പൊറോട്ട മലയാളികളുടെ ഒരു വികാരമാണ്. എത്ര കഴിച്ചാലും മതിവരില്ല. വീട്ടിലുണ്ടാക്കുന്നതോ വാങ്ങുന്നതോ ഏതുമാവട്ടെ. പൊറോട്ട ബാക്കി വന്നാല്‍ എന്തുചെയ്യും? പൊറോട്ടയില്‍നിന്ന് പുതിയ ചില വിഭവങ്ങള്‍ പരീക്ഷിച്ചാലോ?

To advertise here,

ഒരുപാനില്‍ അല്പം ബട്ടറിട്ട് ചൂടാകുമ്പോള്‍, ഒരു കാപ്‌സിക്കം, ഒരു തക്കാളി, ഒരു സവാള എന്നിവ നന്നായി നുറുക്കിയത് ചേര്‍ത്ത് വഴറ്റുക. പച്ചമണം മാറുമ്പോള്‍ അടുപ്പില്‍നിന്നിറക്കാം. മറ്റൊരു പാനില്‍ പൊറോട്ട ചൂടാക്കി, ഒരുവശത്ത് നേരത്തെ തയ്യാറാക്കിയ പച്ചക്കറിക്കൂട്ടും ഇടണം. എന്നിട്ട് പുറത്തെടുത്ത്, കുറച്ച് ടൊമാറ്റോ കെച്ചപ്പ് തൂവി, മുകളില്‍ ചീസും വെക്കാം. വ്യത്യസ്തമായ പിസ റെഡി. 

ഒരുകപ്പ് പാലില്‍ സ്വീറ്റ് ചോക്ലേറ്റിട്ട് ചൂടാക്കിയെടുക്കുക. കുറുകിവരുമ്പോള്‍ മാറ്റിവെക്കുക. ചൂടാക്കിയെടുത്ത പൊറോട്ടയുടെ ഒരുവശത്ത് മുഴുവന്‍ ഈ ചോക്ലേറ്റ് പുരട്ടുക. അതിനുമുകളില്‍ ഇഷ്ടാനുസരണം കശുവണ്ടി, പിസ്ത, കിസ്മിസ് എന്നിവ നുറുക്കിയതും വിതറി റോള്‍ ചെയ്‌തെടുക്കാം. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രുചികരമായൊരു വിഭവം തയ്യാര്‍. 

ഒരു പാത്രത്തില്‍ രണ്ട് മുട്ട പൊട്ടിച്ച് നന്നായടിച്ചെടുക്കുക. അതിലേക്ക് രണ്ട് മുളക് ചെറുതായി അരിഞ്ഞതും രണ്ട് ചെറിയുള്ളി നുറുക്കിയതും അല്പം കുരുമുളകുപൊടിയും ചേര്‍ത്ത് നന്നായി ഇളക്കണം. ഒരു പാനില്‍ പൊറോട്ടയിട്ട് ചൂടാകുമ്പോള്‍, മുകളില്‍ അല്പം എണ്ണ പുരട്ടുക. ശേഷം അതിലേക്ക് നേരത്തെ തയ്യാറാക്കിയ മുട്ടക്കൂട്ട് അല്പമൊഴിച്ച് നന്നായി പരത്തുക. വെന്തുകഴിയുമ്പോള്‍, തിരിച്ചിട്ട് വേവിക്കാം.

രണ്ടോ മൂന്നോ പൊറോട്ട ചെറുതായി നുറുക്കിവെക്കുക. ഒരു കാപ്‌സിക്കം, ഒരു സവാള എന്നിവ ചെറുതായി നുറുക്കിവെക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള നുറുക്കിയത്, അല്പം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവയിട്ട് വഴറ്റുക. സവാള ബ്രൗണ്‍നിറമാകുമ്പോള്‍ അതിലേക്ക് കാപ്‌സിക്കം ഇടാം. ശേഷം മുളകുപൊടിയും ഉപ്പുമിട്ട് വീണ്ടുമിളക്കുക. പൊറോട്ടയിട്ട് വീണ്ടും വഴറ്റുക. അവസാനം മല്ലിയില തൂവി അടുപ്പില്‍നിന്നിറക്കാം. ഇഷ്ടമാണെങ്കില്‍ മുളകുപൊടിയുടെ കൂടെ അല്പം ടൊമാറ്റോ സോസ്, ചില്ലി സോസ് എന്നിവയും ചേര്‍ക്കാം. കാപ്‌സിക്കം ഇട്ടശേഷം ചിക്കന്‍ വേവിച്ച് മിന്‍സ് ചെയ്തതോ അല്ലെങ്കില്‍ രണ്ട് മുട്ട പൊട്ടിച്ചതോ ചേര്‍ത്താല്‍ വ്യത്യസ്തമായിരിക്കും.  

രണ്ടോ മൂന്നോ പൊറോട്ട നുറുക്കിയത് അല്പം ചിക്കന്‍ ഗ്രേവിയിലോ, ബീഫിന്റെ ഗ്രേവിയിലോ ഇട്ട് ഇളക്കിയെടുത്താലോ? അതും രുചികരമായിരിക്കും.  

ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഒരു കാപ്‌സിക്കം നുറുക്കിയതും അല്പം മുളകുപൊടിയുമിട്ട് വഴറ്റുക. ശേഷം 100 ഗ്രാം പനീര്‍ നുറുക്കിയതും വേവിച്ച കാല്‍ കപ്പ് ഗ്രീന്‍പീസും ചേര്‍ത്ത് വീണ്ടുമിളക്കുക. ചൂടാക്കിയ പൊറോട്ടയുടെ നടുവില്‍ ഒരു സ്പൂണ്‍ പനീര്‍ കൂട്ട് വെക്കുക. എന്നിട്ട് ചുരുട്ടിയെടുക്കാം.