മഴനനഞ്ഞ് മാല്‍ഗുഡിയിലെ രത്‌നങ്ങള്‍ തേടി

#ഡിലന്‍ ടോം
തവളയെ വിഴുങ്ങുന്ന പച്ചില പാമ്പ്/ ഫോട്ടോ-ഡിലന്‍ ടോ
തവളയെ വിഴുങ്ങുന്ന പച്ചില പാമ്പ്/ ഫോട്ടോ-ഡിലന്‍ ടോ

രാത്രിവണ്ടി കൃത്യസമയത്ത് എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ ഇരമ്പിയാര്‍ത്തു വന്നുനിന്നു. കുഞ്ഞുപ്രായത്തില്‍ കേട്ട് മോഹിച്ച അര്‍.കെ. നാരായണന്റെ മാല്‍ഗുഡി ഡെയ്‌സിലെ ഗ്രാമവും അവിടുത്തെ മഴക്കാടുകളുമാണ് ലക്ഷ്യം. അഗുംബേയിലേക്ക് നേരിട്ട് തീവണ്ടിയില്ല, മംഗലാപുരത്ത് നിന്നോ ഉടുപ്പിയില്‍ നിന്നോ ബസ്സിന് പോകണം. രാത്രിയുടെ ഏതോ യാമത്തില്‍ ക്ഷേത്ര നഗരമായ ഉടുപ്പിയിലെ തീവണ്ടിയാപ്പീസില്‍ എന്നെ ഭദ്രമായ് ഏല്‍പ്പിച്ചിട്ട് 'നേത്രാവതി' മഹാനഗരം ലക്ഷ്യമാക്കി പാഞ്ഞുപോയി. അഗുംബേയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ പലതാണ്, ഒക്ടോബര്‍ മുതല്‍ ഇവിടുത്തെ തണുപ്പു ആസ്വദിക്കാനായി സഞ്ചാരികള്‍ എത്തുന്നു. സമീപപ്രദേശങ്ങളില്‍ ഉള്ളവര്‍ പുല്‍മേടുകളില്‍ കാല്‍പ്പന്തുകളിക്കാനായി എത്തുന്നു.

മണ്‍സൂണ്‍ കാലത്ത് ഇവിടുത്തെ മഴ ആസ്വദിക്കാനായി ദൂരെദേശങ്ങളില്‍നിന്ന് ആളുകള്‍ എത്തുന്നു. അഗുംബേയിലെ മഴ അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. ഇടയ്ക്കിടെ എത്തുന്ന നനുത്ത ചാറ്റല്‍മഴ, സായാഹ്നങ്ങളിലെ തണുത്തുറഞ്ഞ കാലാവസ്ഥ ഇവയെല്ലാം കൂടിച്ചേരുന്നതാണ് മാല്‍ഗുഡി എന്ന സ്വപ്നലോകം. ബസ്സ് ഓരോ വളവ് തിരിഞ്ഞ് മുകളിലേക്ക് കയറുമ്പോഴും, ചോണനുറമ്പിനെ പോലെ കാല്‍വിരല്‍ മുതല്‍ മുകളിലേക്ക് തണുപ്പ് അരിച്ചരിച്ച് കയറും. ശരീരത്തെ പൊതിഞ്ഞിരിക്കുന്ന ഉഷ്ണത്തിന്റെ അടരുകള്‍ ഓരോന്നോരോന്നായി അടര്‍ന്നുവീഴും. ദുരെയുള്ള മഴക്കാടുകള്‍ നിറഞ്ഞ മലഞ്ചെരുവുകള്‍ കേരളത്തിലെ ഹൈറേഞ്ചിലൂടെയുള്ള ബസ്സ് യാത്രയുടെ സ്മരണ എന്നില്‍ ഉണര്‍ത്തി. എന്റെ സന്ദര്‍ശന ലക്ഷ്യം വ്യത്യസ്തമാണ്, അഗുംബേയിലെ മഴക്കാടുകളിലൂടെ മാല്‍ഗുഡിയിലെ രത്‌നങ്ങളെ തേടി അലയുക. മഴക്കാടുകളുടെ അഭൗമസൗന്ദര്യം മനസ്സിലും ശരീരത്തിലും ആവാഹിച്ച് നടക്കുക. അതിന് പറ്റിയ കൂട്ടും എനിക്കവിടെ കിട്ടി. റാംപ്രസാദും അദ്ദേഹത്തിന്റെ സുഹൃത്ത് സുരേന്ദ്രയും. രണ്ടുപേരും തികഞ്ഞ പരിസ്ഥിതിവാദികള്‍.

