സിന്ധ് നദിയും ഹിമാനിയും കടന്ന് അമർനാഥിന്റെ ആത്മാവിലേക്ക്

#ഗിരിപ്രസാദ് ടി സി
ഹിമാലയൻ കാഴ്ച
ഹിമാലയൻ കാഴ്ച

ഹൽഗാമിൽനിന്ന് പഞ്ച്തരണിയിലേക്കുള്ള ഹെലികോപ്ടറിനായി കാത്തിരിക്കെ, ചാറ്റൽമഴ നിർത്താതെ പെയ്യുന്നുണ്ടാായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ പെയ്ത പേമാരിയിൽ അമർനാഥിലേക്കുള്ള മലമടക്കുകളിൽ പലയിടത്തും മണ്ണിടിഞ്ഞിട്ടുണ്ട്. എത്ര ദുർഘടം പിടിച്ച പാത താണ്ടിയാണെങ്കിലും ബോലെ നാഥിനെ കണ്ടേ മടങ്ങൂവെന്ന ദൃഢനിശ്ചയത്തിലായിരുന്നു ചിലർ. 

ഹിമാലയസാനുക്കളിൽനിന്ന് പെയ്തിറങ്ങുന്ന അതിശക്തമായ മഴയിൽ ഹെലികോപ്ടർ പറത്തുക ദുഷ്‌കരമാണ്. പുലർച്ച ആറുമണിക്ക് പഹൽഗാമിൽനിന്ന് ആരംഭിക്കേണ്ട സർവീസ്, മൂന്നുമണിക്കൂർ വൈകിയാണ് തുടങ്ങിയത്. ബേസ് ക്യാമ്പായ പഹൽഗാം പിന്നിട്ട് 16 കി.മീ. അകലെയുള്ള ചന്ദൻവാടിയിൽനിന്നുമാണ് ട്രക്കിങ് ആരംഭിക്കുന്നത്. 26 കി.മീ. ദൂരമുണ്ട്. ചന്ദൻവാടി വരെ ഗതാഗത സൗകര്യമുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായേക്കുമെന്ന ഭയത്താൽ കോപ്ടർ ബുക്ക് ചെയ്യുകയായിരുന്നു. പഞ്ച്തരണി വരെ ഹെലികോപ്ടർ സർവീസ് നടത്തും. തുടർന്നുള്ള ആറുകിലോമീറ്റർ ദുർഘടമായ പാതയിലൂടെ വേണം അമർനാഥ് ഗുഹയിലെത്താൻ. അമർനാഥ്- എന്നും മനസ്സിൽ കൊണ്ടുനടന്ന സ്വപ്നയാത്ര. ഹിമാലയത്തിൽ 13,750 അടി ഉയരത്തിലുള്ള ഗുഹയിലെ ശിവലിംഗത്തിന് മുന്നിൽ കൈകൂപ്പി ഒരുനിമിഷം നിൽക്കണം. മുൻപ് നടത്തിയ 'ചാർധാം' യാത്രയ്ക്കിടെയായിരുന്നു വർഷങ്ങളായി മനസ്സിന്റെ അടിത്തട്ടിൽ കിടന്ന അമർനാഥ് സ്വപ്നം പൊടിതട്ടിയെടുത്തത്. ഏപ്രിലിലെ രണ്ടാമത്തെ ആഴ്ചയിലാണ് അമർനാഥ് യാത്ര ബുക്ക് ചെയ്തത്. അമർനാഥ് ഷ്‌റൈൻ ബോർഡ് നിർദേശിച്ചിട്ടുള്ള ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും ആധാർകാർഡും അപ്‌ലോഡ് ചെയ്യേണ്ടതാണ്. 

അമർനാഥ് യാത്ര

ജൂൺ ആദ്യവാരത്തോടെ ഹെലികോപ്ടർ ബുക്കിങ്ങും ആരംഭിക്കും. പതിമൂന്നിനും എഴുപതിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ അമർനാഥ് യാത്രയ്ക്ക് അനുമതിയുള്ളൂ. അപകടങ്ങൾ പതുങ്ങിയിരിക്കുന്ന അമർനാഥിലേക്ക് രണ്ട് വഴികളുണ്ട്. ഒന്ന് പരമ്പരാഗത പാതയായ പഹൽഗാം, മറ്റൊന്ന് ബാൽതാറിലിൽനിന്ന് ആരംഭിക്കുന്നത്. ഞങ്ങൾ തിരഞ്ഞെടുത്തത് പരമ്പരാഗത പാതയായിരുന്നു.

മഞ്ഞിൻ മടിയിൽ
ജൂലായ് 22-ന് പുലർച്ചെ പഹൽഗാമിലെ ഹെലിപ്പാഡിലെത്തി. ബോർഡിങ് പാസും അമർനാഥ് ഷ്‌റൈൻ ബോർഡ് നൽകുന്ന ആർ.എഫ്.ഐ.ഡി.  കാർഡും (മൊത്തം യാത്രക്കാരുടെ എണ്ണം ലഭിക്കുന്നത് ഈ കാർഡിലൂടെയാണ്) കൈവശപ്പെടുത്തി. മൂന്നുമണിക്കൂർ വൈകിയെത്തിയ ഹെലികോപ്ടറിൽ ആദ്യസംഘമായ ആറ് തീർഥാടകർ കയറി. കോപ്ടർ ഹിമാലയത്തിന്റെ ഏതോ ചരിവുകളിലേക്ക് മറഞ്ഞു. ഞങ്ങൾ ആശ്വസിച്ചു; അടുത്ത ഊഴം ഞങ്ങളുടെതാണല്ലോ. എന്നാൽ, എല്ലാ പ്രതീക്ഷകളും തകിടം മറിയുകയായിരുന്നു. കനത്ത മഴയും മഞ്ഞുവീഴ്ചയുംമൂലം പഞ്ച്തരണിയിലെ ഹെലിപ്പാഡിൽ ഇറങ്ങാൻ കോപ്റ്ററിനായില്ലത്രെ!. ആറുപേരെയും പഹൽഗാമിലെ ബേസ് ക്യാമ്പിൽതന്നെ തിരിച്ചിറക്കേണ്ടി വന്നു. വിഷമം ഉള്ളിലൊളിപ്പിച്ച് ബോലെ നാഥിനെ മനസ്സിൽ ധ്യാനിച്ച് നാട്ടിലേക്ക് തിരിച്ചുപോരാൻ തുനിയുകയായിരുന്നു എല്ലാവരും. നടന്നാണ് പോകുന്നതെങ്കിൽ കുറഞ്ഞത് നാലുദിസവമെങ്കിലും എടുത്തേനെ പോയി മടങ്ങാൻ!

ചിലരാകട്ടെ സാഹസത്തിന് മുതിർന്ന്, പേമാരിയെ അവഗണിച്ച് നടക്കാൻ തീരുമാനിച്ചു. അമ്മയെ വിളിച്ച് ദർശനം നടത്താൻ കഴിയാതെപോയതിന്റെ വിഷമമറിയിച്ചു. ഡൽഹിയിൽനിന്ന് ചേച്ചിയുടെ വിളിവന്നു; ''കശ്മീർവരെ പോയതല്ലേ, ഇനിയുള്ള രണ്ടുദിവസം അവിടെയെല്ലാം ചുറ്റിയടിക്കാനുള്ള  ഏർപ്പാടാക്കാം''. പഹൽഗാമിൽനിന്ന് വൈകീട്ടോടെ ശ്രീനഗറിലെ ഹോട്ടലിലെത്തി. പിറ്റേന്ന് രാവിലെ മനോഹരമായ സോൻമാർഗിലേക്കും അവിടെനിന്ന് മഞ്ഞുനിറഞ്ഞ സീറോ പോയന്റിലേക്കും പോകാൻ തീരുമാനിച്ചു. രാവിലെ പത്തുമണിയോടെ സോൻമാർഗിലെത്തി. അവിടെനിന്ന് ടാക്‌സിയിൽ മുപ്പത്തഞ്ചുകിലോമീറ്ററോളം ശ്രീനഗർ-ലേ എൻ.എച്ച്. ഒന്നിലൂടെയാണ് സീറോപോയന്റിലേക്കുള്ള യാത്ര. ഈ പാതയിലാണ് ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ (15 km) ടണലായ സോജിലാ പാസുള്ളത്. 

ബാൽതാൽ ബേസ് ക്യാമ്പ്

പത്തുകിലോമീറ്റർ പിന്നിട്ടപ്പോൾ മലയുടെ താഴ്‌വാരത്തിൽ അകലെയായി ചെറിയ കൂടാരങ്ങൾ കണ്ടു. ഡ്രൈവർ അഷ്ഫാഖിനോട് കാര്യം തിരക്കി. ''അത് അമർനാഥിലേക്കുള്ള രണ്ടാമത്തെ ബേസ് ക്യാമ്പാണ്, ബാൽതാൽ''. അമർനാഥ് യാത്ര മുടങ്ങിയതിനെപ്പറ്റി വിഷമത്തോടെ കൂടെയുണ്ടായിരുന്ന ചേട്ടൻ അഷ്ഫാഖിനോട് പറഞ്ഞു. ''നിങ്ങളുടെ കൈയിൽ ആർ.എഫ്.ഐ.ഡി. കാർഡ് ഉണ്ടല്ലോ? ഇതുവഴിയും നിങ്ങൾക്ക് യാത്രചെയ്യാം. രണ്ടുദിവസംകൊണ്ട് മടങ്ങിവരുകയും ചെയ്യാം''. ഡ്രൈവറുടെ മറുപടി ഞങ്ങളിൽ വീണ്ടും പ്രതീക്ഷയുണർത്തി.

ഞങ്ങളുടെ മുഖത്തെ സംശയം കണ്ടപ്പോൾ, ഉടൻതന്നെ ബേസ് ക്യാമ്പിൽ ടെന്റുകൾ വാടകയ്ക്ക് കൊടുക്കുന്ന സഹോദരനെ വിളിച്ച് അഷ്ഫാഖ് ഒന്നുകൂടിയുറപ്പിച്ചു. ഉടൻതന്നെ തീരുമാനിച്ച പരിപാടികളെല്ലാം ഒഴിവാക്കി ഞങ്ങൾ ശ്രീനഗറിലെത്തുകയും ട്രക്കിങ്ങിനായി കരുതിയിരുന്ന സാധനങ്ങളെല്ലാമെടുത്ത് ബാൽതാൽ ക്യാമ്പിലേക്ക് തിരിക്കുകയും ചെയ്തു.

സുരക്ഷാ പരിശോധന

ശ്രീനഗറിൽനിന്ന് ബാൽതാൽ ബേസ് ക്യാമ്പിലേക്ക് മടങ്ങുമ്പോൾ, മിലിറ്ററി ട്രെയിനിങ് ക്യാമ്പായ ഗന്ദേർബാലിലെ ചെക്ക്‌പോസ്റ്റിൽവെച്ച് നാലുമണിക്കുശേഷം ക്യാമ്പിലേക്ക് യാത്രയനുവദിക്കുന്നതല്ലെന്ന് പറഞ്ഞ് പോലീസുകാർ തടഞ്ഞു. ''രാത്രി ക്യാമ്പിൽ വിശ്രമിച്ച്, രാവിലെ ബേസ് ക്യാമ്പിലേക്ക് പുറപ്പെടാമെന്ന്'' ഞങ്ങളുടെ സംസാരം ശ്രദ്ധിച്ച കന്യാകുമാരി സ്വദേശിയായ പട്ടാളക്കാരൻ പറഞ്ഞു. കട്ടിൽസൗകര്യമുള്ള ടെന്റുകൾക്ക് അഞ്ഞൂറുരൂപയും നിലത്ത് കിടക്കവിരിച്ച് കിടക്കുന്നതിന് മുന്നൂറുരൂപയുമാണ് വാടക. ക്യാമ്പിൽ സമൂഹ അടുക്കളകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു.

സിന്ധ് നദിയും ഹിമാനിയും
രാവിലെ എട്ടുമണിയോടുകൂടി ബാൽതാൽ ബേസ് ക്യാമ്പിലെത്തി. ലഗേജുകളെല്ലാം ഡ്രൈവറുടെ സഹോദരന്റെ ടെന്റിലേൽപ്പിച്ചു. ജാക്കറ്റും റെയിൻകോട്ടുമുള്ള ഭാരംകുറഞ്ഞ ബാക്ക്പാക്കുമായി ചെക്കിങ് പോയന്റിലെത്തി. ഇവിടത്തെ സുരക്ഷാകാര്യങ്ങളെല്ലാം പട്ടാളത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് ഒൻപതുമണിയോടുകൂടി നടത്തമാരംഭിച്ചു.

ചന്ദൻവാടിയിൽനിന്നുള്ള ഗുഹാപാതയുമായി താരതമ്യപ്പെടുത്തുമ്പോൾ, കല്ലുകൊണ്ടുള്ള റോഡിന്റെ വീതി അല്പം ഇടുങ്ങിയതാണ്. മാത്രമല്ല, കുത്തനെയുള്ള കയറ്റങ്ങളും താഴ്ചകളുമുണ്ട്. എന്നാൽ, തീർഥാടകർക്ക് ഒരുദിവസംകൊണ്ട് തിരികെ മടങ്ങിവരാമെന്നതാണ് പ്രത്യേകത. ഹിമാലയസാനുക്കളിലെ ഏതേതൊക്കെയോ മലഞ്ചരിവുകളിൽക്കൂടി അമർനാഥിനെ ലക്ഷ്യമാക്കി നടക്കുകയായിരുന്നു. ദൂരെക്കാണുന്ന ചെങ്കുത്തായ താഴ്‌വരയിലൂടെ സിന്ധ് നദി ഒഴുകിനീങ്ങുന്നു. അമർനാഥ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് 15,700 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന മച്ചോയ് ഹിമാനിയിൽനിന്നാണ് സിന്ധ് ഉദ്ഭവിക്കുന്നത്. പല ഭാഗങ്ങളിലും മഞ്ഞുകട്ടയ്ക്കടിയിലൂടെയാണ് ഈ നദി ഒഴുകുന്നത്. 
നടത്തം തുടങ്ങിയപ്പോഴാണറിയുന്നത് മൂന്നുദിവസമായി മണ്ണിടിച്ചിലും മഴയും കാരണം നിർത്തിവെച്ച യാത്ര പുനരാരംഭിച്ച ദിവസമായിരുന്നു അതെന്ന്.

സവാരി കാത്തുകിടക്കുന്ന കുതിരകൾ

ഹിമശൃംഗങ്ങളുടെ ഭംഗി ആസ്വദിക്കാമെന്ന് കരുതി 'പോണി' ഒഴിവാക്കുകയായിരുന്നു. രണ്ടുകിലോമീറ്റർ അകലെയുള്ള ദോമെയിൽവരെ ഏകദേശം നിരപ്പായ പാതയായിരുന്നു. പിന്നീടങ്ങോട്ട് കുത്തനെയുള്ള കയറ്റങ്ങളാണ്. പതിനൊന്നുകിലോമീറ്ററോളം ഇത് തുടരും. യാത്രയിൽ വെയിലും ചാറ്റൽമഴയും തണുത്ത മഞ്ഞും വന്ന് ഞങ്ങളെ മൂടുന്നുണ്ടായിരുന്നു. മുകൾത്തട്ടിലേക്ക് ചെല്ലുന്തോറും വീശിയടിക്കുന്ന കാറ്റിൽ അസ്ഥിനുറുങ്ങുംവിധം തണുപ്പനുഭവപ്പെട്ടു. കഴിഞ്ഞദിവസങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ പലയിടങ്ങളിലും എതിർവശത്തുള്ള കമ്പിവേലികളെല്ലാം തകർന്നുകിടക്കുന്നു. വിശ്രമിക്കാൻ കാവൽ നിൽക്കുന്ന സൈനികർ അനുവദിക്കുകയില്ല. കാരണം, മലഞ്ചരിവുകളിൽ കൂറ്റൻപാറകൾ ഇടിഞ്ഞുവീഴാൻ തയ്യാറായിനിൽക്കുന്നുണ്ടായിരുന്നു. അത്തരം സ്ഥലങ്ങളിലെല്ലാം 'ഡെയിഞ്ചർ സോൺ' ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. 

ഉരുളൻകല്ലുകൾ നിറഞ്ഞ പാതയിൽ പല സന്ദർഭങ്ങളിലും നടക്കാൻ നന്നേ പാടുപെട്ടു. ഏകദേശം നാലുകിലോമീറ്ററോളം പിന്നിട്ടെത്തുന്ന ബറാറി വരെ ഇത് തുടർന്നു. ഇതിനുശേഷം ചെങ്കുത്തായ കയറ്റമാണെങ്കിലും മണ്ണിടിച്ചിലിന്റെ ഭയം കുറഞ്ഞുതുടങ്ങി. മഞ്ഞുനിറഞ്ഞ ഹിമപർവതങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളും അതിൽനിന്നൊഴുകിവരുന്ന അരുവികൾക്ക് മുകളിൽ നിർമിച്ചിട്ടുള്ള പാലവും യാത്രയിലുടനീളം കാണാം. പലതവണ വിശ്രമിച്ചും വെള്ളവും പഴങ്ങളും കഴിച്ചുമായിരുന്നു മുന്നോട്ട് നീങ്ങിയത്. യാത്ര തുടങ്ങുമ്പോൾ പർവതങ്ങളുടെ മുകളിലൂടെ പറന്നകലുന്ന ഹെലികോപ്ടറുകൾ, ഇവിടെയെത്തുമ്പോൾ നമുക്ക് താഴെയായി പറക്കുന്നത് കാണാം. ഏകദേശം 13,500 അടി ഉയരത്തിലാണ് ബറാറി. പോണിയിൽ യാത്രചെയ്യുന്നവർ ബറാറിയിൽവെച്ച് മറ്റൊരു വഴിയിലൂടെയാണ് പോകേണ്ടത്.

ബറാറിയിൽനിന്ന് മൂന്നുകിലോമീറ്ററോളം യാത്ര തുടർന്നാൽ, അമർനാഥ് ഗുഹാക്ഷേത്രത്തിന്റെ ആദ്യദർശനം ലഭിക്കുന്ന സംഗം എന്ന സ്ഥലത്തെത്തുന്നു. പഹൽഗാമിൽനിന്ന് വരുന്ന പരമ്പരാഗതപാതയും ബാൽതാലിൽനിന്ന് വരുന്ന പാതയും സംഗമിക്കുന്ന ഇടമായതിനാലാണ് ഇങ്ങനെ അറിയപ്പെടുന്നത്. ഹെലികോപ്ടർ സർവീസ് ഇതിന്റെ താഴ്‌വരയിലാണവസാനിക്കുന്നത്. സിന്ധ് നദിയുടെ മറുകരയിൽ മലകളെ ചുറ്റിക്കറങ്ങി കാൽനടക്കാരും കുതിരകളും വരിവരിയായി താഴേക്കിറങ്ങുന്ന, പഹൽഗാമിൽനിന്ന് വരുന്ന പാത കാണാം. അകലെ മഞ്ഞുമൂടിക്കിടക്കുന്ന ശേഷ്‌നാഗ് പർവതവും സുന്ദരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്. ഈ പർവതത്തിന്റെ താഴ്‌വരയിലാണ് പഹൽഗാം പാതയിലെ രണ്ടാംദിനം യാത്രക്കാർ തങ്ങുന്ന പഞ്ച് തരണിയുള്ളത്. 

വൈകീട്ട് അഞ്ചുമണിയോടെ ഞങ്ങൾ സംഗത്തിലെത്തിച്ചേർന്നു. മൂന്നരക്കിലോമീറ്ററോളം അകലെയുള്ള ഗുഹാക്ഷേത്രത്തിലെത്താൻ വീണ്ടും രണ്ടുമണിക്കൂറോളം നടക്കേണ്ടിവന്നു. കയറ്റം കുറവാണെങ്കിലും ഇടുങ്ങിയതും ദുർഘടവുമായിരുന്നു പാത. ഒപ്പം മഞ്ഞുവീഴ്ചയും. കൂടാതെ, തിരിച്ചിറങ്ങുന്നവരുടെ തിരക്കും. ക്ഷീണിച്ചവശരായി രാത്രിയോടെയാണ് ഞങ്ങൾ ഗുഹാക്ഷേത്രത്തിന്റെ താഴേഭാഗത്തെത്തിയത്. ഇവിടെനിന്ന് നാനൂറ്റൻപത് പടവ് കയറിവേണം അമർനാഥ് ഗുഹയ്ക്കുള്ളിലെ ശ്രീകോവിലിലെത്താൻ.

ശ്രീകോവിലിലെ ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വാസം. 13,756 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന അമർനാഥ് പർവതത്തിലെ ഗുഹയ്ക്ക് നൂറ്റിമുപ്പതടി ഉയരമുണ്ട്. അതിനുള്ളിൽ പ്രകൃതിദത്തമായി നിർമിക്കപ്പെട്ട ചുണ്ണാമ്പുകല്ലിന് ശിവലിംഗരൂപമാണുള്ളത്. ഗുഹയുടെ മേൽക്കൂരയിൽനിന്ന് തറയിലേക്ക് വീഴുന്ന വെള്ളത്തുള്ളികൾ ഈ ചുണ്ണാമ്പുകല്ലുകളിൽ തണുത്തുറയുന്നു. അങ്ങനെയാണ് മഞ്ഞുമൂടിയ ശിവലിംഗം കാണാൻ സാധിക്കുന്നത്. ഇടതുവശത്തായി മഞ്ഞുമൂടിയ രണ്ട് ചെറിയ ചുണ്ണാമ്പുകല്ലുകൾ പാർവതിയെയും ഗണേശനെയും പ്രതിനിധാനം ചെയ്യുന്നതായി കരുതപ്പെടുന്നു.

ക്ഷീണിച്ചവശരായ ഞങ്ങൾക്ക് ചിന്തിക്കാൻപോലും കഴിയാത്തതായിരുന്നു രാത്രിയിൽ ചെങ്കുത്തായ വഴിയിലൂടെയുള്ള തിരിച്ചിറക്കം. തണുപ്പ് കൂടിക്കൊണ്ടിരുന്നു. സമീപത്തുണ്ടയിരുന്ന കമ്യൂണിറ്റി കിച്ചൺ നടത്തുന്ന മഹാരാഷ്ട്രക്കാരനായ സ്വാമിജിയെക്കണ്ട് വിഷമം പറഞ്ഞു. അത്യാവശ്യം വലുപ്പമുള്ള പന്തലുപോലുള്ള ടെന്റിനകത്ത് മൂന്നുപേർക്കുംകൂടി രാത്രി കഴിഞ്ഞുകൂടാൻ സ്വാമി ചെറിയ ഒരുഭാഗം അനുവദിച്ചുതന്നു. കൂടെ അത്താഴവും പുതയ്ക്കാൻ കമ്പിളിയും. 

ലേഖകൻ അമര്‍നാഥ് യാത്രക്കിടെ

രാവിലെ എഴുന്നേറ്റ് ഒരുതവണകൂടി മഹാദേവനെ തൊഴാൻ ചെന്നപ്പോൾ ഞാനും ജമ്മു സ്വദേശിയായ പൂജാരി മാധവ്ജിയും മാത്രമേ ശ്രീകോവിലിൽ ഉണ്ടായിരുന്നുള്ളൂ. ശിവലിംഗത്തിന് അഭിമുഖമായുള്ള ഒരു പാറമുകളിൽ ഒരു പ്രാവ് സ്ഥിരമായി ഇരിക്കുന്നത് കാണാം. അത് പറന്നകന്നാൽ അപ്പോൾത്തന്നെ മറ്റൊരു പ്രാവ് ആ സ്ഥാനത്ത് വന്നിരിക്കും. എപ്പോഴും ഇത് തുടർന്നുകൊണ്ടേയിരിക്കും. രാത്രി കഴിയാൻ സന്മനസ്സു കാണിച്ച സ്വാമിയോടും മറ്റും യാത്രപറഞ്ഞു. ബോലേനാഥിന്റെ തിരുസന്നിധിയിൽ ഒരുനിമിഷം ഞാൻ കണ്ണടച്ചുനിന്നു. ഹിമസാനുക്കൾ താണ്ടി ദുർഘടംപിടച്ച മലഞ്ചെരുവുകളെ പിന്നിട്ട് ഈ ഗുഹയ്ക്ക് മുന്നിൽനിൽക്കുമ്പോൾ മനസ്സിൽ തോന്നിയത് എന്താണ്? ഭക്തിയോ മനഃശാന്തിയോ?. 

പിറ്റേന്ന് പുലർച്ചെ ബേസ് ക്യാമ്പിലേക്ക് തിരിച്ചിറങ്ങുമ്പോഴേക്കും അമർനാഥ് ഗുഹാപരിസരം തീർഥാടകരെക്കൊണ്ട് നിറഞ്ഞിരുന്നു. ഏവരും ഒരേസ്വരത്തിൽ ബോലേനാഥിനെ മനസ്സിൽ ഉരുവിട്ടുകൊണ്ടിരുന്നു. ചെങ്കുത്തായ പാതകൾതാണ്ടി ഞങ്ങൾ ബാൽത്താറിലേക്ക് തിരിച്ചുനടന്നു.

Content Highlights: amarnath, pilgrim, travel india