ആദ്യം ഖാവ കുടിച്ചപ്പോൾത്തന്നെ ബാബ ബുദാൻ അതുമായി പ്രണയത്തിലായി; കടൽ കടന്നെത്തിയ കാപ്പിയുടെ കഥ

പണ്ടുപണ്ട്... അതായത് ഏതാണ്ട് 350 വർഷം മുമ്പത്തെ കഥയാണ്. പിടിക്കപ്പെട്ടാൽ മരണശിക്ഷ ഉറപ്പാണെന്നറിഞ്ഞിട്ടും കാപ്പിയോട് തോന്നിയ പ്രണയത്താൽ അതിന്റെ വിത്ത് ഇന്ത്യയിൽ എത്തിച്ച ഒരു സൂഫിവര്യന്റെ കഥ. ആഫ്രിക്കയിൽ പിറവിയെടുത്ത കാപ്പി, യെമൻ വഴി ഇന്ത്യയിൽ എത്തിയ കഥ. ഗ്രൂപ്പ് കോർഡിനേറ്റർ കൃഷ്‌ണേന്ദു തൃശൂർ ചുവയിൽ കഥ പറഞ്ഞുതുടങ്ങിയപ്പോൾത്തന്നെ മംഗലാപുരംകാരി ഗ്രേസ് പുറകിൽനിന്ന് ഉടക്കിട്ടു. മലയാളം മാത്രം പോരാ, ഇംഗ്ലീഷിലോ ഹിന്ദിയിലോ കൂടിവേണം. പാവത്തിന് ആകെ അറിയാവുന്നത് ചില മലയാളം വാക്കുകളാണ്. അതാണെങ്കിൽ പൊതുമധ്യത്തിൽ പറയാനും വയ്യ. ആകെ പതിമൂന്നുപേരുടെ പെൺകൂട്ടമായിരുന്നു ഞങ്ങളുടേത്. അതിൽ ബാക്കി പന്ത്രണ്ടുപേരും കേരളത്തിന്റെ വിവിധ ജില്ലകളിൽനിന്നുള്ളവർ. പലവഴിയിൽ മംഗലാപുരത്തെത്തി അവിടെനിന്ന് ഒന്നിച്ചവർ. മലയാളത്തിൽ അല്ലാതെ കഥ പറഞ്ഞാൽ ഒരു 'ഫീൽ' ഉണ്ടാവില്ലെന്ന് ജോയ്‌സി ചേച്ചിയുടെ കമന്റ് വന്ന ഉടനെതന്നെ ഭൂരിപക്ഷം പിൻതാങ്ങി. ഹിന്ദി തർജ്ജമ ഏറ്റെടുത്തുകൊണ്ട് കൽപന അതിനും പരിഹാരം കണ്ടെത്തി. അങ്ങനെ കൃഷ്ണ കഥ തുടർന്നു.
കൊല്ലം-1670. മുഗൾരാജവംശം ഇന്ത്യ ഭരിക്കുന്ന കാലം. ഡച്ചുകാർ അന്ന് ഇന്ത്യയിൽ എത്തിത്തുടങ്ങുന്നതേയുള്ളൂ. ബാബ ബുദാൻ എന്നപേരിൽ അറിയപ്പെട്ടിരുന്ന ഇന്ത്യയിലെ സൂഫി സന്യാസി ഹജ്ജ് കർമത്തിനായി കടൽ കടന്ന് അറേബ്യയിലേക്ക് പോയി. തിരിച്ചുവരും വഴി അദ്ദേഹം മോച്ച എന്ന തുറമുഖത്തെത്തി. കാപ്പിയുടെ അന്താരാരാഷ്ട്ര വിപണന കേന്ദ്രമായിരുന്നു അന്ന് ചെങ്കടലിലെ മോച്ച തുറമുഖം. തീർഥാടനം കഴിഞ്ഞെത്തുന്നവർക്ക് അവിടെവെച്ച് കാപ്പി ഉപയോഗിച്ചുണ്ടാക്കുന്ന ഖാവ എന്ന പാനീയം നൽകുന്ന പതിവുണ്ട്. ആദ്യമായി ഖാവ കുടിച്ചപ്പോൾത്തന്നെ ബാബ ബുദാൻ കാപ്പിയുമായി പ്രണയത്തിലായി. ഇന്ത്യയിൽ ഇങ്ങനെയൊരു ചെടിയെക്കുറിച്ചോ കായയെക്കുറിച്ചോ ആർക്കും കേട്ടറിവുപോലും ഇല്ലാത്ത കാലമായിരുന്നു. ഈ ചെടിയുടെ വിത്ത് എങ്ങനെയെങ്കിലും നാട്ടിൽ എത്തിക്കണമെന്ന ആഗ്രഹം ബാബയിൽ കലശലായി. കാപ്പിയുടെ പച്ചവിത്തുകൾ നാട്ടിലെത്തിക്കുകയെന്നത്് തലപോകുന്നതിന് തുല്യമായിരുന്നു അന്ന്. കാപ്പിച്ചെടിയുടെ ഉദ്ഭവം ആഫ്രിക്കയിലാണെങ്കിലും അതിന്റെ കൃഷിയും വ്യാപനവും അറബ് രാജ്യങ്ങളിലായിരുന്നു. ഇന്നത്തെ യെമൻ മേഖലയിൽ നിന്നുള്ള അറബ് സൂഫിമാരാണ് ആദ്യമായി കാപ്പിച്ചെടി നട്ടുവളർത്തുന്നതും അതിന്റെ വറുത്ത ബീൻസ് ഉപയോഗിച്ച് പാനീയം ഉണ്ടാക്കിയതും.
Content Highlights: Historical origins of coffee in India via Sufi saint Baba Budan., Cultural significance of Baba Budan Giri and Dattatreya Peetha., Architectural marvels of Belur and Halebid temples., Trekking guide for Mullayanagiri, the highest peak in Karnataka., Experience the lush coffee plantations and scenic beauty of the Western Ghats.