ഒരുവേള, ഭയത്തോടെ കണ്ണുകള്‍ ഇറുക്കിയടക്കേണ്ടിവന്നു. താഴേ അഗാധമായ ഗര്‍ത്തങ്ങള്‍. കൊല്ലിമലൈയുടെ മുകള്‍ത്തട്ടിലെത്താന്‍ ഇനിയും മുപ്പതിലധികം മുടിപ്പിന്‍വളവുകള്‍ കയറണം. ഡ്രൈവറുടെ ചെറിയൊരശ്രദ്ധപോലും ജീവനപഹരിച്ചേക്കാം. അതുകൊണ്ട് കൊല്ലിമലൈയെ 'മൗണ്ടന്‍ ഓഫ് ഡെത്ത്' (മരണത്തിന്റെ മല) എന്നും വിളിച്ചുപോരുന്നു. മഞ്ഞണിഞ്ഞ ജനുവരിയുടെ പ്രഭാതത്തിലാണ് നാമക്കലില്‍നിന്ന് കൊല്ലിമലൈക്ക് യാത്രതിരിച്ചത്. 14 കിലോമീറ്ററുള്ള ചുരംപാതയിലെ 70 മുടിപ്പിന്‍വളവുകള്‍ താണ്ടിവേണം ഞങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനം കൊല്ലിമലൈയുടെ മുകളിലെത്താന്‍. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ചുരംപാതകളിലൊന്ന്. നാമക്കല്‍ പിന്നിട്ടതോടെ വയലേലകള്‍ നിറഞ്ഞ ഗ്രാമങ്ങള്‍ പ്രത്യക്ഷമായി. ചോളവും പൈനാപ്പിളും നെല്ലും വിളയുന്ന പാടങ്ങള്‍. കര്‍ഷകര്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ. കാരവല്ലി ഗ്രാമത്തിലെത്തിയതോടെ കൊല്ലിമലൈയിലേക്കുള്ള പ്രവേശനകവാടം. ഇവിടം മുതല്‍ മുടിപ്പിന്‍വളവുകള്‍ ആരംഭിക്കുകയായി.
പൂര്‍വഘട്ടമലനിരകളുടെ ഭാഗമാണ് കൊല്ലിമലൈ. പച്ചപുതച്ച വനപാതയിലൂടെ വാഹനം ഓടിത്തുടങ്ങി. ദൂരദേശങ്ങളില്‍നിന്നെത്തിയ റൈഡര്‍മാര്‍ ഞങ്ങളുടെ വാഹനത്തെ മറികടന്ന് പൊയ്ക്കൊണ്ടിരുന്നു. അടുത്തകാലംവരെ അപരിചിതമായിക്കിടന്ന കൊല്ലിമലൈയെത്തേടി സാഹസികസഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ടെന്ന് ഞങ്ങളുടെ സാരഥി ഭൂപല്‍ പറഞ്ഞു. ഈറോഡിലുള്ള സുഹൃത്ത് മുരുകനാണ് ഭൂപലിനെ ഏര്‍പ്പാടാക്കിത്തന്നത്. സുമാര്‍ രണ്ടുകിലോമീറ്റര്‍ പിന്നിടുമ്പോഴാണ് ആദ്യ വളവ് ആരംഭിക്കുന്നത്. പുലര്‍കാലമായതിനാല്‍ തണുത്തകാറ്റ് വീശുന്നുണ്ടായിരുന്നു. ഒരുകൂട്ടം വാനരന്മാരാണ് ആദ്യം സ്വീകരിച്ചത്. വഴിയാത്രക്കാര്‍ വലിച്ചെറിയുന്ന ഭക്ഷണപ്പൊതികള്‍ തേടി അവരെത്തുന്നു. വനത്തിനുള്ളില്‍ കയറിയാല്‍ കുരങ്ങുകള്‍ക്ക് പ്ലാസ്റ്റിക് കവറുകളില്‍ ഭക്ഷണം നല്‍കരുതെന്ന ബോര്‍ഡുകള്‍ക്ക് ആരും വിലകല്പിക്കുന്നില്ല.
