ലൈംഗികാവശ്യത്തിന് മാത്രമായി ഒരു ജീവപര്യന്തം സ്വീകരിക്കണോ?

ജോലിയും വിദ്യാഭ്യാസവുമുള്ള പെണ്‍കുട്ടികള്‍ വിവാഹത്തോട് വിമുഖത കാണിക്കുന്നുവെന്നും കുടുംബവ്യവസ്ഥയ്ക്ക് അത് വലിയ തിരിച്ചടിയാണെന്നും ഉത്കണ്ഠപ്പെടുന്ന ഒരു വാര്‍ത്ത ഈയിടെ വ്യാപകമായി പ്രചരിച്ചിരുന്നു. അന്നും കുറേ കേശവന്‍ മാമന്‍മാര്‍ ആധിപിടിച്ച് കമന്റുകളുമായി ഓടിനടക്കുന്നത് കണ്ടു. ആകെ ഒരു ജീവിതമാണുള്ളത്. ഒരു ടോക്‌സിക് ബന്ധത്തില്‍ തലവെച്ച് ഒന്നുകില്‍ ദുര്‍മരണം പ്രാപിക്കുക അല്ലെങ്കില്‍ ശിഷ്ടകാലം മുഴുവന്‍ അതില്‍ വീണടിയുക എന്ന വിധിക്ക് തയ്യാറല്ല എന്ന് പെണ്‍കുട്ടികള്‍ തീരുമാനിക്കുന്നതില്‍ എന്താണു തെറ്റ്?
നമ്മുടെ കുടുംബവ്യവസ്ഥ സ്ത്രീ ആഞ്ഞൊന്നു തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് താനും. അതിനെയും അതിനെ നിയന്ത്രിക്കുന്ന ആണഹന്തയെയും പരിപാലിച്ച് കൊണ്ടുനടക്കുക എന്നതു മാത്രമല്ല ഭൂമിയില്‍ തങ്ങളുടെ നിയോഗം എന്ന് സ്ത്രീകള്‍ തീരുമാനിക്കുന്നിടത്ത് അവസാനിക്കുന്നതാണ് നിലവിലുള്ള വിവാഹം എന്ന സ്ഥാപനം. അതില്‍ അസ്വസ്ഥത തോന്നിയിട്ട് കാര്യമില്ല.
ലൈംഗികാവശ്യത്തിന് മാത്രമായി ഒരു ജീവപര്യന്തം സ്വീകരിക്കേണ്ടതില്ലല്ലോ. കുഞ്ഞുങ്ങളുണ്ടാവാനും അവരെ വളര്‍ത്താനും താത്പര്യമുള്ളവര്‍ക്ക് അതും സാധ്യമാണ്. കുടുംബജീവിതത്തോട് താത്പര്യമുള്ളവര്‍ക്ക് കുറച്ചു കൂടി ഉള്‍ക്കൊള്ളല്‍ സ്വഭാവമുള്ള പലതരം കുടുംബഘടനകളുണ്ട്. അങ്ങനെയിരിക്കെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തെ നശിപ്പിച്ചു കളയാന്‍ സാധ്യതയുള്ള ഒരു ഏര്‍പ്പാടില്‍നിന്ന് മനുഷ്യര്‍ പിന്തിരിഞ്ഞു പോകുന്നത് സ്വാഭാവികമാണ്.
മനുഷ്യജീവികള്‍ എന്ന നിലയ്ക്ക് പരസ്പരബഹുമാനത്തോടെയും ജനാധിപത്യ ബോധത്തോടെയും ഇടപഴകുന്ന പുരുഷന്മാര്‍ക്കൊപ്പമായിരിക്കാനാണ് ബഹുഭൂരിപക്ഷം സ്ത്രീകളും ആഗ്രഹിക്കുക. അതൊരു ഉട്ടോപ്യന്‍ സ്വപ്‌നമാണെങ്കില്‍ വിവാഹം ഒഴിവാക്കാന്‍ അവര്‍ തീരുമാനിച്ചെന്നു വരും.
