നദി

മനുഷ്യന്‍ മോണോഗമസ് അല്ലെന്നും പറഞ്ഞ് അഭി ഇറങ്ങിപ്പോയതിന്റെ അന്ന് വീട് സുഭദ്രയെ നോക്കി കണ്ണുരുട്ടുന്നത് പോലെ അവള്‍ക്ക് തോന്നി. പക്ഷേ ഞെട്ടലൊന്നും തോന്നിയില്ല. 'ഭദ്രേ നീ ഒറ്റയ്ക്ക് ആവാന്‍ ശീലിക്കണം' എന്ന് അനുലക്ഷ്മി അതിന് മുന്‍പ് എത്രയോ തവണ അവളെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.പക്ഷേ സുഭദ്ര ഒരിക്കലും അതിന് ഒരുങ്ങിയിരുന്നില്ല. പോയപ്പോള്‍ വീടിന്റെ പാതി കൂടി അവന് കൊണ്ടുപോയികൂടായിരുന്നോ എന്ന് സുഭദ്രക്ക് കരച്ചില്‍ വന്നു.
രണ്ടുപേര്‍ക്ക് വേണ്ടി മാത്രം പണിത വീടായിരുന്നു അത്. ഒറ്റ മുറി, അടുക്കള, വരാന്ത. അടുക്കളയുടെ അരികില്‍ ചെറിയ മേശയും രണ്ട് കസേരയും. മുറിയില്‍ ഒരു ഡബിള്‍ കോട്ട് കട്ടില്‍, വരാന്തയില്‍ അഭിമുഖമായി ഇട്ട രണ്ട് ഈസി ചെയറുകള്‍. രണ്ടുപേരില്‍ ഒരാളില്ലെങ്കില്‍ വീടിന് അനാഥത്വം തോന്നുംവിധം എല്ലാം ഒരുക്കിയത് സുഭദ്ര തന്നെയായിരുന്നു. എപ്പോഴും വിരലില്‍ ആരുടെയെങ്കിലും പിടി വേണ്ട കുട്ടിയായിരുന്നു അവള്‍. സ്‌കൂളിലും കോളജിലും പഠിക്കുമ്പോള്‍ ബാത്ത്‌റൂമില്‍ പോവാന്‍ പോലും അവള്‍ക്ക് കൂട്ട് വേണ്ടിയിരുന്നു. വീട്ടില്‍ നോക്കിയാല്‍ കാണുന്ന ദൂരത്ത് അമ്മയോ അച്ഛനോ വേണം എപ്പോഴും. അഭിയുടെ കൂടെ ജീവിക്കാന്‍ തുടങ്ങുന്നതിന്റെ തലേദിവസം രാത്രി വരെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് സുഭദ്ര ഉറങ്ങിയത്.
'വെറുതെയല്ല നിനക്ക് അനിയനോ അനിയത്തിയോ ഇല്ലാത്തത് !' അനു കളിയാക്കിയിട്ടുണ്ട് സുഭദ്രയുടെ ചെല്ലക്കുട്ടിത്തരത്തെ.
അനുവിനെയും സുഭദ്രയ്ക്ക് കിട്ടുന്നത് 'ഒറ്റയ്ക്ക് എങ്ങനെ' എന്നൊരു ദിവസം ചുറ്റും നോക്കിയപ്പോഴാണ്. ആയുസില്‍ ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്ത ഒരു ദിവസമായിരുന്നു അത്. തിരുവനന്തപുരത്ത് കേന്ദ്രീയ വിദ്യാലയത്തിലേക്ക് ഇന്റര്‍വ്യൂവിന് പോവാന്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയിന്‍ മൂന്ന് മണിക്കൂര്‍ വൈകി ഓടുന്ന അറിയിപ്പ് കിട്ടുന്നത്. ദാഹിച്ച് വറ്റിയിട്ടും ഇരുന്ന ഇരിപ്പില്‍നിന്ന് അനങ്ങാന്‍ കൂട്ടാക്കാതെ, ഒറ്റയ്ക്ക് വിട്ട അച്ഛനോടുള്ള സങ്കടക്കെറുവ് വാട്ടിയ മുഖവുമായി ഇരുന്നപ്പോഴാണ് ഉറച്ച പതര്‍ച്ചയില്ലാത്ത ഒരു ശബ്ദം, 'ഇവിടെ നല്ല നറുനീണ്ടി സര്‍ബത്ത് കിട്ടും, ട്രെയിന്‍ ഏതായാലും വൈകി, വാ പോയി കുടിക്കാം.'