പാതയിലൂടനീളം പ്ലാസ്റ്റിക് പൊതികള്‍ ചിതറിക്കിടക്കുന്നു. നാലു മുടിപ്പിന്‍വളവുകള്‍കൂടി താണ്ടിയതോടെ പാത ദുര്‍ഘടമായിക്കൊണ്ടിരുന്നു. വളവുകളില്‍ ഒരു വാഹനത്തിനുമാത്രം കടന്നുപോകാവുന്ന വീതി. നീട്ടിയ ഹോണടിശബ്ദം; അതൊരറിയിപ്പാണ്, താഴേനിന്ന് ഭാരം കയറ്റിവരുന്ന ലോറികളുടെ. വളവുകള്‍ തിരിയുമ്പോള്‍ താഴേ അഗാധമായ കൊക്കകള്‍, മറുവശം മാനംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന മലനിരകള്‍. തൊട്ടടുത്ത വളവ് പിന്നിടുമ്പോള്‍ ഗര്‍ത്തങ്ങളും മലനിരകളും എതിര്‍വശത്താകും. ഒരുവേള സത്യമംഗലത്തെ ധിംഭം ചുരം ഓര്‍മ്മയിലെത്തി. തമിഴ്‌നാട്-കര്‍ണാടക അന്തസ്സംസ്ഥാന പാതയായതിനാല്‍ ധിംഭം ചുരത്തിന് അല്പംകൂടി വീതിയുണ്ടെന്നുമാത്രം. 'Avoid rash driving' ബോര്‍ഡ് മിക്ക വളവിലും സ്ഥാപിച്ചിട്ടുണ്ട്. നാല്‍പ്പത്തിയാറുമുതല്‍ അമ്പതുവരെയുള്ള മുടിപ്പിന്‍ വളവുകള്‍ ചുരുണ്ടുകിടക്കുന്ന അട്ടയെപ്പോലെ തോന്നിച്ചു. അമ്പതാം വളവിലെത്തിയാല്‍ ചെറിയൊരു വ്യൂ പോയിന്റാണ്. വാഹനം കഷ്ടിച്ച് ഒതുക്കിയിടാം. ചുറ്റും മഞ്ഞില്‍പ്പൊതിഞ്ഞുകിടക്കുന്ന പര്‍വതനിരകള്‍. ദൂരെ, താഴ്‌വരയില്‍ നിന്ന് ഹോണടിച്ചെത്തുന്ന തമിഴ്‌നാട് ആര്‍.ടി.സി. ബസ്സുകള്‍ സോപ്പുപെട്ടിപോലെ തോന്നിച്ചു. ഇവിടെനിന്നാല്‍ പൂര്‍വഘട്ടമലനിരകളുടെ നിബിഡത കണ്‍നിറയെ കാണാം. പച്ചപ്പുനിറഞ്ഞ മലനിരകള്‍ക്കു മുകളില്‍നിന്ന് കോടമഞ്ഞ് താഴ്‌വാരത്തേക്ക് ഒഴുകിയിറങ്ങുന്ന കാഴ്ച അനിര്‍വചനീയമാണ്.
നാമക്കലില്‍നിന്ന് നിര്‍ത്താതെയുള്ള ഓട്ടത്തിന് അല്പം വിശ്രമംകൊടുക്കാന്‍ ഇറങ്ങിയപ്പോഴാണ് സായിപ്പിനെയും മദാമ്മയെയും കണ്ടത്. ഇറ്റലിയില്‍നിന്നെത്തിയവരാണ്. ഡല്‍ഹിയില്‍ ജോലിചെയ്യുന്ന ഇരുവരും കൊല്ലിമലൈയിലേക്ക് സാഹസികയാത്രയ്‌ക്കെത്തിയതാണ്. ചെന്നൈയില്‍നിന്നു വിമാനത്തിലെത്തിച്ച മൗണ്ടന്‍ ബൈക്കില്‍ ഇരുവരും തലേദിവസം കൊല്ലിമലൈയിലെത്തി, തിരിച്ചിറങ്ങുന്ന വഴിയാണ്. ഡ്രോണ്‍ ക്യാമറ പറത്തി മലനിരകളുടെ സൗന്ദര്യം പകര്‍ത്തുന്ന അവരോട് യാത്രപറഞ്ഞു. മലകയറുംതോറും തണുപ്പേറിവന്നു. പതിനൊന്നുമണിയായപ്പോഴേക്കും നാച്ചിയമ്മന്‍കോവിലില്‍ എത്തിച്ചേര്‍ന്നു. മലമുകളിലെവിടെനിന്നോ ഒഴുകിയെത്തുന്ന ചെറിയൊരു അരുവിയുടെ കരയിലാണ് ഈ കൊച്ചുകോവില്‍, അറുപത്തിയാറാം വളവില്‍. ചുരം താണ്ടിയെത്തുന്നവരും ചുരമിറങ്ങി നാമക്കലിലേക്ക് പോകുന്നവരുമെല്ലാം വാഹനം നിര്‍ത്തി തൊഴുന്നു. ''കൊല്ലിമലൈയിലെ ഗ്രാമീണരും കര്‍ഷകരും മലയിറങ്ങി ജോലിക്കുപോകുമ്പോള്‍ സ്വാമിയെ കുമ്പിടും,'' ഭൂപല്‍ പറഞ്ഞു.