രാവിലെ ഒമ്പത് മണിയോടെയാണ് അഗുംബേയില്‍ എത്തുന്നത്. റാംപ്രസാദ് ഉച്ചയോടെ എത്താമെന്ന് അറിയിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം കാടകത്തേക്കുള്ള യാത്രയെക്കുറിച്ച് റാം വിശദീകരിച്ചു. പകലും രാത്രിയിലുമായാണ് കാടുകയറുന്നത്. മഴ ചാറി തുടങ്ങിയിരുന്നു. റാമിന്റെ സ്‌കൂട്ടറില്‍ മഴയും നനഞ്ഞ് കുറച്ച് ദൂരം റോഡിലൂടെ സഞ്ചരിച്ചശേഷം വാഹനം ഒരു കാട്ടുപാതയിലേക്ക് തിരിഞ്ഞു. തെറിച്ച് തെറിച്ചുള്ള സഞ്ചാരം അവസാനിച്ചത് ഇടതൂര്‍ന്ന വനത്തിലാണ്. സ്‌കൂട്ടര്‍ അവിടെ വെച്ചശേഷം കാടിനകത്തേക്ക് നടന്നു. റാം അഗുംബേയിലെ വനപ്രദേശത്തെക്കുറിച്ച് ഒരു ലഘുവിവരണം തന്നു.

മഴക്കാടുകളുടെ സൗന്ദര്യം: ഫോട്ടോ-ഡിലന്‍ ടോം


അഗുംബേയിലെ മഴക്കാടുകള്‍ പല തുണ്ടുകളായാണ് കിടക്കുന്നത്. അതില്‍ ഒന്നിലാണ് ഇപ്പോള്‍ ഞങ്ങള്‍. ചെറിയൊരു കുറ്റിച്ചെടിയില്‍ ഒരു പച്ചിലപ്പാമ്പ് വെയില്‍ കാഞ്ഞുകിടക്കുന്നു. ചിത്രം പകര്‍ത്താന്‍ അതിനേ സമീപിക്കേണ്ടത് എങ്ങനെയെന്ന് ഞാന്‍ റാമിനോട് ചോദിച്ചറിഞ്ഞു. വളരെ സാവകാശം ഇലയിലൊ കൊമ്പുകളിലൊ സ്പര്‍ശിക്കാതെയും മണ്ണില്‍ ആഞ്ഞുചവിട്ടാതെയും വേണം ഇവയെ സമീപിക്കാന്‍. റാം പറഞ്ഞതിന്‍ പ്രകാരം ചിത്രമെടുത്ത ശേഷം മുന്നോട്ട് നീങ്ങി. വനത്തിലൂടെ ചിത്രമെടുക്കാന്‍ ഇറങ്ങുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടതായി ഞാന്‍ കണക്കാക്കുന്നത് വന്യജീവികളെ ശല്യപ്പെടുത്താതിരിക്കുക എന്നതാണ്‌. ചിത്രമെടുക്കലിന് രണ്ടാം സ്ഥാനമേ നല്‍കാറുള്ളു. വനത്തിലൂടെയുള്ള നടത്തം തന്നെ പ്രത്യേക അനുഭവമാണ്, ഇടതൂര്‍ന്ന വനത്തിലേക്ക് ഞങ്ങള്‍ കടന്നു. 'പിറ്റ് വൈപ്പര്‍' എന്ന ഇനം പാമ്പിനെ അന്വേഷിച്ചാണ് നടക്കുന്നത്. കാടിന്റെ സ്വഭാവം മാറി, നിറയെ വള്ളിപ്പടര്‍പ്പുകള്‍ തൂങ്ങിയാടുന്ന ഇടതൂര്‍ന്ന വനത്തിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. വള്ളിപ്പടര്‍പ്പുകളെയും ഇടയില്ലാത്തവിധം വളര്‍ന്ന അടിക്കാടിനെയും വകഞ്ഞുമാറ്റിയാണ് ഞങ്ങളുടെ സഞ്ചാരം.