തന്നോടായിരിക്കില്ല എന്ന ഉറപ്പില്‍ സുഭദ്ര പുറകിലേക്ക് നോക്കി. ആരെയാണ് വിളിക്കുന്നത് എന്നറിയാന്‍. അപ്പോഴേക്ക് അവള്‍ സുഭദ്രയുടെ കയ്യില്‍ പിടിച്ചു വലിക്കാന്‍ തുടങ്ങിയിരുന്നു. 'വാ ന്ന്. ദാഹിക്കുന്നില്ലെ?'
സുഭദ്രയ്ക്ക് പേടിയും കൗതുകവും കലര്‍ന്ന എന്തോ ഒന്ന് തന്റെ കയ്യില്‍ ഒട്ടിയിരിക്കുന്നത് പോലെ തോന്നി. സാരിയാണ് ആ പെണ്‍കുട്ടി ഉടുത്തിരുന്നത്. കടുനിറത്തില്‍ പല വെട്ടുകഷ്ണങ്ങള്‍ ചേര്‍ത്ത് തയ്ച്ച പോലെ തോന്നിച്ച സാരിയുടെ കൂടെ കറുത്ത ക്രോപ്പ് ടോപ്. മുടി പറ്റെ വെട്ടിയിരുന്നു. കാതും കഴുത്തും ഒഴിഞ്ഞു കിടന്നു. തിളങ്ങുന്ന ചുവന്ന ലിപ്സ്റ്റിക്, മൂക്കില്‍ സ്റ്റീല്‍ റിംഗ്. ഒറ്റയ്ക്ക് വിട്ട മകള്‍ക്ക് വല്ല അപകടവും പറ്റി എന്നറിഞ്ഞ് അച്ഛന്‍ ഇത്തിരി വിഷമിക്കട്ടെ എന്നൊരു ആത്മഹത്യാപരമായ ചിന്തയില്‍ സുഭദ്ര അവളുടെ കൂടെ പോവാന്‍ തീരുമാനിച്ചു.
പോകുന്ന വഴിയില്‍ സുഭദ്ര തന്റെ കയ്യില്‍ മുറുകെ പിടിച്ചിരിക്കുന്നവളെ അല്പം വേവലാതിയോടെ നോക്കി. അത് മനസിലാക്കിയ അവള്‍ പേടിക്കണ്ട എന്നുപറയുമ്പോലെ കണ്ണിറുക്കി കാണിച്ചു. സുഭദ്രയുടെ കയ്യില്‍ അരുമയോടെ തട്ടി. അവളുടെ മുഖത്തെ സ്ഥൈര്യം കണ്ടപ്പോള്‍ പേടി ചോര്‍ന്നുതീരുന്നതും, ഭാരക്കുറവിന്റെ ഒരു ആശ്വാസം വന്നുകേറുന്നതും സുഭദ്ര അറിഞ്ഞു. തണുത്ത നറുനീണ്ടി തൊണ്ട നനച്ചപ്പോള്‍ സുഭദ്രയ്ക്ക മറന്നുപോയ ഭാഷ തെളിഞ്ഞു.
'പേരെന്താ?'
മേല്‍ച്ചുണ്ടില്‍ പറ്റിയ പാല്‍പ്പത ചൂണ്ടുവിരല്‍കൊണ്ട് വടിച്ച് തെറിപ്പിച്ച് അവള്‍ കണ്ണടച്ചു.
'ഒരുപാട് പേരുകള്‍ ഉണ്ട്, ഭദ്രയ്ക്ക് വിളിക്കാന്‍ ഞാനൊരു പേര് തരാം. അനുലക്ഷ്മി. അനൂ എന്നോ ലക്ഷ്മി എന്നോ വിളിക്കാം. ലച്ചൂ ന്ന് വേണ്ട. അത് വേറെ ഒരാള്‍ക്ക് കൊടുത്തുപോയി.'
