മഞ്ഞ് വീഴുന്ന അമ്പൂരി; തിരുവനന്തപുരത്തെ ഗ്രാമത്തിലുണ്ട് കാടിന്റെ കാഴ്ചയും നാടിന്റെ നന്മയും

#പി വി സുരാജ്
അമ്പൂരിയിലെ മലമുകളിൽനിന്ന്
അമ്പൂരിയിലെ മലമുകളിൽനിന്ന്

ഗ്രാമം എന്ന വാക്ക് മനസ്സിലേക്ക് കൊണ്ടുവരുന്ന ചില സങ്കല്പങ്ങളുണ്ട്. തിരുവനന്തപുരത്തിന്റെ തെക്കേ അറ്റത്തുള്ള അമ്പൂരിയിലെത്തുമ്പോള്‍, ഈ സങ്കല്പങ്ങളും മുന്‍ധാരണകളുമെല്ലാം മാറും. ഇങ്ങനെയും ഒരു ഗ്രാമമോ എന്ന് സഞ്ചാരി വിസ്മയിക്കും. അത്തരം ചില വിസ്മയക്കാഴ്ചകളാണ് ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നത്.

കുടിയേറ്റഗ്രാമമാണ് അമ്പൂരി. വര്‍ഷങ്ങള്‍ക്കുമുന്‍പ് കോട്ടയം, ചങ്ങനാശ്ശേരി, എരുമേലി ഭാഗത്തുനിന്നുള്ളവരാണ്, ഈ വാഗ്ദത്തഭൂമിയിലേക്ക് ആദ്യമെത്തിയത്. കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലിട്ട് അവര്‍ ജീവിതം തുടങ്ങി. പോകപ്പോകെ അമ്പൂരി, ഗ്രാമമായി വളര്‍ന്നു. കാടില്ലാതെ, ഗ്രാമത്തെ തൊട്ടൊഴുകുന്ന നെയ്യാറിനെക്കുറിച്ച് പറയാതെ, അമ്പൂരിക്കാരുടെ ജീവിതം പൂര്‍ണമാവില്ല.

നെയ്യാര്‍ വന്യജീവിസങ്കേതമാണ് അമ്പൂരി ഗ്രാമത്തിലേക്കുള്ള എന്‍ട്രി പോയിന്റ്. പുലര്‍ച്ചെ ഡാം റിസര്‍വോയര്‍ മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. അകലെ അഗസ്ത്യാര്‍കൂട മലനിരകള്‍. മലയിറങ്ങിവരുന്ന മഞ്ഞ്. ജനുവരിക്കുളിരില്‍ മുങ്ങി അമ്പൂരിയിലേക്ക് തിരിച്ചു. ഗ്രാമം ഉണരുന്നതേയുള്ളൂ. അങ്ങാടിയിലെ സോണിച്ചേട്ടന്റെ കടയില്‍നിന്നൊരു ചായ കുടിച്ചശേഷം  എരപ്പാംകുഴിയിലേക്കാണ് പോയത്. റബ്ബര്‍ തോട്ടത്തിനും കാടിനും നടുക്കായി ഒരരുവി. മലമുകളിലെ ഉറവകള്‍ ഒന്നുചേര്‍ന്ന് ചെറുവെള്ളച്ചാട്ടമായി മാറിയതാണ്. തണുത്ത വെള്ളത്തിലിറങ്ങി മുഖം കഴുകി. അപ്പോഴേക്കും കുളിക്കാനായി ആളുകള്‍ വന്നുതുടങ്ങിയിരുന്നു.

ഊരുമക്കളെ കാണാന്‍
ആദിവാസിവിഭാഗക്കാര്‍ താമസിക്കുന്ന പുരവിമല സെറ്റില്‍മെന്റിലേക്കായിരുന്നു അടുത്ത യാത്ര. മായം പുരവിമല കടവില്‍നിന്ന് കടത്തുതോണിയില്‍ വേണം അക്കരെയെത്താന്‍. പതിമൂന്ന് സെറ്റില്‍മെന്റുകളിലായി 450-ഓളം ആദിവാസികളുണ്ട്. കുട്ടികള്‍ക്കായി സ്‌കൂളും അങ്കണവാടിയുമുണ്ട്. വനവിഭവങ്ങള്‍ ശേഖരിച്ച് തോണിയില്‍ ഇക്കരെയെത്തി, ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങും. മുഖ്യധാരയില്‍ കാണാറില്ലെങ്കിലും ഊരിലെ മക്കളില്ലാതെ അമ്പൂരിഗ്രാമം പൂര്‍ണമാവില്ല. 