കൈലിമുണ്ടും മുഷിഞ്ഞ വേഷവും ധരിച്ചെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള തൊഴിലാളികള്‍ പിക്ക്അപ് വാനില്‍നിന്നിറങ്ങി സ്വാമിയെ തൊഴുന്നുണ്ടായിരുന്നു. കോവിലില്‍നിന്ന് പൂജാരി ഞങ്ങളുടെ വാഹനത്തിനുചുറ്റും ആഴിയുഴിഞ്ഞ് ചില്ലുകളില്‍ ഭസ്മവും ചന്ദനവും തേച്ചു. ചെറിയൊരു ദക്ഷിണ നല്‍കി. പൂജാരിക്ക് സന്തോഷമായി. ചുരമിറങ്ങുമ്പോള്‍ അപകടം സംഭവിക്കാതിരിക്കാനാണ് നാച്ചിയമ്മന്‍കോവിലില്‍ പ്രാര്‍ഥിക്കുന്നതെന്ന് ഭൂപല്‍ പറഞ്ഞു. എഴുപത് ഹെയര്‍പിന്‍ വളവുകള്‍ താണ്ടിയാല്‍ ശെമ്മീട് എന്ന ഗ്രാമമായി. കുരുമുളകും കാപ്പിയും വയലേലകളും നിറഞ്ഞ കാര്‍ഷികഗ്രാമം. അടിസ്ഥാനസൗകര്യങ്ങള്‍ കാര്യമായൊന്നുമില്ലാത്ത ഇവിടെ നിന്ന് തൊട്ടടുത്ത നഗരമായ നാമക്കലിലെത്തുക ദുഷ്‌കരമാണ്. ഭൂപല്‍ ഞങ്ങളെ ശെമ്മീടിലുള്ള ചെറിയൊരു റിസോര്‍ട്ടിലെത്തിച്ചു. സീസണല്ലാത്തതിനാല്‍ സഞ്ചാരികള്‍ കുറവായിരുന്നു. നട്ടുച്ചയ്ക്കുപോലും തണുപ്പ്.
സായാഹ്നത്തില്‍ ശെമ്മീടില്‍നിന്ന് അധികമകലെയല്ലാതെ സ്ഥിതിചെയ്യുന്ന ശീക്കുപ്പാറ വ്യൂ പോയിന്റിലേക്ക് പോയി. കൊല്ലിമലൈയുടെ പടിഞ്ഞാറേ ചരിവിലാണ് ഇത്. സഞ്ചാരികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്നാല്‍ കൊല്ലിമലൈയുടെ മൂന്നുഭാഗങ്ങളും കാണാം. കണ്ണെത്താത്താഴ്ചകളിലേക്ക് ആണ്ടുകിടക്കുന്ന മലഞ്ചരിവുകള്‍. ഒഴുകിയിറങ്ങുന്ന കോടമഞ്ഞ്. ജനുവരിയായതിനാല്‍ കാഴ്ചകളെ മറച്ച് മഞ്ഞ് താഴ്‌വരയാകെ പടര്‍ന്നിരുന്നു. അതുകൊണ്ട് വളഞ്ഞുപുളഞ്ഞ് നീളുന്ന മുടിപ്പിന്‍വളവുകളുടെ കാഴ്ച കാണാനായില്ല. സീസണില്‍ ഈ കാഴ്ച പകര്‍ത്താനായേക്കും.