വിവാഹാലോചനകള്‍ നടക്കുന്ന കാലത്ത് ജോലി ചെയ്തിരുന്ന സ്‌കൂളിലെ സഹപ്രവര്‍ത്തകയുമായുണ്ടായ ഒരു സംഭാഷണം ഞാന്‍ ഇടയ്ക്കിടെ ഓര്‍ക്കുമായിരുന്നു. ഞാനും ഭര്‍ത്താവും തമ്മില്‍ എന്തെങ്കിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന ദിവസം വിശേഷിച്ചും. തികച്ചും സൗഹാര്‍ദപരമായ ഒരു ദാമ്പത്യമാണ് ആ സഹപ്രവര്‍ത്തകയും അവരുടെ ജീവിതപങ്കാളിയും നയിച്ചിരുന്നത് എന്നാണ് സുഹൃത്തുക്കളായ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നത്. ഞങ്ങളില്‍ മുതിര്‍ന്നയാള്‍ എന്ന നിലയ്ക്കും വിജയകരമായ വിവാഹജീവിതം നയിക്കുന്ന ആള്‍ എന്ന നിലയ്ക്കും അവരുടെ അഭിപ്രായങ്ങള്‍ ഞങ്ങളെല്ലാവരും വിലമതിച്ചിരുന്നു. വിവാഹം കഴിഞ്ഞ് വീട് വിട്ടുപോകുന്നതിലുള്ള സങ്കടം പങ്കുവച്ചപ്പോള്‍ നമുക്ക് ഒന്നിലധികം വീടുകളും രക്ഷിതാക്കളെയുമുണ്ടാക്കുന്ന ചടങ്ങാണതെന്ന് അവര്‍ സമാധാനിപ്പിച്ചു. ശമ്പളം വാങ്ങി ഭര്‍ത്താവിന്റെ കൈയില്‍ കൊടുക്കേണ്ടതുണ്ടോ എന്ന ചോദ്യം ചോദിക്കാതിരിക്കാന്‍ എനിക്ക് സാധിച്ചില്ല. അവര്‍ പറഞ്ഞ മറുപടി എന്റെ ജീവിതത്തില്‍ പില്‍ക്കാലത്ത് വലിയ പരിക്കുകള്‍ക്ക് കാരണമായ ഒന്നായി മാറിക്കഴിഞ്ഞിരുന്നുവല്ലോ. ''തീര്‍ച്ചയായും കൊടുക്കണം. അന്തസ്സുള്ള ആളാണെങ്കില്‍, വാങ്ങിയിട്ട് നമുക്കുതന്നെ തിരിച്ചുതരും.''
വാങ്ങിയിട്ട് തിരിച്ചുതന്നില്ലെങ്കില്‍, അന്തസ്സുള്ള ആളല്ലെന്ന് മനസ്സിലായിക്കഴിഞ്ഞാല്‍ എന്തുചെയ്യണമെന്ന് അവര്‍ പറഞ്ഞിരുന്നില്ല. അതൊരു സാധ്യതയാണ്, പക്ഷേ, അതിനെ നേരിടാന്‍ പ്രയാസമാണ്. ചെറിയൊരു ന്യൂനതയാണെന്ന് തോന്നും. പൊറുക്കാമെന്നുതോന്നും. അതിന്റെ വെളിച്ചത്തില്‍ അടുത്ത അന്തസ്സില്ലായ്മ പ്രവര്‍ത്തിക്കപ്പെടുകയും പൊറുക്കപ്പെടുകയും ചെയ്യും. പിന്നീട് അതൊരു പതിവാകും. അത്തരം അന്തസ്സില്ലായ്മകള്‍ നാം നേരത്തെ സൂചിപ്പിച്ചതു പോലെ മൂടിവയ്ക്കപ്പെടും. ഒറ്റയ്‌ക്കൊറ്റയ്‌ക്കെടുത്താല്‍ ഒരു വിവാഹബന്ധം ഉപേക്ഷിക്കാന്‍ മതിയായ കുറ്റകൃത്യങ്ങളായി അത്തരം അന്തസ്സില്ലാത്ത പെരുമാറ്റങ്ങള്‍ പരിഗണിക്കപ്പെടില്ല എന്നതാണ് സത്യം. അങ്ങനെയൊന്നുമുണ്ടായിട്ടില്ല എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി വധുക്കള്‍ അവരുടെ ഭര്‍ത്താക്കന്മാരുടെ പോരായ്മകള്‍ മൂടിവയ്ക്കും. ചിലരെങ്കിലും തങ്ങളുടെ ജീവിതപങ്കാളികള്‍ മഹത്തുക്കളാണെന്ന് സ്ഥാപിക്കാന്‍ പെടാപ്പാടുപെടും.
