ഹൃതിക്കും പങ്കാളി സബയും മുൻഭാര്യ സുസെയ്‌നും പങ്കാളിക്കുമൊപ്പം പിറന്നാൾ നിറവിൽ

ഹൃതിക്കും സുസെയ്‌നും (Getty Images)
ഹൃതിക്കും സുസെയ്‌നും (Getty Images)

അങ്ങോട്ടുമിങ്ങോട്ടും പഴി ചാരാതെ, കുറ്റപ്പെടുത്തലിന്റെ കൂരമ്പുകളില്ലാതെ പരസ്പര ബഹുമാനത്തോടെ വിവാഹബന്ധങ്ങള്‍ അവസാനിക്കുന്നത് സമൂഹത്തിന് ശീലമില്ലാത്ത കാഴ്ചയാണ്. അതിലും വിചിത്രമാണ് വിവാഹമോചനം നേടിയവര്‍ സുഹൃത്തുക്കളായി തുടരുന്നതും സഹകരിക്കുന്നതും കാണുന്നത്. ഇക്കാര്യത്തില്‍ ബോളിവുഡിന്റെ ഗ്രീക്ക് ഗോഡ് ഹൃതിക്കിനെയും മുന്‍ഭാര്യ സുസെയ്നെയും  മാതൃകയാക്കണം.

2000-ലാണ് ഹൃതിക് റോഷനും സുസെയന്‍ ഖാനും വിവാഹിതരാകുന്നത്. കുട്ടിക്കാലം മുതല്‍ക്കേ അടുപ്പത്തിലായിരുന്നു ഇരുവരും. സന്തുഷ്ട ദാമ്പത്യമായിരുന്നു ആദ്യകാലം. ഹ്രെഹാന്‍, ഹൃദാന്‍ എന്നിങ്ങനെ രണ്ടാണ്‍കുട്ടികള്‍. സിനിമാജീവിതത്തില്‍ തിരക്കുകള്‍ക്കിടയിലും താരപദവിയുടെ പകിട്ടിനിടയിലും ഹൃതിക് കുടുംബത്തിനായി സമയം കണ്ടെത്തി.

ആരാധകര്‍ക്ക് വലിയ ഞെട്ടലുണ്ടാക്കിയാണ് 2014-ല്‍ ഹൃതിക്കും സുസെയ്നും വേര്‍പിരിഞ്ഞത്. പതിനാല് വര്‍ഷത്തെ ദാമ്പത്യം അവര്‍ അവസാനിപ്പിച്ചു. വാക്തര്‍ക്കങ്ങളോ വാദപ്രതിവാദങ്ങളോ ഉണ്ടായില്ല. ഇരുവരും മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തുമില്ല.  

ഹൃതിക്കും സ്പാനിഷ് നടി ബാര്‍ബറ മോറിയുമായുള്ള അടുപ്പമാണ് ഇവരുടെ ബന്ധം തകര്‍ത്തതെന്ന് ആരോപണം ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ കഴമ്പില്ലെന് തോന്നിയ വിമര്‍ശകര്‍ തന്നെ അധികം വൈകാതെ ഈ വാദം അവസാനിപ്പിച്ചു. അപ്പോഴാണ് കങ്കണ റണൗത്ത് ആരോപണവുമായി രംഗത്തെത്തിയത്. അതും അവ്യക്തമായി അവസാനിച്ച മട്ടാണ്. 

സബ അസദ് (wikipedia)

പിന്നെയും ആഘോഷവേളകളിലും കുടുംബച്ചടങ്ങുകളിലും അവരെ ലോകം ഒരുമിച്ചുകണ്ടു. പിണക്കവും കാലുഷ്യവുമില്ലാതെ അവര്‍ ആരാധകര്‍ക്ക് മുന്നില്‍ പോസ് ചെയ്യുകയും ചെയ്തു. അവധിക്കാലങ്ങളില്‍ മക്കള്‍ക്കൊപ്പം യാത്രകള്‍ പോകാനും അവര്‍ ഒരുമിച്ചുനിന്നു. കോവിഡ് കാലത്ത് ഹൃതിക്കും സുസെയ്നും മക്കള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ ഒന്നിച്ച് താമസിച്ചിരുന്നു.

അതേസമയം ഇരുവരുടെയും ജീവിതം വ്യത്യസ്ത ദിശകളിലേക്ക് പോകുകയായിരുന്നു. നടിയും ഗായികയുമായ സബ അസദുമായി റിലേഷനിലാണ് ഹൃതിക്. 2022-ലാണ് ഇരുവരും റിലേഷന്‍ഷിപ്പ് പരസ്യമാക്കിയത്. ഹൃതിക്കിനും മക്കള്‍ക്കുമൊപ്പം സബ യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. നടന്‍ അര്‍സ്‌ലന്‍ ഗോണിയാണ് സുസെയ്‌ന്റെ പങ്കാളി. 

ഹൃതിക്കും സബയും സുസെയ്‌നും അർസ്ലനും  
സുഹൃത്തുക്കൾക്കൊപ്പം. സുസെയ്ൻറെ സഹോദരൻ
ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത ചിത്രം 

സുസെയ്നും സബയും ഒരുമിച്ച് അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും അടുത്തിടെ നടന്ന സുസെയ്‌ന്റെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയില്‍ സബ ക്ഷണിക്കപ്പെട്ടിരുന്നു. അര്‍സ്‌ലന് സുസെയ്ന്‍ കേക്ക് നല്‍കുമ്പോള്‍ പിന്നില്‍ നിന്ന് കയ്യടിക്കുന്ന ഹൃതിക്കിന്റെയും സബയുടെയും വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ ആഘോഷമാക്കി. ഇങ്ങനെ വേണം ബന്ധങ്ങളെന്നാണ് ആരാധകര്‍ വാഴ്ത്തുന്നത്. 

ഇന്നലെ രാത്രി നടന്ന ഹൃതിക്കിന്റെ അന്‍പത്തിയൊന്നാം പിറന്നാള്‍ പാര്‍ട്ടിയില്‍ സുസെയ്നും പങ്കാളിയും പങ്കെടുത്തിരുന്നു. എല്ലാവരും നില്‍ക്കുന്ന ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് ഇന്‍സ്റ്റയില്‍ ഇരുവരും ഹൃതിക്കിന് ആശംസയറിയിക്കുകയും ചെയ്തു. 

Content Highlights: the relationship between hrithik and sussanne