ഊര് കണ്ട് മടങ്ങി. മായം അരുമംകുളം കടവിലേക്കാണ് പിന്നീട് പോയത്. അമ്പൂരി ഫെസ്റ്റിന്റെ ഭാഗമായി ഇവിടെനിന്ന് ബോട്ട് സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ തോണിമാത്രമേയുള്ളൂ. 2001-ല്‍ ഇതിനടുത്ത കടവില്‍ മുഖം കഴുകാനെത്തിയ നാട്ടുകാരനെ ചീങ്കണ്ണി ആക്രമിച്ചിരുന്നു. ഡാമിലേക്ക് കടന്നുകളഞ്ഞ ചീങ്കണ്ണിയെ വെടിവെച്ച് കൊല്ലുകയായിരുന്നു. ചീങ്കണ്ണികള്‍ ഇപ്പോഴുമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. എങ്കിലും അലക്കാനും കുളിക്കാനുമായി ആളുകള്‍ ഇപ്പോഴും കടവില്‍ വരാറുണ്ട്.

റബ്ബറും ചന്തയും വന്യമൃഗങ്ങളും
പശ്ചിമഘട്ട താഴ്‌വരയിലാണ് അമ്പൂരി. വന്യമൃഗങ്ങളെ യഥേഷ്ടംകാണാം. പകല്‍സമയത്ത് ആനയും കുരങ്ങുമാണ് പ്രശ്‌നക്കാരെങ്കില്‍ രാത്രി ഉറക്കംകെടുത്തുന്നത് പന്നികളാണ്. എങ്കിലും അവയും ഭൂമിയുടെ അവകാശികളാണെന്ന ബോധ്യം നാട്ടുകാര്‍ക്കുണ്ട്. സ്‌നേഹിച്ചും തര്‍ക്കിച്ചും അവര്‍ കഴിഞ്ഞുപോരുന്നു. 

അമ്പൂരിയിലെ പരമ്പരാഗത തൊഴില്‍ റബ്ബര്‍ടാപ്പിങ്ങാണ്. കപ്പ കൃഷിയും കാണാം. ഗ്രാമവാസികള്‍ മിക്കവരും നിര്‍മാണത്തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്. ഗ്രാമത്തിന് പുറത്തുപോയി പണികഴിഞ്ഞ് തിരിച്ചെത്തും. മറ്റുചിലര്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ ഗ്രാമത്തിന് പുറത്ത് ജോലിനോക്കുന്നു. 

അമ്പൂരിച്ചന്തയാണ് ആളുകൂടുന്ന സ്ഥലം. അങ്ങാടിയുടെ അടുത്തുതന്നെയാണ് ഇത്. കാച്ചില്‍, ചേന തുടങ്ങിയവ ചന്തയില്‍ വിറ്റ് മീനും വാങ്ങി മടങ്ങുന്ന പഴമക്കാരുടെ ചിത്രം അമ്പൂരിക്കാരുടെ മനസ്സില്‍ ഇപ്പോഴുമുണ്ട്. ഇപ്പോള്‍ മൃഗാശുപത്രിയും ക്ഷീരവികസന ഓഫീസുമായി ചന്ത ചുരുങ്ങി. മീന്‍ വീട്ടുപടിക്കല്‍ എത്തിത്തുടങ്ങിയതോടെ ചന്തയ്ക്ക് ജീവന്‍  നഷ്ടമായി.

