പൂരത്തിന് പിടിയാനകള്‍, ഉപദേവന്മാരില്ല; ഇരിങ്ങോളിലെ കാവും ദേവിയും

ഇരിങ്ങോള്‍ കാവ് /ചിത്രം. പി.ജയേഷ്‌
ഇരിങ്ങോള്‍ കാവ് /ചിത്രം. പി.ജയേഷ്‌

ഇന്‍സ്റ്റഗ്രാം റീല്‍സുകളില്‍, യുട്യൂബ് വീഡിയോകളില്‍ നിറഞ്ഞുനില്‍ക്കുന്ന കാവ്. അമ്പത് ഏക്കറിലധികം വരുന്ന വലിയ കാട്.  കാടിനകത്ത് അഭയവരദായിനിയായ അമ്മ, ഇരിങ്ങോള്‍ ഭഗവതി.  

ഐതിഹ്യത്തിന്റെ നിലവറപ്പടവുകള്‍ ഇറങ്ങിച്ചെല്ലുന്നത് മന്വന്തരങ്ങള്‍ പിറകിലേക്കാണ്. ദ്വാപരയുഗം. കൃഷ്ണാവതാരസമയം. ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രന്‍ തന്നെ വധിക്കുമെന്ന് മനസ്സിലാക്കുന്ന കംസന്‍ ഇരുവരെയും തടവിലാക്കുന്നു. പുത്രനെ പ്രതീക്ഷിച്ചവര്‍ കണ്ടത് പെണ്‍കുഞ്ഞിനെ. അതിനെയും വെറുതേ വിടില്ലെന്നായി കംസന്‍. കുഞ്ഞിനെ തറയിലെറിഞ്ഞുകൊല്ലാനായി കാലില്‍ തൂക്കിയെടുത്തു. അദ്ഭുതം, ആ കുഞ്ഞ് അഭൗമതേജസ്സോടെ ആകാശത്തില്‍ മറഞ്ഞു. ഭൂമിയില്‍ ആ വെളിച്ചം സ്പര്‍ശിച്ച സ്ഥലം 'ഇരുന്നോള്‍' ആയിത്തീര്‍ന്നു. അത് പിന്നീട് ഇരിങ്ങോളായി മാറുകയായിരുന്നു. ദേവിയുടെ അനുഗ്രഹം തേടിയെത്തിയ ദേവഗണങ്ങള്‍, വൃക്ഷങ്ങളും ചെടികളുമായിത്തീര്‍ന്നു. 

സ്വയംഭൂവാണ് ഇരിങ്ങോളിലെ പ്രതിഷ്ഠ. 108 ദുര്‍ഗാക്ഷേത്രങ്ങളിലൊന്നായ ഇവിടം പരശുരാമനാല്‍ സ്ഥാപിതമായി എന്നാണ് വിശ്വാസം. പൂമാലകളുടെ കടുംമണങ്ങളോ സാമ്പ്രാണിത്തിരിയുടെ ഗന്ധമോ ഇരിങ്ങോള്‍ കാവില്‍ ഇല്ല. സുഗന്ധപുഷ്പങ്ങള്‍ ചൂടിയ ആരെയും അകത്തേക്ക് കടത്താറില്ല. പൂജയ്ക്കുപോലും പുഷ്പങ്ങളില്ല. ദേവിക്ക് മാലചാര്‍ത്താനായി ചെത്തി, താമര, തുളസി എന്നിവമാത്രം. ഉപദേവന്മാരില്ലാത്ത ക്ഷേത്രംകൂടിയാണ് ഇത്. വിവാഹം, കെട്ടുനിറ, രാമായണപാരായണം എന്നീ ചടങ്ങുകളൊന്നും നടക്കാറില്ല. മീനമാസത്തിലെ പൂരത്തിന് പിടിയാനകളെ എഴുന്നള്ളിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

കമ്പകം, വെള്ളപ്പൈന്‍, മഞ്ചാടി, വീട്ടി, ആഞ്ഞിലി, കരിമ്പന, ചൂണ്ടപ്പന, ചേര്, കാഞ്ഞിരം, ഞാവല്‍ തുടങ്ങിയ വന്മരങ്ങളാണ് ചുറ്റിലും. കാട്ടുകുരുമുളകും കാട്ടുപത്രിയും ചിറ്റമൃതും തിപ്പലിയും അടങ്ങുന്ന ഔഷധക്കലവറ. പുള്ളും നത്തും പരുന്തും ചീവീടും തുമ്പിയും ഉറുമ്പും ചിതലും പങ്കിട്ടെടുക്കുന്ന മണ്ണ്. എല്ലാം ശാന്തമായി കഴിയുന്നു. 'പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍..' എന്ന ലളിതമായ പ്രകൃതിപാഠം. 

നടക്കുന്നതിനിടയില്‍ ഒരു ബോര്‍ഡ്-'ഫോട്ടോയും വീഡിയോയും പാടില്ല'. മുന്‍പ് ഇവിടെ റീല്‍സുകാരുടെയും 'സേവ് ദ ഡേറ്റു'കാരുടെയും തിരക്കായിരുന്നു. കാവിലേക്കുള്ള കടന്നുകയറ്റം നാട്ടുകാര്‍ക്ക് ശല്യമായി. ക്ഷേത്ര കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു. തത്കാലത്തേക്ക് ഫോട്ടോയെടുപ്പും വീഡിയോയുമെല്ലാം നിരോധിച്ചിരിക്കുകയാണ്. എങ്കിലും തൊഴുതുവരുന്നവര്‍ കാവിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയുടെ സിന്ദൂരം ചാര്‍ത്തിയേ തിരിച്ചുപോകാറുള്ളൂ! 

ദക്ഷിണകേരളത്തിലെ ഏറ്റവും വലിയ കാവുകളിലൊന്നാണ് ഇത്. കാവിലെ മരങ്ങള്‍ മുറിക്കുകയോ എടുക്കുകയോ ചെയ്യാറില്ലത്രേ. മരങ്ങളെ ദേവഗണങ്ങളായി സങ്കല്പിക്കുന്നു. വീഴുന്ന മരങ്ങള്‍ ദ്രവിച്ച് മണ്ണില്‍ ചേരുന്നു. പട്ടശ്ശേരി, നാഗഞ്ചേരി, ഒറോഴിയം മനക്കാരുടെ കീഴിലായിരുന്നു ക്ഷേത്രം. 70 വര്‍ഷങ്ങള്‍ക്കുമുന്‍പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറി.

വൃശ്ചികത്തിലെ തൃക്കാര്‍ത്തികയും നവരാത്രിക്കാലവുമാണ് ഇരിങ്ങോളിലെ ഉത്സവകാലം. നവരാത്രിയില്‍ വിദ്യാരംഭം കുറിക്കലും സംഗീതോത്സവവും അരങ്ങേറുന്നു. ശര്‍ക്കരനിവേദ്യം, ചതുശ്ശതം, കടുംപായസം, നെയ്പായസം എന്നിവയാണ് പ്രധാന വഴിപാടുകള്‍.
 

Content Highlights: a trip to iringol kavu