ലോകത്തിന്റെ പ്രിയവിഭവം ഇനി വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാം

ലോകമെമ്പാടും പ്രിയമുള്ളൊരു ഭക്ഷണമാണ് പാസ്ത. ഇറ്റാലിയൻ വിഭവമെന്ന് പൊതുവെ പറയുന്ന പാസ്തയ്ക്ക് പിന്നിൽ ആയിരക്കണക്കിന് വർഷങ്ങളുടെ ഭക്ഷണചരിത്രവും സംസ്കാരവും ഒളിഞ്ഞിരിപ്പുണ്ട്. പാസ്തയുടെ ഉത്ഭവം ഒരു രാജ്യത്തേക്ക് മാത്രം ചുരുക്കി പറയാൻ കഴിയില്ല. ചൈനയിലും ഇറ്റലിയിലും മെഡിറ്ററേനിയൻ പ്രദേശങ്ങളിലുമൊക്കെ ഇതുപോലെ മാവ് കൊണ്ട് തയ്യാറാക്കുന്ന, വ്യത്യസ്ത രൂപത്തിലുള്ള വിഭവങ്ങൾ പുരാതന കാലം മുതൽ നിലനിന്നിരുന്നു.
ഗോതമ്പ് മാവിൽ നിന്നുള്ള നൂഡിൽസ് ആയിരക്കണക്കിന് വർഷങ്ങളായി ചൈനീസ് ഭക്ഷണസംസ്കാരത്തിന്റെ ഭാഗമാണ്. പുരാതന ഗ്രീക്ക്, റോമൻ സംസ്കാരങ്ങളിൽ പാസ്തയോട് സാമ്യമുള്ള മാവുവിഭവങ്ങൾ ഉണ്ടായിരുന്നു. ലഗാന (Lagana) എന്ന നേർത്ത മാവുപാളികൾ ലസാനിയയുടെ പൂർവരൂപമായാണ് കരുതപ്പെടുന്നത്. ഏകദേശം 12-ാം നൂറ്റാണ്ടോടെ ഉണക്കിയ പാസ്തയുടെ നിർമ്മാണവും വ്യാപാരവും സിസിലിയിൽ വളർന്നിരുന്നു. അറബ് വ്യാപാരികളും ഭരണാധികാരികളും ഈ സാങ്കേതികവിദ്യയുടെ വളർച്ചയിൽ പങ്കുവഹിച്ചിരിക്കാമെന്ന് ചരിത്രകാരന്മാർ കരുതുന്നു. ഡ്രൈഡ് പാസ്ത അന്നത്തെ കപ്പൽ യാത്രികർക്ക് വലിയൊരു ആശ്വാസം തന്നെയായിരുന്നു. അധിക കാലം കേടുകൂടാതെയിരിക്കുമെന്നതും പെട്ടെന്ന് പാകം ചെയ്ത് കഴിക്കാമെന്നുള്ളതുമായിരുന്നു പാസ്തയെ യാത്രികരുടെ ഇഷ്ട ഭക്ഷണമാക്കിയത്. ഇന്ന് ലോകമെങ്ങും അനല്പമായ പാസ്ത പ്രേമികളുണ്ടെന്നതിന് തെളിവാണ് വർധിച്ചു വരുന്ന കഫേകളും പലതരം പാസ്തകൾ വിളമ്പുന്ന റെസ്റ്റോറന്റുകളും. അങ്ങനെയെങ്കിൽ നമുക്കും എളുപ്പത്തിലൊരു ക്രീമി പാസ്ത തയ്യാറാക്കിയാലോ...