തരംകിട്ടിയാല്‍ വേലിചാടുന്ന ഭര്‍ത്താവിനെ സംരക്ഷിക്കാന്‍ അയാള്‍ക്കൊപ്പം കവചംപോലെ ജീവിച്ചിരുന്ന ഒരു സ്ത്രീയെ പരിചയമുണ്ട്. അവരുടെ ജീവിതത്തിന്റെ മുഖ്യപരിഗണന തന്നെ അതായിരുന്നു. എന്നിട്ടും അയാള്‍ മഹാനായ മനുഷ്യനാണെന്നും നിരവധി സിദ്ധികളാല്‍ അനുഗൃഹീതനാണെന്നും അവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുകയും ചെയ്തിരുന്നു എന്നതാണ് കൗതുകകരം. അദ്ദേഹത്തിന്റെ കഴിവുകള്‍ മറ്റുള്ളവര്‍ വേണ്ടവിധത്തില്‍ അംഗീകരിക്കാത്തതില്‍ മാത്രമായിരുന്നു അവര്‍ക്ക് ഖേദമുണ്ടായിരുന്നത്.
എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ ഭര്‍ത്താവിനെ മഹത്ത്വപ്പെടുത്താന്‍ ആദ്യകാലത്ത് പറഞ്ഞ നുണകളൊക്കെ ദയനീയമായി പൊളിഞ്ഞുകഴിഞ്ഞിരുന്നു. പൂര്‍ണഗര്‍ഭിണിയായിരിക്കെ രാത്രിയില്‍ വീടുവിട്ട് ഇറങ്ങേണ്ടി വന്ന കാര്യമടക്കം വീട്ടില്‍ പറയാതെ നിവൃത്തിയില്ലായിരുന്നു. ആരെയെങ്കിലും വിശ്വസിച്ചും ആശ്രയിച്ചുമല്ലാതെ മുന്നോട്ട് ജീവിക്കാന്‍ സാധിക്കില്ല എന്ന അവസ്ഥയാണ്. അങ്ങനെയൊരു നില ജീവിതത്തില്‍ ഏതെങ്കിലുമൊരവസരത്തില്‍ എല്ലാവരെയും തേടിയെത്തുന്നതാണ്.
പ്രസവാവധി കഴിഞ്ഞ് കുഞ്ഞുമായി ജോലിസ്ഥലത്തേക്ക് തിരിച്ചുപോകാനുള്ള ദിവസമടുക്കുന്തോറും എന്റെ ചങ്കിടിച്ചുകൊണ്ടിരുന്നു. പ്രസവാവധിയിലായിരുന്നതിനാല്‍ എനിക്ക് കണ്ണൂരേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. പക്ഷേ, കോളേജധ്യാപകനിയമനത്തിനുള്ള അഡൈ്വസ് മെമ്മോ അപ്പോഴേക്കും കിട്ടിക്കഴിഞ്ഞിരുന്നു. മൂന്ന് പി.എസ്.സി. പരീക്ഷകളാണ് ഞാന്‍ എഴുതിയത്. ഒരെണ്ണം സ്വന്തം വീട്ടില്‍നിന്ന് പഠിച്ച് പരീക്ഷയ്ക്ക് പോവാന്‍ സാധിച്ചു. മറ്റ് രണ്ടെണ്ണം ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഓടിയിറങ്ങി വന്ന് എഴുതിയിട്ട് അക്ഷരാര്‍ഥത്തില്‍ തിരിച്ചോടുകയായിരുന്നു. ആദ്യത്തേതിന് സംസ്ഥാനത്ത് ഒന്നാം റാങ്കായിരുന്നു. മറ്റേത് രണ്ടും താരതമ്യേന പിന്നിലായിരുന്നെങ്കിലും നിയമനം ലഭിക്കാവുന്ന പരിധിയിലായിരുന്നു. ആ രണ്ട് പരീക്ഷകള്‍ക്ക് തയ്യാറെടുക്കാന്‍ അല്പം കൂടി മെച്ചപ്പെട്ട ഒരു സാഹചര്യം എനിക്ക് കിട്ടിയിരുന്നെങ്കില്‍ ആദ്യത്തെ പത്തിനകത്ത് എന്തായാലും ഉള്‍പ്പെട്ടേനെ എന്ന തോന്നല്‍ ഇപ്പോഴുമുണ്ട്.
