വർഷത്തിൽ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന ക്ഷേത്രം; അക്ഷരദേവതയായ ദക്ഷിണ മൂകാംബികയുടെ തിരുസന്നിധിയിലേക്ക്

അരിമണികളിലൂടെ കുഞ്ഞു വിരലുകള്‍ നീക്കി ഹരിശ്രീ കുറിച്ച് അറിവിന്റെ അക്ഷരദീപം തെളിയിക്കുന്ന കുരുന്നുകള്‍. ആദ്യാക്ഷര മധുരം നുകരാനെത്തുന്ന കുരുന്നുകളുടെ കാഴ്ച എല്ലാ ദിവസവും സമ്മാനിക്കുന്ന ക്ഷേത്രമാണ് എറണാകുളം ജില്ലയില്‍ വടക്കന്‍ പറവൂരിനടുത്തുള്ള ദക്ഷിണമൂകാംബികാ ക്ഷേത്രം. അവിടെയാണ് ആദിപരാശക്തി, വിദ്യാവിലാസിനി സരസ്വതീ ദേവിയായി കുടികൊള്ളുന്നത്.
വിദ്യാസ്വരൂപിണി
വടക്കന്‍ പറവൂര്‍ പട്ടണത്തില്‍നിന്നും അല്‍പം മാറി തിരക്കുകളൊഴിഞ്ഞ ഇടത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഭക്തിയും ജ്ഞാനവും നാവിന്‍തുമ്പില്‍ തൂകുന്ന അക്ഷരദേവതയുടെ ആലയം. കിഴക്കുഭാഗത്തെ പ്രധാനക്ഷേത്രകവാടം കടന്നാല്‍ വരവേൽക്കുക ആനക്കൊട്ടിലാണ്. പ്രധാനകവാടത്തിന് വടക്കുകിഴക്കേഭാഗത്തായി കുടചൂടുന്ന വലിയ അരയാലുമുണ്ട്. കിഴക്കേ നടയിലാണ് നാല് ഏക്കറിലധികം വിസ്തീര്‍ണ്ണം വരുന്ന അതിവിശാലമായ ക്ഷേത്രക്കുളം. കുളത്തിന് മുന്‍പിലായി ശ്രീമൂകാംബിക വിദ്യാരംഭമണ്ഡപവും കാണാം.
ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മൂകാംബികാ ദേവിയാണ്. ചെറിയ താമരപ്പൊയ്കയുടെ മധ്യഭാഗത്താണ് ശ്രീകോവില്‍. ഒറ്റനിലയിലുള്ള ചെറിയ ശ്രീകോവിലില്‍ സരസ്വതീദേവിയുടെ ചാതുര്‍ബാഹുവായ പ്രതിഷ്ഠ കിഴക്കോട്ട് ദര്‍ശനം നല്‍കുന്നു. കുടജാദ്രിയില്‍നിന്നും ഉത്ഭവിച്ച് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിനരികിലൂടെ ഒഴുകുന്ന സൗപര്‍ണികാ നദിയായാണ് ഈ താമരപ്പൊയ്കയെ സങ്കല്പ്പിക്കുന്നത്.
ദക്ഷിണമൂകാംബികാ ക്ഷേത്രത്തില്‍ സരസ്വതീ ഭാവത്തിലാണ് മൂകാംബികാദേവിയുടെ പ്രതിഷ്ഠ. അറിവും ജ്ഞാനവും പകര്‍ന്ന് അനുഗ്രഹിക്കുന്ന ജ്ഞാനശക്തിയായ ദേവിയുടെ ഈ സന്നിധി അതിനാല്‍തന്നെ ആദ്യാക്ഷരം കുറിക്കുന്നതിന് പേരുകേട്ടതാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രത്തില്‍ എല്ലാ ദിവസവും വിദ്യാരംഭം നടക്കാറുണ്ട്. നവരാത്രിയിലെ മഹാനവമി ദിനം ഒഴികെ വര്‍ഷത്തിലെല്ലാ ദിവസവും കുരുന്നുകള്‍ വിദ്യാരംഭത്തിനായി എത്തുന്നു.
കേരളത്തില്‍ സരസ്വതീദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണ് ദക്ഷിണമൂകാംബികാ ക്ഷേത്രം. കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിന്റെ ദക്ഷിണഭാഗത്തായാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. അതിനാലാണ് ഈ ക്ഷേത്രം ദക്ഷിണമൂകാംബിക എന്ന പേരില്‍ പ്രസിദ്ധമായത്.
ക്ഷേത്രോല്പത്തി
കൊല്ലൂര്‍ മൂകാംബികാ ദേവിയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രോല്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം നിലനില്‍ക്കുന്നത്. ഏതാണ്ട് അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, വടക്കന്‍ പറവൂരും സമീപപ്രദേശങ്ങളും ഭരിച്ചിരുന്ന തമ്പുരാന്‍ വലിയ മൂകാംബികാദേവീ ഭക്തനായിരുന്നു. അദ്ദേഹം എല്ലാ മാസവും മുടക്കംവരാതെ കൊല്ലൂര്‍ മൂകാംബികാദേവി സന്നിധിയില്‍ ദര്‍ശനംനടത്തിയിരുന്നു. കാലങ്ങള്‍ കഴിയവെ, വാര്‍ദ്ധക്യത്തിലെത്തിയ തമ്പുരാന് യാത്ര ചെയ്യാനും ക്ഷേത്രദര്‍ശനം നടത്താനും കഴിയാതെവന്നു.
