കിരീടം ചൂടി ആര്യ പ്രിയ ഗോപാല്‍ ; ചുങ്കത്ത് ജ്വല്ലറി- ഗൃഹലക്ഷ്മി മിസിസ് കേരള സീസണ്‍-3

അടച്ചുപൂട്ടിയ കോവിഡ് കാലത്തിനു ശേഷം നടന്ന ആദ്യത്തെ ഗൃഹലക്ഷ്മി മിസ്സിസ് കേരള മത്സരം മനക്കരുത്തിന്റെ മാറ്റുരയ്ക്കലായി. സങ്കടപ്പേമാരിയിലും അടിപതറാതെ അതിജീവിച്ച ആത്മധൈര്യത്തിന് കിരീടം ചാര്‍ത്തി,
സൗന്ദര്യത്തിന് പുതുസമവാക്യം തീര്‍ത്തുകൊണ്ടാണ് ചുങ്കത്ത് ജ്വല്ലറി- ഗൃഹലക്ഷ്മി മിസിസ് കേരള സീസണ്‍-3യ്ക്ക് തീരശീല വീണത്. കൊച്ചി കാക്കനാട് ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ ഫിനാലെയ്ക്ക് അരങ്ങായി.
ആര്യ പ്രിയാഗോപാല്‍ വിജയകിരീടമണിഞ്ഞപ്പോള്‍ തംബുര പി. എസ് ഫസ്റ്റ് റണ്ണറപ്പും ശ്രുതി.കെ സെക്കന്റ് റണ്ണറപ്പുമായി.
പാതിവഴിയില്‍ കിനാവുകള്‍ കൈവിട്ടു പോയവര്‍, ജീവിതച്ചുഴിയില്‍ ഒരിക്കല്‍ നില തെറ്റിയവര്‍. പ്രതിസന്ധികളില്‍ വീണുപോവാതെ മുന്നോട്ടു നടന്നുള്ള യാത്രയില്‍ അവര്‍ കണ്ടുമുട്ടി.
ജീവിതത്തിന്റെ പല തുറസ്സുകളില്‍ നിന്ന് ഒരൊറ്റ വേദിയിലേക്ക് അവരെത്തി. അനുഭവങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തില്‍ ഇരുപത്തിരണ്ട് മത്സരാര്‍ഥികള്‍ മുഖാമുഖം വന്നപ്പോള്‍ കാണികള്‍ കടന്നുപോയത് ആകാംഷയുടെ തിരകളിലൂടെ.
കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നടന്ന ഓഡിഷനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 22 പേരാണ് ഫൈനല്‍ പോരാട്ടത്തിന്റെ ഭാഗമായത്. രണ്ട് ദിവസങ്ങളിലായി വ്യത്യസ്തമേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ മത്സരാര്‍ഥികള്‍ക്ക് പ്രത്യേകപരിശീലനം നല്‍കിയിരുന്നു.
സിംന മേരി ഷാജി മിസിസ് പോപ്പുലറും ഷിബിത ഷാജഹാന്‍ മിസിസ് ഫോട്ടോജെനികും , കൃഷ്ണപ്രിയ.വി മിസിസ് കണ്‍ജീനിയാലിറ്റിയും ആര്യ പ്രിയാ ഗോപാല്‍ മിസിസ് സ്‌റ്റൈലിഷും സഫീറ ബീവി. എസ് മിസിസ് വൈവേഷ്യസും തംബുര പി. എസ് മിസിസ് ടാലന്റഡും ,ലിന്റ ഗിള്‍ഫ്രഡ് മിസിസ് ക്രിയേറ്റീവും പട്ടങ്ങള്‍ക്ക് അര്‍ഹരായി.
ആത്മവിശ്വാസം, പെരുമാറ്റം, അവതരണം, അഭിലാഷം, സ്‌റ്റൈല്‍, നേട്ടങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ തിരഞ്ഞെടുത്തത്. എത് നിക്, വെസ്റ്റേണ്‍, കേരള സ്‌റ്റൈല്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളായിരുന്നു ഫിനാലേയ്ക്ക്.
സംവിധായികയും നിര്‍മാതാവുമായ രത്തീന,മികച്ച ഡിസൈനര്‍ക്കുള്ള ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ ജേതാവ് മഞ്ജുഷ രാധാകൃഷ്ണന്‍, ടിവി അവതാരകനും ഷെഫുമായ രാജ് കലേഷ്, സിനിമാ താരം ആശ അരവിന്ദ് എന്നിവര്‍ വിധികര്‍ത്താക്കളായി. മലയാളികളുടെ പ്രിയ നായിക പ്രയാഗ മാര്‍ട്ടിന്‍ വിജയികളെ കിരീടം ചൂടിച്ചു.
കിരീടവിജയിക്ക് 50000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 30000 രൂപ, 20000 രൂപ എന്നിങ്ങനെയുമാണ് സമ്മാനം. പ്രെസന്റിങ് പാര്‍ട്ണര്‍ ചുങ്കത്ത് ജ്വല്ലറി. പവെര്‍ഡ് ബൈ സ്വയംവര സില്‍ക്‌സ്. ഡാസ് ലര്‍ എറ്റേര്‍ന കോസ്‌മെറ്റിക് പാര്‍ട്ണറും ഗോള്‍ഡ് വിന്നര്‍ ഹെല്‍ത്ത് പാര്‍ട്ണറും മെഡിമിക്‌സ് ഹെയര്‍ കെയര്‍ പാര്‍ട്ണറും അഷ്ടമുടി മേക്കോവര്‍ പാര്‍ട്ണറും ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ ഫിനാലെ വെന്യു പാര്‍ട്ണറുമാണ്.
Content Highlights: grihalakshmi mrs kerala grand finale kochi