അവളെ താന്‍ ആദ്യം കാണുകയാണ് എന്നും അവള്‍ക്ക് തന്റെ പേര് എങ്ങനെ അറിയാം എന്നുമൊന്നും സുഭദ്രക്ക് അപ്പോള്‍ അതിശയം തോന്നിയില്ല. അത്തരം ചെറിയ അതിശയങ്ങളെ ഒക്കെ നിഷ്പ്രഭമാക്കുന്ന എന്തോ ഒന്ന് അവളുടെ സാന്നിധ്യത്തില്‍ സുഭദ്ര അറിഞ്ഞു.
ട്രെയിന്‍ വന്നതിന് ശേഷമോ തിരുവനന്തപുരത്ത് എത്തിയപ്പോഴോ അനുവിനെ പിന്നെ കണ്ടതേയില്ല. ജോലി കിട്ടി വെള്ളയമ്പലത്ത് ഒരു പേയിങ് ഗസ്റ്റ് സൗകര്യം തരപ്പെടുത്തുന്നത് വരെയുള്ള മൂന്ന് മാസക്കാലം സുഭദ്ര കരുതിയത് അന്നത്തെ ആ പെണ്‍കുട്ടി തന്റെ തോന്നലാണ് എന്നായിരുന്നു. 'ഭദ്രേ വിശക്കുന്നു, എനിക്കൊരു ഊണ് വാങ്ങി താ' എന്നും പറഞ്ഞ് സ്‌കൂളിലേക്ക് അനു വരുന്നത് വരെ.
ഇനിയും ഒരുപാട് ഞെട്ടേണ്ടി വരും എന്ന് തോന്നിയതു കൊണ്ടോ എന്തോ സുഭദ്ര പതറാതെ,അമ്പരക്കാതെ അനു ചോറു വാരി കഴിക്കുന്നത് നോക്കിയിരുന്നു. മുടി അല്പം വളര്‍ന്നിരുന്നു. കഴുത്തില്‍ പാമ്പിന്റെ ഫണം പച്ചകുത്തിയിരുന്നു. അയഞ്ഞ പലാസോ പാന്റും ചുവന്ന ഷര്‍ട്ടും. എത്രയോ പെണ്ണുങ്ങള്‍ ജീവിക്കാന്‍ കൊതിക്കുന്ന ജീവിതമാണ് അനു എന്ന് സുഭദ്രക്ക് തോന്നി. ഒന്നല്ല അനേകം ജീവിതങ്ങള്‍. എണ്ണമറ്റ പെണ്‍കൊതികളുടെ, കാമനകളുടെ, ഉന്മാദങ്ങളുടെ, ആസക്തികളുടെ ഏകരൂപം. സുഭദ്രക്ക് അവളെ കെട്ടിപ്പിടിക്കാനൊരു ആന്തലുണ്ടായി. പക്ഷേ കൈ കഴുകാന്‍ പോയ അനുവിനെ പിന്നെ സുഭദ്ര കാണുന്നത് ഡെങ്കിപ്പനി വന്ന് ആശുപത്രിയില്‍ കിടക്കുമ്പോഴാണ്. കയ്യിലൊരു തണുപ്പ് തോന്നി സുഭദ്ര കണ്ണുതുറക്കുമ്പോള്‍ അനു ഇളനീലകുപ്പിവളകള്‍ അവളെ ഇടീക്കുകയായിരുന്നു.
'എന്റെ അതികാല്‍പനികനായ പുതിയ കാമുകന്‍ തന്നതാണ്, എന്റെ കയ്യിലിട്ടാല്‍ പൊട്ടിപ്പോവും, കടുപ്പമുള്ള കയ്യല്ലേ.' അനു ചിരിച്ചപ്പോള്‍ സുഭദ്രക്ക് വീണ്ടും ഉറക്കം വന്നു. 'അയ്യോ, അനുവിനോട് അഭിയുടെ കാര്യം പറഞ്ഞില്ലല്ലോ എന്നും ഞങ്ങളുടെ പുതിയ വീട് കാണാന്‍ നീ വരില്ലേ എന്ന് ചോദിച്ചില്ലല്ലോ' എന്നും സുഭദ്ര ഉറക്കത്തില്‍ വിയര്‍ത്തു.