ഇന്ത്യയിലെ രാജവെമ്പാലയുടെ തലസ്ഥാനം (king cobra capital) എന്നാണ് അഗുംബേ അറിയപ്പെടുന്നത്. സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ ഇന്ത്യയില്‍ കൂടുതലായി രാജവെമ്പാലകളെ കാണുന്നത് ഇവിടെയാണ്. വിഷമുള്ള മറ്റനേകം പമ്പുകളും ഉള്ളതിനാല്‍ വഴികാണിച്ച് റാം ആണ് മുന്നില്‍ നടന്നത്. സൂക്ഷ്മതയോടെ സാവധാനത്തിലായിരുന്നു ഞങ്ങളുടെ സഞ്ചാരം. വഴി കുറെ നേരം പിന്നിട്ടെങ്കിലും അന്വേഷിച്ചു നടക്കുന്ന 'പിറ്റ് വൈപ്പര്‍' ദര്‍ശനം നല്‍കിയില്ല. ഉഭയജീവികളെയും ഉരഗങ്ങളെയും പകല്‍ കണ്ടുകിട്ടുക എളുപ്പമല്ല. രാത്രിയാണ് ഇവയെ കാണുവാനുള്ള എളുപ്പമാര്‍ഗമുള്ളത്. വൈകീട്ട് ആറ് മണിയായപ്പോള്‍ ഞങ്ങള്‍ കാട്ടില്‍നിന്നും പുറത്തിറങ്ങി. രാത്രി എട്ടിന് ശേഷം വീണ്ടും വനത്തിലേക്കിറങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു.

അഗുംബേയില്‍ കണ്ട പിറ്റ് വൈപ്പര്‍ / ഫോട്ടോ-ഡിലന്‍ ടോം


രാത്രി കൃത്യം എട്ട് മണിക്ക് തന്നെ റാമിന്റെ സ്‌കൂട്ടറില്‍ സഞ്ചാരം ആരംഭിച്ചു. അപ്പോഴും ചെറുതായി മഴ ചാറുന്നുണ്ട്. തണുപ്പ് അസ്ഥികളിലേക്ക്‌ തുളച്ചിറങ്ങുന്നുണ്ടായിരുന്നു. കുറച്ചുദൂരം സഞ്ചരിച്ചപ്പോള്‍ ഒരു പുല്‍മൈതാനിയിലേക്ക് സ്‌കൂട്ടര്‍ എത്തിനിന്നു. കാടിന്റെ പ്രതീതിയൊന്നും കാണാനില്ലായിരുന്നു. പക്ഷേ, സുന്ദരവും വിസ്തൃതവുമായ പുല്‍മൈതാനമായിരുന്നുവത്. പുല്‍മേട്ടിലൂടെ കുറച്ച് നേരം നടന്നു. ഞാന്‍ ഹെഡ്‌ലൈറ്റ് ഓഫാക്കി. കാഴ്ചയും പ്രകൃതിയും ഒരേ താളത്തില്‍ എത്തിയപ്പോള്‍ കാര്‍മേഘത്തിന്റെ നേര്‍ത്ത മൂടുപടത്തില്‍ മറഞ്ഞിരിക്കുന്ന നറുനിലാവിന്റെ മങ്ങിയ പാല്‍ വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന പുല്‍മേടിന്റെ സൗന്ദര്യം അനിര്‍വചനീയം തന്നെ. മഴയുണ്ടായിരുന്നില്ല, പകരം അന്തരീക്ഷത്തിലാകെ മഞ്ഞുകണങ്ങളാണ് നിറയുന്ന കാഴ്ച. പരിസര നിരീക്ഷണം കഴിഞ്ഞ് റാം തിരിച്ചെത്തിയിരുന്നു.

മഴയുടെ സമയത്ത് ഇതുപോലെ മഞ്ഞ് പെയ്യാറില്ലത്രെ. മഞ്ഞും മഴയും നിറഞ്ഞ അന്തരീക്ഷത്തില്‍ ഉഭയജീവികള്‍ സജീവമായിരിക്കുമെന്നും 'ഹെര്‍പ്പിങ്ങിന്' അനൂകൂലമായ കാലാവസ്ഥയാണെന്നും റാം പറഞ്ഞു. പുല്‍മേട് അവസാനിക്കുന്നിടത്താണ് 'സോമേശ്വര വന്യജീവി സങ്കേതം' ആരംഭിക്കുന്നത്. ഞങ്ങള്‍ പുല്‍മേട്ടിലൂടെ കാട് ലക്ഷ്യമാക്കി നടന്നു. തോട്ടടുത്ത മരക്കൂട്ടത്തില്‍ നിന്നും ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തില്‍ രണ്ട് ഉണ്ടകണ്ണുകള്‍ തിളങ്ങുന്നു. സാവധാനം അടുത്ത് ചെന്നുനോക്കുമ്പോള്‍ ഒരുസുന്ദരന്‍ കുട്ടിത്തേവാങ്ക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഏതോ ശിഖരങ്ങളുടെ ഇടയിലേക്ക് ഊളിയിടുന്നു.
പുല്‍മേടിന്റെ വിശാലതയില്‍ നിന്നും വനാതര്‍ത്തിയിലേക്ക് നടന്നടുക്കുമ്പോള്‍ അത്യന്താധുനിക ശബ്ദസംവിധാനമുള്ള ഒരു സിനിമാ ശാലയില്‍ കയറിയ പ്രതീതി. ജീവജാലങ്ങളുടെ പലതരം ശബ്ദങ്ങളാല്‍ കാട് ശബ്ദമുഖരിതമായിരുന്നു. റാമിന് ഓരോ ജീവികളുടെയും ശബ്ദം അറിയാം.

