മരണത്തോട് മല്ലിടവേ യുവതി പ്രതിശ്രുതവരനെഴുതി; 'ചെല്ലൂ; ജീവിതം ആസ്വദിക്കൂ'

ഡാനിയേല | Photo: (www.facebook.com/daniella.thackray)
ഡാനിയേല | Photo: (www.facebook.com/daniella.thackray)

അപൂര്‍വമായ ക്യാന്‍സര്‍ രോഗം ബാധിച്ച് മരണത്തോടു മല്ലിടുന്നതിനിടെ തന്റെ പ്രതിശ്രുതവരന് യുവതി നല്‍കിയ സന്ദേശം ചര്‍ച്ചയാവുന്നു. ബ്രിട്ടനില്‍ നിന്നുള്ള 25 കാരി ഡാനിയേല താക്ക്‌റെയാണ് മരണത്തിനുമുമ്പേ തന്റെ പ്രിയപ്പെട്ടവര്‍ക്കെല്ലാം വേണ്ടി അന്തിമ സന്ദേശം തയ്യാറാക്കിയത്. ഹൃദയഭേദകമായ ആ സന്ദേശം അവളുടെ മരണശേഷം കുടുംബം ലിങ്ക്ഡ് ഇനില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

'നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ ക്യാന്‍സറിനോടുള്ള പോരാട്ടത്തിനൊടുവില്‍ ഞാന്‍ മരിച്ചുകഴിഞ്ഞിരിക്കും. എന്റെ കുടുംബം എനിക്കുവേണ്ടി എന്റെ അവസാന സന്ദേശം പോസ്റ്റ് ചെയ്യുകയാണ്. ഒന്നാമതായി, എല്ലാ അര്‍ബുദങ്ങളും ജീവിതശൈലി മൂലം ഉണ്ടാകുന്നതല്ലെന്ന് ഞാന്‍ പറയാനാഗ്രഹിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍, അതിനു ജനിതകകാരണങ്ങളും ദൗര്‍ഭാഗ്യകരമായ മറ്റു കാരണങ്ങളുമൊക്കെയുണ്ടാവും. എന്റെ കാര്യത്തില്‍, ഞാന്‍ വളരെ ആരോഗ്യത്തോടെയും സജീവമായും ഇരുന്നിട്ടും എന്റെ പിത്തരസനാളികളില്‍ അര്‍ബുദമുണ്ടായി. എന്റെ നിയന്ത്രണത്തിലുള്ള യാതൊന്നും ഇതിന് കാരണമായിരുന്നില്ല, എന്റെ ജീവിതം പിന്നീടൊരിക്കലും പഴയതു പോലെ ആയില്ല'-അവള്‍ എഴുതി. 

'വിഷമിച്ചിരിക്കാതെ എല്ലാ നിമിഷവും ആസ്വദിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. നമുക്കെന്തു സംഭവിക്കുമെന്ന കാര്യം നിയന്ത്രിക്കാനാവില്ല, പക്ഷേ എങ്ങനെ പ്രതികരിക്കുന്നു എന്നത് നമ്മുടെ നിയന്ത്രണത്തിലാണ്. ഞാന്‍ സങ്കടപ്പെടാന്‍ നിന്നില്ല. എനിക്ക് ബാക്കിയുള്ള ജീവിതം ആസ്വദിച്ചു. ജീവിതത്തിലെ എല്ലാ ചെറിയ നിമിഷങ്ങളെയും ആഘേഷിക്കണമെന്നാണ് ഞാനെപ്പോഴും പറയുകയും വിശ്വസിക്കുകയും ചെയ്തിട്ടുള്ളത്. നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതെന്തും ചെയ്യുക, ജീവിതത്തിന്റെ സന്തോഷം നിങ്ങളില്‍ നിന്ന് എടുത്തുകളയാന്‍ ആരെയും അനുവദിക്കരുത്. എന്റെ ജീവിതത്തെ ഞാനത്രയും സ്‌നേഹിച്ചിരുന്നു. എന്റെ ജോലി ഇഷ്ടമായിരുന്നു, കാമുകനെയും കുടുംബത്തെയും സുഹൃത്തുക്കളെയും വളര്‍ത്തുപട്ടിയെയും വളരെയധികം സ്‌നേഹിച്ചിരുന്നു, ഞങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന വീടും ഞങ്ങള്‍ക്കുവേണ്ടി സ്വപ്‌നംകണ്ട ഭാവിയുമെല്ലാം. എല്ലാവര്‍ക്കും നന്ദി'

കാമുകന്‍ ടോമിന് പ്രത്യേക കുറിപ്പോടെയാണ് അവര്‍ പോസ്റ്റ് അവസാനിപ്പിച്ചത്. 'അവസാനമായി, എന്റെ പ്രിയപ്പെട്ട, സുന്ദരനായ ടോമിനോട്, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, എപ്പോഴും സ്‌നേഹിക്കും. എന്നെ പിന്തുണച്ചതിനും എന്റെ ജീവിതത്തില്‍ വളരെയധികം സ്‌നേഹവും സന്തോഷവും കൊണ്ടുവന്നതിനും നന്ദി. ഇപ്പോള്‍ തന്നെ ജീവിതം ആസ്വദിക്കൂ, നീയത് അര്‍ഹിക്കുന്നു'. 

സാമൂഹികമാധ്യമങ്ങളില്‍ വളരെ വേഗമാണ് ഡാനിയേലയുടെ സന്ദേശം വൈറലായത്.

Content Highlights: woman battling cancer writes final message tells fiance to go enjoy life