പുതിയ വീട്ടില്‍ രണ്ട് മാസം തികയ്ക്കുന്നതിന്റെ തലേന്നാണ്(1 week of togetherness, 30 days of togetherness എന്നൊക്കെ പ്രേമവതിയായ സുഭദ്രയാണ് അന്ന്! അതുകൊണ്ടാണ് കണക്ക് ഇത്ര കൃത്യം) സുഭദ്രയ്ക്ക് അനുവിന്റെ കാള്‍ വരുന്നത്, ഏതോ നമ്പറില്‍നിന്ന്. 'ഭദ്രേ ഇങ്ങോട്ട് ഒന്നും പറയണ്ട, കേട്ടാല്‍ മതി. അഭി എല്ലാക്കാലത്തും കൂടെ ഉണ്ടാവും എന്ന് കരുതരുത്. ആരുമില്ലെങ്കിലും ജീവിതം ബാക്കിയുണ്ടെന്നും ഓര്‍ക്കണം. ഒറ്റ എന്നത് പേടിക്കാനുള്ള ഒന്നല്ല, ഇപ്പോ തന്നെ ഞാനെന്റെ നാല്‍പ്പതാമത്തെ കാമുകനെ കാടിനുനടുവിലൊരു ഏറുമാടത്തില്‍ ഇരുത്തി അതിന്റെ കയറുഗോവണി ഊരിവച്ചിട്ട് വരുന്ന വഴിയാണ്. അവന്‍ ആദ്യം പേടിക്കും, പിന്നെ രക്ഷപ്പെടാനുള്ള വഴി തിരയും. അത്രേയുള്ളൂ. ഇതിലേക്ക് തിരിച്ചു വിളിക്കണ്ട. നാല് ഉമ്മ കൊടുക്കാം എന്നുപറഞ്ഞ് ബസ് സ്റ്റാന്‍ഡിലെ ഒരു ചേട്ടന്റെ ഫോണ്‍ കടം വാങ്ങിയതാണ്. ഉമ്മകൊടുക്കാതെ തന്നെ ഫോണ്‍ കിട്ടുമെങ്കിലും അങ്ങേര്‍ക്ക് എന്തെങ്കിലും ഗുണം വേണ്ടേ!' മുഴക്കമുള്ള ചിരി പാതി മുറിഞ്ഞു, ഫോണ്‍ കട്ടായി. സുഭദ്രയക്ക് അനുവിനെ കല്ലില്‍ വച്ച് ചതയ്ക്കാനുള്ള കലി തോന്നി. നാല്പതാമത്തെ കാമുകന്‍! അഭിയല്ലാത്ത ഒരു പുരുഷനെ ഉമ്മ വയ്ക്കുന്നത് ഓര്‍ത്തപ്പോള്‍ സുഭദ്ര ഓക്കാനിച്ചു. ശേഷം, അഭീ കാല് എന്റെ മടിയില്‍ വയ്ക്കൂ നഖം വെട്ടിത്തരാം എന്ന് സുഭദ്രാമ്മയായി.
പിന്നീട് ഇടയ്ക്കിടെ ചില കൊറിയറുകള്‍ പുതിയ അഡ്രസില്‍ വന്നു. ഒരുതവണ കണ്ണാടിച്ചില്ലുകള്‍ പതിച്ച ഒരു കുങ്കുമചെപ്പ്, വള്ളികളും പൂക്കളും തുന്നിയ ഒരു ഷോള്‍, രവിമേനോന്റെ പാട്ടോര്‍മ്മകളുടെ പുസ്തകം, ഒരു വെണ്‍ശംഖ്, ഒരു ഡപ്പയില്‍ കുറച്ച് വെള്ളാരംകല്ലുകള്‍, ഏതോ പൂച്ചെടിയുടെ വിത്ത്. അങ്ങനെ ചിലതെല്ലാം. അവയൊക്കെ തുറന്നുനോക്കുമ്പോള്‍ സുഭദ്രക്ക് അനുവിനെ കാണാന്‍ തോന്നി, അധികം ആയുസില്ലാത്ത ഒരു തോന്നല്‍.
