കാബൂളി പുലാവും ചിക്കൻ രേശ്മി കബാബുമൊരുക്കി പുതുവർഷവിരുന്ന് ആഘോഷിക്കാം

പ്രതീകാത്മകചിത്രം/Photo: Shutterstock
പ്രതീകാത്മകചിത്രം/Photo: Shutterstock

പുതുവർഷത്തലേന്ന് ആഘോഷരാവിൽ വിരുന്നൊരുക്കുമ്പോൾ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ചില വിഭവങ്ങൾകൂടി ഉൾപ്പെടുത്തിയാലോ…

കാബൂളി പുലാവ്

കാബൂളി പുലാവ്
ചേരുവകൾ:

മട്ടൺ - മുക്കാൽ കിലോ
ബസ്മതി അരി - അരക്കിലോ
സവാള - മൂന്നെണ്ണം
കാരറ്റ് - ഒന്ന്
ഉണക്കമുന്തിരി - അരക്കപ്പ്
പട്ട, ഗ്രാമ്പു, ഏലക്ക, പെരും ജീരകം എന്നിവ പൊടിച്ചത് - ഒരു ടേബിൾ സ്പൂൺ
ജീരകപ്പൊടി - അര ടീസ്പൂൺ
നെയ്യ് - മൂന്ന് ടേബിൾ സ്പൂൺ
സൺഫ്‌ളവർ ഓയിൽ - മൂന്ന് ടേബിൾ സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യും ഓയിലും ചൂടാക്കുക. അതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ബ്രൗൺ നിറം ആവുമ്പോൾ മട്ടൺ ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പ് ചേർക്കണം. ചെറുതീയിൽ വെച്ച് വഴറ്റി, ഇറച്ചിയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങുമ്പോൾ മസാലപ്പൊടികൾ എല്ലാം ചേർത്ത് യോജിപ്പിക്കുക. മട്ടൺ നന്നായി മൊരിഞ്ഞു വരുന്നതുവരെ വഴറ്റണം. ഇനി ഇറച്ചിയിലേക്ക് മൂന്ന് കപ്പ് വെള്ളം ചേർത്ത് തിളപ്പിച്ച്, കുക്കർ മൂടി വെച്ച് ഇരുപത് മിനിറ്റ് വേവിക്കുക. പ്രഷർ പോയതിനുശേഷം കുക്കർ തുറന്ന്, ഇറച്ചി കഷണങ്ങൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി, സ്റ്റോക്കിലേക്ക് കുതിർത്തുവെച്ച അരി ചേർക്കുക. ആവശ്യത്തിന് ഉപ്പും നീളത്തിൽ അരിഞ്ഞ കാരറ്റും ഉണക്ക മുന്തിരിയും ചേർത്ത് അരിയുടെ അര ഇഞ്ചു മുകളിൽ വരുന്നത് വരെ തിളച്ച വെള്ളവും ചേർത്ത് വെയ്റ്റ് ഇടാതെ മൂടി വെച്ച് വേവിക്കുക. വെള്ളം വറ്റിവരുമ്പോൾ മട്ടൺ മുകളിൽ നിരത്തി, മൂടിവെച്ച് വേവിക്കുക. ശേഷം തീ അണച്ച് പത്തു മിനിറ്റ് മൂടിവെച്ചതിനുശേഷം വിളമ്പാം.

ചിക്കൻ രേശ്മി കബാബ്

ചിക്കൻ രേശ്മി കബാബ്
ചേരുവകൾ:

ചിക്കൻ ബ്രെസ്റ്റ് - രണ്ട്
തൈര് - രണ്ട് ടേബിൾ സ്പൂൺ
ഫ്രഷ് ക്രീം - രണ്ട് ടേബിൾ സ്പൂൺ
ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില എന്നിവ ചേർത്ത് അരച്ചത് - രണ്ട് ടേബിൾ സ്പൂൺ
ഗരംമസാല - ഒരു ടീസ്പൂൺ
കുരുമുളകുപൊടി - ഒരു ടീസ്പൂൺ
ജാതിക്ക പൊടി - കാൽ ടീസ്പൂൺ
ഉപ്പ്, എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്നവിധം: ചിക്കൻ ഇടത്തരം വലുപ്പത്തിലുള്ള ക്യൂബ് ആക്കി, അതിലേക്ക് എണ്ണ ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് യോജിപ്പിച്ച് രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം. ശേഷം ചിക്കൻ കഷണങ്ങൾ സ്‌ക്യുവേർസിൽ കോർത്തുവെക്കുക. പാനിൽ മൂന്ന് ടേബിൾ സ്പൂൺ സൺഫ്‌ളവർ ഓയിൽ ചൂടാക്കി ചിക്കൻ സ്‌ക്യുവേർസ് വെച്ച് ഓരോ വശവും മൂന്ന് മിനിറ്റ് വീതം വെച്ച് മൊരിയിച്ചെടുക്കുക.

പ്രതീകാത്മകചിത്രം/Photo: Shutterstock

കസാട്ട ഐസ്‌ക്രീം കേക്ക്
ചേരുവകൾ:

വിപ്പിങ് ക്രീം - 750 മില്ലി
കണ്ടൻസ്ഡ് മിൽക്ക് - 600 ഗ്രാം
പഴുത്ത മാങ്ങ - രണ്ട്
സ്‌ട്രോബെറി - 200 ഗ്രാം
പഞ്ചസാര - കാൽ കപ്പ്
വാനില എസ്സെൻസ് - ഒരു ടീസ്പൂൺ
വാനില സ്‌പോഞ്ച് കേക്ക് - 100 ഗ്രാം
മിക്‌സ്ഡ് നട്ട്‌സ് - മൂന്ന് ടേബിൾ സ്പൂൺ
തയ്യാറാക്കുന്നവിധം: മാങ്ങ മിക്‌സി ജാറിലിട്ട് പ്യൂരി ആക്കി വെക്കുക. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ചൂടാക്കി, തിളച്ച് തുടങ്ങുമ്പോൾ തീയിൽ നിന്ന് മാറ്റി ആറാൻ വെക്കുക. സ്‌ട്രോബെറി ചെറുതായി അരിഞ്ഞതിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് ചൂടാക്കുക. സ്‌ട്രോബെറി വെന്ത് വരുമ്പോൾ തീയിൽ നിന്ന് മാറ്റി ആറാൻ വെക്കുക. ശേഷം നന്നായി ബ്ലെൻഡ് ചെയ്ത് പ്യൂരി ആക്കുക. ഒരു വലിയ ബൗളിൽ വിപ്പിങ് ക്രീം എടുത്ത്, ബീറ്റ് ചെയ്യുക. അതിലേക്ക് കണ്ടൻസ്ഡ് മിൽക്കും വാനില എസ്സെൻസും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ഈ കൂട്ട് മൂന്ന് ഭാഗങ്ങളാക്കി വെക്കുക. ഐസ്‌ക്രീം സെറ്റ് ചെയ്യുന്ന ബൗളിൽ വാനില കേക്ക് പൊടിച്ച് ബേസ് ആയി സെറ്റ് ചെയ്യണം. അതിനുമുകളിലേക്ക് തയ്യാറാക്കിയ വാനില ഐസ്‌ക്രീം കുറച്ച് ഒഴിച്ച് ഫ്രീസറിൽ വെക്കുക. വാനില ലെയർ സെറ്റ് ആയതിനു ശേഷം മാംഗോ ലെയർ ഒഴിച്ച് വീണ്ടും സെറ്റ് ആവാൻ വെക്കുക. രണ്ടു മണിക്കൂറിനു ശേഷം സ്‌ട്രോബെറി ലെയർ കൂടി ഒഴിച്ച് മുകളിൽ നട്ട്‌സ് തൂവി ഫ്രീസറിൽ ഓവർനൈറ്റ് വെച്ച് സെറ്റ് ചെയ്യുക.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Celebrate the New Year with recipes that bring everyone together