരുന്നു, ഏറ്റവും ക്ലാസിക് അതിന്റെ മണം, വെണ്ണയുടെയും കൊക്കോയുടെയും സൗരഭ്യം വീട്ടില്‍ നിറഞ്ഞു. പിന്നെ ആ കേക്കിന്റെ മൃദുലത, അത് വെണ്ണ പോലെ മൃദുലമായിരുന്നു, നാവില്‍ വെച്ചപ്പോള്‍ അത് മെല്ലെ രുചിമുകുളങ്ങളിലേക്കു പടര്‍ന്നു. അതിനു മുന്‍പും, പിന്‍പും മാര്‍ബിള്‍ കേക്ക് കഴിച്ചിട്ടുണ്ട്. പക്ഷെ ഇത്രയും രുചി ഇന്ന് വരെ കിട്ടിയിട്ടില്ല, അത് കൊണ്ട് തന്നെ ലീല ആന്റി ഈസ് ഈക്വല്‍ റ്റു മാര്‍ബിള്‍ കേക്ക്.
പക്ഷേ കോവിഡ് കാലത്ത് ലീല ആന്റി എനിക്ക് തന്ന ഒരു വിശിഷ്ടപാനീയമാണ് വീട്ടില്‍ പലരുടെയും ആരോഗ്യപരിപാലനത്തിന് ഏറ്റവും കൂടുതല്‍ പങ്കുവഹിച്ചത്. അതെനിക്ക് കുടിക്കുവാന്‍ തന്നു, പിന്നെ ആ ഒറ്റമൂലിയുടെ ചേരുവകള്‍ പറഞ്ഞും തന്നു. കുറച്ചു നെല്ലിക്ക, രണ്ടു നാരങ്ങയുടെ നീര്, നാലു കാന്താരിമുളക്, രണ്ടുതണ്ട് കറിവേപ്പില എന്നിവ നീരാക്കി, വെള്ളത്തില്‍ അലിയിച്ചു ഉപ്പു വേണമെങ്കില്‍ ചേര്‍ത്ത് കുടിക്കുക, ഒന്നാംതരം ദാഹശമനി, അത്യുഗ്രന്‍ രോഗശമിനി. കൊറോണക്കാലത്ത് ഞങ്ങളുടെ ദേശീയ പാനീയം ഈ നെല്ലിക്ക-നാരങ്ങ ജ്യൂസ്(നെല്ലിക്ക, കാന്താരി, നാരങ്ങാ, കറിവേപ്പില ) ആയിരുന്നു.
പക്ഷേ ഇതൊക്കെ ആണെങ്കിലും ആദ്യമായി ഒരു കേക്ക് ഉണ്ടാക്കുവാന്‍ എനിക്ക് ആഗ്രഹം തോന്നിപ്പിച്ചതും ഉണ്ടാക്കുവാന്‍ എന്നെ പഠിപ്പിച്ചതും ഷാനയാണ്. ഷാന കേക്കുകള്‍ ഉണ്ടാക്കുന്നത് കണ്ട് പലപ്പോഴും ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. അത്ര കൈവഴക്കത്തോടെ കൃത്യമായ അളവില്‍ ചേരുവകള്‍ ചേര്‍ക്കുകയും ഏറ്റവും മൃദുലമായ കേക്കുകള്‍ ഉണ്ടാക്കുന്നതും കണ്ട് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു, എല്ലാ ഇന്‍ഗ്രീഡിയന്‍സും വാങ്ങിക്കൊണ്ടു വരണം, ഒരു ഡെമോ ഞാന്‍ ചെയ്തു തരാം, റാണിയെക്കൊണ്ട് ചെയ്യിപ്പിക്കാം എന്നുപറഞ്ഞ് എനിക്ക് ആദ്യമായി ഒരു പ്രാക്ടിക്കല്‍ ഡെമോ തരുന്നത് ഷാനയാണ്.
ഷാന ഉണ്ടാക്കുന്ന ബട്ടര്‍ കേക്കും ബ്ലാക്ക് ഫോറെസ്റ്റും പേരറിയാത്ത എണ്ണമറ്റ കുക്കീസും പേസ്ട്രികളും വേറെ എവിടെയും അതേ രുചിയില്‍ കഴിക്കുവാന്‍ സാധിക്കുകയില്ല. അത്രയും കൈപ്പുണ്യം അവര്‍ക്കുണ്ട്. ഷാന കേക്ക് ഡെമോ കാണിച്ചു തന്നതിനുശേഷമാണ് ബേക്കിങ് ഒരു അപാരമായ സ്‌കില്‍ ആണെന്നും, അതിനാല്‍ ക്ഷമയും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ മാത്രമേ നല്ല ഒരു ബേക്കര്‍ ആകുവാന്‍ സാധിക്കുകയുള്ളൂ എന്നും ഞാന്‍ പഠിച്ചത്.
Content Highlights: gigi j alex share a memory about her friend leela aunty who made tasty lemonade and marble cakes