ദിവസത്തിൽ രണ്ടുതവണ അപ്രത്യക്ഷമാകുന്ന കടൽ; പ്രകൃതിയുടെ മനോഹരമായ പ്രതിഭാസം

ദിവസത്തിൽ രണ്ടുതവണ അപ്രത്യക്ഷമാകുന്ന കടൽ. പ്രകൃതിയുടെ മാന്ത്രികത ഒളിപ്പിച്ചുവെച്ച കടൽത്തീരം. അത് മറ്റെവിടെയുമല്ല, ഒഡീഷയുടെ ശാന്തമായ ചാന്ദിപ്പൂർ ബീച്ചിലാണ്. ദിവസത്തിൽ രണ്ടുതവണ ഇവിടുത്തെ കടൽ അപ്രത്യക്ഷമാവും. എങ്ങനെയെന്നല്ലേ, തീരത്തുനിന്ന് അഞ്ചുകിലോമീറ്റർ വരെ പിൻവാങ്ങും, പിന്നീട് ഒന്നും സംഭവിക്കാത്തതുപോലെ തിരിച്ചുവരികയും ചെയ്യും.
ബംഗാൾ ഉൾക്കടലിലെ വേലിയേറ്റങ്ങളുടെയും വേലിയിറക്കങ്ങളുടെയും ചലനമാണ് ഈ പ്രതിഭാസത്തിന് കാരണം, കടൽവെള്ളം പിന്നോട്ട് പോകുമ്പോൾ, വിശാലമായ മണൽത്തീരം ബാക്കിയാകുന്നു. അവിടെ തിരമാലകളുടെ പാടുകളും, ചിപ്പികളും, ചെറിയ വെള്ളക്കെട്ടുകളും അവശേഷിക്കുന്നു. വെള്ളം ഇറങ്ങിക്കഴിഞ്ഞാൽ കൂട്ടം കൂട്ടമായെത്തുന്ന ചുവന്ന കുഞ്ഞൻ ഞണ്ടുകളെകൊണ്ട് അവിടം നിറയും. അപ്രത്യക്ഷമായി മണിക്കൂറുകൾക്കു ശേഷം, തിരമാലകൾ പതുക്കെ തിരികെയെത്തി തീരത്തെ വീണ്ടെടുക്കുന്നു.
സന്ദർശകർക്ക്, ഈ അപ്രത്യക്ഷമാകൽ ഒരു കൗതുകം എന്നതിലുപരി ഒരു സാഹസികതയാണ്. വേലിയിറക്ക സമയത്ത് സന്ദർശകർക്ക് കടൽ ഉണ്ടായിരുന്ന പ്രദേശത്തുകൂടി ദൂരത്തേക്ക് നടക്കാനാവും. കടൽ അതിന്റെ രഹസ്യങ്ങൾ പങ്കുവെക്കാൻ വേണ്ടി വഴിമാറിത്തന്നതുപോലെ..
മറ്റ് തീരദേശ വിനോദസഞ്ചാര കേന്ദ്രങ്ങളെ അപേക്ഷിച്ച് ഈ ബീച്ചിൽ തിരക്ക് കുറവാണ്. ചുറ്റുമുള്ള കാറ്റാടി മരങ്ങളും മണൽക്കൂനകളും ഈ പ്രദേശത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. അതേസമയം, ഇവിടുത്തെ കടൽ വിഭവങ്ങൾ, പ്രത്യേകിച്ച് ചെമ്മീനും ആവോലിയും, ഭക്ഷണപ്രേമികൾക്ക് ഒരു വിരുന്നാണ്.
സൂര്യോദയ സമയത്തോ സൂര്യാസ്തമയ സമയത്തോ ആണ് ചാന്ദിപ്പൂർ ഏറ്റവും നന്നായി ആസ്വദിക്കാൻ കഴിയുന്നത്. വിശാലമായ മണൽപ്പരപ്പിൽ വീഴുന്ന സൂര്യപ്രകാശത്തിന്റെ മനോഹരമായ ദൃശ്യം ആസ്വദിക്കാനാകും. സന്ധ്യനേരങ്ങളിൽ മാറിക്കൊണ്ടിരിക്കുന്ന വേലിയേറ്റങ്ങളും ആകാശവും നിറങ്ങളുടെ ഒരു കാൻവാസായി ഇവിടം മാറ്റുന്നു. അപ്രത്യക്ഷമായും വീണ്ടും പ്രത്യക്ഷമായും കടൽ നമ്മളെ അദ്ഭുതപ്പെടുത്തുകയും ചെയ്യുന്നു.
ഈ ബീച്ചിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ (DRDO) ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. അഗ്നി, പൃഥ്വി തുടങ്ങിയ മിസൈലുകൾ ഇവിടെ പരീക്ഷിച്ചിട്ടുണ്ട്. പരീക്ഷണകേന്ദ്രം സന്ദർശകർക്ക് വിലക്കിയിട്ടുണ്ടെങ്കിലും, അതിന്റെ സാന്നിധ്യം ശാന്തമായ ഈ സ്ഥലത്തിന്‍റെ ആകർഷണീയത കൂട്ടുന്നു.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Witness the magical disappearing sea at Chandipur Beach, Odisha. Explore the vast seabed, red crabs, and enjoy stunning sunrise/sunset views.