'വേദനാസംഹാരികളോട് അഡിക്ഷനുണ്ടായി, ഭർത്താവിന്റെ കൈയിലുള്ള പണംമുഴുവൻ കുടുംബം കൈക്കലാക്കി'

ബോളിവുഡിന്റെ ഗ്ലാമർതാരമായിരുന്നു സീനത്ത് അമൻ. ഒരുകാലത്ത് ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ താരങ്ങളിലൊരാളുമായിരുന്നു അവർ. ഫാഷൻ ഐക്കണായും സെക്‌സ് സിംബലായും മാധ്യമങ്ങൾ അവരെ വാഴ്ത്തി. ഹരേ രാമ ഹരേ കൃഷ്ണ, യാദോം കി ബാരാത്, അജ്‌നബീ, ചോരി മേരാ കാം, ഡോൺ, സത്യം ശിവം സുന്ദരം, ഖുർബാനി, ദോസ്താന....ഇങ്ങനെ എത്രയെത്ര സിനിമകൾ. എന്നാൽ കരിയറിൽ ഉയരങ്ങൾ തേടുമ്പോഴും, അവരുടെ സ്വകാര്യജീവിതം പ്രശ്‌നങ്ങളിലൂടെ കടന്നുപോവുകയായിരുന്നു.
നടൻ സഞ്ജയ് ഖാനെയായിരുന്നു സീനത്ത് ആദ്യം വിവാഹം കഴിച്ചത്. എന്നാൽ, ആ ബന്ധത്തിൽ അവർക്ക് നേരിടേണ്ടിവന്നത് മാനസികവും ശാരീരികവുമായ പീഡനങ്ങളുമായിരുന്നു. തൊട്ടടുത്തവർഷം തന്നെ അവർ പിരിഞ്ഞു.
വർഷങ്ങൾക്കുശേഷം നടൻ മസ്ഹർ ഖാനെ വിവാഹം കഴിച്ചു. അതിൽ രണ്ടുമക്കളുമുണ്ട്. ഈ വിവാഹബന്ധവും അത്ര സുഖകരമായിരുന്നില്ല. എങ്കിലും 14 വർഷങ്ങൾക്കുശേഷം മസ്ഹർ ഖാൻ മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ ഭാര്യയായി തുടർന്നു സീനത്ത്. സിമി ഗരേവാളിന്റെ ഷോയിൽ തന്റെ വിവാഹബന്ധത്തെക്കുറിച്ച് സീനത്ത് തുറന്നുപറഞ്ഞിട്ടുണ്ട്, ''ഒരു വ്യക്തിയായോ കലാകാരിയായോ ഞാൻ വളരുന്നത് മസ്ഹറിന് ഒട്ടും ഇഷ്ടമായിരുന്നില്ല. കുട്ടികൾക്കൊപ്പവും വീട്ടിലും കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. വിവാഹത്തിന്റെ ആദ്യ വർഷത്തിൽ തന്നെ വലിയൊരു അബദ്ധമാണ് പറ്റിയതെന്ന് എനിക്ക് ബോധ്യപ്പെട്ടിരുന്നു; എങ്കിലും, ആ ബന്ധവുമായി മുന്നോട്ട് പോകാനും അത് വിജയകരമാക്കാനും ഞാൻ തീരുമാനിച്ചു. അടുത്ത 12 വർഷത്തോളം അതിനായി ഞാൻ ശ്രമിച്ചുനോക്കി. എന്നാൽ, ആ അവസ്ഥയിൽ നിന്ന് ഒരു മോചനവുമില്ലെന്ന് എനിക്ക് തോന്നി. ആ 12 വർഷത്തിനിടയിൽ സന്തോഷത്തിന്റെയോ ആനന്ദത്തിന്റെയോ ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും, ആ ബന്ധം നിലനിർത്താൻ ഞാൻ ശ്രമിച്ചുകൊണ്ടേയിരുന്നു''. ഭർത്താവ് തന്നെ വഞ്ചിച്ചിട്ടും 12 വർഷത്തോളം ആ ബന്ധത്തിൽ തുടർന്നുവെന്നും സീനത്ത് പറയുന്നു.
