'ഞാൻ ജീവിക്കുന്ന വിസ്മയ'- ധനൂജ സ്വയം പരിചയപ്പെടുത്തി

"ഭർത്താവ് വീട്ടിലില്ലാതിരുന്ന നേരം, പനിപിടിച്ച് വയ്യാതിരുന്ന എന്നോട് അമ്മായിയമ്മ പൊരിവെയിലിൽ രണ്ടാനിലയിലയ്ക്കു മുകളിലെ രണ്ട് വാട്ടർടാങ്കുകൾ വൃത്തിയാക്കാൻ പറഞ്ഞു. അവരുടെ ഇളയമകൻ വീട്ടിൽ വെറുതെയിരിപ്പുണ്ട്. ഒരു പെയിന്റ് ബക്കറ്റ് കമഴ്ത്തി ഇട്ടുതന്ന് എന്നോട് കയറാൻ പറഞ്ഞു. മെലിഞ്ഞ്, അധികം ആരോഗ്യമില്ലാത്ത ആളായിരുന്നു ഞാൻ. എനിക്ക് തലകറങ്ങി. കാലുതെറ്റിയാൽ താഴെവീണ് ജീവൻ പോവുമെന്നുറപ്പ്. അതുപറഞ്ഞപ്പോൾ താഴെയിറക്കി ടാങ്കിന്റെ അടിവശംകൂടി കഴുകിച്ചു. വൃത്തിയായെന്ന് ഭർത്താവിന്റെ അച്ഛന്റെ സർട്ടിഫിക്കറ്റ് കൂടി കിട്ടിയാലേ വിശ്രമിക്കാൻ വിടൂവെന്നായി പിന്നെ. ഞാൻ തുണി വിരിക്കാൻ ടെറസ്സിൽ പോകുമ്പോൾ അച്ഛൻ പറയും. ‘നിന്നെ തള്ളിത്താഴേക്കിട്ട് ആ കേസ് തേച്ചുമായ്ച്ചുകളയാൻ എനിക്കെളുപ്പം പറ്റും.’ കരയാൻ മാത്രമറിയുന്നൊരാളായിരുന്നു അന്നൊക്കെ ഞാൻ"-ഗൃഹലക്ഷ്മി മിസിസ് കേരള മത്സരത്തിൽ പങ്കെടുക്കവെ അനുഭവങ്ങൾ പങ്കിടുകയായിരുന്നു തിരുവനന്തപുരത്തുനിന്നുള്ള മത്സരാർഥിയായ ധനൂജ. ‘ഞാൻ ജീവിക്കുന്ന വിസ്മയ’ എന്നവർ സ്വയം പരിചയപ്പെടുത്തിയത്. ഭർതൃഗൃഹത്തിൽ നിന്നേറ്റ പീഡനത്തിന്റെ ദുരിതകാലം മറികടന്ന് മെച്ചപ്പെട്ടൊരു ജീവിതം ജീവിക്കുകയാണ് അവരിന്ന്.
നാട്ടുമ്പുറത്തുകാരി
ജനിച്ചതും വളർന്നതും പത്തനംതിട്ടയിലെ അടൂരിനടുത്തുള്ള കോട്ടമുകളിലാണ്. ഒരു ഉൾനാടൻ ഗ്രാമം. അച്ഛൻ ആർ.കെ. ചെട്ടിയാർ സി.ആർ.പി.എഫിലായിരുന്നു. നേരത്തേ വി.ആർ.എസ്. എടുത്തു. അമ്മ തുളസി അമ്മാൾ. ഞങ്ങൾ രണ്ട് പെൺകുട്ടികളാണ്. വളരെ സാധാരണമായ കുടുംബം. അച്ഛൻ വളരെ സ്നേഹത്തിൽ, കാലഘട്ടത്തിനുപരിയായി വളരാനാഗ്രഹിച്ച് വളർത്തിയ മക്കളാണ് ഞങ്ങൾ. സാമ്പത്തികമായി അത്ര മുന്നിലായിരുന്നില്ല. ഞാൻ പഠനത്തിൽ മിടുക്കിയുമായിരുന്നില്ല. പക്ഷേ, തോൽക്കാതെ പഠിച്ചു. ബി.എ. ഇക്കണോമിക്സ്, ചാവറ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ മാനേജ്മെന്റിൽ ഡിപ്ലോമ, ആയുർവേദത്തിൽ പഞ്ചകർമ ചികിത്സയുടെ ഡിപ്ലോമ. വിദ്യാഭ്യാസം ഇങ്ങനെ. അത് കഴിഞ്ഞ് വിവാഹം.