അഭി പോയതിന്റെ നാലാമത്തെ ദിവസം. ഒരു കപ്പ് വെള്ളവും ഒരു കപ്പ് പാലും തിളപ്പിച്ച് ഇനിയീ രണ്ട് കപ്പ് കാപ്പി എന്ത് ചെയ്യും എന്ന് തലക്കടിച്ച് സുഭദ്ര കരഞ്ഞ ദിവസം. കിടക്കയുടെ പാതിശൂന്യത നോക്കി, എനിക്ക് ഒറ്റയ്ക്ക് വയ്യ അഭീ, നീ അവളെയും കൂട്ടി ഇങ്ങോട്ട് വരുമോ എന്ന് അവനോട് ചോദിച്ചാലോ എന്നുപോലും സുഭദ്ര ആലോചിച്ച ദിവസം. അന്ന് ആക്രി പെറുക്കാന്‍ വരുന്ന തമിഴനെ സുഭദ്ര കൈകൊട്ടി വിളിച്ചു. വീട്ടില്‍ ഒരു ജോഡി ഉണ്ടായിരുന്ന സകല സാധനങ്ങളില്‍നിന്നും ഒന്ന് അയാളുടെ ഉന്തുവണ്ടിയിലേക്ക് അവള്‍ കയറ്റി വച്ചു. forever yours എന്നെഴുതിയ കാപ്പിക്കപ്പുകളില്‍ ഒന്ന്, വലിയ സ്റ്റീല്‍ പ്ലേറ്റ്, ചില്ലുഗ്ലാസ്, തലയിണ, ഡൈനിങ് ടേബിളിലിലെ ഒരു കസേര, വരാന്തയില്‍ ഇട്ടിരുന്ന ഈസി ചെയറുകളില്‍ ഒന്ന്. അനാഥയായ വീട് തേങ്ങുന്ന ഒച്ച സുഭദ്ര കേട്ടു. കുട്ടിക്കാലത്ത് എന്നോ ഉറക്കത്തില്‍ പേടിച്ചു കരഞ്ഞ തന്നെ അവള്‍ക്ക് ഓര്‍മ്മ വന്നു. അവള്‍ പേടിയോടെ ഇരുട്ടില്‍ തപ്പി, അമ്മയുടെ തണുത്ത കയ്യില്‍ മുറുകെ പിടിച്ചു. അര്‍ജ്ജുനന്‍ ഫല്‍ഗുണന്‍ അമ്മ നേര്‍ത്ത ശബ്ദത്തില്‍ ജപിച്ചു, മുടിയില്‍ തലോടി. പേടി മാറി, കുഞ്ഞ് ഭദ്ര വീണ്ടും ഉറങ്ങി. മുപ്പത്തുവയസുകാരി സുഭദ്ര ചുറ്റും നോക്കി, ആരുടെ കയ്യില്‍ പിടിക്കും, ഏത് മന്ത്രം ജപിക്കും?
'അമ്മാ,നാങ്ക വരട്ടാ?'
തമിഴന്‍ യാത്ര ചോദിച്ചു. അവന്റെ ലുങ്കിത്തുമ്പില്‍ പിടിച്ചുകൊണ്ട് മറഞ്ഞുനിന്ന ആണ്‍കുട്ടിയെ അപ്പോഴാണ് സുഭദ്ര കണ്ടത്. സുഭദ്ര അവന്റെ നേരെ അരുമയോടെ കൈ നീട്ടി. അവന്‍ പേടിച്ച് പുറകോട്ട് മാറി. തമിഴന്‍ അവനെ എടുത്ത് ഉന്തുവണ്ടിയിലിരുത്തി. അവര്‍ ഗേറ്റ് കടക്കുന്നതിന് മുന്‍പ് സുഭദ്ര ഓടി അകത്തുകയറി. വീട് കാറ്റുപോലെ പറന്നുപോവുകയാണ് എന്ന് അവള്‍ക്ക് തോന്നി. നിലതെറ്റാതെയിരിക്കാന്‍ അവള്‍ വെറുംനിലത്ത് മലര്‍ന്നുകിടന്നു. ആ കിടപ്പില്‍ സുഭദ്ര ഉറങ്ങിപ്പോയി.
