'ഈ ലോകം വഞ്ചകർക്ക് മാത്രമായുള്ളത്'; രവി മോഹനുമായി പിരിഞ്ഞെന്ന് കെനിഷ

രവി മോഹൻ, കെനിഷ ഫ്രാൻസിസ് | Mathrubhumi Archives, Instagram
രവി മോഹൻ, കെനിഷ ഫ്രാൻസിസ് | Mathrubhumi Archives, Instagram

നടൻ രവി മോഹനുമായുള്ള (ജയം രവി) ബന്ധത്തിന്റെ പേരിൽ ഏറെ ട്രോൾ ചെയ്യപ്പെട്ടയാളാണ് ഗായികയും മോട്ടിവേഷണൽ സ്പീക്കറും തെറാപ്പിസ്റ്റുമായ കെനിഷ ഫ്രാൻസിസ്. ഇപ്പോൾ ആ ബന്ധം ഉപേക്ഷിക്കുകയാണെന്ന് സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് കെനിഷ. ദിവസങ്ങൾക്കുമുമ്പ് കെനിഷ പാലക്കാട് സംഗീതപരിപാടി അവതരിപ്പിക്കാനെത്തിയപ്പോഴും കൂടെ രവിയുണ്ടായിരുന്നു.

പിന്നാലെ രവിയുമായുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നൊരു വീഡിയോ കെനിഷ പോസ്റ്റ് ചെയ്തിരുന്നു. അതും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. അതിനുശേഷമാണ് രവിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് അവർ വെളിപ്പെടുത്തിയത്. 'അദ്ദേഹത്തെ സമാധാനത്തോടെയും സ്‌നേഹത്തോടെയും വിട്ടുനൽകുന്നുവെന്നാണ്' ആ കുറിപ്പിൽ കെനിഷ പറയുന്നത്. അതിനൊപ്പം സൈബർ വിമർശനങ്ങളുടെ പേരിൽ താൻ സോഷ്യൽമീഡിയയിൽനിന്നും അകലുകയാണെന്നും അവർ പറയുന്നു.

വളരെ വൈകാരികമായൊരു കുറിപ്പാണ് കെനിഷ പങ്കുവെച്ചത്. ''ലോകം ഇതിനകം ഒരു കഥ തീരുമാനിച്ച ഒരു മനുഷ്യനെ സംരക്ഷിക്കാൻ ഞാൻ ശ്രമിച്ചു. പക്ഷേ ഇപ്പോൾ അതിൽ നിന്നെല്ലാം പിന്മാറാൻ തീരുമാനിച്ചു''.

''പ്രിയപ്പെട്ടവരേ, എനിക്ക് പറയാവുന്നതിലും കൂടുതൽ ഞാൻ പറഞ്ഞിട്ടുണ്ട്, അതിൽ ഭൂരിഭാഗവും അനാവശ്യവുമായിരുന്നു. സ്‌നേഹത്തോടെയാണ് ഞാൻ ഈ കഥയിലേക്ക് കടന്നുവന്നത്. നിശബ്ദതയോടെയാണ് ഞാൻ അതിൽ നിന്ന് പുറത്തുകടക്കുന്നത്. ചില സ്ഥലങ്ങൾ ശബ്ദകോലാഹലങ്ങളാലും, അഹങ്കാരത്താലും, വിധിനിർണ്ണയത്താലും, കൃത്രിമമായ ആഖ്യാനങ്ങളാലും നിറഞ്ഞുനിൽക്കുന്നു, അവിടെ നന്മയ്ക്ക് ഇനി ശ്വസിക്കാൻ ഇടമില്ല. അങ്ങനെ സംഭവിക്കുമ്പോൾ, സ്‌നേഹം പോലും അനിഷ്ടകരമായി തോന്നാൻ തുടങ്ങുന്നു. ലോകം ഇതിനകം ഒരു കഥയ്ക്കായി തീരുമാനിച്ചിരുന്ന ഒരു മനുഷ്യനെ സംരക്ഷിക്കാൻ എന്റെ സ്വന്തം ഭാഗങ്ങൾ ഞാൻ നൽകിയിട്ടുണ്ട്''.

''പൊതുജനങ്ങൾക്ക്, സിനിമാ വ്യവസായത്തിന്, കമന്റേറ്റർമാർക്ക്, അദ്ദേഹത്തെ സ്‌നേഹിക്കുന്ന, ഇഷ്ടപ്പെടാത്ത, അദ്ദേഹത്തെ പ്രതിരോധിക്കുന്ന, പരിഹസിക്കുന്ന, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടുന്ന ആളുകൾക്ക് - അദ്ദേഹം ഇപ്പോൾ നിങ്ങളുടേതാണ്. ഇനി വിശദീകരണങ്ങളുണ്ടാകില്ല. ഇനി പ്രതിരോധിക്കേണ്ടതില്ല. നല്ല ആളുകൾക്ക് ജീവിക്കാൻ ഒരു അവസരം ആവശ്യമാണെന്നും ആ മേഖലയിൽ പിന്തുണയ്ക്കുന്നതാണ് ഏറ്റവും നല്ലതെന്നും കരുതിയ ഞാൻ മണ്ടിയായിരുന്നു. പക്ഷേ, ഈ സ്ഥലം നുണയന്മാർക്കും, വഞ്ചകർക്കും, കൃത്രിമം കാണിക്കുന്നവർക്കും, ജീവൻ കൊള്ളയടിക്കുന്നവർക്കും മാത്രമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിനാൽ, സമാധാനത്തോടെ, സ്‌നേഹത്തോടെ, പൂർണ്ണമായ അകൽച്ചയോടെ ഞാൻ അദ്ദേഹത്തെ വിട്ടയക്കുന്നു. അദ്ദേഹത്തിനുമേലുള്ള എന്റെ എല്ലാ ഉത്തരവാദിത്തങ്ങളും ഞാൻ ഉപേക്ഷിക്കുന്നു''.

താൻ ചെന്നൈ വിട്ടതായും ഒപ്പം സംഗീതവും തെറാപ്പിയും ഉപേക്ഷിച്ചതായും കെനിഷ കുറിച്ചു.

രവി മോഹൻ ഭാര്യ ആർതിയിൽ നിന്ന് വേർപിരിയുന്നതായി പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് കെനിഷയും ശ്രദ്ധാകേന്ദ്രമാവുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വേർപിരിയുന്ന കാര്യം രവി അറിയിച്ചത്. എന്നാൽ അതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഭാര്യയുടെ വാദം. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളുടെയും ആരോപണങ്ങളുടെയുമെല്ലാമിടയിൽ രവിക്കൊപ്പം നിന്നത് കെനിഷയായിരുന്നു. പല പൊതുപരിപാടികളിലും രവിക്കൊപ്പം കെനിഷയും പങ്കെടുത്തതോടെ, കെനിഷയ്‌ക്കെതിരെ വിമർശനങ്ങളുണ്ടായി.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Kenishaa Francis confirms her separation from actor Ravi Mohan. She announced her decision to step away from social media due to intense cyberbullying and criticism.