മലയാളത്തിന്റെ മരുമകൻ; തിരുവോണത്തിന് വീട്ടിൽ ഇലയിട്ട് സദ്യ വിളമ്പുമെന്ന് വിക്രം

ചിയാൻ വിക്രം
ചിയാൻ വിക്രം

മലയാളത്തിന്റെ മരുമകനാണ് ചിയാൻ വിക്രം, കണ്ണൂരിലെ ഭാര്യവീട്ടുകാർക്കൊപ്പം ഓണമാഘോഷിക്കണമെന്ന് എല്ലാ വർഷവും ആഗ്രഹിക്കാറുണ്ടെങ്കിലും സിനിമയുടെ തിരക്കുകളിൽനിന്ന് ഓടിയെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഓണക്കാലത്ത് കേരളത്തിലെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും തിരുവോണത്തിന് വീട്ടിൽ ഇലയിട്ട് സദ്യവിളമ്പുന്ന ഓർമകളാണ് ചിയാൻ വിക്രത്തിന് പങ്കുവയ്ക്കാനുള്ളത്.

''നാട്ടിൽ നിന്ന് ആശംസകളറിയിച്ചുകൊണ്ടുള്ള ഫോൺകോളുകളെത്തും, വീട്ടിൽ സദ്യ വിളമ്പും. ഓണം ആഘോഷിക്കാൻ കണ്ണൂരിലേക്കിതുവരെ പോയിട്ടില്ല'', ചെറുപുഞ്ചിരിയിൽ ചിയാൻവിക്രം ഓണാഘോഷം ഓർത്തെടുത്തുക്കുന്നു.

''കേരളവും അവിടത്തെ കാലാവസ്ഥയും, ഭക്ഷണവുമെല്ലാം എനിക്കേറെ പ്രിയപ്പെട്ടതാണ്. പക്ഷെ കൂടുതൽനാൾ ചിലവിടാൻ സിനിമയുടെ തിരക്കുകൾ അനുവദിക്കാറില്ല, തമിഴ് സിനിമയിൽ സജീവമാകുമ്പോഴും മലയാളത്തിൽ മികച്ച അഭിപ്രായം സൃഷ്ടിച്ച സിനിമകളെല്ലാം കാണാറുണ്ട്''.

വിക്രം സുരാജ് വെഞ്ഞാറമൂടിനൊപ്പം

വിക്രം കാഴ്ചയിലിപ്പോഴും ചെറുപ്പമാണ്, ചുളിവുകൾ വീഴാത്ത മുഖം. പ്രായത്തെ പിറകിലാക്കാൻ നടത്തുന്ന പരിശ്രമങ്ങളെകുറിച്ചു ചോദിച്ചപ്പോൾ ഉത്തരം പെട്ടെന്നുതന്നെ എത്തി. ''നമ്മുടെ ചിന്തയാണ് നമ്മുടെ പ്രായം, എനിക്ക് പ്രായമായെന്നും ഓടാനും നടക്കാനും കഴിയില്ലെന്നും തോന്നിത്തുടങ്ങുന്നിടത്ത് വീഴ്ചകൾ തുടങ്ങുന്നു. ശരീരത്തിന്റെ ബലഹീനതകൾ മറികടക്കാൻ മനസ്സിനെ പ്രാപ്തമാക്കുകയെന്നതാണ് പ്രധാനം.

മുടികൊഴിച്ചിലുള്ളവർ അതിനെകുറിച്ചുതന്നെയാണ് എപ്പോഴും ചിന്തിക്കുക, നമ്മെ അലോസരപ്പെടുത്തുന്ന കാര്യങ്ങളെ കുറിച്ച് സദാ ചിന്തിച്ചിരുന്നാൽ അത് കൂടുതൽ പ്രയാസം സൃഷ്ടിക്കും. ഞാൻ പ്രായത്തെ കുറിച്ച് ബോധവാനല്ല. എന്റെ ശരീരം ശക്തമാണെന്നും എനിക്ക് ഓടാനും ചാടാനും കഴിയുമെന്നും സ്വയം വിശ്വസിക്കുന്നു.

നല്ല ഭക്ഷണം, കൃത്യമായ വ്യായാമം ഇതെല്ലാം നിലവിലെ അവസ്ഥയ്ക്ക് കാരണമാണ്. അനാരോഗ്യപ്രവണതകളോ ദുശ്ശീലങ്ങളോ ഒന്നും ഇതുവരെയെന്നെ കീഴ്‌പ്പെടുത്തിയിട്ടില്ല. അതെല്ലാം ആരോഗ്യം നിലനിർത്തുന്നതിന്റെ രഹസ്യങ്ങളായി എടുത്തുപറയാം'', ഒരു കണ്ണിറുക്കൽ ചിരിയോടെ വിക്രം ഹെൽത്ത് ടിപ്‌സുകളെക്കുറിച്ച് പറഞ്ഞു.

സുരാജ് വെഞ്ഞാറമൂടിനൊപ്പം അഭിനയിച്ച 'വീരധീരശൂരനാ'ണ് വിക്രത്തിന്റെ പ്രദർശനത്തിനെത്തിയ പുതിയ ചിത്രം. സിനിമയുടെ പ്രചരണാർത്ഥം ഇരുവരും ചേർന്ന് നൽകിയ അഭിമുഖങ്ങൾ വലിയതോതിൽ പ്രേക്ഷകശ്രദ്ധനേടിയിരുന്നു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: Actor Chiyaan Vikram shares his Onam memories and reveals his fitness secrets. He talks about his love for Kerala and his new film