പിങ്ക് സോസ് പാസ്ത
ചേരുവകൾ:
പെന്നെ പാസ്ത - ഒരു കപ്പ്
തക്കാളി - മൂന്നെണ്ണം
സവാള - ഒന്ന്
വെളുത്തുള്ളി ചതച്ചത് - ഒരു ടീസ്പൂൺ
ഫ്രഷ് ക്രീം - കാൽ കപ്പ്
ഗ്രേറ്റഡ് ചീസ് - മൂന്ന് ടേബിൾസ്പൂൺ
ഒറിഗാനോ - ഒരു ടീസ്പൂൺ
ചില്ലി ഫ്ലേക്സ് - രണ്ട് ടീസ്പൂൺ
കുരുമുളകുപൊടി - കാൽ ടീസ്പൂൺ
ബട്ടർ - രണ്ട് ടേബിൾ സ്പൂൺ
ടൊമാറ്റോ കെച്ചപ്പ് - രണ്ട് ടേബിൾസ്പൂൺ
സൺഫ്ളവർ ഓയിൽ - ഒരു ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: രണ്ട് കപ്പ് വെള്ളത്തിൽ പാസ്തയും ആവശ്യത്തിന് ഉപ്പും ഓയിലും ചേർത്ത് എട്ട് മിനിറ്റ് വേവിച്ച് വെള്ളം വാർത്തു വെക്കുക. തിളയ്ക്കുന്ന വെള്ളത്തിൽ തക്കാളി ഇട്ട് ഒരു മിനിറ്റ് തിളപ്പിച്ചതിനു ശേഷം വാങ്ങുക. ഒന്നാറുമ്പോൾ തക്കാളിയുടെ തൊലി കളഞ്ഞതിന് ശേഷം നന്നായി അരച്ച് ടൊമാറ്റോ പ്യൂരി തയ്യാറാക്കി വെക്കുക. പാനിൽ ബട്ടർ ചൂടാക്കി സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റുക. നിറം മാറി വരുമ്പോൾ ടൊമാറ്റോ പ്യൂരി ചേർക്കുക. ഇതിലേക്ക് ഒറിഗാനോ, ചില്ലി ഫ്ളേക്സ്, കുരുമുളകുപൊടി എന്നിവയും ചേർത്ത് യോജിപ്പിക്കുക. കെച്ചപ്പ് ചേർത്ത് കുറുകി വരുമ്പോൾ ഫ്രഷ് ക്രീം ചേർക്കാം. എല്ലാം നന്നായി യോജിച്ച്, തിളച്ചു വരുമ്പോൾ പാസ്തയും ചേർത്ത് യോജിപ്പിക്കുക. ഗ്രേറ്റഡ് ചീസ് തൂവി യോജിപ്പിച്ച് അടുപ്പിൽ നിന്ന് മാറ്റാം.
സ്പൈസി മാക് & ചീസ്
ചേരുവകൾ:
മാക്കറോണി - 100 ഗ്രാം
പാൽ - രണ്ട് കപ്പ്
വെള്ളം - ഒരു കപ്പ്
ചീസ് - നാല് സ്ലൈസ്
ചില്ലി ഫ്ളേക്സ് - ഒരു ടീസ്പൂൺ
ഗാർലിക് പൗഡർ - അര ടീസ്പൂൺ
ഒറിഗാനോ - ഒരു ടീസ്പൂൺ
പെരി പെരി മസാല - ഒരു ടീസ്പൂൺ
പഞ്ചസാര - ഒരു ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: വെള്ളം തിളയ്ക്കുമ്പോൾ മാക്കറോണി ചേർത്ത് അല്പം ഉപ്പും ചേർത്ത് വേവിക്കുക. വെള്ളം വറ്റി വരുമ്പോൾ പാൽ ചേർക്കുക. തിളച്ചു തുടങ്ങുമ്പോൾ ഇതിലേക്ക് ചീസ് ചേർക്കാം. ചീസ് ഉരുകുമ്പോൾ ഇതിലേക്ക് എല്ലാ പൊടികളും ചേർത്ത് യോജിപ്പിക്കുക. പഞ്ചസാരയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് എല്ലാം കൂടി കുറുകി വരുമ്പോൾ തീയിൽ നിന്ന് മാറ്റാം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi