നീലക്കുറിഞ്ഞികള്‍ പൂക്കുന്ന നീലഗിരിമലനിരകളില് 'നീലഗിരിച്ചിലപ്പന്' പക്ഷിയെ തേടി ഒരു യാത്ര

കയറ്റംകയറുന്നതിനിടയില് അല്പസമയം നിന്നു. പിന്നീട് താഴെനിന്ന് കയറിവന്ന വഴിയിലേക്ക് നോക്കി. അതൊരു വഴിയൊന്നുമായിരുന്നില്ല. കാട്ടുപോത്തുകള്‍ പതിവായി ചവിട്ടിനടന്ന അടയാളങ്ങളായിരുന്നു. പര്‍വതങ്ങള്‍ കയറുമ്പോള്‍ മുകളിലേക്ക് നോക്കരുതെന്നും ഇനി എത്രമാത്രം കയറ്റമുണ്ടെന്നും അതിനെത്ര സമയമെടുക്കുമെന്നും തിരക്കാന്‍ പാടില്ലെന്നുമാണ് എന്റെ സങ്കല്പം. നമ്മുടെ കാല്പ്പാദങ്ങള് വയ്ക്കുന്ന മുന്നിലെ ഓരോ ചുവടിലേക്കും ഇരുവശങ്ങളിലേക്കും താഴ്വാരങ്ങളിലേക്കുമാണ് നോക്കേണ്ടത്. അവിടെ ആനന്ദഭരിതമാക്കാനുള്ള കാഴ്ചകള്‍ കാണാനാകും. നീലാകാശത്തിലൂടെ വെള്ളിമേഘങ്ങള്‍ ഒഴുകിനീങ്ങുന്നതും നീലയില്‍ ചേര്‍ന്നുനില്‍ക്കുന്ന പച്ചയുടെ അപാരസൗന്ദര്യവും വീണ്ടും വീണ്ടും ഉയരങ്ങളിലേക്ക് നമ്മെ നയിക്കും. നീലഗിരിമലനിരകളുടെ ദൃശ്യഭംഗി നുകരണമെങ്കില്‍ ഏതെങ്കിലും മലമുകളിലെത്തിയാല്‍ മതി.
ഏതാനും ചുവടുകള്‍കൂടി മുകളിലേക്ക് വെച്ചപ്പോള്‍ ''ഹ ഹ ഹ... ആ... ക്ലീ... ക്ലീ... ക്ലീ...'' എന്നിങ്ങനെ മനുഷ്യച്ചിരിയോട് വിദൂരസാമ്യം തോന്നിപ്പിക്കുന്ന ബഹളത്തോടെ ഒരു പക്ഷി എന്റെ വലതുവശത്തേക്ക് പറന്നകന്നു. ഞാന്‍ അന്വേഷിച്ചുവന്നതും 'നീലഗിരിച്ചിലപ്പന്' (Nilgiri Laughingthrush) എന്ന ഈ പക്ഷിയെയായിരുന്നു. ആ പക്ഷി എന്റെ മുകളിലേക്കുള്ള കയറ്റം വലതുവശത്തേക്ക് തിരിച്ചുവിടുകയായിരുന്നു. ഞാന്‍ മുന്നിലേക്ക് കാലുറപ്പിച്ചുവെച്ചിടത്ത് വിടര്‍ന്ന പുഞ്ചിരിയോടെ ഒരു നീലക്കുറിഞ്ഞി പൂത്തുലഞ്ഞുനില്‍ക്കുന്നു! ഞാനാ ചെറിയ നീലക്കുറിഞ്ഞിച്ചെടിക്ക് മുന്നില്‍ മുട്ടുകുത്തി. നീലഗിരിക്കുന്നുകളിലെ കറുത്ത മണ്ണില്‍ എന്തുമാത്രം ശോഭയോടെയാണ് അവ പൂത്തുലഞ്ഞുനില്‍ക്കുന്നത്! ഓരോ പൂവും പ്രകാശിക്കുകയാണ്. അവിടംവിട്ട് കുറച്ചുകൂടെ മറുവശത്തേക്ക് നടന്നപ്പോഴാകട്ടെ, നീലക്കുറിഞ്ഞിച്ചെടികളുടെ വസന്തോത്സവമായിരുന്നു. മലനിരയാകെ പൂത്തുലഞ്ഞങ്ങനെ!
Content Highlights: a nilgiri trip to watch the bird nilgiripachan