എല്ലാ മാസവും ദേവിയെ ദര്‍ശിക്കുന്നതില്‍ മുടക്കംവന്നു. അതോടെ തമ്പുരാന്‍ അതീവ ദുഃഖത്തിലാണ്ടുപോയി. അതില്‍പ്പിന്നെ അദ്ദേഹം ദേവിസ്തുതികള്‍ ഭജിച്ചുകൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കി. അവസാനമാത്രയില്‍ ദേവിയെ ദര്‍ശിക്കാന്‍ കൊല്ലൂരില്‍പോയി കൊട്ടാരത്തില്‍ മടങ്ങിയെത്തിയ തമ്പുരാന് സ്വപ്‌നത്തില്‍ മൂകാംബികാ ദേവി ദര്‍ശനം നല്‍കി.
ഇനി ദേവിയെ ദര്‍ശിക്കാന്‍ കൊല്ലൂരിലേക്ക് വരേണ്ടതില്ലെന്നും നാട്ടില്‍, ഉചിതമായ സ്ഥാനത്ത് ക്ഷേത്രം പണിയുവാനും ദേവി അവിടെ കുടികൊള്ളാമെന്നും അരുള്‍ചെയ്തു. ദേവിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കൊട്ടാരത്തിന് സമീപം ദേവിയുടെ ചൈതന്യമുള്ളതായി കണ്ട താമരപ്പൊയ്കയില്‍ ക്ഷേത്രം പണികഴിപ്പിച്ച് ദേവിയെ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. യാത്രാക്ലേശത്താല്‍ കൊല്ലൂരിലെ മൂകാംബികാദേവിയുടെ സന്നിധിയിലേക്ക് എത്തിപ്പെടാനാവാത്ത ഭക്തര്‍ക്ക് ദക്ഷിണമൂകാംബികാ ക്ഷേത്രത്തിലെ സരസ്വതീദേവി അനുഗ്രഹദായിനിയായി നിലകൊള്ളുന്നു.
കൃപചൊരിഞ്ഞ് ഉപദേവതകള്‍
ദക്ഷിണ മൂകാംബികാ ക്ഷേത്രത്തിന്റെ മൂലക്ഷേത്രം കൊല്ലൂര്‍മൂകാംബികാ ക്ഷേത്രമാണ്. അതിനാല്‍ ഈ ക്ഷേത്രത്തിലെ ഉപപ്രതിഷ്ഠകളുടെ സ്ഥാനത്തിനും ഏകദേശ സാമ്യമുണ്ട്. ഗണപതി, സുബ്രഹ്‌മണ്യന്‍, വീരഭദ്രന്‍, ഹനുമാന്‍, മഹാവിഷ്ണു, യക്ഷിയമ്മ, നാഗദൈവങ്ങള്‍ എന്നിവരാണ് ഉപപ്രതിഷ്ഠകള്‍.
പുലര്‍ച്ചെ അഞ്ചുമണിക്കാണ് നടതുറക്കുക. പതിനൊന്ന് മണിയോടെ നടയടയ്ക്കും. പിന്നീട് വൈകീട്ട് അഞ്ചുമണിക്ക് വീണ്ടും നടതുറക്കുന്നു. സാരസ്വത പുഷ്പാഞ്ജലി, ത്രിമധുരം, കുങ്കുമാര്‍ച്ചന, കഷായനിവേദ്യം തുടങ്ങിയവയാണ് ദേവിക്ക് പ്രധാന വഴിപാടുകള്‍.
നവരാത്രിയും കൊടിയേറ്റ് ഉത്സവവും
ക്ഷേത്രത്തിലെ വിശേഷ ഉത്സവങ്ങള്‍ നവരാത്രി മഹോത്സവവും വിദ്യാരംഭവും കൊടിയേറ്റുത്സവവുമാണ്. മകരമാസത്തിലെ ഉത്രട്ടാതി നാളിലാണ് പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന കൊടിയേറ്റുത്സവം. നവരാത്രിയോടനുബന്ധിച്ച് ഒമ്പത് ദിവസവും ദേവിക്ക് പ്രത്യേക പൂജകളും വഴിപാടുകളുമുണ്ടാകും. വിജയദശമി നാളില്‍ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് വിദ്യാരംഭം കുറിക്കാനായി എത്താറുള്ളത്.
എങ്ങനെ പോകാം
നെടുമ്പാശ്ശേരി വിമാനത്താവളം ക്ഷേത്രത്തില്‍നിന്നും ഏകദേശം 19 കിലോമീറ്റര്‍ അകലെയാണ്. പറവൂര്‍ ബസ് സ്റ്റാന്‍ഡാണ് ഏറ്റവും അടുത്തുള്ളത്. ഏകദേശം 400 മീറ്റര്‍ അകലെയാണിത്. കൂടാതെ ആലുവ റെയില്‍വേ സ്റ്റേഷന്‍ 16 കിലോമീറ്റര്‍ അകലെയാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi
Content Highlights: Discover Dakshina Mookambika Temple, a sacred abode of Goddess Saraswati near North Paravur, Ernakulam. Famous for Vidyarambham ceremonies and blessings of knowledge.