ആ വിശ്വാസത്തിലാണ് അച്ഛൻ വിവാഹം കഴിപ്പിച്ചത്
വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് എന്റേത്. അമ്മയുടെ കുടുംബത്തിൽ മുതിർന്ന ചേച്ചിമാരൊക്കെ നേരത്തേ വിവാഹം കഴിച്ചുപോയിട്ടുണ്ട്. അവരുടെ ജീവിതത്തിലൊന്നും ഞാൻ പ്രശ്നങ്ങൾ കണ്ടിരുന്നില്ല. വിവാഹത്തിലേക്ക് കടക്കുമ്പോൾ വരാൻ പോകുന്നത് ദുരന്തമാവുമോയെന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിച്ചില്ല. വിവാഹാലോചന വന്നപ്പോൾ പയ്യൻ ആയുർവേദ തെറാപ്പിസ്റ്റ്. അച്ഛനും അമ്മയും സർക്കാർ ഉദ്യോഗസ്ഥർ. വീട്ടിൽ രണ്ട് ആണ്മക്കൾ. പുറമെനിന്ന് കാണുമ്പോൾ നല്ല ചുറ്റുപാട്. മകൾ സുരക്ഷിതയായിരിക്കുമെന്നും ജോലിക്കു വിടുമെന്നുമൊക്കെ അച്ഛൻ സുഹൃത്തുക്കളോടൊക്കെ അഭിമാനത്തോടെ പറഞ്ഞിട്ടുണ്ട്. ആ വിശ്വാസത്തിൽ വീടുവരെ വിറ്റ് 21-ാം വയസ്സിൽ എന്നെ കല്യാണം കഴിപ്പിച്ചു.
വിവാഹജീവിതത്തിൽ മരണത്തോട് മല്ലിട്ടു
വിവാഹംകഴിഞ്ഞ് ആദ്യദിനം തന്നെ എനിക്കാ കുടുംബത്തെ മനസ്സിലായിരുന്നു. മറ്റുള്ളവർക്കു മുമ്പിൽ അവിടുത്തെ അമ്മ എന്നെ ആക്ഷേപിച്ചുതുടങ്ങി. ബിനോജ് സുബ്രഹ്മണ്യമാണ് ഭർത്താവ്. അദ്ദേഹം രാവിലെ ജോലിക്കുപോയാൽ ഉപദ്രവം തുടങ്ങും. ഗ്യാസ് തുറന്നിട്ട് അവർ പല തവണ എന്നെ അടുക്കളയിലേക്കയച്ചു. അത്ഭുതംകൊണ്ടു മാത്രം രക്ഷപ്പെട്ടതാണ്. ഒരിക്കൽ ഗതികെട്ട് ഞാനത് ഭർത്താവിനോടു പറഞ്ഞു. അദ്ദേഹം അമ്മയോടു ചോദിച്ചപ്പോൾ അവർ വഴക്കിനു നിൽക്കുകയാണ് ചെയ്തത്. അതിനുശേഷം ലൈറ്റ് ഇടാതെ, ഗ്യാസ് ഓൺ അല്ലെന്ന് ഉറപ്പുവരുത്തിവേണം അടുക്കളയിൽ കയറാനെന്ന് ഭർത്താവെന്നോടു പറഞ്ഞു. പഠിച്ച കോഴ്സ് പ്രകാരമുള്ള ജോലിക്കും അവരെന്നെ വിട്ടില്ല.
