വിജയ്-സംഗീത വിവാഹമോചനം നേരത്തെ ഒത്തുതീർപ്പാക്കി, ഇപ്പോഴത് ദുരുപയോഗം ചെയ്യുന്നെന്ന് വിജയ്‌യുടെ അച്ഛൻ

ഡിസംബർ 2025-ലാണ് തമിഴ് നടൻ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. 26 വർഷത്തെ വിവാഹബന്ധത്തിനുശേഷമാണ് അവർ ബന്ധം വേർപെടുത്താനായി തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് കുടുംബകോടതിയെ സമീപിച്ചത്.
വിജയ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിൽ നിൽക്കുമ്പോഴാണ് വിവാഹമോചനത്തിന്റെ വാർത്ത പുറത്തുവരുന്നത്. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നും തന്നെ മാനസികപീഡനത്തിന് ഇരയാക്കിയെന്നും കുടുംബത്തിൽനിന്ന് അകന്നെന്നും സംഗീത ഹർജിയിൽ ആരോപിച്ചിരുന്നു. കേസ് ജൂൺ 15-നാണ് കോടതി പരിഗണിക്കുക.
ഇതിനെക്കുറിച്ചുള്ള വിജയ്‌യുടെ അച്ഛൻ എസ്.എ.ചന്ദ്രശേഖറിന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയാവുന്നത്. വിജയ്‌യും സംഗീതയും തമ്മിലുള്ള വിവാഹമോചനകേസ് വളരെ മുമ്പുതന്നെ ഒത്തുതീർപ്പാക്കിയതാണെന്നും ഇപ്പോൾ രാഷ്ട്രീയകാരണങ്ങളാലാണ് ആ വാർത്ത വീണ്ടും സജീവമാകുന്നതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. ചിലർ അത് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം തുറന്നുപറയുന്നു.
തമിഴ് ന്യൂസ് 18-നാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിജയ്യുടെ പ്രതിച്ഛായയെ നശിപ്പിക്കാൻ ചിലർ മനഃപൂർവ്വം ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും ചന്ദ്രശേഖരൻ ആരോപിക്കുന്നു. ഇതൊരു രാഷ്ട്രീയ അജണ്ടയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വിജയ് തന്റെ കുടുംബത്തിനെതിരാണെന്ന പ്രചരണവും അദ്ദേഹം തള്ളിക്കളഞ്ഞു.
വിവാഹമോചനവിഷയം തന്റെ രാഷ്ട്രീയ എതിരാളികളാണ് ഇപ്പോൾ കുത്തിപ്പൊക്കിയതെന്ന് വിജയ്‌യും നേരത്തെ ആരോപിച്ചിരുന്നു. ''എന്റെയടുത്ത് എന്തുചെയ്യണമെന്ന് ചിലർ ചിന്തിക്കുന്നു. എന്റെ ചുറ്റുമുള്ള ചിലരെ അവർ ഉപയോഗിക്കാൻ ശ്രമിച്ചു. ഇത്രയും വർഷങ്ങൾക്ക് ശേഷം അവർ കാത്തിരുന്നു, അവർ ഒരു കിംവദന്തി പ്രചരിപ്പിച്ചു, അത് നിങ്ങൾക്കെല്ലാവർക്കും വ്യക്തമായി അറിയാം'', എന്നാണ് വിജയ് ഇതിനെക്കുറിച്ച് പറഞ്ഞത്.
1999 ഓഗസ്റ്റിലാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ടുമക്കളുമുണ്ട് ദമ്പതികൾക്ക്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Actor Vijay's wife Sangeetha filed for divorce in December 2025 citing mental harassment. Court hearing scheduled for June 15, 2026. SA Chandrasekhar claims the matter was settled previously and is being misused for politics.