ചപ്പാത്തി ബാക്കി വന്നാല്‍ ലഡുവും നൂഡില്‍സുമുണ്ടാക്കാം

ബാക്കിവന്ന ചപ്പാത്തി വെറുതെ കളയുന്നതെങ്ങനെ? ചെറിയ ചില പൊടിക്കൈകള്‍കൊണ്ട് രുചികരമായ പുതിയ വിഭവങ്ങളുണ്ടാക്കാം.
ഏഴോ എട്ടോ ചപ്പാത്തി ബ്ലെന്‍ഡറിലിട്ട് ഒന്ന് നുറുക്കിയെടുക്കുക. ഒരു പാനില്‍ പാചക എണ്ണ ചൂടാകുമ്പോള്‍ നീളത്തിലരിഞ്ഞ രണ്ട് പച്ചമുളക്, നുറുക്കിയ വെളുത്തുള്ളി-ഇഞ്ചി, ഒരു സവാള എന്നിവയുമിട്ട് വഴറ്റുക. പച്ചമണം മാറുമ്പോള്‍ ഗ്രേറ്റ് ചെയ്ത കാരറ്റും നീളത്തില്‍ നേര്‍മയായി മുറിച്ച കാപ്‌സിക്കവുമിട്ട് വഴറ്റുക. അതിലേക്ക് നുറുക്കിയ ചപ്പാത്തിയും ഇഷ്ടമുള്ള സോസുമൊഴിച്ച് ഇളക്കിയെടുക്കാം. വ്യത്യസ്തമായ ചപ്പാത്തി നൂഡില്‍സ് റെഡി. ആവശ്യമെങ്കില്‍ ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് ഇളക്കാം.
മൂന്ന് ചപ്പാത്തി ആവശ്യമുള്ള വലുപ്പത്തില്‍ മുറിച്ചുവെക്കുക. ഒരു പാത്രത്തില്‍ മഞ്ഞള്‍പൊടി, മുളകുപൊടി, ആവശ്യത്തിന് കടലമാവ്, അല്പം ഉപ്പ് എന്നിവ അല്പം വെള്ളമൊഴിച്ച് യോജിപ്പിക്കുക. മുറിച്ച ചപ്പാത്തി, തയ്യാറാക്കിയ മാവില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കാം.
ചപ്പാത്തി നന്നായി ചൂടാക്കിയശേഷം അതിനുനടുവിലായി ഇഷ്ടമുള്ള സ്റ്റഫിങ് വെച്ച് ചുരുട്ടിയെടുക്കാം. മുട്ടയില്‍ സവാളയും പച്ചമുളകുമിട്ട് വഴറ്റിയെടുത്തതോ, കുക്കുംബര്‍, തക്കാളി എന്നിവ നുറുക്കിയതോ വെച്ച് റോള്‍ ചെയ്യാം.
ഒരു പാത്രത്തില്‍ മൂന്ന് മുട്ട പൊട്ടിച്ചൊഴിച്ച്, അതില്‍ നുറുക്കിയ സവാള, പച്ചമുളക്, തക്കാളി എന്നിവയും ഉപ്പുമിട്ട് നന്നായി ഇളക്കിവെക്കുക. ചപ്പാത്തി പാനിലിട്ട് ചൂടാകുമ്പോള്‍ ഒരുഭാഗത്ത് മുട്ടക്കൂട്ടൊഴിച്ച് വേവുമ്പോള്‍ തിരിച്ചിട്ട് വേവിക്കാം.
നാലോ അഞ്ചോ ചപ്പാത്തി നുറുക്കിവെക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. ശേഷം ഒരു സവാള, മൂന്ന് പച്ചമുളക് എന്നിവ നുറുക്കിയതും ഉപ്പും ചേര്‍ത്ത് വഴറ്റുക. അതിലേക്ക് ചപ്പാത്തി നുറുക്കിയതിട്ട് നന്നായി ഇളക്കിയെടുക്കാം. രുചി കൂട്ടാന്‍ സവാള വഴറ്റുമ്പോള്‍ തന്നെ ഇഷ്ടമുള്ള മസാലപ്പൊടിയും ചേര്‍ക്കാം. ചിക്കന്‍മസാലയോ, ഗരംമസാലയോ ആയിരിക്കും കൂടുതല്‍ നല്ലത്.
ആറ് ചപ്പാത്തി മിക്‌സിയിലിട്ട് നന്നായി പൊടിച്ചുവെക്കുക. പാന്‍ ചൂടാകുമ്പോള്‍ അതില്‍ നെയ്യൊഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാര ചേര്‍ത്തിളക്കുക. നന്നായി ഉരുകിക്കഴിയുമ്പോള്‍, അതിലേക്ക് ചപ്പാത്തി പൊടിച്ചതിട്ട് ഇളക്കാം. അതിലേക്ക് കശുവണ്ടി നുറുക്കിയതും കിസ്മിസും ചേര്‍ത്ത് വീണ്ടുമിളക്കി കട്ടിയായാല്‍ അടുപ്പില്‍നിന്നിറക്കാം. തണുക്കുമ്പോള്‍, ഉരുളകളാക്കിയെടുക്കാം. ചപ്പാത്തി ലഡു തയ്യാറായി.
Content Highlights: food items from leftover chapathi