തിരിച്ചു വീട്ടിൽ ചെല്ലാനാവില്ല
വീടുവരെ വിറ്റായിരുന്നല്ലോ കല്യാണം. അതോർത്തപ്പോൾ തിരിച്ച് അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് പോവാൻ തോന്നിയില്ല. അച്ഛനെന്നെ സ്വീകരിക്കും. പക്ഷേ, 15 കൊല്ലം മുമ്പത്തെ നാട്ടിലെ സ്ഥിതി അറിയാമല്ലോ. അനിയത്തി വീട്ടിലുണ്ട്. എന്റെ പ്രശ്നങ്ങൾ കാരണം അവൾക്കൊരു ഭാവിജീവിതം കിട്ടാതിരിക്കുമോയെന്ന് അമ്മ പേടിച്ചിരുന്നു. ഇത്രയും അഭിമാനത്തോടെ എന്നെ കെട്ടിച്ചയച്ച അച്ഛൻ സുഹൃത്തുക്കൾക്കുമുമ്പിൽ ചെറുതാവുമെന്ന് ഞാനും പേടിച്ചു. സ്വന്തമായി കൈയിലൊമന്നുമില്ലാത്തതിനാൽ ഭർത്താവും എനിക്കുമുമ്പിൽ നിസ്സഹായനായി. അദ്ദേഹത്തിന്റെ ശമ്പളത്തിന്റെ പങ്കും അമ്മ കൈപ്പറ്റുകയായിരുന്നു പതിവ്.
ജീവിക്കാൻ പ്രചോദനമായത് ഭർത്താവ്
വിവാഹം കഴിഞ്ഞ് 16 വർഷത്തിനുശേഷമാണ് അച്ഛനും അമ്മയ്ക്കും ഞാനുണ്ടായത്. എന്റെ വിവാഹസമയത്ത് അവർക്ക് നല്ല പ്രായമുണ്ട്. എനിക്ക് സഹോദരൻമാരില്ല. പത്തനംതിട്ടയിൽനിന്ന് തിരുവനന്തപുരത്തേക്ക് എന്റെ കാര്യങ്ങൾ അന്വേഷിക്കാൻ പെട്ടെന്നൊന്നും ആർക്കും വരാനാവില്ല. തർക്കിച്ച് ജയിക്കാനുള്ള സാമർഥ്യവും എനിക്കില്ല. ആ ധൈര്യത്തിലാണവർ എന്നെ ഉപദ്രവിച്ചത്. എന്നെ പീഡിപ്പിച്ചശേഷം ബന്ധുക്കളെ വിളിച്ച് വിപരീതമായി പറഞ്ഞുകൊടുക്കും. ഭർത്താവ് ഒപ്പം നിന്നതുകൊണ്ട് മാത്രമാണ് ഞാനിന്ന് ജീവിച്ചിരിക്കുന്നത്. ഗർഭിണിയായിരിക്കെ പലതവണ രക്തം ശർദിച്ചിട്ടുണ്ട്. എന്തുകൊണ്ടാണതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഓപറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോവുമ്പോൾ കുഞ്ഞിനെ കാണണമെന്നോ ജീവനോടെ തിരിച്ചുവരണമെന്നോപോലും എനിക്ക് തോന്നിയില്ല. ദൈവാനുഗ്രഹത്താൽ മോന് കുഴപ്പമൊന്നുമുണ്ടായില്ല. എന്റെ ഭർത്താവെന്നെ ചേർത്തുപിടിച്ചതുമാത്രമായിരുന്നു ആശ്വാസം. ദീർഘകാലം പോസ്റ്റുപാർട്ടം ഡിപ്രഷനുണ്ടായിരുന്നു. അത് പോസ്റ്റുപാർട്ടമാണെന്നൊക്കെ ഞാൻ തിരിച്ചറിഞ്ഞത് പിന്നീടുമാത്രം.
വീടുവിട്ടിറങ്ങി
ഭർത്താവിന്റെ അച്ഛന്റെ ഭീഷണി ഭയന്ന് കുഞ്ഞുമായി മുറിയിൽ കതകടച്ചിരിക്കും. ഞാൻ മരിച്ചാൽ കുഞ്ഞിനെ ആരു നോക്കുമെന്നോർത്തു മാത്രമാണ് മരിക്കാതിരുന്നത്. വീട്ടിൽ വിഷമിച്ചിരിക്കാതിരിക്കാൻ വേണ്ടി ഇടയ്ക്ക് ഭർത്താവെന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പ്രാക്ടീസിന് കൊണ്ടുപോകുമായിരുന്നു. പത്താംദിവസം ഭർത്താവിന്റെ അമ്മ പ്രശ്നമുണ്ടാക്കി അതും മുടക്കി. നാലര വർഷത്തിനുശേഷം ഭർത്താവ് എന്നെയും കൂട്ടി ആ വീട്ടിൽ നിന്നിറങ്ങി. ഇറക്കിവിട്ടു എന്നു പറയുന്നതാവും ശരി. എനിക്ക് അച്ഛൻ തന്ന സ്വർണവും പണവും തരാനാവശ്യപ്പെട്ടപ്പോഴായിരുന്നു അത്. പിന്നീട് മാറിത്താമസിച്ചപ്പോഴും ദ്രോഹിച്ചു. ഭർത്താവ് വിദേശത്തായിരുന്ന സമയത്ത് വീട്ടിലേക്ക് ആളുകളെ പറഞ്ഞുവിട്ട് രാത്രികാലങ്ങളിലൊക്കെ പേടിപ്പെടുത്തി. എന്നെ മോശം സ്ത്രീയായി ചിത്രീകരിക്കാനും ശ്രമിച്ചു. ഞാൻ ഭയന്നുജീവിച്ച സമയമായിരുന്നു അത്.