വിവാഹത്തിനുശേഷം സ്വന്തം വീട്ടില്‍ വരുമ്പോഴല്ലാതെ ഞാന്‍ മാതൃഭൂമി, ദേശാഭിമാനി ആഴ്ചപ്പതിപ്പുകള്‍ കണ്ടിട്ടില്ല. വിഷു/ഓണക്കാലങ്ങളെ വിവിധങ്ങളായ ആഴ്ചപ്പതിപ്പുകളുടെ വിശേഷാല്‍ പ്രതികള്‍കൊണ്ട് അടയാളപ്പെടുത്തിയിരുന്ന ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നുവെന്ന് വിങ്ങലോടെ ഓര്‍ക്കും. വായന എന്നേക്കുമായി ഇല്ലാതായി. പണിയൊഴിഞ്ഞ് നേരമില്ലാത്ത ഒരുവള്‍ക്ക് എന്ത് വായന!
ഒരിക്കലോ മറ്റോ ഭര്‍ത്താവിനോട് ആഴ്ചപ്പതിപ്പുകള്‍ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. സ്‌കൂളില്‍നിന്ന് വരുന്ന വഴി അദ്ദേഹം അവ കൊണ്ടുവരികയും ചെയ്തു. രണ്ടാഴ്ചയോളം പഴക്കമുള്ള ചിലത്. സ്‌കൂളില്‍ വെറുതേ കിടക്കുന്നവയാണ്, വാങ്ങി കാശുകളയണ്ടല്ലോ എന്ന് അദ്ദേഹം പ്രായോഗികമതിയായി. എന്തുകൊണ്ടോ അവ വായിക്കാന്‍ എനിക്ക് തോന്നിയില്ല. പുതിയതിന് വാശിപിടിക്കാനും തോന്നിയില്ല. ശമ്പളമുള്ള ആളാണ് ഞാന്‍ എന്ന് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ഒട്ടും തോന്നിയില്ല! സാങ്കേതികമായി അദ്ദേഹം ചെയ്തതും പറഞ്ഞതും ശരിയായിരിക്കാം. പക്ഷേ, ഒരാള്‍ക്കും ഇത്തരമൊരനുഭവം ഉണ്ടാകരുത് എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നേരത്തേ നാം പറഞ്ഞ അന്തസ്സില്ലായ്മയില്ലേ, അതിന്റെ ലക്ഷണങ്ങളിലൊന്നായി മാത്രമേ എനിക്കിത് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ.