ശീക്കുപ്പാറ വ്യൂ പോയിന്റിലെ വാച്ച് ടവറില്‍ കയറി. ഭൂമിയുടെ ഏറ്റവും മുകളിലെത്തിയ പ്രതീതി. ഒരുഭാഗം പാറക്കൂട്ടങ്ങളാല്‍ നിറഞ്ഞ പര്‍വതങ്ങളാണ്, മറുവശം വൃക്ഷനിബിഡമായ പൂര്‍വഘട്ടമലനിരകളിലെ വനങ്ങള്‍. അനുനിമിഷം അന്തരീക്ഷത്തെ മറയ്ക്കുന്ന കോടമഞ്ഞിന്‍പാളികള്‍. സായാഹ്നം പിന്നിടുമ്പോഴേക്കും അസ്ഥിതുളച്ചിറങ്ങുന്ന തണുപ്പ്. അധികനേരം പ്രകൃതിയുടെ ഈ മായക്കാഴ്ചകള്‍ നോക്കിനില്‍ക്കാനാകില്ല, തണുപ്പും മഞ്ഞും വന്നുപൊതിയും. ശീക്കുപ്പാറ വ്യൂ പോയിന്റില്‍നിന്ന് തിരിച്ചിറങ്ങി. വഴിയിലുടനീളം വിവിധതരം തട്ടുകടകള്‍. മസാലപുരട്ടിയ മത്സ്യങ്ങള്‍ എണ്ണയില്‍ പൊരിച്ചെടുക്കുന്നു. പാര, കിള്ളത്തി, റോഹ്, തിലോപ്പി എല്ലാം വളര്‍ത്തുമത്സ്യങ്ങള്‍. അല്ലെങ്കിലും ഈ മലമുകളില്‍ കടല്‍മത്സ്യം എങ്ങനെ കിട്ടാനാണ്. ഇരുട്ടിന് കട്ടികൂടിക്കൊണ്ടിരുന്നു. താമസസ്ഥലത്തേക്ക് കുറച്ചധികം ദൂരമുണ്ട്. റിസോര്‍ട്ടിലെത്തുമ്പോഴേക്കും തണുത്തുവിറച്ചിരുന്നു. അടുത്തദിവസം കൊല്ലിമലൈയിലെ വെള്ളച്ചാട്ടങ്ങളും കോവിലുകളും കാണുകയായിരുന്നു ലക്ഷ്യം.ആകാശഗംഗയെന്ന സുന്ദരമായ വെള്ളച്ചാട്ടം കാണാനാണ് സഞ്ചാരികള്‍ കൂടുതലായും ഇവിടേക്കെത്തുന്നത്. ആയിരം പടവുകള്‍ ഇറങ്ങി വേണമത്രേ ആകാശഗംഗ വെള്ളച്ചാട്ടത്തിലെത്താന്‍. നിര്‍ഭാഗ്യമെന്നുപറയട്ടെ, അവിടേക്കുള്ള പാത അടച്ചിരിക്കുന്നു. അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ട ് വെള്ളച്ചാട്ടത്തിലിറങ്ങിയ സഞ്ചാരികളില്‍ ചിലര്‍ക്ക് ജീവഹാനിയുണ്ടായതോടെ പ്രവേശനം അടച്ചിരിക്കുകയാണ്. ആയിരം പടവുകള്‍ ഇറങ്ങിച്ചെന്ന് മലനിരകളില്‍നിന്നൊഴുകിയെത്തുന്ന ആകാശംഗംഗയുടെ സൗന്ദര്യമാസ്വദിക്കാന്‍ കഴിയാത്തതില്‍ വിഷമം തോന്നി. എങ്കിലും സമീപത്ത് മറ്റൊരു ചെറിയ വെള്ളച്ചാട്ടം ഉണ്ടെന്നറിഞ്ഞു. 'മസില' എന്നാണ് പേര്. മലമുകളില്‍നിന്നൊഴുകിയെത്തിയ മസിലനദിയുടെ കൈവഴി പാറക്കൂട്ടങ്ങളെ തഴുകി താഴേക്കുപതിക്കുന്ന കാഴ്ച. ആകാശഗംഗയില്‍ ഇറങ്ങാന്‍ കഴിയാത്ത സഞ്ചാരികള്‍ മസിലവെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതു കണ്ടു. തത്കാലം ഈ കൊച്ചുവെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുകയേ വഴിയുള്ളൂ. നല്ല തണുപ്പായതിനാലാല്‍ മസിലയിലിറങ്ങി കുളിക്കാന്‍ മനസ്സനുവദിച്ചില്ല. ആ തെളിനീരിലിറങ്ങി കൈയും മുഖവും കഴുകി. ഐസുവെള്ളംപോലെ തണുപ്പ്.