തുടരെത്തുടരെ നാല് തവണ കാളിംഗ് ബെല്‍ കേട്ടാണ് സുഭദ്ര ഉണര്‍ന്നത്. എഴുന്നേല്ക്കുന്നതിന് മുന്‍പ് തന്നെ ഒരു കാര്‍ ഗേറ്റ് കടന്നുപോകുന്നതിന്റെ ശബ്ദം കേട്ടു. വാതില്‍ തുറന്ന സുഭദ്ര ഞെട്ടി വീഴാനാഞ്ഞു. വാതില്‍പ്പടിയില്‍ മുറുകെ പിടിച്ചുകൊണ്ട് ഉറക്കച്ചടവുള്ള കണ്ണുകള്‍ ആയാസത്തോടെ വലിച്ചു തുറന്നു. കുഞ്ഞുങ്ങളെ ഇരുത്തി ഉന്തികൊണ്ടുപോവുന്ന തരം തൊട്ടില്‍, അതില്‍ തേന്‍നിറമുള്ള ഒരോമനക്കുഞ്ഞ്. സുഭദ്രയെ കണ്ടപ്പോള്‍ അത് തൊണ്ണ് കാട്ടിചിരിച്ചു. ആനന്ദത്തിന്റെ കുഞ്ഞുഭാഷയില്‍ എന്തോ പറഞ്ഞു. അതിന്റെ ചുരുട്ടിയ കയ്യില്‍ ഒരു കടലാസു കഷ്ണം. വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് സുഭദ്ര പഞ്ഞിതുണ്ട് പോലുള്ള കുഞ്ഞുകൈ നിവര്‍ത്തി.
ഭദ്രേ,പണ്ട് നിനക്ക് ഞാന്‍ കുപ്പിവളകള്‍ തന്നത് ഓര്‍മ്മയുണ്ടോ, എന്റെ കടുപ്പമുള്ള കൈ പോട്ടിച്ചേക്കും എന്നും നിന്റെ തളിര്‍വള്ളി പോലുള്ള കൈകള്‍ക്കാണ് അവ ചേരുക എന്നും പറഞ്ഞുകൊണ്ട്? അങ്ങനെ ഓരോമന പളുങ്ക് സമ്മാനം ആയി ഇവളെ നീയേല്‍ക്കുക. പ്രണയമില്ലാതെ ഭോഗിച്ച ഞാന്‍ ഇവളെ തൊട്ടാല്‍ ഇവളുടഞ്ഞു പോവും എന്നെനിക്ക് പേടിയാണ്. ഞാനാണ് ഇവളെ പ്രസവിച്ചത് എന്ന കറ നിന്റെ സ്‌നേഹമൊഴുകുന്ന പാപനാശിനിയില്‍ കഴുകിക്കളയുക. ഇവളെ വിളിക്കാനൊരു പേര് തരാനുള്ള അവകാശം മാത്രം എനിക്ക് തരിക. ഇവളെ നദി എന്ന് വിളിക്കുക. തെളിഞ്ഞും തീരം തൊട്ട് നനച്ചും ഇവളൊഴുകട്ടെ.
അനു.
സുഭദ്രയുടെ കയ്യിലിരുന്ന് പേപ്പര്‍ വിറച്ചു. നിറഞ്ഞ കണ്ണുകള്‍ ഇട്ടിരുന്ന ഉടുപ്പിന്റെ കയ്യുയര്‍ത്തി അമര്‍ത്തി തുടച്ച് അവള്‍ കുഞ്ഞിന് മുന്‍പില്‍ മുട്ടുകുത്തി. കടുംകാപ്പിനിറത്തില്‍ തിളങ്ങുന്ന ഇളംകണ്ണുകളില്‍ സുഭദ്ര തന്നെ കണ്ടു. വീട് അത്യാനന്ദത്തില്‍ വേഗത്തില്‍ ശ്വസിക്കുന്നത് അവള്‍ കേട്ടു. ദൈവത്തിന്റെ കൈ കൊണ്ട് കുഞ്ഞ് അവളെ തൊട്ടു.
Content Highlights: women's day story by praveena narayanan