''എല്ലാവരുടെയും ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിച്ചതുകൊണ്ട്, ആ ബന്ധം മുന്നോട്ട് കൊണ്ടുപോകാനും വിജയിപ്പിക്കാനും ഞാൻ തീരുമാനിച്ചു. ആദ്യ വർഷം മുതൽക്കേ അതൊരു ദുഷ്‌കരമായ കാലഘട്ടമായിരുന്നു. ഞാൻ ആദ്യത്തെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്ന സമയത്ത് മസ്ഹർ എന്റെ കൂടെയുണ്ടായിരുന്നില്ല. മസ്ഹർ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുന്നതിനെക്കുറിച്ച് അക്കാലത്ത് 'സ്റ്റാർഡസ്റ്റ്' മാസികയിൽ വലിയൊരു ലേഖനം വന്നിരുന്നു. അതാണ് യാഥാർത്ഥ്യം''. പ്രശ്‌നങ്ങൾ രൂക്ഷമായപ്പോൾ വിവാഹബന്ധം വേർപെടുത്തി, അഭിനയത്തിലേക്ക് തിരിച്ചുവരാൻ അവർ തീരുമാനിച്ചു. അതിനിടയിലാണ് മസ്ഹറിന് അസുഖമുണ്ടാവുന്നത്. അതോടെ ആ ബന്ധത്തിൽ തുടരാൻ അവർ തീരുമാനിച്ചു.
അതിനൊപ്പം ഭർത്താവിനെ രക്ഷിക്കാൻ തന്നെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്യാനും തീരുമാനിച്ചു. ആ കാലയളവിൽ മുംബൈയിലെ പല ആശുപത്രികളിലായി താൻ നിരന്തരം അലയേണ്ടി വന്നെന്നും, കുത്തിവയ്പ്പുകൾ നൽകാനും മുറിവുകൾ ഡ്രസ്സ് ചെയ്യാനും പഠിച്ചെന്നും അവർ പറഞ്ഞു.
അതിനെല്ലാമൊടുവിൽ സ്വയം തിരുത്താനോ ആരോഗ്യം സംരക്ഷിക്കാനോ ഭർത്താവ് തയ്യാറായില്ല. അദ്ദേഹം വേദനാസംഹാരികളിൽ അഡിക്ടായി. ആരോഗ്യം നശിപ്പിക്കുന്നത് തുടരുന്നത് കണ്ടപ്പോൾ ഒടുവിൽ ആ ബന്ധം ഉപേക്ഷിക്കാൻ സീനത്ത് നിർബന്ധിതയായി. താനും മക്കളും പലതവണ ആവശ്യപ്പെട്ടിട്ടും ദിവസവും ഏഴ് വേദനസംഹാരികൾ വീതം മസ്ഹർ കഴിച്ചിരുന്നതായി അവർ പറഞ്ഞു. ഒടുവിൽ അദ്ദേഹത്തിന്റെ വൃക്കകൾ പ്രവർത്തനരഹിതമായി. വൃക്കസ്തംഭനം മൂലമാണ് 1998-ൽ മസ്ഹർ അന്തരിച്ചത്.
ഭർത്താവിനെ പരിചരിക്കുന്നതിനിടയിൽ താൻ എത്രമാത്രം ഒറ്റപ്പെട്ടതായി അനുഭവപ്പെട്ടിരുന്നു എന്നതിനെക്കുറിച്ചും സീനത്ത് സംസാരിച്ചു. വർഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചുവെങ്കിലും, താൻ എങ്ങനെയുണ്ടെന്ന് അന്വേഷിക്കാൻ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് അവർ പറഞ്ഞു. മസ്ഹറിന്റെ മരണശേഷം, അദ്ദേഹത്തിന്റെ കുടുംബം തന്നെ അന്തിമോപചാരം അർപ്പിക്കാൻ അനുവദിച്ചില്ലെന്നും, അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന അവസാനത്തെ ചില്ലിക്കാശുപോലും അമ്മയും സഹോദരിയും കൈക്കലാക്കിയെന്നും സീനത്ത് ആരോപിച്ചു. തന്റെ മക്കളെ തനിക്കെതിരെ തിരിക്കാൻ ശ്രമിച്ച ഒരു കാലഘട്ടമുണ്ടായിരുന്നെന്നും, മസ്ഹറിന്റെ കുടുംബം കുട്ടികളെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Zeenat Aman was a top Bollywood glamour star and fashion icon of her era., Her first marriage to Sanjay Khan involved physical and mental abuse., Her second marriage to Mazhar Khan lasted 14 years despite unhappiness, infidelity, and lack of support., Zeenat cared for Mazhar during his final illness despite their troubled relationship.