'പാന്റ്‌സിനും വാച്ചിനുമെല്ലാം വിജയ് അണ്ണനോട് കടപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിനൊപ്പം ഇനി സിനിമയില്ല'

സി.ജോസഫ് വിജയ്, അറ്റ്‌ലി
സി.ജോസഫ് വിജയ്, അറ്റ്‌ലി

ഇന്ത്യൻസിനിമയിലെ തന്നെ സ്റ്റാർ സംവിധായകനാണ് അറ്റ്‌ലി. 'മുഗപുത്തകം' എന്ന സിനിമയിലൂടെയാണ് അദ്ദേഹം സംവിധാനരംഗത്തേക്ക് കടക്കുന്നത്. പക്ഷേ അദ്ദേഹത്തിന്റെ കരിയർ തന്നെ മാറ്റിയത് 2016-ൽ റിലീസായ 'തെരി' എന്ന സിനിമയാണ്. ആ വിജയ് ചിത്രം 150 കോടിയാണ് ബോക്‌സോഫീസിൽ വാരിക്കൂട്ടിയത്.

വിജയ്‌യുടെ തന്നെ 'മെർസൽ', 'ബിഗിൽ' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളും അദ്ദേഹമാണ് സംവിധാനം ചെയ്തത്. ഇത് രണ്ടും 250 കോടിയിലേറെ വാരിക്കൂട്ടി. പിന്നീട് തന്റെ കരിയറിലെ തന്റെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 'ജവാൻ' എന്ന ഷാരൂഖ് ഖാൻ ചിത്രവും അദ്ദേഹം ഒരുക്കി. വിജയ് സേതുപതി, നയൻതാര, ദീപിക പദുകോൺ, പ്രിയാമണി എന്നിങ്ങനെ വമ്പൻതാരനിര അണിനിരന്ന ചിത്രം 1000 കോടിയിലേറെ കളക്ട് ചെയ്തു. ഇപ്പോൾ 'റാക്കാ' എന്ന അല്ലു അർജുൻ-ദീപിക പദുകോൺ ചിത്രത്തിന്റെ പണികളിലാണ് അറ്റ്‌ലി.

തന്റെ കരിയർ ഇത്രയും ഉയരങ്ങളിലെത്തിയതിന്റെ ക്രെഡിറ്റ് എപ്പോഴും വിജയ്ക്കാണ് അറ്റ്‌ലി നൽകാറുള്ളത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിലുള്ള തന്റെ യാത്രയിൽ വിജയ് നൽകിയ പിന്തുണയെക്കുറിച്ച് അദ്ദേഹം പല വേദികളിലും തുറന്നുപറയാറുമുണ്ട്. ''തീർച്ചയായും, ദളപതി വിജയ് ആണ് എനിക്കൊരു വ്യക്തിത്വം നൽകിയത്'', എന്നാണ് ഒരു വേദിയിൽ അദ്ദേഹം വെളിപ്പെടുത്തിയത്.

വിജയ് സേതുപതി ചിത്രമായ 'ബത്താ'യുടെ ഓഡിയോ ലോഞ്ചിൽ വീണ്ടും ആ ബന്ധത്തെക്കുറിച്ച് സംസാരിക്കുകയാണ് അറ്റ്‌ലി. വേദിയിലെത്തിയപ്പോൾ അറ്റ്‌ലി തന്റെ ഔദ്യോഗികജീവിതത്തെക്കുറിച്ചുള്ള ഓർമകളും വിജയ്‌യുമായുള്ള ബന്ധവുമെല്ലാം പങ്കുവെച്ചു. ''ഇന്ന് ഞാൻ ധരിച്ചിരിക്കുന്ന ഷർട്ടും പാന്റും വാച്ചുമെല്ലാം കഠിനാധ്വാനം ചെയ്ത് നേടിയതാണ്. എന്നാൽ എന്റെ 'അണ്ണൻ', ദളപതി വിജയ് കാരണമാണ് ഇതെല്ലാം സാധ്യമായതെന്നും ഞാൻ കരുതുന്നു. അദ്ദേഹമില്ലായിരുന്നെങ്കിൽ ഇതിനൊന്നും ഒരു സാധ്യതയുമില്ലായിരുന്നു...ഒട്ടും സാധ്യതയില്ലായിരുന്നു''.

തന്റെ രണ്ടാമത്തെ ചിത്രമായ 'രാജറാണി' തന്നെ പ്രശസ്തനാക്കിയെന്നും എന്നാൽ 'തെരി' മറ്റൊരു ഘട്ടത്തിലേക്ക് കൊണ്ടെത്തിച്ചുവെന്നും അദ്ദേഹം പറയുന്നു, ''ഞാൻ പ്രശസ്തനായിരുന്നു, നന്നായി മുന്നോട്ട് പോവുകയായിരുന്നു. എന്നാൽ തെരി, മെർസൽ, ബിഗിൽ എന്നീ ചിത്രങ്ങളിലൂടെ ആ മനുഷ്യൻ എനിക്ക് പുതിയൊരു ജീവിതം തന്നെ നൽകി'', അദ്ദേഹം കൂട്ടിച്ചേർത്തു.

ഷാരൂഖ് നായകനായ 'ജവാൻ' പുറത്തിറങ്ങിയതോടെ തന്റെ ജീവിതത്തിന്റെ ഗതിമാറ്റിയെന്നും അദ്ദേഹം പറയുന്നു. ''എന്റെ ജീവിതം മാറിമറിഞ്ഞു, അതിന് ഞാൻ വിജയ് അണ്ണനോട് കടപ്പെട്ടിരിക്കുന്നു''.

വിജയ്യുമായി മറ്റൊരു സിനിമ കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താൻ അദ്ദേഹത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുന്നതെന്ന് പലരും കരുതിയേക്കാമെന്ന് അറ്റ്ലി പറഞ്ഞു. ''ഇനി അദ്ദേഹവുമായി ഒരു സിനിമ ചെയ്യാൻ എനിക്ക് അവസരം ലഭിക്കില്ല; അദ്ദേഹം മുഖ്യമന്ത്രിയായിക്കഴിഞ്ഞല്ലോ. എങ്കിലും, അദ്ദേഹം എനിക്ക് ഇപ്പോഴും സഹോദരൻ തന്നെയാണ്'', അറ്റ്‌ലി പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Director Atlee acknowledges Thalapathy Vijay as the driving force behind his successful career. Atlee directed blockbuster movies with Vijay like Theri, Mersal, and Bigil.