സാമ്പത്തികസ്ഥിരത ദാമ്പത്യത്തിന്റെ അടിത്തറയാണ്. മറ്റെന്തെല്ലാം ഉണ്ടായാലും സാമ്പത്തിക പ്രതിസന്ധികള്‍ വരുമ്പോള്‍ മനുഷ്യബന്ധങ്ങള്‍ക്ക് ഉലച്ചില്‍ തട്ടും. സാമ്പത്തിക ശേഷിയില്ലാത്ത പങ്കാളിയുടെ അന്തസ്സ് ഇടിയും. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്ത്രീകളാണ് പലപ്പോഴും പരാശ്രയത്തില്‍ കഴിയേണ്ടിവരിക. അതുകൊണ്ടാണ് സ്ത്രീകള്‍ സാമ്പത്തികമായി സ്വയംപര്യാപ്തരാകേണ്ടത് അത്യാവശ്യമാകുന്നത്. സമ്പാദിക്കുന്ന സ്ത്രീ ഇത്തരം ഇടിച്ചിലുകളില്‍നിന്ന് മുക്തയാവേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളില്‍ സ്വന്തം ഇഷ്ടങ്ങളും ആവശ്യങ്ങളും നിറവേറ്റാനായി മറ്റൊരാളുടെ മുന്നില്‍ കൈ നീട്ടാതിരിക്കാനാണ് പഠിച്ച് ഒരു ജോലി സമ്പാദിച്ചത്. എന്നിട്ടും യുദ്ധഭൂമിയില്‍ വിദ്യ മറന്ന കര്‍ണനെപ്പോലെ നിര്‍ണായക നിമിഷത്തില്‍ ഞാന്‍തന്നെ അതൊക്കെയും മറന്നുപോയി.
സ്വന്തം അന്തസ്സ് സംരക്ഷിക്കേണ്ടത് അവരവരുടെ മാത്രം ബാധ്യതയാണ്. മറ്റാരും അത് ചെയ്യില്ല. നാമത് ചെയ്യുന്നില്ല എന്ന് കണ്ടാല്‍ ലോകം മുഴുവന്‍ അതില്‍ച്ചവിട്ടി കടന്നുപോകും. നിരന്തരമായ കീഴടങ്ങലുകളെയാണല്ലോ ഒരിക്കല്‍ ഞാന്‍ സ്‌നേഹമെന്ന് മനസ്സിലാക്കിയിരുന്നതെന്നോര്‍ത്ത് പില്‍ക്കാലത്ത് കടുത്ത ആത്മനിന്ദ അനുഭവപ്പെട്ടിട്ടുണ്ട്.
'പറ്റില്ല' എന്നുറപ്പിച്ചു പറഞ്ഞ ഒരു സന്ദര്‍ഭം ഓര്‍മയുണ്ട്. ആര്‍ക്കും എപ്പോഴും പ്രസക്തമായതുകൊണ്ട് പറയാം. വിവാഹം കഴിഞ്ഞ ആദ്യകാലത്താണ്. കോഴിക്കോട്ടെ സ്‌കൂളിലാണ് ജോലി. മുന്‍പ് സൂചിപ്പിച്ചതുപോലെ വാരാന്ത്യ മാസാന്ത്യ ദാമ്പത്യമാണ് അനുഷ്ഠിക്കുന്നത്. ഒരിക്കല്‍ ലീവിന് ഭര്‍ത്തൃഗൃഹത്തിലെത്തിയതിന്റെ പിറ്റേന്ന് എന്നോട് ഒരു സ്ഥലം വരെ പോകണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടു. ഒരപേക്ഷ എഴുതണം. ഒരു സ്‌കൂള്‍ മാനേജര്‍ക്കാണ്. അവിടെ ഒഴിവ് വരാനിടയുള്ള ഒരു പോസ്റ്റിനാണ്. അതിനെക്കുറിച്ച് എന്റെ അസാന്നിധ്യത്തില്‍ത്തന്നെ അവിടെ ചര്‍ച്ചകളും തീരുമാനങ്ങളും ഉണ്ടായതായി എനിക്ക് മനസ്സിലായി. എന്തായാലും ഞങ്ങള്‍ ആ സ്‌കൂള്‍ മാനേജരെ കാണാന്‍ പോയി. ഉള്‍പ്രദേശത്തുള്ള ഒരു സ്‌കൂളാണ്. മനുഷ്യരെ കാണാന്‍ ഒന്നര കിലോമീറ്റര്‍ നടക്കണം. അവിടെ മാനേജര്‍ക്ക് പണം കുറച്ച് കൊടുത്താല്‍ മതിയത്രെ. കണ്ട് അപേക്ഷ കൊടുത്തു പോന്നു.
