'ഡാർലിങ്, ഞാൻ അവിടെയുണ്ട്'; അന്ന് പ്രഭാസ് പറഞ്ഞതിങ്ങനെ

'പെഡ്ഡി' സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരങ്ങൾ. രാം ചരൺ നായകനാവുന്ന ചിത്രത്തിൽ ജഗപതി ബാബു, ശിവ രാജ്കുമാർ, ജാൻവി കപൂർ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ബുച്ചി ബാബു സനയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ജൂണിലാണ് സിനിമ തിയേറ്ററുകളിലെത്തുക.
നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങിയപ്പോൾ, ജാൻവിക്ക് പ്രത്യേകിച്ച് റോളൊന്നുമില്ലെന്ന് പറഞ്ഞ് വിമർശനങ്ങളുമുയർന്നിരുന്നു. എങ്കിലും ആരാധകർ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പുകളിലാണ്. അതിനിടെ നടൻ ജഗപതി ബാബുവിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
വർഷങ്ങളായി, തെലുങ്കുസിനിമയിലെ പല പ്രമുഖരോടൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും ദയാലുവായിട്ടുള്ള മനുഷ്യർ പ്രഭാസും എസ്.എസ്.രാജമൗലിയുമാണെന്ന് അദ്ദേഹം പറയുന്നു. അങ്ങേയറ്റും ഉദാരമതിയായ മനുഷ്യനാണ് പ്രഭാസ് എന്നും ജഗപതി ബാബു വെളിപ്പെടുത്തുന്നു. പ്രതിഫലമായി ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥമായി ആളുകളെ സഹായിക്കുന്നതിൽ താരം മുമ്പിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രാജ്യമെമ്പാടും അറിയപ്പെടുന്ന താരമായിട്ടും പ്രഭാസിന്റെ ആ സ്വഭാവത്തിൽ മാറ്റമൊന്നുമില്ല.
തന്റെ ജീവിതത്തിലെ ഒരു ദുഷ്‌കരമായ വൈകാരിക ഘട്ടത്തെക്കുറിച്ച് ജഗപതി ബാബു ഓർമ്മിച്ചു. അതിനിടയിൽ തന്നെ സഹായിച്ചത് പ്രഭാസാണ്. വിദേശത്ത് ഷൂട്ടിങ് നടത്തുമ്പോൾ പോലും പ്രഭാസ് തന്നെ എങ്ങനെ പിന്തുണച്ചുവെന്ന് മണികൺട്രോളിനോട് (money control) സംസാരിക്കവെ അദ്ദേഹം പറഞ്ഞു, ''ഞാൻ വിഷാദത്തിലൂടെ കടന്നുപോകുകയായിരുന്നു. പ്രഭാസിനോട് സംസാരിക്കണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. ആ സമയത്ത് പ്രഭാസ് ജോർജിയയിൽ ഷൂട്ടിങ് നടത്തുകയായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു, 'ഡാർലിങ്, ഞാൻ അവിടെയുണ്ട്. നിങ്ങളുടെ പ്രശ്‌നം എന്നോട് പറയൂ, ഞാൻ അത് പരിഹരിക്കും'. അതെനിക്ക് വളരെയധികം ആത്മവിശ്വാസം നൽകി. അദ്ദേഹത്തിന്റെ വാക്കുകൾ എനിക്ക് പ്രചോദനവും ധൈര്യവും നൽകി. എന്നെക്കാൾ പ്രായം കുറഞ്ഞയാളാണെങ്കിലും, അദ്ദേഹത്തിന് വളരെ വലിയ ഹൃദയമുണ്ട്. അദ്ദേഹം എല്ലാവരെയും സ്‌നേഹിക്കുകയും കരുതുകയും ചെയ്യുന്നു''.
പ്രഭാസിന് വളരെ വലിയ മനസ്സുണ്ടെന്ന് ജഗപതി ബാബു പറഞ്ഞു. പ്രായമോ പദവിയോ പരിഗണിക്കാതെ, ചുറ്റുമുള്ള എല്ലാവരോടും അദ്ദേഹം വളരെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയുമാണ് പെരുമാറുന്നത്. അതേ സംഭാഷണത്തിനിടയിൽ എസ്.എസ്. രാജമൗലിയെക്കുറിച്ചും ജഗപതി ബാബു പ്രശംസിച്ചു. ആഗോളതലത്തിൽ വിജയം നേടിയിട്ടും സംവിധായകന്റെ വിനയത്തെ അദ്ദേഹം പ്രശംസിച്ചു. വർഷങ്ങളായി അംഗീകാരങ്ങളും അവാർഡുകളും നേടിയിട്ടും രാജമൗലിയും കുടുംബവും വിനയാന്വിതനായി തുടരുന്നുവെന്ന് നടൻ പറഞ്ഞു. ''നിരവധി അവാർഡുകൾ നേടിയിട്ടും, രാജമൗലി വളരെ എളിമയുള്ളവനാണ്. അദ്ദേഹത്തിന് ഒരു അഹങ്കാരവുമില്ല. അദ്ദേഹത്തിന്റെ കുടുംബം മുഴുവൻ ഒരുപോലെയാണ്. എല്ലാവരോടും അദ്ദേഹം വളരെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറുന്നു'', ജഗപതി ബാബുവിന്റെ വാക്കുകൾ.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Jagapathi Babu highlights Prabhas as the kindest person in Tollywood. Prabhas supported Jagapathi Babu during his emotional struggle