മുൻകാമുകനെക്കുറിച്ച് രശ്മികയോട് ചോദ്യം; അതാരെയും ബാധിക്കുന്ന കാര്യമല്ലെന്ന് വിജയ് ദേവരകൊണ്ട

സോഷ്യൽമീഡിയയിലൂടെ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും. കരിയറിലുടനീളം ഇരുവരും ക്രൂരമായ വിമർശനങ്ങൾക്കിടയായിട്ടുണ്ട്. രശ്മിക തന്റെ കഥാപാത്രങ്ങളുടെ പേരിലും വിവാഹം വരെയെത്തിയ മുൻബന്ധത്തിന്റെ പേരിലുമാണ് ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ടത്.

വിജയ് ആണെങ്കിൽ തന്റെ നിലപാടുകളുടെയും അഭിപ്രായങ്ങളുടെയും പേരിലാണ് ട്രോൾ ചെയ്യപ്പെടുന്നത്. കുറച്ചുദിവസങ്ങൾക്കുമുമ്പ് ഇരുവരും കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള കരൺ ജോഹറിന്റെ ചില ചോദ്യങ്ങൾക്ക് ഇരുവരും നൽകിയ മറുപടി ഏറെ ചർച്ചയായി. രശ്മികയ്ക്ക് സ്വാഭിമാനമില്ലെന്നും വിജയ് ആ ബന്ധത്തിൽ 'റെഡ് ഫ്‌ളാഗ്' ആണെന്നുമെല്ലാം ആളുകൾ പരിഹസിച്ചു.

പിന്നാലെ പരസ്പരം പിന്തുണച്ച് ഇരുവരും രംഗത്തെത്തുകയും ചെയ്തു. അതിനിടെ രശ്മികയ്ക്കായി സംസാരിക്കുന്ന വിജയ് ദേവരകൊണ്ടയുടെ പഴയൊരു വീഡിയോ വീണ്ടും ഉയർന്നുവരികയാണ്.

'ഡിയർ കോമ്രേഡ്' എന്ന സിനിമയുടെ പ്രൊമോഷൻ നടത്തുകയായിരുന്നു രശ്മികയും വിജയ്‌യും. ഏകദേശം അതേ സമയത്താണ് രക്ഷിത് ഷെട്ടിയും രശ്മികയും തമ്മിലുള്ള വിവാഹം അവർ വേണ്ടെന്നുവെക്കുന്നതും പിരിഞ്ഞതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതും. പുറത്തുവന്ന വീഡിയോയിൽ ഒരു റിപ്പോർട്ടർ രശ്മികയോട് ഇങ്ങനെ ചോദിക്കുന്നതുകാണാം, ''വിവാഹനിശ്ചയത്തിന് ശേഷം എന്തുകൊണ്ടാണ് നിങ്ങളെയും '777 ചാർലി' താരത്തെയും (കന്നഡനടനും സംവിധായകനുമായ രക്ഷിത് ഷെട്ടി) ഒരുമിച്ച് കാണാത്തത്? പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സത്യമാണോ, വിവാഹം മുടങ്ങിയോ?''

ഉടൻ തന്നെ വിജയ് രശ്മികയ്ക്ക് പിന്തുണയുമായെത്തി. തനിക്ക് ആ ചോദ്യം എന്താണെന്ന് പോലും മനസ്സിലായില്ലെന്ന് വ്യക്തമാക്കിയ വിജയ്, ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാൻ മറ്റാർക്കും അവകാശമില്ലെന്നും ഓർമ്മിപ്പിച്ചു. ''നിങ്ങളുടെ ചോദ്യം എന്താണെന്ന് പോലും എനിക്കറിയില്ല. പക്ഷേ അതാരെയും ബാധിക്കുന്ന കാര്യവുമല്ല. ഞാനതിന് മറുപടി നൽകാൻ പോവുകയാണെന്നാണോ കരുതുന്നത്? ചോദ്യം എന്താണെന്ന് പോലും എനിക്ക് മനസ്സിലായിട്ടില്ല''. തനിക്ക് ആ ചോദ്യം മനസ്സിലായില്ലെന്ന് രശ്മികയും പറഞ്ഞു.

കുറച്ചുനാളത്തെ പ്രണയത്തിനുശേഷം രക്ഷിത്തും രശ്മികയും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും, അധികം വൈകാതെ രക്ഷിത്തും രശ്മികയും ആ ബന്ധം വേണ്ടെന്നുവെക്കുകയായിരുന്നു. വേർപിരിയലിനുശേഷവും അവർ സൗഹൃദം നിലനിർത്തി. തങ്ങളിപ്പോഴും സംസാരിക്കാറുണ്ടെന്ന് രക്ഷിത് മുമ്പ് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Vijay Deverakonda strongly defended Rashmika Mandanna when asked about her broken engagement with Rakshit Shetty., An old promotional video from 'Dear Comrade' resurfaced on social media., Vijay stated that personal matters of actors are nobody else's business and refused to entertain intrusive questions.