തിരിച്ചെത്തി കുടുംബസഭ കൂടി. അന്നത്തെയാത്രാ വിശേഷങ്ങള്‍ ഭര്‍ത്താവ് വിവരിച്ചുതുടങ്ങി. 'എത്ര പൈസ വേണ്ടി വരും?' അദ്ദേഹത്തിന്റെ അച്ഛന്‍ ചോദിച്ചു. നാലിനടുത്ത് വേണമെന്ന് മറുപടി കിട്ടി. അതെങ്ങനെയുണ്ടാക്കുമെന്ന് ഞാന്‍ ആലോചിക്കുമ്പോഴേക്ക് അദ്ദേഹത്തിന്റെ അമ്മ പ്രതിവിധി നിര്‍ദേശിച്ചു. 'അത് അവള്‍ടെ സ്വര്‍ണമൊക്കെ വിറ്റ് കൊടുക്കണം.' എനിക്ക് അത് ഉള്‍ക്കൊള്ളാനായില്ല. എനിക്ക് നിലവില്‍ ഒരു ജോലിയുണ്ട്. അവിടെയാണ് ജോലിയെന്നറിഞ്ഞിട്ടാണല്ലോ വിവാഹം ആലോചിച്ചത്. അതിനൊപ്പം എന്റെ രക്ഷിതാക്കള്‍ ഒരു കരുതല്‍ ധനമെന്ന നിലയിലാണ് സ്വര്‍ണം തന്നത്. ഇനി ഇത്രയും ഉള്‍പ്രദേശത്ത് ഇങ്ങനെയൊരു ജോലി വാങ്ങാന്‍ അത് വില്‍ക്കാന്‍ പറ്റില്ല എന്ന് ഞാന്‍ പറഞ്ഞു. എല്ലാവരും ഒരു നിമിഷത്തേക്ക് സ്തബ്ധരായി. ഭര്‍ത്താവ് എന്നെ രൂക്ഷമായി നോക്കി. അങ്ങനെയാണ് നിലപാടെങ്കില്‍ ഭര്‍ത്താവിനൊപ്പം കഴിയാന്‍ പി.എസ്. സി. വഴി ജോലി നേടിയിരിക്കണം എന്നൊരു അന്ത്യശാസനവും തന്നു. നിങ്ങള്‍ക്ക് ഒന്നിച്ച് ജീവിക്കണമെങ്കില്‍ മതി എന്ന് അമ്മായിയമ്മ ദേഷ്യപ്പെട്ടു. പിന്നീട് അതിനെക്കുറിച്ച് സംസാരമുണ്ടായില്ല. ആ ശ്രമം ഉപേക്ഷിക്കപ്പെടുകയായിരുന്നു.
ആ ധൈര്യം എങ്ങനെയുണ്ടായെന്ന് ഇപ്പോഴും എനിക്കറിയില്ല. അധികം താമസിയാതെ ഭര്‍ത്തൃസഹോദരിയുടെ വീടുപണിയുമായി ബന്ധപ്പെട്ട് സ്വര്‍ണം പണയത്തിലായെന്നത് വേറെ കാര്യം. അതിലും പ്രശ്‌നമെന്തെങ്കിലുമുണ്ടെന്ന് ആര്‍ക്കും തോന്നിയില്ല. കല്യാണം കഴിച്ചുവരുന്ന പെണ്‍കുട്ടിയുടെ സ്വര്‍ണം അവളുടെ ഭര്‍ത്താവിന്റെ വീട്ടിലെ ആവശ്യത്തിനെടുക്കുന്നത് സാധാരണമാണ് എന്ന വിശദീകരണം കിട്ടി.