ശെമ്മീടില്‍നിന്ന് ആകാശഗംഗ വെള്ളച്ചാട്ടത്തിലേക്ക് പോകുംവഴിയാണ് അറപ്പാളീശ്വരക്ഷേത്രം. കൊല്ലിമലൈക്കു മുകളിലെ പ്രധാന ശിവക്ഷേത്രമാണിത്. ദൂരദേശങ്ങളില്‍നിന്നുപോലും ഭക്തര്‍ ഇവിടേക്കെത്തുന്നു. ഇവിടെനിന്ന് കൊല്ലിമലൈയില്‍ത്തന്നെയുള്ള രാശിപുരത്തെ ശിവക്ഷേത്രത്തിലേക്ക് ഒരു രഹസ്യപാതയുണ്ടത്രേ! കൊല്ലിമലൈയിലെ പഴമക്കാരുടെ വിശ്വാസമാണ്. അറപ്പാളീശ്വരക്ഷേത്രത്തിനുചുറ്റും തിരക്കാണ്. നിറയെ കടകള്‍. പൂക്കളും പൂജാദ്രവ്യങ്ങളും കളിപ്പാട്ടങ്ങളും പഴങ്ങളും വില്‍പ്പനയ്ക്കുവെച്ചിരിക്കുന്നു.
കൊല്ലിമലൈ കാര്‍ഷികസമ്പന്നമായ പ്രദേശമാണ്. ഇവിടെ കായ്ക്കുന്ന പഴങ്ങളും സുഗന്ധ വ്യഞ്ജനങ്ങളുമായെത്തി സഞ്ചാരികളെയും ഭക്തരെയും കാത്തിരിക്കുന്ന പാട്ടിയമ്മമാര്‍ ധാരാളമുണ്ട്്. അത്തിപ്പഴവും ഞാവല്‍പ്പഴവും പൈനാപ്പിളുമെല്ലാം സുലഭം. ശെമ്മീടിലെ വയലേലകളിലും പറമ്പുകളിലും കൃഷിചെയ്തുണ്ടാക്കിയ ഒന്നാന്തരം സുഗന്ധവ്യഞ്ജനങ്ങളുടെ ഗന്ധങ്ങളാണ് കോവിലിനുചുറ്റും. പെരുഞ്ചീരകം, കറുവാപ്പട്ട, ഗ്രാംപൂ, കുരുമുളക്, കുന്തിരിക്കം എല്ലാം ഇവിടെക്കിട്ടും. മൂടൈവാട്ട് കിഴങ്ങ് സൂപ്പാണത്രെ അറപ്പാളീശ്വരത്തെ സ്‌പെഷ്യല്‍. ഒന്നു പരീക്ഷിക്കുകതന്നെ. പ്രത്യേകതരം കിഴങ്ങില്‍നിന്നുണ്ടാക്കുന്ന സൂപ്പ്. ഇറക്കുമ്പോള്‍ നേരിയ ചൂടും തൊണ്ടയില്‍ തടയുന്ന കുരുമുളകിന്റെ എരിവും നിറഞ്ഞ രുചി.