കാഴ്ചകള്‍

മലനിരകളാണ് അമ്പൂരിയിലെ പ്രധാന ആകര്‍ഷണം. കൊണ്ടകെട്ടി മലയും കൂനിച്ചിമലയും നെല്ലിക്കാമലയും കുന്നത്തുമലയും ദ്രവ്യപ്പാറയും തലയുയര്‍ത്തി നില്‍ക്കുന്നു. ട്രക്കിങ്ങില്‍ താത്പര്യമുള്ളവര്‍ക്ക് നെല്ലിക്കാമലയിലും ദ്രവ്യപ്പാറയിലും പോകാം. ഗൈഡോ ടൂറിസം വകുപ്പിന്റെ സഹായമോ ഉണ്ടാവില്ല. നെയ്യാര്‍ അണക്കെട്ടിലൂടെ തോണിയില്‍ ആദിവാസി ഊരിലുമെത്താം. 
മതിയായ റോഡുകള്‍ ഇല്ലാത്തത് ഗ്രാമത്തിന്റെ ടൂറിസം സാധ്യതകളെ ബാധിക്കുന്നുണ്ട്. അണക്കെട്ടിന്റെ ഇരുകരകളിലുമുള്ളവര്‍ക്ക് കടത്തുതോണിയാണ് ആശ്രയം. കൂമ്പിച്ചല്‍ 
പാലത്തിന്റെ പണി നടക്കുന്നുണ്ട്. അത് പൂര്‍ത്തിയായാല്‍ ഗ്രാമയാത്ര എളുപ്പമാകും. ഉച്ചവെയില്‍ ചാഞ്ഞശേഷം പോയത് നെല്ലിക്കാമലയിലേക്കാണ്. പൊട്ടന്‍ചിറയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ ദൂരെയാണ്. തൊഴിലുറപ്പിന് വന്ന ചേച്ചിമാരും മലകയറാന്‍ ഞങ്ങള്‍ക്കൊപ്പം കൂടി.

കല്ലും കുണ്ടും നിറഞ്ഞ ചെമ്മണ്‍പാത വളരെ മോശം. മുകളിലെത്തിയപ്പോള്‍, പ്രയാസപ്പെട്ട് കയറിയത് വെറുതെ ആയില്ലെന്ന് തോന്നി. അത്രയും മനോഹരമായ കാഴ്ച. മുകളില്‍ നിന്നാല്‍ ദ്രവ്യപ്പാറയും തിരുവനന്തപുരം വിമാനത്താവളവും ശംഖുമുഖം ബീച്ചും കാണാം.  

സായന്തന സൂര്യനോട് വിടപറഞ്ഞ് മലയിറങ്ങുമ്പോള്‍ പ്രദേശവാസിയായ എസ്. ശ്രീറാം അമ്പൂരിയെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞു. ഗ്രാമം കുടിയിറക്കത്തിന്റെ വഴിയിലാണത്രേ. മക്കളും കൊച്ചുമക്കളും അടങ്ങുന്ന തലമുറ തൊഴില്‍തേടി മറുനാടുകളിലേക്ക് നീങ്ങുകയാണ്. അതിന് പാങ്ങില്ലാത്തവര്‍ മറ്റ് സാധ്യതകള്‍ തേടി ജീവിതം നഗരങ്ങളിലേക്ക് പറിച്ചുനടുന്നു. പഴയ തലമുറയിലുള്ളവര്‍ മാത്രമാണ് ഇവിടെ തുടരാന്‍ താത്പര്യപ്പെടുന്നത്. ഒരുപക്ഷേ, കുറേ കഴിയുമ്പോള്‍ അവരും പിന്‍വാങ്ങിയേക്കാം. ശ്രീറാം പറഞ്ഞത് സത്യമാകുമോ എന്നറിയില്ല. കാലങ്ങള്‍ക്കപ്പുറത്തേക്ക് കണ്ണുനട്ടിരിക്കുകയാണ് അമ്പൂരിയെന്ന ഗ്രാമം.

മലകയറ്റമുണ്ട്... തോണിയാത്രയും

അമ്പൂരിയിലെ നെല്ലിക്കാമലയിലേക്കുള്ള യാത്ര സാഹസികത നിറഞ്ഞതാണ്. അമ്പൂരിക്ക് ഒരു കി.മീ അകലെയുള്ള പൊട്ടന്‍ചിറയില്‍ നിന്നാണ് യാത്ര തുടങ്ങേണ്ടത്. ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. വാഹനങ്ങള്‍ പോകില്ല. വെള്ളം, ലഘുഭക്ഷണം, ഫസ്റ്റ് എയ്ഡ് എന്നിവ കരുതണം. മായം പുരവിമല കടവിലെ ഫോറസ്റ്റ് ഔട്ട് പോസ്റ്റില്‍നിന്ന്, അനുമതി വാങ്ങിയശേഷം സന്ദര്‍ശനം നടത്താം. ഡാം റിസര്‍വോയറിലൂടെയുള്ള തോണിയാത്ര നല്ല അനുഭവമാകും. മുന്‍കൂര്‍ അനുമതി വാങ്ങണം. ഫോണ്‍: 70124 15407, (ഷാജി) . അനുമതി വാങ്ങി കാരിക്കുഴി സെറ്റില്‍മെന്റും സന്ദര്‍ശിക്കാം. ഫോണ്‍: 79940 26679 (സഞ്ജയന്‍) 

Content Highlights: amboori, travel, nature love