തൊട്ടടുത്തുനിന്നും കേട്ട ശബ്ദത്തിന്റെ ഉടമ 'വയനാട് ബുഷ് ഫ്രോഗ്' ആണെന്ന് റാം പറഞ്ഞു. മരക്കൂട്ടത്തില്‍ ഞങ്ങള്‍ അതിനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ചിലപ്പോള്‍ ഏതെങ്കിലും 'പിറ്റ് വൈപ്പറിന്റെ' ആഹാരമായി അത് തീര്‍ന്നുകാണും. കുറച്ച് അകലെ മറ്റോരു ശബ്ദം കേള്‍ക്കാറായി. സാവധാനം വൃക്ഷച്ചില്ലകളില്‍ പരതിനോക്കിയപ്പോള്‍ ദാ, ഇരിക്കുന്നു ഒരു സുന്ദരന്‍. പുറംഭാഗം നല്ല കരിംപച്ച നിറവും അടിഭാഗം മഞ്ഞനിറവുമായി കുരുത്തോലയുടെ നിറവും വിലങ്ങനെ കറുത്ത വരപോലുള്ള കൃഷ്ണമണികളും ഉള്ള 'മലബാര്‍ ഗ്ലൈഡിങ്ങ് ഫ്രോഗ്'. ഇവനെ അത്താഴമാക്കുവാന്‍ ഏതെങ്കിലും പിറ്റ് വൈപ്പര്‍ പതുങ്ങിയിരിക്കുന്നുണ്ടോ എന്ന് നോക്കിയെങ്കിലും കണ്ടില്ല. ഞങ്ങള്‍ പുല്‍മേട് കടന്ന് വനാതിര്‍ത്തിയിലെ പാതയോരത്തേക്ക് കയറി.

പാതയുടെ ഇരുവശവും തിങ്ങിനിറഞ്ഞ മരക്കൂട്ടത്തിനിടയ്ക്ക് നിലാവെളിച്ചത്തില്‍ കാട്ടുവഴികള്‍ നാടപോലെ തെളിഞ്ഞു. ഹെഡ്‌ലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ തൊട്ടടുത്തുള്ള പേരമരത്തില്‍ അതേനിറത്തില്‍ പറ്റിപിടിച്ചിരിക്കുന്ന എന്തോ ഒന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ടു, മറ്റാരുമല്ല ഞാന്‍ തേടിനടന്ന ബ്രൗണ്‍ നിറമുള്ള 'പിറ്റ് വൈപ്പര്‍'. ആശാന്‍ അത്താഴത്തിനുള്ള കോപ്പുകൂട്ടുകയാണ്. ഏതാനും ചിത്രങ്ങള്‍ എടുത്ത ശേഷം ടിയാന്റെ അത്താഴം മുടക്കാതെ ഞങ്ങള്‍ നടന്നകന്നു. പാതയ്ക്കിരുവശവുമുള്ള വൃക്ഷച്ചാര്‍ത്തുകളുടെ ഗരിമ കൂടിക്കൂടി വന്നു. എതാനും നിമിഷം നിശ്ചലമായി നിന്നപ്പോള്‍ ഇലച്ചാര്‍ത്തുകള്‍ ആടിയുലയുകയും കറുത്ത ശീലപോലെ എന്തോ ഒന്ന് ഇടയ്ക്കിടെ പാറിപ്പോകുന്നതും കാണ്മാനായി. ഈ പ്രദേശത്ത് ധാരാളമുള്ള പറക്കും അണ്ണാന്‍ (Flying Squirrel) ആണിതെന്ന് റാം പറഞ്ഞു. ഇരുട്ട് കാരണം അവയെ വ്യക്തമായി കാണാന്‍ സാധിച്ചില്ല. 

