ഗാര്‍ഹികപീഡനത്തിന് വിനോദ് കാംബ്ലിക്കെതിരെ ഭാര്യ കേസ് കൊടുത്തു; വഴക്കിനിടയില്‍ തലയില്‍ മുറിവേറ്റു

വിനോദ് കാംബ്ലിയും ഭാര്യ ആന്‍ഡ്രിയ ഹ്യുവിറ്റും മകനൊപ്പം / PTI
വിനോദ് കാംബ്ലിയും ഭാര്യ ആന്‍ഡ്രിയ ഹ്യുവിറ്റും മകനൊപ്പം / PTI

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ വിനോദ് കാംബ്ലി. നല്ല കളിക്കാരനായിരുന്നിട്ടും, മികച്ച തുടക്കം കിട്ടിയിട്ടും, ഇടയ്ക്കുവെച്ച് കാലിടറി വിസ്മൃതിയിലേക്ക് വീണയാള്‍. മദ്യപാനവും ഫോമില്ലായ്മയും പരിക്കും അച്ചടക്കമില്ലായ്മയുമാണ് കാംബ്ലിയുടെ കരിയര്‍ തകര്‍ത്തത്. വിട്ടുമാറാതെ പിന്തുടരുന്ന അസുഖങ്ങളുടെ തടവിലാണിപ്പോള്‍ കാംബ്ലി. 

കരിയര്‍ പോലെ തന്നെ സ്വകാര്യജീവിതത്തിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ടയാളാണ് കാംബ്ലി. ഗാര്‍ഹികപീഡന കേസുകളില്‍ വരെ അദ്ദേഹം ഉള്‍പ്പെട്ടു. 1998-ലാണ് കാംബ്ലി ആദ്യം വിവാഹിതനായത്. പുണെയിലെ ഒരു ഹോട്ടലില്‍ റിസപ്ഷനിസ്റ്റായിരുന്ന നോയ്‌ല ലൂയിസ്. ആദ്യം കണ്ടപ്പോള്‍ തന്നെ കാംബ്ലി പ്രണയത്തിലായി, വൈകാതെ തുറന്നുപറഞ്ഞു. നോയ്‌ലയും സമ്മതിച്ചു. പിന്നീട് വിവാഹവും. പക്ഷേ അധികകാലം ആ ബന്ധം നീണ്ടുനിന്നില്ല. വളരെ പെട്ടെന്ന് തന്നെ വിവാഹമോചനത്തില്‍ അവസാനിച്ചു. ഒട്ടേറെ കാരണങ്ങളാണ് അതുമായി ബന്ധപ്പെട്ട് പുറത്തുവന്നത്. കാംബ്ലിയുടെ അമിതമദ്യപാനമാണ് വിവാഹമോചനത്തിലെത്തിച്ചതെന്ന് ഒരുവിഭാഗം സമര്‍ഥിച്ചു. എന്നാല്‍, മറ്റ് സ്ത്രീകളുമായുള്ള ബന്ധമാണ് കാരണമായി ചിലര്‍ പറഞ്ഞത്. 

അതുകഴിഞ്ഞയുടനെ മോഡലായ ആന്‍ഡ്രിയ ഹ്യുവിറ്റുമായി പ്രണയത്തിലായി. ഏറ്റവും തിരക്കുള്ള മോഡലായിരുന്നു ആന്‍ഡ്രിയ. തനിഷ്‌ക് ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ക്കുവേണ്ടിയും പോസ് ചെയ്തിട്ടുണ്ട് അവര്‍. ആറുവര്‍ഷത്തെ പ്രണയത്തിനുശേഷം 2006-ലാണ് കാംബ്ലിയും ആന്‍ഡ്രിയയും രജിസ്റ്റര്‍ മാര്യേജ് ചെയ്യുന്നത്. തന്റെ മോഡലിങ് കരിയര്‍ ഉപേക്ഷിച്ചാണ് ആന്‍ഡ്രിയ കുടുംബജീവിതത്തിലേക്ക് കടന്നത്. അതിനോടുള്ള സ്‌നേഹസൂചകമായി കാംബ്ലി മതംമാറുകയും ചെയ്തു. 

PTI

അധികം വൈകാതെ രണ്ടുകുട്ടികളുമുണ്ടായി. എട്ടുവര്‍ഷത്തിനുശേഷം ക്രിസ്തീയരീതിയില്‍ വീണ്ടും വിവാഹിതരായി. 2023-ല്‍ കാംബ്ലിയും ഭാര്യയും ശ്രദ്ധിക്കപ്പെടുന്നത് ഒരു കേസിന്റെ പേരിലാണ്. ബാന്ദ്ര പോലീസ് സ്‌റ്റേഷനില്‍ കാംബ്ലിക്കെതിരെ ആന്‍ഡ്രിയ പരാതി കൊടുത്തു. ഗാര്‍ഹികപീഡനമായിരുന്നു കേസ്. കാംബ്ലി തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്നും തന്റെ നേരെ കുക്കിങ് പാന്‍ വലിച്ചെറിഞ്ഞെന്നും അത് തലയിലിടിച്ച് വലിയ മുറിവുണ്ടായെന്നുമൊക്കെ അവര്‍ പരാതിയില്‍ വിശദീകരിച്ചു. പിന്നാലെ കുട്ടികളെയും കൊണ്ട് ആന്‍ഡ്രിയ വീട്ടില്‍നിന്ന് ഇറങ്ങുകയും ചെയ്തു. അന്വേഷണം തുടങ്ങിയെന്ന് മാത്രമാണ് പിന്നീട് വന്ന റിപ്പോര്‍ട്ടുകള്‍. 

അതുകഴിഞ്ഞ് കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാംബ്ലി തന്റെ കുടുംബത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ഒരുവര്‍ഷമായി കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടുകയായിരുന്നുവെന്നും ആ വിഷമഘട്ടങ്ങളിലെല്ലാം ഭാര്യ തന്റെ കൂടെത്തന്നെ നിന്നുവെന്നും കാംബ്ലി പറഞ്ഞു. രണ്ടുതവണ ഹൃദയാഘാതമുണ്ടായപ്പോഴും ഭാര്യയാണ് തന്നെ പിന്തുണച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.    


 

Content Highlights: vinod kamblis love life