യോഗ ടീച്ചറായി റഷ്യയിൽ പോയി
അങ്ങനെയിരിക്കുമ്പോൾ ഭർത്താവു പറഞ്ഞിട്ട് 2013-ൽ ഞാൻ യോഗ ടീച്ചർ ട്രെയ്നിങ് കോഴ്സിന് ചേർന്നു. യോഗ അലയൻസ് യു.എസ്. ഇന്റർനാഷണൽ കോഴ്സും നാഷണൽ കോഴ്സും ചെയ്തു. അവിടെനിന്ന് എന്റെ ജീവിതം മാറി. 2014-ൽ ഞാൻ ഭർത്താവിനൊപ്പം റഷ്യയിൽ പോയി. 2017 ഡിസംബർ വരെ അവിടെ യോഗാധ്യാപികയായി ജോലിചെയ്തു. ആ സമയത്ത് മകൻ വെങ്കിട്ടനാരായണനെ തിരുവനന്തപുരത്തുവന്ന് അച്ഛനും അമ്മയും നോക്കുകയായിരുന്നു. ഇടയ്ക്ക് അപ്പയ്ക്കു സുഖമില്ലാതായപ്പോൾ ഞാൻ നാട്ടിലേക്ക് തിരിച്ചുവന്നു. വൈകാതെ അപ്പ മരിച്ചു. ഞാൻ മോനെയും കൊണ്ട് റഷ്യയിലേക്ക് പോയി. പിന്നെ കുറച്ചു നാൾ സൗദിയിൽ. ഭർത്താവിപ്പോൾ റഷ്യയിലാണ്. മകൻ എട്ടാംതരത്തിൽ പഠിക്കുന്നു. അവന്റെ കാര്യങ്ങൾ നോക്കാൻ അവനൊപ്പം ഞാൻ നാട്ടിലാണ്. ഫ്രീലാൻസായിട്ട് യോഗ പഠിപ്പിക്കുന്നുണ്ട്.
അവരോട് ഞാൻ ക്ഷമിച്ചുകഴിഞ്ഞു
എന്നെ ഉപദ്രവിച്ചവരോട് ഇന്നെനിക്ക് പകയോ ദേഷ്യമോ ഇല്ല. അവരോടെന്നേ ക്ഷമിച്ചുകഴിഞ്ഞു. യോഗ പഠിക്കാൻ താത്പര്യമുണ്ടായിട്ടും സാമ്പത്തികബുദ്ധിമുട്ടുകൊണ്ട് അത് സാധിക്കാത്തവരുണ്ടെങ്കിൽ സന്തോഷത്തോടെ അവരെ പഠിപ്പിക്കാൻ ഞാൻ തയ്യാറാണ്. ഇനി ജീവിതത്തിലൊരു വെളിച്ചമില്ല എന്നു കരുതുന്നവരോട്- ''നിങ്ങളുടെ വാതിലുകൾ പതിയെ തുറക്കും. വലിയൊരു പ്രകാശം കാത്തിരിക്കുന്നുണ്ട്. പെട്ടെന്ന് ഫുൾസ്റ്റോപ്പിടാൻ തീരുമാനിക്കുന്നതിനു മുമ്പ് അതൊരു കോമയാക്കാൻ പറ്റുമോയെന്ന് നോക്കുക''-അവർ പറഞ്ഞുനിർത്തി.
Content Highlights: ഞാൻ ജീവിക്കുന്ന വിസ്മയയെന്ന് ധനൂജ സ്വയം പരിചയപ്പെടുത്തി