മഴനനഞ്ഞ്... മഴക്കാട്ടിലൂടെ

പുലര്‍ച്ചയോടെ തന്നെ വനവൃക്ഷങ്ങളുടെ വിത്ത് ശേഖരണത്തിനായി ഞങ്ങളിറങ്ങി. വര്‍ഷകാലത്ത് മഴക്കാട്ടിലൂടെയുള്ള നടത്തം അല്‍പ്പം കഠിനമായിരിക്കുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. വനത്തിനുള്ളിലേക്ക് കാല്‍വച്ചതും മഴപ്പെയ്ത്ത് ആരംഭിച്ചു. കാല്‍പാദത്തില്‍ ഞെരിഞ്ഞമരുന്ന ഒരോ കരിയിലകളില്‍നിന്നും ഒരായിരം അട്ടകള്‍ ഉയിര്‍ക്കാള്ളുകയും അവയെല്ലാം എന്റെ ശരീരത്തിലേക്ക് ഇരച്ചാര്‍ത്ത് നുഴഞ്ഞുകയറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്യുകയാണ്. കാടുകളിലൂടെ മഴനനഞ്ഞ് ഞങ്ങള്‍ നടന്നുകൊണ്ടിരുന്നു. ഇടയ്ക്ക് വൃക്ഷങ്ങളുടെ ചുവട്ടില്‍ വീണുകിടക്കുന്ന വിത്തുകളും ഞങ്ങള്‍ ശേഖരിക്കുന്നുണ്ട്.

ഏതാനും കാതം നടന്ന് കഴിഞ്ഞുകാണും. അപ്പോഴാണ് പാതവരമ്പിലെ വള്ളിപ്പടര്‍പ്പില്‍ പതുങ്ങിയിരിക്കുന്ന പച്ചില പാമ്പിനെ ശ്രദ്ധയില്‍പ്പെട്ടത്. ആശാന്‍ പ്രാതലിനുള്ള തയ്യാറെടുപ്പിലാണ്. താഴെയിരിക്കുന്ന ഒരു കുഞ്ഞന്‍ തവളയാണ് ലക്ഷ്യം. ഏകദേശം പത്ത് മിനിറ്റോളം എടുത്ത് സൂക്ഷ്മമായ നീക്കങ്ങള്‍ക്കൊടുവില്‍ ആ കുഞ്ഞന്‍ പാമ്പ് തവളയെ വിഴുങ്ങി. ഈ വേട്ടയാടല്‍ ഞാന്‍ അവിടെതന്നെയിരുന്നു ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്.

മഴയുടെ ഒരോഹരി ഏറ്റുവാങ്ങിക്കൊണ്ടും അട്ടകളുടെ മഹാസമ്മേളന വേദിയായ ശരീരവുമായയാണ് സായാഹ്നത്തില്‍ ഞങ്ങള്‍ കാടിറങ്ങിയത്. 
അഗുംബേയില്‍ കാണുവാന്‍ കാഴ്ചകള്‍ ഇനിയും ബാക്കിയാണ്. കാവലദുര്‍ഗ കോട്ട, സണ്‍സെറ്റ് വീവ് പോയിന്റ്, ബര്‍ക്കാന വെള്ളച്ചാട്ടം എന്നിവ ഇവയില്‍ ചിലത് മാത്രം. ഓരോ ഋതുക്കളിലും ഓരോ ഭാവമാണ് അഗുംബേയ്ക്ക്. ഹേമന്തത്തില്‍ അവള്‍ ഹിമകണങ്ങള്‍ തീര്‍ത്ത പുല്‍മെത്തയില്‍ കുളിര്‍ന്നുകിടക്കുന്ന സുന്ദരിയാണെങ്കില്‍, വസന്തത്തില്‍ നീണ്ട മുടിയിഴകളില്‍ നിറയെ പൂചൂടി തുള്ളിച്ചാടി നടക്കുന്ന കൗമാരക്കാരിയായി മാറും. വര്‍ഷകാലം അവളുടെ ഉത്സവകാലമായി മാറും. ചാറ്റല്‍മഴയില്‍ തുടങ്ങി തുള്ളിക്കൊരു കുടം കണക്കെ കൊട്ടിക്കയറുന്ന മഴയുടെ ധൃതതാളത്തില്‍ അവളും നാനാജാതി ജീവികളും ഉത്സവാഘോഷത്തിന്റെ ആരവങ്ങളില്‍ പകര്‍ന്നാട്ടം നടത്തും.

Content Highlights: a journey through agumbe