കരിങ്കല്‍ മതിലിന്മേല്‍ വിരിയുന്ന കാക്കപ്പൂവും കാശിത്തുമ്പയും നടുമുറ്റത്ത് കുമിഞ്ഞുകൂടും; അത്തം മുതല്‍ ഓണംവരെ ഓരോ വര്‍ണപ്പൂക്കളം

പുറത്ത് ഓണവെയിലിന് നല്ല ചേല്. നീലാകാശത്തിനുകീഴെ മനംനിറഞ്ഞു ചിരിക്കുന്ന മഞ്ഞവെയില്‍. കഴുകിത്തുടച്ചു വൃത്തിയാക്കിയപോലെ ഓണവെയിലില്‍ തിളങ്ങുന്ന പച്ചിലകളും പൂക്കളും. മതിലരികില്‍ വരിവരിയായി പൂത്തുനില്‍ക്കുന്ന കൃഷ്ണകിരീടത്തിന്റെ ചെടികള്‍. മുറ്റത്ത് വെയിലില്‍ പാറിനടക്കുന്ന തുമ്പിക്കൂട്ടങ്ങള്‍. മഞ്ഞത്തുമ്പി, മേലേ പറന്നാല്‍ മഴ ഇനിയും പെയ്യും എന്നാണത്രേ പറയുക. എന്തായാലും മഞ്ഞത്തുമ്പികള്‍ ഇവിടേയും അമ്പലമുറ്റത്തും തുരുതുരാ പാറിപ്പറക്കുന്നുണ്ട്. എന്തായാലും ഓണക്കാലത്ത് ഒരു കുഞ്ഞു മഴയൊക്കെ പെയ്യും എന്നത് ഉറപ്പാണ്. അപ്പോഴല്ലേ,'അത്തം വെളുത്താല്‍ ഓണം കറുക്കും, അത്തം കറുത്താല്‍ ഓണം വെളുക്കും' എന്നുള്ള പഴഞ്ചൊല്ലിന് ഒരു അര്‍ത്ഥമുണ്ടാവൂ! ഓണത്തിനിടയ്ക്കൊരു മഴ കൊണ്ടാലല്ലേ, ഇത്തിരി നനഞ്ഞ ഒരു ഓണക്കോടിയുടെ സുഗന്ധം ആസ്വദിക്കാന്‍ പറ്റൂ! ചാണകം മെഴുകിയിട്ട പൂക്കളത്തിന് കുടചൂടിക്കൊടുത്ത് പൂക്കളത്തിന്റെ ഒരു വശം മഴവെള്ളത്തില്‍ ഒലിച്ചിറങ്ങുമ്പോള്‍ ഒന്ന് ശുണ്ഠിയെടുക്കാന്‍ പറ്റൂ! എന്തായാലും വരാന്തയിലെ ഈ ചാരുകസേരയില്‍ ലോകം നോക്കി കിടക്കുമ്പോള്‍ ദൂരെ എവിടെയോ ഒരു പൂവിളിയുടെ അലയൊലി എന്റെ ചെവിയില്‍ ഒഴുകിയെത്തുന്നുണ്ട്.
കുട്ടിക്കാലത്ത്, ഓണം വന്നെന്ന സന്തോഷം ആദ്യം പൊട്ടിവിടരുന്നത് വളക്കിലുക്കങ്ങളിലൂടെയാണ്. ഓണത്തിന് ഒരു രണ്ടാഴ്ച മുന്‍പ് ഉണ്ണിപ്പിണ്ടി പോലെ ഉരുണ്ട് നീളത്തില്‍ ഉള്ള വളത്തണ്ടുകളില്‍, വര്‍ണവിസ്മയങ്ങളുടെ ചന്തം വിതറി, കുപ്പിവളകളും റബ്ബര്‍ വളകളും ഒക്കെ അണിയിച്ച്, അതൊക്കെ ഒരു വെള്ള ഭാണ്ഡത്തിലാക്കി, മേനോന്‍ പെറ്റ പാറയും താലപ്പൊലിപ്പാറയും ഒക്കെ കേറി ഇറങ്ങി ശാന്തശീലയായ ശാന്ത ചെട്ടിച്ചിയാരെത്തും. അന്ന്, ശാന്തച്ചെട്ടിച്ചിയാര്‍ക്ക് നല്ല കോളാണ്. അമ്മയുടെ വക എല്ലാവര്‍ക്കും ഓണസമ്മാനമായി വള കിട്ടും. ആ കുപ്പിവളക്കിലുക്കങ്ങള്‍ ഉണ്ടെങ്കിലേ ഓണത്തിന്, ഒരു ചൂരും ചെത്തവും ഒക്കെ ഉണ്ടാവൂ എന്നാണ് അമ്മ പറയുക. അവനവന് ആവശ്യമായ വളകള്‍ സ്വയംതന്നെ നോക്കിയെടുത്തോളാന്‍ അമ്മ നേരത്തെ പറയും. ഓണക്കാലത്ത് വീടുമുഴുവന്‍ കുപ്പിവളക്കിലുക്കമായിരിക്കും. പക്ഷേ, ഒരു പ്രായം വരെ ഞങ്ങള്‍ കുട്ടികള്‍ക്ക് റബ്ബര്‍ വളയേ അമ്മ വാങ്ങിത്തരുമായിരുന്നുള്ളൂ. അന്നത്തെ തറവാട്ടിലെ ഓണത്തിന്റെ ഓര്‍മകള്‍ക്ക് ഇന്നും മധുരമാണ്. രാവിലെ പശുവിനെ കറന്നുകഴിഞ്ഞു വന്നാലുടന്‍, നാലുകെട്ടിന്റെ നടുമുറ്റത്ത്, തങ്കം ചാണകം കൊണ്ട് വട്ടത്തില്‍ രണ്ട് കളം മെഴുകിയിടും. ഒന്ന് ഒരല്‍പം വലുതായിരിക്കും. മെഴുകിത്തീരുമ്പോഴേക്കും ഞാനും ഉണ്ണ്യേട്ടനും വിജയേട്ടനും ഒക്കെ കൂടി പൂക്കള്‍ പറിച്ചുകൊണ്ടു വന്നിട്ടില്ലെങ്കില്‍, തങ്കം തന്നെ തൊടിയില്‍നിന്ന് ഒന്നോ രണ്ടോ മുക്കുറ്റിപ്പൂക്കള്‍ കളത്തില്‍ കൊണ്ടിടും. മെഴുകിയ വെറും കളം, അങ്ങനെ കാലിയായി ഇടാന്‍ പാടില്ലത്രെ. അതിനുശേഷമാണ്, ഞങ്ങള്‍ കുട്ടികളുടെ കരവിരുത്. കരിങ്കല്‍ മതിലിന്മേല്‍ വിരിയുന്ന കാക്കപ്പൂവും റോസ് നിറത്തിലുള്ള ഓണപ്പൂവും കാശിത്തുമ്പയും ദീപാരാധനത്തട്ട് പോലെയുള്ള കൃഷ്ണകിരീടപ്പൂവും ചെമ്പരത്തിയും കരവീരകവും ഒക്കെ നടുമുറ്റത്ത് കുമിഞ്ഞുകൂടും.
Content Highlights: A nostalgic journey through Onam celebrations, from flower carpets and feasts to games and family traditions.