ചിലപ്പതികാരത്തിലും മണിമേഖലയിലും കൊല്ലിമലൈയെക്കുറിച്ച് പരാമര്‍ശമുണ്ടത്രേ! കൊല്ലിമലൈയിലുള്ള എട്ടുക്കൈ അമ്മന്‍ (കൊല്ലിപാവൈ) ഭൂതപ്രേതാദികളില്‍നിന്ന് മനുഷ്യരെ കാത്തുരക്ഷിക്കുന്ന ദേവിയത്രേ! ഈ ദേവിയുടെ പേരില്‍നിന്നാണത്രേ കൊല്ലിമലൈ എന്ന പേരുവന്നത്. അറപ്പാളീശ്വരക്ഷേത്രത്തില്‍നിന്ന് മൂന്നുനാല് കിലോമീറ്റര്‍ പിന്നിട്ടാല്‍ എട്ടുക്കൈ അമ്മന്‍ കോവിലായി. പടികളിറങ്ങിച്ചെല്ലുമ്പോള്‍ കാണുന്നത് ഒരു വയലാണ്. വയല്‍വരമ്പ് താണ്ടി മുകളിലേക്കു കയറിയാല്‍ വീണ്ടും പടികള്‍ പ്രത്യക്ഷമാകും. ഇളംകാറ്റുവീശുന്നുണ്ടായിരുന്നു. അടുത്തുള്ള പൊന്തക്കാടുകളില്‍നിന്ന് ഉച്ചത്തില്‍ കരയുന്ന മയിലിന്റെ ശബ്ദം. നട്ടുച്ചയ്ക്കുപോലും എന്തൊരു തണുപ്പാണിവിടെ.
എട്ടുക്കൈ അമ്മന്‍കോവിലിലെ പ്രധാന നേര്‍ച്ച താഴും പൂട്ടുമാണ്. ആഗ്രഹ സഫലീകരണത്തിന് വരുന്നവര്‍ ക്ഷേത്രത്തിലെ ആല്‍ച്ചുവട്ടില്‍ അവ സമര്‍പ്പിക്കുന്നു. ബാധയേറ്റവരെ എട്ടുക്കൈ അമ്മന്റെ നടയിലെത്തിച്ചാല്‍ ഭേദമാകുമെന്നാണ് മറ്റൊരു വിശ്വാസം. അമാവാസിയിലും പൗര്‍ണമിയിലും ദൂരദേശങ്ങളില്‍നിന്നുപോലും ബാധയേറ്റവരെ ഇവിടേക്കെത്തിക്കാറുണ്ട്!സായാഹ്നം. തിരിച്ചുപോകാന്‍ സമയമായിരിക്കുന്നു. നാമക്കലിലേക്കുള്ള ആര്‍.ടി.സി. ബസ്സില്‍ ഇരിക്കുമ്പോള്‍ മലനിരകളില്‍ നിന്നൊഴുകിയെത്തുന്ന കോടമഞ്ഞിന്‍തണുപ്പ് ശരീരത്തെ പൊതിയുന്നു. ബസ്സില്‍ യാത്രചെയ്യുമ്പോഴേ കൊല്ലിമലൈയിലേക്കുള്ള ഹെയര്‍പിന്‍ വളവിന്റെ 'യഥാര്‍ഥ ചിത്രം' ബോധ്യമാവുകയുള്ളൂ. ഏതോ ഒരു വളവിലെത്തുമ്പോള്‍ ബസ് വേഗം കുറയ്ക്കുന്നു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടയ്ക്കുന്നു. കൊടുംവളവിനു താഴേ അഗാധമായ കൊക്ക. ബസ് വീണ്ടും പിറകോട്ടെടുത്തശേഷം വളവുതിരിയുന്നു. താഴേനിന്ന് നിര്‍ത്താതെ ഹോണ്‍മുഴക്കിയെത്തുന്ന ഭാരവണ്ടികള്‍ക്ക് വഴിയൊതുങ്ങി ബസ് സാവധാനം ചുരമിറങ്ങി. അല്പം സാഹസികത ആസ്വദിക്കാമെങ്കില്‍ കൊല്ലിമലൈ നിങ്ങള്‍ക്ക് മികച്ച അനുഭവമാകും.
Content Highlights: a trip to kollimalai in tamilnadu known as the mountain of death