അമ്മ തൃഷയോട് പറഞ്ഞു, 'എന്ത് പ്രശ്‌നം വന്നാലും ഒരിക്കലും പതറരുത്'

തൃഷ അമ്മ ഉമയ്‌ക്കൊപ്പം / Facebook
തൃഷ അമ്മ ഉമയ്‌ക്കൊപ്പം / Facebook

2012-ൽ അച്ഛന്റെ മരണശേഷം അമ്മ ഉമാ കൃഷ്ണനാണ് തൃഷയ്ക്ക് എല്ലാം. തൃഷ സിനിമയിൽ വന്നപ്പോഴും ഷൂട്ടിങ് സെറ്റുകളിൽ കൂട്ടായെത്തിയതും അമ്മ തന്നെ. ഒരിക്കൽ അമ്മയുടെ ചിത്രം തൃഷ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. 'തൃഷയുടെ മൂത്തസഹോദരിയെ പോലിരിക്കുന്നു' എന്നാണ് ഫോട്ടോയ്ക്ക് താഴെ പലരും കമന്റ് ചെയ്തത്.

ജീവിതം മുഴുവൻ തൃഷയ്ക്കായി മാറ്റിവെച്ച അമ്മയാണ് ഉമ. തന്റെ വിജയത്തിനുപിന്നിൽ അമ്മയാണെന്ന് തൃഷ എപ്പോഴും പറയാറുമുണ്ട്. പലപ്പോഴും ഉമയെ തേടി സിനിമയിലേക്കുള്ള അവസരങ്ങളെത്തി. കമൽഹാസൻ വരെ ഉമയെ സിനിമയിലേക്ക് വിളിച്ചുവെന്ന് പറയപ്പെടുന്നു. 'മൻമഥൻ അമ്പു' എന്ന സിനിമയിലേക്കാണ് കമൽ അവരെ ക്ഷണിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 14-ഓളം സംവിധായകരാണ് ഉമയെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹിച്ച് എത്തിയത്.

പക്ഷേ, അതെല്ലാം അവർ വേണ്ടെന്നുവെച്ചു. താൻ അഭിനയിക്കുന്നതിനേക്കാൾ, മകളുടെ കാര്യങ്ങൾ നോക്കാനായിരുന്നു അവർക്ക് താത്പര്യം. പക്ഷേ, ഒരേയൊരു തവണ മാത്രം അവർ തന്റെ മനസ്സുമാറ്റി. ഒരു പരസ്യചിത്രത്തിനായി തൃഷയും ഉമയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. ആ പരസ്യചിത്രം അമ്മ-മകൾ ബന്ധത്തെക്കുറിച്ചായതുകൊണ്ട് മാത്രമാണ് ഉമ സമ്മതിച്ചതെന്നും അന്ന് പറയപ്പെട്ടു.

''എന്റെ ഒരേയൊരു മകളാണ് തൃഷ. അവളാണെന്റെ ലോകം. ഞങ്ങൾ തമ്മിലുള്ള ബന്ധം വളരെ കരുത്തുറ്റതാണ്. ഏതൊരു അമ്മ-മകൾ ബന്ധത്തിലുമുള്ളതുപോലെ ഞങ്ങൾ തമ്മിലും പ്രശ്‌നങ്ങളുണ്ടാവാറുണ്ട്. പക്ഷേ, മോശം സമയത്തും നല്ല സമയത്തും പരസ്പരം സത്യസന്ധത പുലർത്താറുണ്ട്. അതാണ് ഞങ്ങളുടെ ബന്ധത്തിന്റെ അടിത്തറയും''. തങ്ങളുടെ ജീവിതത്തിൽ മോശം സമയം പലപ്പോഴുമുണ്ടായിട്ടുണ്ടെന്നും ഉമ പറയുന്നു.

''ഞങ്ങളുടെ ജീവിതത്തിൽ കുറേ സംഭവങ്ങളുണ്ട്. പലതും വളരെ മോശമായിട്ടുള്ളവ. അതൊക്കെയാണ് ഞങ്ങളെ തമ്മിൽ കൂടുതൽ അടുപ്പിച്ചത്. തൃഷയുമായി ബന്ധപ്പെട്ട ലഹരിക്കേസ് (drug controversy) എന്നെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു. പക്ഷേ, തൃഷ കൂളായിരുന്നു. അവളെന്നെ സമാധാനിപ്പിച്ചു''.

2010-ലാണ് തൃഷയ്ക്ക് മയക്കുമരുന്ന് വ്യാപാരിയുമായി ബന്ധമുണ്ടെന്ന രീതിയിലുള്ള വാർത്തകൾ വന്നത്. ഒരു തെലുഗു വാർത്താചാനലാണ് ഇത് സംപ്രേഷണം ചെയ്തത്. ആ ചാനലിനെതിരെ തൃഷ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

താനും അമ്മയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തൃഷ പറയുന്നതിങ്ങനെ, ''സിനിമാമേഖലയിൽ എല്ലാവർക്കുമറിയാം അമ്മയും ഞാനും തമ്മിലുള്ള അടുപ്പം. മറ്റെന്തിലുമുപരി അടുത്ത സുഹൃത്തുക്കളാണ് ഞങ്ങൾ. എന്റെ ജീവിതത്തിൽ അമ്മയ്ക്ക് അറിയാത്തതായി ഒരു കാര്യവുമില്ല. അത് ജോലിയുടെ കാര്യത്തിലാണെങ്കിലും സ്വകാര്യജീവിതത്തിലാണെങ്കിലും അതിൽ മാറ്റമില്ല. അമ്മയിൽനിന്ന് ഞാൻ പഠിച്ചൊരു കാര്യമുണ്ട്. 'എന്ത് പ്രശ്‌നം വന്നാലും ഒരിക്കലും പതറരുത്. അതിനെ അഭിമുഖീകരിക്കണം, അതിനെതിരെ പൊരുതണം, കരുത്തോടെ അതിൽനിന്ന് പുറത്തുവരണം'. ഇതാണെന്റെ ജീവിതത്തിൽ ഞാൻ പ്രാവർത്തികമാക്കുന്നത്''.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Details the strong bond between actress Trisha and her mother, Uma Krishnan., Explains how the family handled the 2010 false drug controversy., Reveals why Uma Krishnan rejected acting offers, including one from Kamal Haasan.