ഇതിനോടൊക്കെ എതിര്‍ക്കാന്‍ നില്‍ക്കുമ്പോഴുണ്ടാകുന്ന വലിയൊരു അലോസരമുണ്ട്. അത് ശീതസമരമാണ്. പിന്നീട് അത് പൊട്ടിത്തെറിയാവും. എന്റെ വാക്ക് ധിക്കരിച്ചു, എന്റെ കുടുംബത്തിലും ഇന്നാട്ടിലും പെണ്ണുങ്ങള്‍ ഇങ്ങനെ പറയുകയില്ല, എന്റെ പെങ്ങള്‍ പറഞ്ഞിട്ടില്ല, അല്പരാണ് ഇങ്ങനെ പറയുക എന്നിങ്ങനെ പലതരം മുഷിപ്പുകള്‍ കേള്‍ക്കേണ്ടിവരും. 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി'ലെ നായികയെക്കൊണ്ട് ഭര്‍ത്താവിനോട് മാപ്പ് പറയിക്കുന്ന സീന്‍ കാണുമ്പോള്‍ സ്വര്‍ണവുമായി ബന്ധപ്പെട്ട ഈ വഴക്കിന്റെ അവസാനം നടന്ന നിര്‍ബന്ധിത കാലുപിടിത്തം ഞാന്‍ ഓര്‍മിക്കും, അപമാനത്തിന്റെ വഴുവഴുപ്പില്‍ മൊത്തം ഒട്ടിപ്പോകും. അതില്‍ ജന്മം മുഴുവന്‍ വഴുതിവീഴാന്‍ വിധിക്കപ്പെട്ട സമാനാനുഭവക്കാരെ ഹൃദയപൂര്‍വം ഓര്‍ക്കുന്നു. അത്തരമൊരു ബന്ധത്തില്‍ ചില്ലറ കയ്പല്ല കുടിച്ചു വറ്റിക്കേണ്ടത്. ഇതൊക്കെ നിസ്സാരമാണെന്നും ജീവിതത്തിന്റെ ഭാഗമാണെന്നും പറഞ്ഞുതരാന്‍ നിരവധി പേരുണ്ടാവും, ചിലപ്പോള്‍ സ്വയം അങ്ങനെ ആശ്വസിക്കാനും മതി. ഏറ്റവും ടോക്സിക്കായ ബന്ധമാണത് എന്ന് വൈകിമാത്രമേ മനസ്സിലാവുകയുള്ളൂ. വഴക്കുണ്ടാകുമ്പോഴൊക്കെ നിരന്തരമായി കേട്ടിരുന്ന ഒരു ആക്ഷേപം നിന്നെക്കൊണ്ട് എനിക്കെന്ത് ഗുണമാണ് എന്നതായിരുന്നു. അത്തരമൊരപമാനം ഒരുപാടുകാലം കേള്‍ക്കാന്‍ സ്വന്തം മനസ്സിനെയും ചെവികളെയും അനുവദിക്കരുത് എന്നുമാത്രം പറയട്ടെ.
വീട് വാടകയ്ക്കാണ്. ഇനി കുഞ്ഞിനെ നോക്കാന്‍കൂടി ഒരാളെ നിര്‍ത്താന്‍ വലിയ ചെലവാകും എന്ന് ഭര്‍ത്താവ് പറഞ്ഞു. അഡൈ്വസ് മെമ്മോ കിട്ടിയ സ്ഥിതിക്ക് പുതിയ പോസ്റ്റിങ് കണ്ണൂരേക്ക് വാങ്ങാം. അതുവരെ ചേര്‍ത്തലയില്‍ താമസിച്ചേ പറ്റൂ. ലീവെടുത്താല്‍ ശമ്പളം കിട്ടില്ല. എന്തായാലും കുഞ്ഞുമായി പുതിയ വാടകവീട്ടിലേക്ക് പോവാനിരിക്കുന്ന എന്നെ സഹായിക്കാന്‍ അമ്മ കൂടെ വന്നോട്ടെ എന്ന് അച്ഛന്‍ പറഞ്ഞു. അത് ഒരു തരത്തില്‍ കനത്ത ആശ്വാസമായെങ്കിലും മറ്റൊരു തരത്തില്‍ നീതിനിഷേധം കൂടിയായിരുന്നു. അക്കാര്യം നമുക്ക് വിശദമായി സംസാരിക്കേണ്ടതുണ്ട്.
Content Highlights: writer r.rajasree's column in grihalakshmi